സ്വര്‍ഗത്തിലേക്കു നയിക്കുന്ന കര്‍മങ്ങള്‍

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2020 നവംബര്‍ 21 1442 റബീഉല്‍ ആഖിര്‍ 06

(ഭാഗം: 4)

വുദൂഇന് ശേഷമുള്ള രണ്ടു റക്അത്ത് നമസ്‌കാരം

നമസ്‌കാരത്തിന്റെ നിബന്ധനകളില്‍ പെട്ടതാണ് വുദൂഅ് (അംഗശുദ്ധിവരുത്തല്‍) ചെയ്യുക എന്നത്. ഓരോ വുദൂഇന് ശേഷവും നബി ﷺ  പഠിപ്പിച്ച പ്രാര്‍ഥന ചൊല്ലിയാല്‍ സ്വര്‍ഗത്തിന്റെ എട്ട് കവാടങ്ങളില്‍ അവനുദ്ദേശിക്കുന്നതിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് നബി ﷺ  അറിയിച്ചിട്ടുണ്ട്.

നബി ﷺ  പറഞ്ഞു: ''നിങ്ങളില്‍ ഒരാള്‍ വുദൂഅ് ചെയ്യുന്നു. വുദൂഇനെ നന്നാക്കുന്നു. വുദൂഇല്‍നിന്ന് വിരമിച്ചശേഷം 'അല്ലാഹു അല്ലാതെ യഥാര്‍ഥ ആരാധ്യനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും യാതൊരു പങ്കുകാരുമില്ലാത്തവനുമാണ്. നിശ്ചയം, മുഹമ്മദ് നബി ﷺ  അവന്റെ ദൂതനും ദാസനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു' എന്ന് പറഞ്ഞാല്‍ അയാള്‍ക്ക് സ്വര്‍ഗത്തിന്റെ എട്ട് കവാടങ്ങളും തുറക്കപ്പെടും. താന്‍ ഉദ്ദേശിക്കുന്ന കവാടത്തിലൂടെ അയാള്‍ക്ക് പ്രവേശിക്കാവുന്നതാണ്'' (അബൂദാവൂദ്: 169).

വുദൂഇന് ശേഷമുള്ള രണ്ടുറക്അത്ത് സുന്നത്ത് നമസ്‌കാരം നിര്‍വഹിച്ചാല്‍ അവന്ന് അല്ലാഹു സ്വര്‍ഗം നല്‍കും.

അബൂഹുറയ്‌റ(റ) നിവേദനം: ''അല്ലാഹുവിന്റെ റസൂല്‍ ﷺ  ബിലാലി(റ)നോട് സ്വുബ്ഹി നമസ്‌കാര സമയത്ത് പറയുകയുണ്ടായി: 'ബിലാല്‍, താങ്കള്‍ ഇസ്‌ലാമില്‍ പ്രവര്‍ത്തിച്ച ഏറ്റവും പ്രതിഫലം പ്രതീക്ഷിക്കുന്ന കര്‍മം ഏതെന്ന് എന്നോട് പറഞ്ഞാലും. കാരണം, ഞാന്‍ താങ്കളുടെ ചെരിപ്പടി ശബ്ദം എന്റെ മുമ്പില്‍ സ്വര്‍ഗത്തില്‍ കേള്‍ക്കുകയുണ്ടായി.' അദ്ദേഹം പറഞ്ഞു: 'ഞാന്‍ രാത്രിയിലാകട്ടെ, പകലിലാകട്ടെ, ഏതൊരു സമയത്തും ശുദ്ധിവരുത്തിയാല്‍ പ്രസ്തുത ശുദ്ധികൊണ്ട് എനിക്ക് വിധിക്കപ്പെട്ട നമസ്‌കാരം നിര്‍വഹിക്കുക എന്നതല്ലാതെ എനിക്ക് ഏറ്റവും പ്രതിഫലം പ്രതീക്ഷിക്കുന്ന ഒരു കര്‍മവും ഞാന്‍ ചെയ്തിട്ടില്ല'' (ബുഖാരി: 1149).

