കടലില്‍ മുക്കിയെടുത്ത കൈവിരല്‍

ഉസ്മാന്‍ പാലക്കാഴി

2020 ഡിസംബര്‍ 05 1442 റബീഉല്‍ ആഖിര്‍ 20
നബി ﷺ  പറഞ്ഞു: ''പരലോകത്തെ അപേക്ഷിച്ച് ഇഹലോകത്തിന്റെ  അവസ്ഥ നിങ്ങളിലൊരാള്‍ സ്വന്തം ൈകവിരല്‍ സമുദ്രത്തില്‍ മുക്കിയെടുത്തതു പോലെയാണ്. (അതില്‍ നിന്ന്) അവന്‍ എന്തുമായി മടങ്ങിയെന്ന് അവന്‍ നോക്കട്ടെ'' (മുസ്‌ലിം)

മനുഷ്യരിലാരും പൊതുവെ മരിക്കാന്‍ ആഗ്രഹിക്കുന്നവരല്ല. ഇഹലോകത്തോടുള്ള പ്രതിപത്തിയും അവനില്‍നിന്ന് ഇല്ലാതാകില്ല. വയസ്സെത്ര ചെന്നാലും ഇതുതന്നെയാണ് അവസ്ഥ. താന്‍ എന്നെന്നും ഇവിടെ ജീവിക്കുന്നവനാണ് എന്ന് ചിന്തിക്കുമ്പോലെയാണ് പലരും ജീവിക്കുന്നത്. എത്ര സമ്പാദിച്ചാലും അവര്‍ക്ക് മതിയാവില്ല. എത്ര ആസ്വദിച്ചാലും കൊതിതീരില്ല.

പരമമായ ലക്ഷ്യം സമ്പത്ത് വാരിക്കൂട്ടലും ആര്‍ഭാട ജീവിതം നയിക്കലുമാണെന്ന് കാണുന്നയാള്‍ക്ക് ദൈവത്തെക്കുറിച്ചുള്ള ചിന്തതന്നെ അരോചകമായിരിക്കും. ഭൗതിക സുഖസൗകര്യങ്ങള്‍ എത്ര കണ്ട് വര്‍ധിക്കുന്നുവോ അത്രകണ്ട് ദൈവചിന്തയില്‍ നിന്ന് മനുഷ്യന്‍ അകന്നുപോകാനുള്ള സാധ്യതയും വര്‍ധിക്കും. അതുകൊണ്ടാണ് 'എന്റെകാലശേഷം ആര്‍ഭാടപൂര്‍ണവും അലംകൃതവുമായ ജീവിതം നിങ്ങള്‍ക്കു മുമ്പില്‍ തുറക്കപ്പെടുന്നതിനെ ഞാന്‍ ഏറ്റവും ഭയപ്പെടുന്നു' എന്ന് നബി ﷺ  ഒരിക്കല്‍ പറഞ്ഞത്.

ഭൗതിക സുഖസൗകര്യങ്ങള്‍ ൈദവം തന്ന അനുഗ്രഹമാണെന്നു മനസ്സിലാക്കി അതിനെല്ലാം നന്ദികാണിച്ച് ജീവിക്കുവാന്‍ കഴിയുക എന്നത് പണത്തെ മാത്രം സ്‌നേഹിക്കുന്നവര്‍ക്ക് കഴിയുന്ന കാര്യമല്ല. ഐഹിക ജീവിതത്തിന്റെ ക്ഷണികതയും മനുഷ്യന്റെ നിസ്സാരതയും മനസ്സിലാക്കുന്നവര്‍ക്ക് ഭൗതികതയുടെ വര്‍ണശബൡമയില്‍ മയങ്ങി ജീവിക്കുവാന്‍ കഴിയില്ല. ഐഹിക ജീവിതത്തിന് മനോഹരമായ ചില ഉപമകള്‍ വിശുദ്ധ ക്വുര്‍ആനിലും പ്രവാചകവചനങ്ങളിലും കാണാം:

മുകളില്‍ കൊടുത്ത പ്രവാചകവചനം ശ്രദ്ധിക്കുക. സമുദ്രത്തില്‍ വിരല്‍മുക്കി പുറത്തെടുത്താല്‍ ഒന്നോ രണ്ടോ തുള്ളികള്‍ മാത്രമെ വിരല്‍ത്തുമ്പില്‍ തങ്ങിനില്‍ക്കുകയുള്ളൂ. പരലോകത്തെ അപേക്ഷിച്ച് അത്രയും നിസ്സാരമാണ് ഇഹലോകത്തിന്റെ അവസ്ഥ!

അല്ലാഹു പറയുന്നു: ''നാം ആകാശത്തുനിന്ന് വെള്ളമിറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും അത് അഴകാര്‍ന്നതാകുകയും അവയൊെക്ക കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വെന്നത്തുകയും തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാമവയെ ഉന്മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹിക ജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു'' (10:24).

''നിങ്ങള്‍ അറിയുക: ഇഹലോക ജീവിതം കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്- ഒരു മഴ പോലെ. അതുമൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്കു കാണാം. പിന്നീടത് തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്) അല്ലാഹുവിങ്കല്‍നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹിക ജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല'' (57:20).