ദുര്‍ന്യായങ്ങളെ പ്രമാണമാക്കി നബിദിനമാഘോഷിക്കുന്നവര്‍

മൂസ സ്വലാഹി, കാര

2020 നവംബര്‍ 14 1442 റബിഉല്‍ അവ്വല്‍ 27

ഇസ്‌ലാം പഠിപ്പിച്ച ആഘോഷങ്ങളെ അതിന്റെ പൂര്‍ണതയില്‍ സ്വീകരിക്കുക എന്നതും അന്നേദിവസം കല്‍പിക്കപ്പെട്ട ആരാധനകള്‍ നിര്‍വഹിക്കുക, സന്തോഷം പങ്കിടുക എന്നതും വിശ്വാസികളുടെ ബാധ്യതയാണ്. എന്നാല്‍ മതം പഠിപ്പിക്കാത്ത ഒരു കാര്യത്തെ ആഘോഷമായി കൊണ്ടാടുന്നത് അനാചാരമാണ്. അഥവാ പുത്തനാചാരമാണ്.

2020 ഒക്ടോബര്‍ 16-31 ലക്കം 'സുന്നിവോയ്‌സി'ല്‍ ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക:

''റസൂല്‍ ﷺ യുടെ ജന്മദിനം ലോക മുസ്‌ലിംകള്‍ക്ക് എന്നും ഒരാവേശമാണ്. ലോകത്തിന് അനുഗ്രഹമായ പ്രവാചകരുടെ ആഗമനത്തിലുള്ള നന്ദി പ്രകടനങ്ങള്‍ക്ക് ഒരുമിച്ചുകൂടലും സ്മരണ പുതുക്കലുമാണ് മൗലിദാഘോഷം കൊണ്ടുദ്ദേശിക്കുന്നത്'' (പേജ് 25).

നബി ﷺ യുടെ വരവിന്റെ നന്ദിസൂചകമായി ഇങ്ങനെയൊരാഘോഷം കൊണ്ടാടുവാന്‍ പ്രമാണങ്ങളിലെവിടെയും പരാമര്‍ശിക്കപ്പെട്ടു കാണുന്നില്ല. പ്രവാചകന്റെയോ അനുചരന്മാരുടെയോ ജീവിതകാലത്ത് അവരാരും മൗലിദാഘോഷം നടത്തിയിട്ടുമില്ല.

നാശത്തില്‍നിന്നും വഴികേടില്‍നിന്നും മനുഷ്യരെ രക്ഷപ്പെടുത്തുന്ന വിശ്വാസ, സംസ്‌കരണ പാഠങ്ങള്‍ പകര്‍ന്നു നല്‍കാനാണ് അല്ലാഹു അന്തിമദൂതനെ അയച്ചിട്ടുള്ളത്.

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു'' (ക്വുര്‍ആന്‍ 3:164).

അല്ലാഹു അവതരിപ്പിച്ച ക്വുര്‍ആനിലോ അതിന്റെ വിശദീകരണമായ ഹദീഥുകളിലോ യാതൊരു തെളിവുമില്ലാത്ത ഒരു കാര്യത്തെ ആരാധനയായി അനുഷ്ഠിക്കുന്നത് മതത്തെ അപഹസിക്കലാണ്. ഇത് മതത്തില്‍ പുതിയൊരു നിയമമുണ്ടാക്കലും സമൂഹത്തെ അതില്‍ തളച്ചിടലുമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അതീവ ഗുരുതരമാണ്. അല്ലാഹു പറയുന്നു:

''അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെ പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്'' (ക്വുര്‍ആന്‍: 42:21).

ലേഖകന്‍ തുടരുന്നു: ''സ്‌നേഹ പ്രകടനങ്ങളെ ഭൗതികതയുടെ വ്യാപ്തിയില്‍ അളക്കാന്‍ സാധിക്കുകയില്ല'' (പേജ്: 25).

പ്രവാചക സ്‌നേഹമെന്ന പേരില്‍ നടക്കുന്ന ജന്മദിനാഘോഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ശിര്‍ക്ക് ബിദ്അത്തുകളെയും അതിരുവിട്ട പ്രശംസകളെയും വെളുപ്പിക്കാനാണ് ലേഖകന്റെ ശ്രമം.

അല്ലാഹുവിനെയും നബി ﷺ യെയുമാണ് മറ്റെന്തിനെക്കാളും ഒരു വിശ്വാസി സ്‌നേഹിക്കേണ്ടത്. വിശ്വാസത്തിന്റെ പൂര്‍ണതയും മധുരവും ആസ്വാദനും അതിലൂടെ മാത്രമെ സാധ്യമാവുകയുള്ളൂ.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''എന്റെ സമുദായത്തില്‍ എന്നോട് ഏറ്റവും സ്‌നേഹമുള്ളവര്‍ എനിക്കുശേഷം വരുന്ന ചിലരാണ്. സ്വന്തം കുടുംബത്തെക്കാളും സമ്പത്തിനെക്കാളും എന്നെ കണ്ടെങ്കില്‍ എന്നായിരിക്കും അവര്‍ ആഗ്രഹിക്കുക'' (മുസ്‌ലിം: 2832).

