സൗമ്യത സൗന്ദര്യമാണ്

അബൂഫായിദ

2020 ഫെബ്രുവരി 08 1441 ജുമാദല്‍ ആഖിറ 09
നബി ﷺ  പറഞ്ഞു: ''നരകം നിഷിദ്ധമാക്കപ്പെട്ടവര്‍ അല്ലെങ്കില്‍ നരകത്തിനു നിഷിദ്ധമായവര്‍ ആരെന്ന് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ? ആളുകളോട് അടുപ്പം കാണിക്കുന്നവനും സൗമ്യശീലനും സഹിഷ്ണുത പുലര്‍ത്തുന്നവനും വിട്ടുവീഴ്ച ചെയ്യുന്നവനും അത് നിഷിദ്ധമാണ്'' (തുര്‍മുദി).

മുഹമ്മദ് നബി ﷺ  സൗമ്യതയുടെയും സൗമനസ്യത്തിന്റെയും ആള്‍രൂപമായിരുന്നു. വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്ന സകലവിധ സല്‍ഗുണങ്ങളുടെയും പ്രയോഗവത്കരണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. വീട്ടുകാരോടും നാട്ടുകാരോടും വലിയവരോടും ചെറിയവരോടും മിത്രങ്ങളോടും ശത്രുക്കളോടും ജന്തുജാലങ്ങളോടുമെല്ലാം അനുപമമായ സൗമ്യതയും കാരുണ്യവും കാണിച്ച വിശാല മനസ്‌കനായിരുന്നു അവിടുന്ന്. ''ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല'' എന്നാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആനില്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. നബി ﷺ യുടെ സൗമ്യതയെ പ്രകീര്‍ത്തിച്ചുകൊണ്ട് വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക:

''അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷ സ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞുപോകുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പു കൊടുക്കുകയും അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുക...' (3:159).

വ്യക്തിപരമായി തന്നെ ഉപദ്രവിക്കുകയും വേദനിപ്പിക്കുകയും ചെയ്തവരോട് നബി ﷺ  പ്രതികാര നടപടി സ്വീകരിച്ചിരുന്നില്ല; അവര്‍ക്ക് മാപ്പു നല്‍കുകയാണ് ചെയ്തിരുന്നത്. മറ്റുള്ളവരുമായി ഇടപഴകി ജീവിക്കുമ്പോള്‍ അനിഷ്ടകരമായ പല അനുഭവങ്ങളും ഉണ്ടാവുക സ്വാഭാവികം. അത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ ക്ഷമ കൈക്കൊള്ളുക എന്നത് ഉന്നതമായ സ്വഭാവഗുണമാണ്. ഒരു സത്യവിശ്വാസി ആ ഗുണത്തിന്റെ ഉടമയായിരിക്കേണ്ടതുണ്ട്.

തന്നെ വധിക്കുവാന്‍ വേണ്ടി ശപഥം ചെയ്തിറങ്ങിയ പലര്‍ക്കും നബി ﷺ  മാപ്പുകൊടുത്ത സംഭവങ്ങള്‍ ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം. തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുക എന്ന സൗമനസ്യത്തിന്റെ ഉദാത്ത മാതൃക നിര്‍ദേശിക്കുന്ന വിശുദ്ധ ക്വുര്‍ആനിന്റെ നിര്‍ദേശം പാലിക്കുന്നതില്‍ നബി ﷺ  ശ്രദ്ധാലുവായിരുന്നു. അല്ലാഹു പറയുന്നു:

''നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുെകാണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ ൈകക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവനല്ലാതെ അതിന്നുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല'' (ക്വുര്‍ആന്‍ 41:34,35).

നബി ﷺ  ഒരിക്കല്‍ പറഞ്ഞു: ''നിശ്ചയമായും അല്ലാഹു സൗമ്യശീലനാകുന്നു. അവന്‍ സൗമ്യതയെ ഇഷ്ടപ്പെടുന്നു...'' (മുസ്‌ലിം).

സൗമനസ്യവും സൗമ്യതയും ഒരു വ്യക്തിയെ ഉത്തമനായ മനുഷ്യനാക്കുകയാണ് ചെയ്യുക. അയാളിലേക്ക് ആളുകള്‍ ആകൃഷ്ടരാകും. അയാെള ആളുകള്‍ ഇഷ്ടപ്പെടുകയും ചെയ്യും. അനാവശ്യമായ ഗാംഭീര്യവും പരുഷതയും പ്രകടിപ്പിക്കുന്നവര്‍ മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കുകയാണ് ചെയ്യുന്നത്.