സലാം പറയല്‍

പരസ്പരം കണ്ടുമുട്ടുമ്പോള്‍ സലാം പറയുക എന്നത് ഇസ്‌ലാം പഠിപ്പിക്കുന്ന മര്യാദയാണ്. സലാം പറയുന്നതിലൂടെ പരസ്പരം സ്‌നേഹം വര്‍ധിക്കുകയും ബന്ധങ്ങള്‍ ഊഷ്മളമാവുകയും ചെയ്യുന്നു.

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''എന്റെ ആത്മാവ് ഏതൊരുവന്റെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. നിങ്ങളാരും വിശ്വാസികളാകുന്നതുവരെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നതുവരെ നിങ്ങള്‍ വിശ്വാസികളാവുകയില്ല. പരസ്പരം സ്‌നേഹിക്കാന്‍ പ്രാവര്‍ത്തികമാക്കേണ്ട കര്‍മത്തെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? നിങ്ങള്‍ക്കിടയില്‍ സലാമിനെ വ്യാപിപ്പിക്കുവിന്‍'' (മുസ്‌ലിം: 54).

ഒരിക്കല്‍ ഇബ്‌നു ഉമര്‍(റ) തന്റെ ഭൃത്യന്റെ കൂടെ അങ്ങാടിയിലേക്ക് പോയി. അങ്ങാടിയിലെത്തി കണ്ടവരോടൊക്കെ അദ്ദേഹം സലാം പറഞ്ഞു. ശേഷം വീട്ടിലേക്ക് മടങ്ങി. അപ്പോള്‍ ഭൃത്യന്‍ അദ്ദേഹത്തോട് ചോദിച്ചു: 'സാധനങ്ങള്‍ ഒന്നും വാങ്ങുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് താങ്കള്‍ അങ്ങാടിയിലേക്ക് വന്നത്? നിങ്ങള്‍ എന്താണ് ഉദ്ദേശിച്ചത്?' ഇബ്‌നു ഉമര്‍(റ) പറഞ്ഞു: 'ആളുകളെ കണ്ട് സലാം പറഞ്ഞ് അതിന്റെ പ്രതിഫലം കരസ്ഥമാക്കുക എന്നതുതന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്.'

നോക്കൂ, നമ്മുടെ മുന്‍ഗാമികള്‍ ഓരോ നന്മയും പ്രാവര്‍ത്തികമാക്കുന്നതില്‍ കാണിച്ച അതീവ താല്‍പര്യവും ശ്രദ്ധയും! ഇന്ന് പലരും പരസ്പരം കണ്ടാല്‍ സലാം പറയാന്‍ മടികാണിക്കുന്നു. സലാം പറയുന്നവരില്‍ തന്നെ ബന്ധവും കുടുംബവും സംഘടനയും പാര്‍ട്ടിയുമൊക്കെ നോക്കി മാത്രം പറയുന്നവരുണ്ട്. പരിചയക്കാര്‍ക്ക് മാത്രം സലാം പറയല്‍ അന്ത്യനാളിന്റെ അടയാളങ്ങളില്‍ പെട്ടതാണെന്ന് നബി ﷺ  ഉണര്‍ത്തിയിട്ടുണ്ട്.

അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദ്(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''ഒരാള്‍ മറ്റൊരാള്‍ക്ക് സലാം പറയുന്നത് പരിചയത്തിന്മേല്‍ മാത്രമാകുന്നത് അന്ത്യനാളിന്റെ അടയാളങ്ങളില്‍ പെട്ടതത്രെ'' (അഹ്മദ്: 3848).

ഭക്ഷണം നല്‍കല്‍, കുടുംബബന്ധം ചേര്‍ക്കല്‍, രാത്രി നമസ്‌കരിക്കല്‍

പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കാണിക്കാത്തവന്‍ അഥവാ അതിന് പ്രോത്സാഹനം നടത്താത്തവന്‍ മതത്തെ കളവാക്കുന്നവനാണ് എന്നാണ് വിശുദ്ധ ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്.

''സാധുവിന് ഭക്ഷണം കൊടുക്കുവാന്‍ അവന്‍ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല'' (ക്വുര്‍ആന്‍ 69:34).

''പാവപ്പെട്ടവന്റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല'' (ക്വുര്‍ആന്‍ 89:18).

