സന്മാര്‍ഗത്തില്‍ അടിയുറച്ചു നിലകൊള്ളുക

ഉസ്മാന്‍ പാലക്കാഴി

2020 ഒക്ടോബര്‍ 03 1442 സഫര്‍ 16
സുഫ്‌യാനുബ്‌നു അബ്ദില്ല(റ)യില്‍ നിന്ന് നിവേദനം: ''ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, മറ്റാരോടും ചോദിച്ചു പഠിക്കേണ്ടാത്തത്രയും (വ്യക്തവും സമ്പൂര്‍ണവുമായ) ഒരു വചനം എനിക്ക് പഠിപ്പിച്ചുതന്നാലും.' നബി ﷺ പറഞ്ഞു: 'ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു എന്ന് നീ പറയുകയും സത്യമാര്‍ഗത്തില്‍ അടിയുറച്ചുനില്‍ക്കുകയും ചെയ്യുക'' (മുസ്‌ലിം).'

ഒരു സത്യവിശ്വാസി എപ്പോഴും നന്മയോട് ആഭിമുഖ്യം പുലര്‍ത്തുന്നവനായിരിക്കണം. തന്റെ വിശ്വാസത്തിലും കര്‍മങ്ങളിലും അപാകത വരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക മാത്രമല്ല; അവ രണ്ടിലും കൂടുതല്‍ കൂടുതല്‍ അറിവുണ്ടാകുവാന്‍ ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യണം. അറിയാത്തത് അറിവുള്ളവരോട് ചോദിച്ചു പഠിക്കുന്നതില്‍ ഒട്ടും മടികാണിച്ചുകൂടാ. സുഫ്‌യാനുബ്‌നു അബ്ദില്ല(റ) എന്ന പ്രവാചകാനുചരന്‍ പ്രവാചകന്റെ അടുക്കല്‍ വന്നു ചോദിക്കുന്നത് ഭൗതികമായ എന്തെങ്കിലും സഹായമല്ല, മറിച്ച് പരലോകവിജയത്തിന്  ഉപകാരപ്രദമായ കാര്യമാണ്.

'ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു എന്ന് നീ പറയുകയും സത്യമാര്‍ഗത്തില്‍ അടിയുറച്ചു നില്‍ക്കുകയും ചെയ്യുക' എന്നാണ് നബി(റ) നല്‍കിയ മറുപടി. അല്ലാഹുവിലുള്ള വിശ്വാസമാണല്ലോ ആദ്യം ശരിയാകേണ്ടത്. ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു എന്ന കേവലമായ പ്രസ്താവനകൊണ്ട് ആരും യഥാര്‍ഥ വിശ്വാസിയാവുകയില്ല. അല്ലാഹു ഉണ്ട് എന്ന വിശ്വാസക്കാര്‍ തന്നെയായിരുന്നല്ലോ മക്കയില ബഹുദൈവാരാധകര്‍. എന്നാല്‍ അതിനോടൊപ്പം അവര്‍ സ്വയംദൈവമായി സ്വീകരിച്ച ബിംബങ്ങളെയും ആരാധിച്ചു. ആ ബിംബങ്ങളാകട്ടെ മുന്‍കഴിഞ്ഞുപോയ പല മഹത്തുക്കളുടെയും പ്രതിരൂപമായി നിര്‍മിക്കപ്പെട്ടവയുമായിരുന്നു . അവര്‍ അല്ലാഹുവിലേക്കുള്ള ശുപാര്‍ശക്കാരാണ് എന്നായിരുന്നു ഇവരുടെ വാദം.

സ്രഷ്ടാവും സംരക്ഷകനും സംഹരിക്കുന്നവനുമാണ് അല്ലാഹുവെന്നും അവന് ഒരു കാര്യത്തിലും യാതൊരു പങ്കുകാരുമില്ലെന്നും വിശ്വസിക്കുകയും ആരാധനകള്‍ അവനുമാത്രം അര്‍പ്പിക്കുകയും അദൃശ്യമായ നിലയില്‍ അവനെ ഭയപ്പെടുകയും അവന്‍ വിശ്വസിക്കാന്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളിലും വിശ്വസിക്കുകും ചെയ്യുമ്പോഴാണ് അവനിലുള്ള വിശ്വാസം യാഥാര്‍ഥ്യമാവുക. വിശ്വാസത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് മതം പഠിപ്പിച്ച സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും വേണം.

താല്‍ക്കാലിക വിശ്വാസം പോരാ; വിശ്വാസത്തില്‍ അടിയുറച്ചു നിലകൊള്ളുകകൂടി വേണം. അവര്‍ക്കേ സ്വര്‍ഗാവകാശികളാകാന്‍ കഴിയുകയുള്ളൂ. അല്ലാഹു പറയുന്നു:

''ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞുകൊള്ളുക'' (ക്വുര്‍ആന്‍  41:30).

''ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുക യുംചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനു ള്ള പ്രതിഫലമത്രെ അത്'' (ക്വുര്‍ആന്‍ 46:13,14).

സത്യമാര്‍ഗത്തില്‍ അടിയുറച്ചു നിലകൊണ്ട് ഭയഭക്തിയോടെ ജീവിതം നയിക്കുവാനും മുസ്‌ലിംകളായ നിലയില്‍ മരണപ്പെടുവാനുമാണ് അല്ലാഹു ആവശ്യപ്പെടുന്നത്. അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്'' (ക്വുര്‍ആന്‍ 3:102).