അതിര്‍ത്തികളില്‍ ചോര ചിന്തുമ്പോള്‍...

പത്രാധിപർ

2020 ജൂണ്‍ 27 1441 ദുല്‍ക്വഅദ് 06

ലോകം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം രംഗങ്ങളിലും മാറ്റങ്ങള്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു. പുരാതന സമൂഹങ്ങളെ അപരിഷ്‌കൃതരെന്നു മുദ്രകുത്തുകയും ആധുനികലോകത്തെ പരിഷ്‌കൃതര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്ന ചില സംഭവങ്ങള്‍ കാണുമ്പോള്‍ മനുഷ്യന്‍ മൃഗത്തെക്കാള്‍ അധഃപതിക്കുന്നതിനെയാണോ പരിഷ്‌കാരം എന്ന് വിശേഷിപ്പിക്കുന്നത് എന്നു ചിന്തിച്ചുപോവുകയാണ്. തൊലികറുത്തതിന്റെ പേരില്‍, 'താഴ്ന്ന ജാതി'ക്കാരന്‍ ആയതിന്റെ പേരില്‍, ഗോമാംസം തിന്നതിന്റെ പേരില്‍... അങ്ങനെയങ്ങനെ അര്‍ഥശൂന്യമായ കാരണങ്ങളാല്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നു! മിക്ക രാജ്യങ്ങളുടെയും അതിര്‍ത്തി പ്രദേശങ്ങള്‍ അശാന്തമാണ്. സ്വന്തം ജനതയുടെ പട്ടിണിയും ദുരിതങ്ങളും മാറ്റാന്‍ സമയവും ധനവും ചെലവഴിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ അയല്‍രാജ്യങ്ങളുടെ അതിര്‍ത്തിപ്രദേശങ്ങള്‍ വെട്ടിപ്പിടിച്ച് സ്വന്തം രാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. അതിനായി ചോരപ്പുഴ തീര്‍ക്കുന്നു.

പാക്കിസ്ഥാന്‍, നേപ്പാള്‍, ചൈന എന്നീ അയല്‍രാജ്യങ്ങള്‍ ഇന്ത്യയുടെ മണ്ണില്‍ കണ്ണുവച്ച് അതിര്‍ത്തികളില്‍ അശാന്തി പരത്തിക്കൊണ്ടിരിക്കുകയാണ്. സമാധാന ചര്‍ച്ചക്ക് തൊട്ടുപുറകെ കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണരേഖയോടു ചേര്‍ന്ന ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനയുടെയും ഇന്ത്യയുടെയും സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരിക്കുകയാണ്. ഇന്ത്യയുടെ 20 ധീര ജവാന്‍മാര്‍ വീരമൃത്യു വരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മറുഭാഗത്തും ആളപായം ഉണ്ടായതായാണ് വാര്‍ത്ത. ചൈന മനഃപൂര്‍വം പ്രകോപനമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.

യുദ്ധം ഒരിക്കലും ഒരു രാജ്യത്തിനും ഗുണകരമാകില്ല. മറ്റൊരു രാജ്യത്തെയോ രാജ്യത്തിന്റെ ഏതാനും ഭാഗമോ വെട്ടിപ്പിടിച്ച് സ്വന്തമാക്കാന്‍ ഒരു രാജ്യത്തിനു കഴിഞ്ഞേക്കാം. എന്നാല്‍ കാലാകാലം അതിന്റെ ഭവിഷത്ത് ആ രാജ്യം അനുഭവിക്കേണ്ടിവരും. അസമാധാനവും രക്തച്ചൊരിച്ചിലും തുടര്‍ന്നുകൊണ്ടേയിരിക്കും.

ചൈനയും ഇന്ത്യയും തമ്മില്‍ 1975നു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഉരസലാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും 1975നു ശേഷം, ഇക്കാലംവരെ അയല്‍ക്കാര്‍ തമ്മില്‍ ഒരു വെടിയുണ്ട പോലും പ്രയോഗിക്കാതെയാണ് കഴിഞ്ഞുകൂടിയിരുന്നത് എന്നതാണ് ആശ്വാസകരമായ കാര്യം. എന്നാല്‍, അതിപ്പോള്‍ മാറിയിരിക്കുന്നു.

ഇന്ത്യയെ ആക്രമിക്കുന്നതില്‍ അമിതമായ ആത്മവിശ്വാസം ചൈനക്ക് ഉള്ളതായി കാണുന്നു. തങ്ങളുടെ ശക്തിയില്‍ അഹങ്കരിക്കുന്ന ചൈനക്ക് വാസ്തവത്തില്‍ ഇന്ത്യയുമായി യുദ്ധംചെയ്ത് വിജയിക്കാന്‍ കഴിയില്ലെന്നാണ് നിരീക്ഷകരുെട വിലയിരുത്തല്‍.

ചൈനീസ് സേനയുടെ നല്ലൊരു ശതമാനവും സ്വന്തം രാജ്യത്തിനകത്ത് പൗരമാരെ അടിച്ചമര്‍ത്തുന്ന ജോലിയിലാണ്. ആഭ്യന്തരമായ അസ്വസ്ഥതകള്‍ നേരിടാന്‍ വിനിയോഗിക്കപ്പെട്ട സേന അതിര്‍ത്തിയിലേക്ക് നീങ്ങിയാല്‍ ചൈനക്കകത്ത് പലയിടത്തും കലാപമുണ്ടാകും. ടിബറ്റിലെ അറുപത് ലക്ഷം പേര്‍ നോക്കിയി രിക്കില്ല എന്ന് ടിബറ്റന്‍ ആക്റ്റിവിസ്റ്റായ ടെന്‍സിന്‍ സുണ്ടു പറഞ്ഞത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

ഒരു യുദ്ധം ചൈനക്കും ഇന്ത്യക്കും ഗുണകരമല്ല. ലോകത്ത് ഒരു രാജ്യവും മറ്റൊരു രാജ്യത്തിന് ഭീഷണിയാകരുത്. അയല്‍രാജ്യങ്ങളുമായി സൗഹാര്‍ദാന്തരീക്ഷമുണ്ടാകണം. എല്ലാ ഭരണാധികാരികള്‍ക്കും നല്ല ബുദ്ധി തോന്നട്ടെ എന്ന് പ്രാര്‍ഥിക്കാം.