അബ്ദുല്ലാഹ് ഇബ്‌നു സലാം(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''അല്ലയോ ജനങ്ങളേ, നിങ്ങള്‍ സലാം പറയല്‍ വ്യാപിപ്പിക്കുക, ഭക്ഷണം നല്‍കുക, കുടുംബബന്ധം ചേര്‍ക്കുക, ജനങ്ങള്‍ ഉറങ്ങിക്കിടക്കുന്ന രാത്രിയില്‍ നിങ്ങള്‍ നമസ്‌കരിക്കുക. നിങ്ങള്‍ക്ക് സമാധാനത്തോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാം.'' (ഇബ്‌നുമാജ: 3251)

സലാം പറയുന്നതിന്റെയും കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുന്നതിന്റെയും രാത്രി ജനങ്ങളെല്ലാം നിദ്രയിലായിരിക്കെ ഉറക്കില്‍നിന്നുണര്‍ന്ന് നമസ്‌കരിക്കുന്നതിന്റെയും മഹത്ത്വം എെന്തന്ന് ഈ ഹദീഥ് വ്യക്തമാക്കിത്തരുന്നു.

നല്ല സംസാരം

അബൂമാലിക് അല്‍അശ്അരി(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''തീര്‍ച്ചയായും സ്വര്‍ഗത്തില്‍ ഒരു മുറിയുണ്ട്. അതിന്റെ പുറമെനിന്ന് നോക്കിയാല്‍ അകവും, അകത്തുനിന്ന് നോക്കിയാല്‍ പുറവും കാണാം. (സാധുക്കളെ) ഭക്ഷിപ്പിച്ചവനും സംസാരം നന്നാക്കിയവനും (ഐഛികമായ) നോമ്പ് പതിവാക്കുന്നവനും ജനങ്ങള്‍ ഉറങ്ങുമ്പോള്‍ രാത്രിനമസ്‌കാരം നിര്‍വഹിച്ചവനും അല്ലാഹു അത് ഒരുക്കിവെച്ചിരിക്കുന്നു'' (അഹ്മദ്: 22905).

സംസാരത്തിലെ അശ്രദ്ധ നമ്മെ നരകത്തിലേക്കെത്തിക്കും. നാവിനാല്‍ ഉണ്ടാകുന്ന വിപത്തുകള്‍ ചെറുതൊന്നുമല്ല. അതിന്റെ അനന്തരഫലം നരകവുമായിരിക്കും. ജനങ്ങളില്‍ ധാരാളം പേരെ നരകത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യം എന്താണെന്ന് ചോദിച്ച അനുചരന് അല്ലാഹുവിന്റെ റസൂല്‍ ﷺ  നല്‍കിയ മറുപടി 'നാവും ഗുഹ്യാവയവുമാണ്' എന്നായിരുന്നു. നല്ലതും ഉപകാരമുള്ളതുമായ കാര്യങ്ങള്‍ മാത്രം സംസാരിക്കുക. തിന്മയും ഉപദ്രവകരമായതുമായ സംസാരം ഉപേക്ഷിക്കുക. റബ്ബിനെ സ്മരിച്ചുകൊണ്ടിരിക്കുക.

കോപം നിയന്ത്രിക്കല്‍

നിസ്സാര കാര്യങ്ങള്‍ക്കു പോലും ദേഷ്യപ്പെടുന്ന ചില മനുഷ്യരുണ്ട്. കോപം പിശാചില്‍ നിന്നാണ്,  അതിന്റെ തുടക്കം ഭ്രാന്തും ഒടുക്കം ഖേദവുമാണ് എന്നൊക്കെ പ്രവാചകന്‍ ﷺ  ഉണര്‍ത്തിയിട്ടുണ്ട്. കോപത്തിന്റെ ഭവിഷത്തിനെക്കുറിച്ചും അത് അടക്കിവെക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ  ധാരാളം പ്രവാചകവചനങ്ങള്‍ കാണുവാന്‍ സാധിക്കും.

