വ്യക്തിവിശുദ്ധിയുടെ അനിവാര്യത

പത്രാധിപർ

2020 മെയ് 23 1441 റമദാന്‍ 30

മനുഷ്യനെ സൃഷ്ടിച്ചതും പരിപാലിക്കുന്നതും അല്ലാഹുവാണ്. മനുഷ്യന്റെ പ്രകൃതിയും അവന്റെ ആവശ്യങ്ങളും മനുഷ്യവര്‍ഗത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് വരുന്ന മാറ്റങ്ങളും ശരിക്കും അറിയുന്നവന്‍ അല്ലാഹു മാ്രതമാണ്. അതുകൊണ്ട് തന്നെ കല്‍പനകളും നിരോധനങ്ങളും അടങ്ങുന്ന മതനിയമങ്ങള്‍ മനുഷ്യന്ന് നിര്‍ണയിച്ചുകൊടുക്കാനുള്ള അവകാശം അല്ലാഹുവിന് മാത്രമാണ്. അവന്റെ നിയമങ്ങള്‍ക്കു മാത്രമെ കാലത്തെ അതിജയിക്കാനും പ്രായോഗികമായി നിലനില്‍ക്കാനും സാധിക്കുകയുള്ളൂ.

ഇസ്‌ലാമിക നിയമങ്ങളും നിര്‍ദേശങ്ങളും പ്രഥമമായി വ്യക്തിയെയാണ് ബാധിക്കുന്നത്. വ്യക്തി ഒരിക്കലും സമൂഹത്തിനു വേണ്ടി തന്റെ വിശുദ്ധി നഷ്ടപ്പെടുത്തിക്കൂടാ. സമൂഹത്തിന്റെ ഒഴുക്കിനനുസരിച്ച് നീന്തുവാന്‍ സത്യവിശ്വാസിക്ക് പാടില്ല. എല്ലാവരും നന്മയിലാണെങ്കില്‍ ആ വഴിക്ക് നീങ്ങാം. എന്നാല്‍ തിന്മകളില്‍ വിഹരിക്കുന്നവരുണ്ടെങ്കില്‍ അവരുടെ കൂടെ കൂടി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാന്‍ അനുവാദമില്ല. തിന്മകള്‍ക്കെതിരെ നീന്തുവാന്‍ അവന് സാധിക്കണം.

''വിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളുക. നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചിട്ടുണ്ടെങ്കില്‍ വഴിപിഴച്ചവര്‍ നിങ്ങള്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല...'' (ക്വുര്‍ആന്‍ 5:105).

അവനവന്റെ പാപഭാരം അവനവന്‍ തന്നെ വഹിക്കേണ്ടിവരും. പരലോകത്ത് 'ഒരു കൈ' സഹായത്തിന് ഒരാളെയും പ്രതീക്ഷിക്കേണ്ടതില്ല:

''പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല. ഭാരം കൊണ്ട് ഞെരുങ്ങുന്ന ഒരാള്‍ തന്റെ ചുമട് താങ്ങുവാന്‍ (ആരെയെങ്കിലും) വിളിക്കുന്ന പക്ഷം അതില്‍ നിന്ന് ഒട്ടും തന്നെ ഏറ്റെടുക്കപ്പെടുകയുമില്ല. (വിളിക്കുന്നത്) അടുത്ത ബന്ധുവിനെയാണെങ്കില്‍ പോലും. തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായ വിധത്തില്‍ തന്നെ ഭയപ്പെടുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമെ നിന്റെ താക്കീത് ഫലപ്പെടുകയുള്ളൂ. വല്ലവനും വിശുദ്ധി പാലിക്കുന്ന പക്ഷം തന്റെ സ്വന്തം നന്‍മക്കായി തന്നെയാണ് അവന്‍ വിശുദ്ധി പാലിക്കുന്നത്. അല്ലാഹുവിങ്കലേക്കാണ് മടക്കം'' (ക്വുര്‍ആന്‍ 35:18).

''...പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും, മനുഷ്യന്ന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും, അവന്റെ പ്രയത്‌നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം'' (ക്വുര്‍ആന്‍ 53:38-40).

പരലോക വിജയമാണല്ലോ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളുടെ പരമലക്ഷ്യം. വ്യക്തിയുടെ വിശ്വാസത്തെയും കര്‍മങ്ങെളയും കുറിച്ചാണ് അവിടെ കണക്കു ചോദിക്കുന്നത്. സ്വന്തക്കാരും ബന്ധുക്കളും കൂട്ടുകാരും പാര്‍ട്ടിക്കാരുമൊന്നും പരലോകത്ത് സഹായത്തിനായി ഉണ്ടാവുകയില്ല. വിചാരണ നേരിടുന്നത് തനിച്ചായിരിക്കും.

''(അവരോട് അല്ലാഹു പറയും:) നിങ്ങളെ നാം ആദ്യഘട്ടത്തില്‍ സൃഷ്ടിച്ചത് പോലെത്തന്നെ നിങ്ങളിതാ നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവരായി വന്നെത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് നാം അധീനപ്പെടുത്തി തന്നതെല്ലാം നിങ്ങളുടെ പിന്നില്‍ നിങ്ങള്‍ വിട്ടേച്ച് പോന്നിരിക്കുന്നു. നിങ്ങളുടെ കാര്യത്തില്‍ (അല്ലാഹുവിന്റെ) പങ്കുകാരാണെന്ന് നിങ്ങള്‍ ജല്‍പിച്ചിരുന്ന നിങ്ങളുടെ ആ ശുപാര്‍ശക്കാരെ നിങ്ങളോടൊപ്പം നാം കാണുന്നില്ല. നിങ്ങള്‍ തമ്മിലുള്ള ബന്ധം അറ്റുപോകുകയും നിങ്ങള്‍ ജല്‍പിച്ചിരുന്നതെല്ലാം നിങ്ങളെ വിട്ടുപോകുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 6:94).