തെറ്റായ ധാരണകളും തെറ്റുന്ന ബന്ധങ്ങളും

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2020 ഡിസംബര്‍ 26 1442 ജുമാദല്‍ അവ്വല്‍ 11

മനുഷ്യര്‍ക്കിടയിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുള്ള ഒരു കാര്യം തെറ്റുധാരണയാണ്. ഏറെക്കാലമായി പരസ്പര സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തുക്കള്‍ തമ്മില്‍ പിണങ്ങാനും അകലാനും, ഊഷ്മളമായ സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ ബന്ധത്തില്‍ വിള്ളലുണ്ടാകാനും, ഒരുമിച്ച് ജോലിചെയ്യുന്നവര്‍ക്കിടയിലും ഒരു പാര്‍ട്ടിയിലോ സംഘടനയിലോ കൂട്ടായ്മയിലോ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നവര്‍ക്കിടയിലും ചേരിതിരവും പിളര്‍പ്പും സംഘട്ടനങ്ങളും ഉണ്ടാകാനുമൊക്കെ തെറ്റുധാരണ കാരണമാകാറുണ്ട്.

തെറ്റുധാരണ ഉണ്ടായാല്‍ അതുമൂലം ബന്ധങ്ങള്‍ക്കിടയില്‍ വിള്ളലും അകല്‍ച്ചയും ഉണ്ടാകുന്നു. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്ഥാനത്ത് വെറുപ്പും വിദ്വേഷവും പകയും കയറിവരുന്നു. അതാകട്ടെ വലിയ ദുരന്തങ്ങള്‍ക്കും തകര്‍ച്ചകള്‍ക്കും സാഹചര്യമൊരുക്കുകയും ചെയ്യും.

ഒരു ഉദാഹരണം പറയാം; ഒരാള്‍ ബസ് കാത്തുനില്‍ക്കെ അദ്ദേഹത്തിന് പരിചയമുള്ള ഒരു പണ്ഡിതന്‍ അരികിലൂടെ നടന്നുപോയി. അദ്ദേഹത്തെ കണ്ടപ്പോള്‍ ബസ് കാത്തുനില്‍ക്കുന്നവന്‍ സലാം പറഞ്ഞു. എന്നാല്‍ അദ്ദേഹം അതിന് മറുപടി പറയാതെ നടന്നകന്നു. അന്നേരം സലാം പറഞ്ഞ വ്യക്തിക്ക് മനസ്സില്‍ നീരസം തോന്നി. ഇയാള്‍ വല്ലാത്ത അഹങ്കാരിതന്നെ! സലാം പറഞ്ഞിട്ട് മടക്കാതെ പോകാന്‍ മാത്രം ഞാന്‍ അദ്ദേഹത്തോട് എന്ത് അപരാധം ചെയ്തു? ഇങ്ങനെ പോകുന്നു ചിന്തകള്‍...

ഈ വ്യക്തി പിന്നീട് ആ പണ്ഡിതനെ കണ്ടുമുട്ടുന്ന സാഹചര്യമുണ്ടായാല്‍ മാറിനില്‍ക്കുകയും മുഖംകൊടുക്കാതിരിക്കുകയും ചെയ്യും. ചിലപ്പോള്‍ അദ്ദേഹം ഈ വ്യക്തിയോട് മിണ്ടിയാല്‍ പോലും അത് ഗൗനിച്ചെന്നും വരില്ല. ഒരു പക്ഷേ, ആ പണ്ഡിതന്‍ ഇയാള്‍ സലാം പറയുന്ന അവസരത്തില്‍  എന്തോ ഗൗരവമുള്ള കാര്യത്തെക്കുറിച്ച് ആലോചിച്ച് നടക്കുകയായിരുന്നിരിക്കാം. അതിനാല്‍ ഈ വ്യക്തിയെ ശ്രദ്ധയില്‍ പെടുകയോ സലാം പറയുന്നത് കേള്‍ക്കുകയോ ചെയ്തിട്ടില്ലായിരിക്കും. എന്നാല്‍ പണ്ഡിതന്‍ തന്നെ മനഃപൂര്‍വം അവഗണിച്ചെന്ന തെറ്റായ ധാരണയാണ് മറ്റെയാള്‍ വച്ചുപുലര്‍ത്തിയത്. അതുകാരണത്താല്‍ അവര്‍ക്കിടയിലെ ബന്ധത്തില്‍ വിള്ളലുണ്ടാവുകയും ചെയ്തു.