ഒരാള്‍ നബി ﷺ യുടെ അടുക്കല്‍ വന്നുകൊണ്ട് എന്നെ ഉപദേശിച്ചാലും എന്ന് പറഞ്ഞപ്പോള്‍ നബി  ﷺ  അദ്ദേഹത്തിന് നല്‍കിയ മറുപടി 'നീ കോപിക്കരുത്' എന്നായിരുന്നു. വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോഴും നബി ﷺ യുടെ മറുപടി 'നീ കോപിക്കരുത്' എന്നുതന്നെയായിരുന്നു.

'മല്‍പിടുത്തത്തില്‍ വിജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ ഒതുക്കിനിര്‍ത്തുന്നവനാണ് ശക്തന്‍' എന്നും നബി ﷺ  പറഞ്ഞതായി കാണാം.

കോപം നിയന്ത്രിച്ച് ജീവിക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം നേടുവാന്‍ സാധിക്കും.

അബുദ്ദര്‍ദാഅ്(റ) നിവേദനം; ഉവൈമിര്‍ ഇബ്‌നു ആമിര്‍(റ) പറഞ്ഞു: ''ഒരാള്‍ നബി ﷺ യോട് ചോദിച്ചു: 'സ്വര്‍ഗത്തില്‍ പ്രവേശിക്കാനുതകുന്ന ഒരു പ്രവര്‍ത്തനത്തെക്കുറിച്ച് എനിക്ക് അറിയിച്ചുതന്നാലും.' നബി ﷺ  പറഞ്ഞു: 'നീ കോപിക്കരുത്. എങ്കില്‍ നിനക്ക് സ്വര്‍ഗമുണ്ട്'' (ത്വബ്‌റാനി).

മുആദുബ്‌നു അനസ് അല്‍ജുഹനി(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''ആരെങ്കിലും കോപിഷ്ടനാകുകയും അത് നടപ്പിലാക്കാന്‍ കഴിവുണ്ടായിട്ടും തന്റെ കോപത്തെ നിയന്ത്രിക്കുകയും ചെയ്താല്‍ അന്ത്യനാളില്‍ മാലോകര്‍ക്കുമുന്നില്‍വെച്ച് അല്ലാഹു അവനെ വിളിക്കും. എന്നിട്ട് ഹൂറുല്‍ഈനികളില്‍ (സ്വര്‍ഗീയ സ്ത്രീകള്‍) നിന്ന് അവനിഷ്ടമുള്ളവരെ തെരഞ്ഞെടുക്കാന്‍ അനുവാദം നല്‍കും'' (അബൂദാവൂദ്: 4777).

അധികാരമോ, ശക്തിയോ, കഴിവോ ഉണ്ടായിട്ടും കോപം വരുമ്പോള്‍ സംയമനം പാലിക്കുകയും ക്ഷമിക്കുകയും ചെയ്താല്‍ അത്തരക്കാരെ കാത്തിരിക്കുന്നത് വലിയ സൗഭാഗ്യങ്ങളാണ് എന്നു വ്യക്തം.

ബാങ്കുവിളി കേള്‍ക്കുമ്പോള്‍ ഏറ്റുപറയല്‍

ഓരോ നമസ്‌കാരത്തിനും മുഅദ്ദിന്‍ (ബാങ്ക് വിളിക്കുന്നയാള്‍) ബാങ്ക് വിളിക്കുമ്പോള്‍ അതിന് വിശ്വാസികള്‍ ജവാബ് (ഉത്തരം) നല്‍കലും ശേഷം നബി ﷺ യുടെ മേല്‍ സ്വലാത്ത് ചൊല്ലലും പ്രാര്‍ഥിക്കലുമൊക്കെ വലിയ പുണ്യകര്‍മമായി നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്.

