ഉത്തമ പുരുഷന്‍

ഉസ്മാന്‍ പാലക്കാഴി

2020 ഒക്ടോബര്‍ 10 1442 സഫര്‍ 23
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ''വിശ്വാസികളില്‍ വിശ്വാസം   പൂര്‍ത്തിയായവനും ഏറ്റവും നല്ല സല്‍സ്വഭാവിയും ഏറ്റവും ഉത്തമനും തങ്ങളുടെ ഭാര്യമാരോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നവനാണ്'' (തുര്‍മുദി)

സ്ത്രീകളോട് മാന്യമായി പെരുമാറുവാന്‍ പുരുഷന്മാര്‍ ശ്രദ്ധിക്കുന്നില്ല, അവരെ വെറും ഉപഭോഗവസ്തുവായിട്ടാണ് പുരുഷസമൂഹം കാണുന്നത് എന്നൊക്കെയുള്ള ആരോപണം ഇന്ന് സജീവമാണ്. എല്ലാ പുരുഷന്മാരും അങ്ങനെയല്ലെങ്കിലും ഈ ആരോപണത്തില്‍ കഴമ്പില്ലാതില്ല. വാര്‍ത്താമാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇതിനെ ശരിവയ്ക്കുന്ന രൂപത്തിലുള്ള സംഭവവികാസങ്ങള്‍ ദിനേന എത്രയോ കാണുവാന്‍ സാധിക്കും.

ഇനി കുടുംബജീവിതത്തിന്റെ കാര്യത്തിലായാലും തന്റെ ജീവിത പങ്കാളിയോട് മാന്യമായി പെരുമാറുവാന്‍ ശ്രമിക്കാത്ത, അവളെ എന്തുചെയ്യാനും തനിക്ക് അനുവാദമുണ്ടെന്ന തരത്തില്‍ ചിന്തിക്കുന്ന ഒട്ടേറെ ഭര്‍ത്താക്കന്മാരുണ്ട്. അതിന്റെ ഫലമായി സംഭവിക്കുന്നത് കുടുംബത്തിലെ അശാന്തിയും സ്വസ്ഥതയില്ലായ്മയുമാണ്. ദാമ്പത്യജീവിതം ദുസ്സഹവും കലഹങ്ങള്‍ നിറഞ്ഞതുമായിത്തീരുന്നു. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും കൊലചെയ്ത വാര്‍ത്തകള്‍ പത്രങ്ങളില്‍ പതിവ് വാര്‍ത്തയായി പ്രത്യക്ഷപ്പെടുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്ന ഭാര്യമാരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. വിവാഹമോചനം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

ദമ്പതികളുടെ പരസ്പര സഹകരണവും വിശ്വാസവുമാണ് ഒരു നല്ല കുടുംബത്തിന്റെ അടിത്തറ. അതിന്റെ അഭാവത്തില്‍ പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുക സ്വാഭാവികം. എങ്ങനെ ഒരു നല്ല ഭര്‍ത്താവാകാം? എങ്ങനെ ഒരു നല്ല ഭാര്യയാകാം? എങ്ങനെ ഒരു നല്ല മനുഷ്യനാകാം? ഇസ്‌ലാം വളരെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഈ രംഗത്ത് നല്‍കുന്നുണ്ട്. ഒരു നല്ല മനുഷ്യനായിത്തീരണമെങ്കില്‍ നല്ല ഭര്‍ത്താവായിത്തീരണമെന്ന് മുകളില്‍ കൊടുത്ത നബിവചനം മനസ്സിലാക്കിത്തരുന്നു.

സമൂഹമധ്യെ മാന്യരും നല്ലവരുമായി അറിയപ്പെടുന്ന പലരും സ്വന്തം ഭാര്യമാരുടെയടുക്കല്‍ ചെന്നാല്‍ ക്രൂരരും മനുഷ്യത്വമില്ലാത്തവരുമായിരിക്കും. മാന്യതയുടെ മുഖംമൂടിയണിഞ്ഞവര്‍. സ്വന്തം ഭാര്യയോട് മാന്യമായി പെരുമാറാന്‍ കഴിയാത്തവന്റെ സമൂഹമധ്യത്തിലുള്ള മാന്യതയ്ക്കും സല്‍പേരിനും എന്തുവില?

സ്ത്രീ ഏറെ ക്ഷമിക്കുന്നവളാണെങ്കിലും പല വിഷയങ്ങളിലും അക്ഷമയും മുന്‍കോപവും അശ്രദ്ധയും മറ്റ് കൊച്ചുകൊച്ചു അപാകതകളും സ്ത്രീസഹജമായി അവളില്‍ കണ്ടേക്കാം. അതെല്ലാം പൂര്‍ണമായി മാറ്റിയെടുത്ത് താന്‍ ഇഷ്ടപ്പെടാത്ത ഒരു സ്വഭാവവും ഇല്ലാത്തവളായി തന്റെ ഭാര്യയെ മാറ്റാമെന്നുള്ളത് വെറും വ്യാമോഹമാണ്. അതിനുശ്രമിച്ചാല്‍ ബന്ധം തകര്‍ന്നുപോവുകയായിരിക്കും ഫലം.

നബി ﷺ  പറഞ്ഞു: ''ഒരു സത്യവിശ്വാസി തന്റെഇണയെ വെറുക്കരുത്. അവളില്‍ ഒരു സ്വഭാവത്തെ അവന്‍ വെറുക്കുന്നുവെങ്കില്‍ മറ്റൊരു സ്വഭാവത്തെ തൃപ്തിപ്പെട്ടേക്കാം.''

അതെ, ഭാര്യയും ഭര്‍ത്താവും അവനവന്റെ കടമകളും കടപ്പാടുകളും മനസ്സിലാക്കി പരസ്പരം വിശ്വസിച്ചും സഹകരിച്ചും ക്ഷമിച്ചും വിട്ടുവീഴ്ച ചെയ്തും സുഖദുഃഖങ്ങള്‍ പങ്കുവെച്ചുമാണ് ജീവിക്കേണ്ടത്. അതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

മാതാവിനെ മാതാവായും സഹോദരിയെ സഹോദരിയായും അന്യസ്ത്രീകളെ അന്യസ്ത്രീകളായും കാണുവാന്‍ സാധിക്കണം. അതിനനുസരിച്ച് പെരുമാറുകയും വേണം. അതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.