ഇതുപോലെയാണ് മൊബൈല്‍ ഫോണ്‍ കാരണത്താലുണ്ടാകുന്ന പിണക്കങ്ങളും അകല്‍ച്ചയും.ഒരാള്‍ മറ്റൊരാള്‍ക്ക് വാട്‌സാപ്പിലൂടെ മെസ്സേജ് അയക്കുന്നു. അത് ഒരുപക്ഷേ, തന്റെ മഹല്ലിലെ ഉസ്താദിനോട് വല്ല സംശയവും ചോദിച്ചുകൊണ്ടുള്ളതായിരിക്കാം. അതല്ലെങ്കില്‍ ഓഫീസിലെ സീനിയര്‍ ഉദ്യോഗസ്ഥനോട് എന്തെങ്കിലും കാര്യം ചോദിച്ചുകൊണ്ടുള്ളതായിരിക്കാം. അതുമല്ലെങ്കില്‍ ഒരു സ്ഥാപനത്തിലെ പ്രവര്‍ത്തകരോ ഒരേ കമ്പനിയിലെ ജോലിക്കാരോ സുഹൃത്തുക്കളോ പരസ്പരം അറിയാന്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും കാര്യങ്ങളാവാം. ഇത്തരം മെസ്സേജുകള്‍ക്ക് ഉദ്ദേശിച്ച സമയത്തിനുള്ളില്‍ മറുപടി കിട്ടിയില്ലെങ്കില്‍ ആ സമയം മുതല്‍ മെസ്സേജ് അയച്ച വ്യക്തിയുടെ മനസ്സ് അസ്വസ്ഥമായിത്തുടങ്ങും. സമയം വൈകുന്തോറും മനസ്സില്‍ പല ചിന്തകളും കടന്നുവരും. ആദ്യം താന്‍ അയച്ച മെസ്സേജ് അദ്ദേഹം റീഡ് ചെയ്തിട്ടുണ്ടോ എന്ന് നോക്കും. ഉണ്ട് എന്നാണെങ്കില്‍ പിന്നെ ചിന്തകള്‍ക്കൊന്നുകൂടി കനംതൂങ്ങും. മനഃപൂര്‍വം എന്റെ സന്ദേശത്തെ അവഗണിച്ചു എന്നു ചിന്തിച്ചുതുടങ്ങും. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മറുപടി കിട്ടിയില്ലെങ്കില്‍ പരസ്പരം കണ്ടാല്‍ മിണ്ടാത്ത അവസ്ഥവരെ ഈയൊരു കാരണത്താല്‍ ഉണ്ടാകും.