ഉമറുബ്‌നുല്‍ ഖത്വാബ്(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''മുഅദ്ദിന്‍ (ബാങ്ക് വിളിക്കുന്നയാള്‍) അല്ലാഹു 'അക്ബര്‍, അല്ലാഹു അക്ബര്‍' എന്ന് പറയുമ്പോള്‍ നിങ്ങളിലൊരാള്‍ 'അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍' എന്ന് പറയുകയും; പിന്നീട് മുഅദ്ദിന്‍ 'അശ്ഹദുഅദു അന്‍ലാഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുമ്പോള്‍ 'അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുകയും; പിന്നീട് മുഅദ്ദിന്‍ 'അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്' എന്ന് പറയുമ്പോള്‍ 'അശ്ഹദുഅന്ന മുഹമ്മദന്‍ റസൂലുല്ലാഹ്' എന്ന് പറയുകയും; പിന്നീട് മുഅദ്ദിന്‍ 'ഹയ്യ അലസ്സ്വലാത്ത്' എന്ന് പറയുമ്പോള്‍ 'ലാ ഹൗല വലാ ക്വുവ്വത ഇല്ലാബില്ലാഹ്' എന്നുപറയുകയും; 'ഹയ്യ അലല്‍ ഫലാഹ്' എന്ന് പറയുമ്പോഴും 'ലാ ഹൗല വലാ ക്വുവ്വത ഇല്ലാബില്ലാഹ്' എന്ന് പറയുകയും; പിന്നീട് മുഅദ്ദിന്‍ 'അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍' എന്ന് പറയുമ്പോള്‍ 'അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍' എന്ന് പറയുകയും; പിന്നീട് മുഅദ്ദിന്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുമ്പോള്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് മനസ്സില്‍തട്ടി പറയുകയും ചെയ്താല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു'' (മുസ്‌ലിം: 385).

ഇബ്‌നുബാസ്(റഹി) പറഞ്ഞു: ''ബാങ്ക് വിളിക്കുന്നവന്‍ പറയുന്നതുപോലെ പറയാത്തവന്‍ ധാരാളം നന്മകളില്‍ നിന്ന് തടയപ്പെട്ടവനാണ്.''

മരണപ്പെട്ട വ്യക്തിയെക്കുറിച്ച് ജനങ്ങള്‍ നല്ലതുപറയല്‍

ഈലോകത്ത് ജനിച്ച ഓരോരുത്തരും അവധിയെത്തിയാല്‍ അല്ലാഹുവിലേക്ക് യാത്ര പോകേണ്ടവരാണ്. ആര്‍ക്കും അല്ലാഹു ഈ ഭൂമിയില്‍ നശ്വരത നല്‍കിയിട്ടില്ല.

''ഓരോ സമുദായത്തിനും ഓരോ അവധിയുണ്ട്. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ അവര്‍ ഒരു നാഴികനേരം പോലും വൈകിക്കുകയോ, നേരത്തെ ആക്കുകയോ ഇല്ല'' (ക്വുര്‍ആന്‍ 7:34).

''(നബിയേ,) പറയുക: എനിക്കുതന്നെ ഉപകാരമോ ഉപദ്രവമോ ഉണ്ടാക്കുക എന്നത് എന്റെ അധീനത്തിലല്ല-അല്ലാഹു ഉദ്ദേശിച്ചതല്ലാതെ. ഓരോ സമൂഹത്തിനും ഒരു അവധിയുണ്ട്.. അവരുടെ അവധി വന്നെത്തിയാല്‍ ഒരു നാഴികനേരം പോലും അവര്‍ക്ക് വൈകിക്കാനാവില്ല. അവര്‍ക്കത് നേരത്തെയാക്കാനും കഴിയില്ല'' (ക്വുര്‍ആന്‍ 10:49).

''യാതൊരു സമുദായവും അതിന്റെ അവധിയെക്കാള്‍ മുമ്പിലാവുകയില്ല. (അവധി വിട്ട്) അവര്‍ പിന്നോട്ട് പോകുകയുമില്ല'' (ക്വുര്‍ആന്‍ 15:5).

''അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം (ഉടനടി) പിടികൂടിയിരുന്നെങ്കില്‍ ഭൂമുഖത്ത് യാതൊരു ജന്തുവെയും അവന്‍ വിട്ടേക്കുമായിരുന്നില്ല. എന്നാല്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ അവര്‍ക്ക് സമയം നീട്ടിക്കൊടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുടെ അവധി വന്നാല്‍ ഒരു നാഴികനേരം പോലും അവര്‍ക്ക് വൈകിക്കാന്‍ ആവുകയില്ല. അവര്‍ക്കത് നേരെത്തെയാക്കാനും കഴിയില്ല'' (ക്വുര്‍ആന്‍ 16:61).