ചിലപ്പോള്‍ സന്ദേശം ലഭിച്ചയാള്‍ ആയിരിക്കില്ല മെസ്സേജ് വായിച്ചത്. ഇന്ന് സ്‌കൂള്‍പഠനവും മദ്‌റസാ പഠനവുമൊക്കെ ഓണ്‍ലൈനിലൂടെയാണല്ലോ. അതുകാരണത്താല്‍ മിക്ക രക്ഷിതാക്കളുടെയും ഫോണ്‍ പകല്‍ സമയം കുട്ടികളുടെ കൈകളിലായിരിക്കും. രക്ഷിതാക്കള്‍ നോക്കേണ്ടതും അറിയേണ്ടതും മറുപടി നല്‍കേണ്ടതുമായ പല മെസ്സേജുകളും മക്കളായിരിക്കും റീഡ് ചെയ്തിരിക്കുക. ചിലപ്പോള്‍ അവര്‍ ഡിലീറ്റ് ചെയ്‌തെന്നുമിരിക്കും. ഇതൊന്നും അയാള്‍ അറിഞ്ഞിട്ടുണ്ടാകില്ല. മറുപടി നല്‍കാന്‍ പറ്റാത്ത സാഹചര്യത്തിലായതിനാല്‍ പിന്നീട് നല്‍കാമെന്നു കരുതിയിട്ടുണ്ടാകും ചിലപ്പോള്‍. പിന്നീട് അത് മറന്നുപോവുകയും ചെയ്തു. ഇങ്ങനെ പല കാരണങ്ങളും ഉണ്ടായേക്കാം. എന്നാല്‍ മെസ്സേജ് അയച്ച വ്യക്തിയുടെ ചിന്തകള്‍ കാടുകയറി. ഫലമോ? മനസ്സില്‍ അയാളെക്കുറിച്ച് വെറുപ്പുണ്ടായി എന്നതു മാത്രം!

ഇത്തരം തെറ്റുധാരണകളും അതുകൊണ്ടുള്ള അപകടങ്ങളും പല സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും പല പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഉണ്ടാകാം. അതിനുദാഹരണമാണ് ഒരു സ്ഥലത്ത് അന്യരായ ഒരു സ്ത്രീയും പുരുഷനും സംസാരിച്ച് നില്‍ക്കുന്നതു കണ്ടാല്‍ അവരെക്കുറിച്ച് അപവാദം പറയല്‍. ഒരുത്തന്റെ കൃഷിസ്ഥലത്ത് കന്നുകാലികള്‍ വിളതിന്നുന്നതു കണ്ട വ്യക്തി ആ കന്നുകാലികളെ അവിടെനിന്നും ഓടിക്കുകയും അവ കുത്തിമറിച്ചിട്ടവ ശരിയാക്കുകയും ചെയ്തതിനാല്‍ കള്ളനായി മുദ്രകുത്തപ്പെടുന്ന അവസ്ഥയെക്കുറിച്ചൊന്ന് ചിന്തിച്ചു നോക്കൂ.  

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍ ഒരാളെയും തെറ്റുധരിക്കുകയോ, തെറ്റുധാരണക്കുള്ള അവസരമുണ്ടാക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. ഒരിക്കല്‍ നബി ﷺ യും ഭാര്യ സ്വഫിയ്യയും സംസാരിച്ചു നില്‍ക്കുമ്പോള്‍ രണ്ടു സ്വഹാബിമാര്‍ ആ വഴിയിലൂടെ നടന്നുപോയി. അന്നേരം നബി ﷺ അവരെ വിളിച്ചു. അവിടുന്ന് അവരോട് പറഞ്ഞു: 'ഇത് എന്റെ ഭാര്യ സ്വഫിയ്യയാണ്.' അവര്‍ പറഞ്ഞു: 'നബിയേ, ഞങ്ങള്‍ താങ്കളെ സംശയിക്കുകയോ?' അപ്പോള്‍ നബി ﷺ അവരോട് പറഞ്ഞത് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീഥില്‍ കാണാം: ''...തീര്‍ച്ചയായും പിശാച് മനുഷ്യനില്‍ രക്തം സഞ്ചരിക്കുന്നിടത്തെല്ലാം സഞ്ചരിക്കും'' (മുസ്‌ലിം).

തെറ്റായ ധാരണകള്‍ സമൂഹത്തിലെ ഉന്നതരെ അപമാനപ്പെടുത്തിയേക്കാം. അതല്ലെങ്കില്‍ നന്മയുടെ കൈകളെ അറുത്തുമാറ്റിയേക്കാം. അതുമല്ലെങ്കില്‍ സല്‍പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കാന്‍ കാരണമായേക്കാം. ആദര്‍ശ ബന്ധുക്കള്‍ക്കിടയിലാണ് ഇത്തരം തെറ്റുധാരണകള്‍ വരുന്നത് എങ്കില്‍ അതുകൊണ്ടുണ്ടാകുന്ന അപകടം ചെറുതൊന്നുമായിരിക്കില്ല.  

വിശുദ്ധ ക്വുര്‍ആന്‍ ഈ രംഗത്ത് നല്‍കുന്ന ഉപദേശം നോക്കൂ: ''സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു'' (49:12).

ഊഹങ്ങള്‍ മനുഷ്യസഹജമാണ്. ചില ഊഹങ്ങള്‍ ശരിയായിരിക്കുവാന്‍ ഇടയുണ്ട്. ചിലതെല്ലാം യഥാര്‍ഥത്തില്‍ തെറ്റായതും കുറ്റകരമായതുമായിരിക്കും. രണ്ടും വ്യക്തമായി വേര്‍തിരിച്ചറിയുവാന്‍ സാധിക്കുകയില്ല. ഇങ്ങനെയുള്ള ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ ആ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും പിന്നീട് പെരുമാറുന്നതുംസംസാരിക്കുന്നതും. ഇതിന്റെ അനന്തര ഫലം പലപ്പോഴും ദൂരവ്യാപകവുംവമ്പിച്ചതുമായിരിക്കും. അതുകൊണ്ടാണ് മിക്ക ഊഹങ്ങളെയും വര്‍ജിക്കേണ്ടതാണെന്ന് അല്ലാഹു കല്‍പിക്കുന്നത്. തെറ്റും ശരിയും ഇന്നതാണെന്ന് വ്യക്തമായി അറിയാത്തപ്പോള്‍,തെറ്റുപിണഞ്ഞേക്കാവുന്ന വിഷയത്തില്‍ പ്രവേശിക്കുന്നതും തെറ്റുതന്നെ. ഇവിടെ മാത്രമല്ല,എവിടെയും ഓര്‍മിക്കേണ്ടുന്ന ഒരു തത്ത്വമാണിത്.

അബൂഹുറയ്‌റ്യ നിവേദനം; നബി ﷺ പറഞ്ഞു: ''നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുക. കാരണം,ഊഹം വര്‍ത്തമാനങ്ങളില്‍വെച്ച് ഏറ്റവും കളവായതാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും ഗൂഢാന്വേഷണം നടത്തുകയും അന്യോന്യം വഴക്കുകൂടുകയും അസൂയപ്പെടുകയും വിദ്വേഷം വെക്കുകയും (സഹകരിക്കാതെ) പിന്നോക്കം വെക്കുകയും അരുത്. അല്ലാഹുവിന്റെ അടിയാന്‍മാരെ,നിങ്ങള്‍ സഹോദരന്‍മാരായിരിക്കണം'' (ബുഖാരി,മുസ്‌ലിം).

ഊഹംവെച്ചു വാര്‍ത്ത പ്രചരിപ്പിച്ചവരോട് അല്ലാഹു ചോദിച്ചത് ഇങ്ങനെയാണ്: ''നിങ്ങള്‍ അത് കേട്ട സമയത്ത് സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലതു വിചാരിക്കുകയും ഇതു വ്യക്തമായ നുണതന്നെയാണ് എന്ന് പറയുകയും ചെയ്തില്ല?'' (ക്വുര്‍ആന്‍ 24:12).

പ്രവാചക പത്നിയായ ആഇശ്യയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ അവരുടെ നിരപരാധിത്വം തെളിയിച്ചുകൊണ്ട് അല്ലാഹു ക്വുര്‍ആന്‍ സൂക്തങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. അപ്പോഴാണ് നബി ﷺ ക്ക് പോലും അവരുടെ കാര്യത്തില്‍ സമാധാനവും സന്തോഷവും ഉണ്ടായത്.