ഒരു മനുഷ്യന്റെ വിശ്വാസവും ആയുഷ്‌കാലത്തിനിടയിലെ പ്രവര്‍ത്തനങ്ങളുടെ നന്മയും തിന്മയും നോക്കിയാണ് പരലോക രക്ഷയും ശിക്ഷയും അല്ലാഹു തീരുമാനിക്കുന്നത്. ഒരാള്‍ മരണപ്പെട്ടുകഴിഞ്ഞാല്‍ നാട്ടുകാര്‍ അയാളെക്കുറിച്ച് നല്ലതോ നല്ലതല്ലാത്തതോ പറയല്‍ സ്വാഭാവികമാണ്. മരണപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷികളാണ് അവരുടെ കൂടെ ജീവിച്ചിരുന്നവര്‍.

മരണപ്പെട്ടവരെക്കുറിച്ച് ജീവിച്ചിരിക്കുന്നവരുടെ സംസാരം നല്ലതാണെങ്കില്‍ അയാള്‍ക്കത് ഗുണകരമായിത്തീരും. മോശമായിട്ടാണ് സംസാരിക്കുന്നതെങ്കില്‍ മരണപ്പെട്ട വ്യക്തിക്ക് അത് ദോഷകരവുമായിരിക്കും.

അനസ്(റ) നിവേദനം; അദ്ദേഹം പറഞ്ഞു: ''ഒരാളുടെ മൃതദേഹം കൊണ്ടുപോയപ്പോള്‍ ആളുകള്‍ അദ്ദേഹത്തെക്കുറിച്ച് നല്ലതുപറഞ്ഞു. അപ്പോള്‍ നബി ﷺ  പറഞ്ഞു: 'അനിവാര്യമായി, അനിവാര്യമായി, അനിവാര്യമായി.' പിന്നെ ഒരു മൃതദേഹം കൊണ്ടുപോയപ്പോള്‍ ആളുകള്‍ അദ്ദേഹത്തെക്കുറിച്ച് മോശമായി സംസാരിച്ചു. അപ്പോള്‍ നബി ﷺ  പറഞ്ഞു: 'അനിവാര്യമായി, അനിവാര്യമായി, അനിവാര്യമായി.' അപ്പോള്‍ ഉമര്‍(റ) ചോദിച്ചു: 'നബിയേ, എന്താണ് അനിവാര്യമായത്?' അപ്പോള്‍ നബി ﷺ  പറഞ്ഞു: 'ഒന്നാമത് കൊണ്ടുപോയവനെക്കുറിച്ച് നിങ്ങള്‍ നല്ലതു പറഞ്ഞു. അവന് സ്വര്‍ഗം നിര്‍ബന്ധമായി.' രണ്ടാമത്തവനെക്കുറിച്ച് നിങ്ങള്‍ മോശമായി പറഞ്ഞു. അവന് നരകം നിര്‍ബന്ധമായി. ഭൂമിയില്‍ നിങ്ങള്‍ അല്ലാഹുവിന്റെ സാക്ഷികളാണ്'' (മുസ്‌ലിം: 949).

മരണപ്പെട്ട വ്യക്തിയെക്കുറിച്ച് ജനങ്ങള്‍ നല്ലതു പറയണമെങ്കില്‍ അയാള്‍ അത്രയും നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരിക്കണം. നന്മയുടെ മാര്‍ഗത്തില്‍ ജീവിച്ചവനായിരിക്കണം. ദുര്‍മാര്‍ഗത്തിലും ജനങ്ങള്‍ക്ക് ശല്യമായും ജീവിച്ചയാളെക്കുറിച്ച് ആരും നല്ലതു പറയില്ല.

നമ്മുടെ കാലശേഷം നമ്മുടെ പിന്‍ഗാമികള്‍ നമ്മെക്കുറിച്ച് നല്ലതുമാത്രം പറയണം. 'അല്ലാഹുവേ, എന്റെ ശേഷക്കാരില്‍ എന്റെ സല്‍കീര്‍ത്തി നീ നിലനിര്‍ത്തേണമേ' എന്ന് ഇബ്‌റാഹീം നബിൗ പ്രാര്‍ഥിച്ചത് ക്വുര്‍ആനില്‍ കാണാം.