''നീ നിന്റെ സഹോദരനെ തെറ്റിദ്ധരിക്കുന്നതിനു മുമ്പ് അവന്റെ എഴുപത് ഒഴിവുകഴിവുകളെ എണ്ണുക. എന്നിട്ടും നിന്റെ ധാരണ ശരിയാകുന്നില്ലെങ്കില്‍ എനിക്കറിയാത്ത എന്തോ ഒരു കാര്യം ഉണ്ട് എന്ന് കരുതുക. അല്ലാതെ നീ അവനെ തെറ്റിദ്ധരിക്കരുത്'' എന്ന ഉപദേശം നാം ഉള്‍ക്കൊള്ളുക.

ഒരാളെ തെറ്റുധരിക്കുന്നതിനു മുമ്പും തെറ്റായ ഊഹം മനസ്സിലേക്ക് കൊണ്ടുവരുന്നതിനു മുമ്പും അയാളെക്കുറിച്ച് നാം മനസ്സിലാക്കണം. അയാളുടെ തിരക്കുകളും അസൗകര്യങ്ങളും തിരിച്ചറിയണം. ഇത്തരത്തിലുള്ള വീഴ്ചകള്‍ നമ്മിലും വരാമമെന്ന കാര്യം മറക്കാതിരിക്കണം. അപ്പോള്‍ ആര്‍ക്കും ആരെയും കുറിച്ച് ഒരു തെറ്റായ ധാരണയും ഉണ്ടാകില്ല.

ഉമറുബ്‌നുല്‍ ഖത്വാബ്(റ) പറഞ്ഞു: ''തന്റെ വിചാരം കൊണ്ട് ഗുണം കൊയ്യാത്തവന്‍ തന്റെ ശരീരം കൊണ്ടും ഗുണം നേടില്ല.''

ചീത്ത ഊഹങ്ങളുടെ കാരണങ്ങള്‍

1. മനസ്സില്‍ പാപങ്ങള്‍ നിറയുകയും ഈമാന്‍ കുറയുകയും ചെയ്യുന്നത്.

2. മുന്‍വിധി.

3. അസൂയ (ഒരാളുടെ നേട്ടവും വിജയവും കാണുമ്പോള്‍).

4. അഭിപ്രായ ഭിന്നതകളോടുള്ള ഇടുങ്ങിയ സമീപനം.

5. മുന്‍ അഭിപ്രായങ്ങള്‍ വെച്ചുള്ള വിലയിരുത്തല്‍.

എങ്ങനെ നമുക്ക് നല്ല ഊഹങ്ങള്‍ ഉണ്ടാക്കിയെടുക്കാം?

1. ഹൃദയ വിശാലതക്കും വിശുദ്ധിക്കും വേണ്ടിയുള്ള പ്രാര്‍ഥനകളിലൂടെ.

2. തന്റെ വീഴ്ചകളെയും അംഗീകരിക്കുക.

3. അപരന്റെ നേട്ടത്തിലും വിജയത്തിലും ആത്മാര്‍ഥമായി സന്തോഷിക്കുക.

4. മനുഷ്യ സ്വഭാവത്തിലുള്ള വ്യത്യാസം മനസ്സിലാക്കാനും ആദരിക്കാനും പരിശ്രമിക്കുക.

നല്ല ഊഹങ്ങളിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍

1. സ്രഷ്ടാവിന്റെ തൃപ്തി.

2. സന്തോഷവും ആരോഗ്യവുമുള്ള മനസ്സ്.

3. ജനങ്ങള്‍ ഇഷ്ടപ്പെടുന്നവനായിത്തീരുന്നു.

4. സ്വന്തം ന്യൂനതകള്‍ തിരിച്ചറിയുന്നു.