വഹ്‌യിന്റെ വെളിച്ചത്തില്‍ നബി ﷺ  പറഞ്ഞ കാര്യങ്ങളെ സത്യപ്പെടുത്തിയും അനുസരിച്ചും പിന്‍പറ്റിയും നാം ജീവിക്കുമ്പോഴാണ് അദ്ദേഹത്തോട് നമുക്ക് യഥാര്‍ഥ സ്‌നേഹവും ബഹുമാനവും ആദരവും ഉണ്ടാവുക. ഇതില്‍ നമുക്കുള്ള മാതൃക പ്രവാചകന്റെ അനുചരന്മാരാണ്. അവരാരും സ്‌നേഹമെന്നും മീലാദാഘോഷമെന്നും പറഞ്ഞ് പരിധിവിട്ട പ്രശംസ നടത്തിയതായി തെളിയിക്കാന്‍ ആര്‍ക്കും സാധ്യമല്ല. ഇസ്‌ലാമിന്റെ ശത്രുക്കളായ ശിയാക്കളാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍.

മീലാദ് സദസ്സുകളില്‍ ആലപിക്കപ്പെടുന്ന മൗലിദിലെ ചില വരികള്‍ കാണുക:

'സൃഷ്ടികളില്‍വെച്ച് ഏറ്റവും ബഹുമാന്യരായ പ്രവാചകരേ! വ്യാപകമായ വിപത്തുകള്‍ ഇറങ്ങുന്ന ഘട്ടത്തില്‍ താങ്കളല്ലാതെ എനിക്ക് അഭയം തേടാന്‍ മറ്റാരുണ്ട്' (യാ അക്‌റമ ബൈത്ത്).

'ദോഷങ്ങളുടെ(കൂമ്പാരങ്ങള്‍ക്ക്) മുകളില്‍ ഞാന്‍ കേറിയിരിക്കുന്നു; എണ്ണവും ക്ലിപ്തവുമില്ലാത്ത വിധം. അങ്ങയോടാണ് ഞാന്‍ അതില്‍ ആവലാതി പറയുന്നത്' (മന്‍ഖൂസ് മൗലിദ്).

'നേതാക്കളില്‍ നേതാവായവരേ, താങ്കളിലേക്ക് ലക്ഷ്യംവെച്ചു ഞാനിതാ വന്നിരിക്കുന്നു.'

'അവിടുത്തെ സംരക്ഷണം ഞാന്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് എന്റെ ഉദ്ദേശ്യം നിരാകരിക്കരുതേ' (മന്‍ഖൂസ് മൗലിദ്).

അല്ലാഹുവിനോട് മാത്രം പറയേണ്ട കാര്യങ്ങള്‍ നബി ﷺ യോട് പറയല്‍ പ്രവാചകസ്‌നേഹമാണോ? തെറ്റുകള്‍ സംഭവിച്ചുപോയാല്‍ നബിയോടാണോ ആവലാതി പറയേണ്ടത്? എന്ത് സ്‌നേഹ പ്രകടനമാണിത്? ആരാണിങ്ങനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചത്? ഇത് കേവല ഭൗതിക തേട്ടമാണോ?

വിപത്തില്‍ അഭയം തേടാന്‍ നബി ﷺ  മാത്രമേയുള്ളൂ എന്നു പറയുന്നതും തെറ്റുകള്‍ പൊറുക്കുവാന്‍ നബി ﷺ യോട് തേടുന്നതും ശിര്‍ക്കല്ലാതെ മറ്റെന്താണ്? അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരില്‍ ഒരാളും ഇത്തരമൊരു വിശ്വാസത്തെ പിന്തുണച്ചിട്ടില്ല. മദ്ഹാണ്, സ്‌നേഹപ്രടനമാണ് എന്നൊക്കെ പറഞ്ഞ് ഇതിനെ ന്യായീകരിക്കാമോ? നബി ﷺ യുടെ ശക്തമായ ശാസന ഈ വിഷയത്തില്‍ കാണാവുന്നതാണ്.

ഉമര്‍്യവില്‍നിന്ന്; നബി ﷺ പറഞ്ഞു: 'മര്‍യമിന്റെ മകന്‍ ഈസാ(അ)യെ ക്രൈസ്തവര്‍ അമിതമായി പുകഴ്ത്തിയത് പോലെ നിങ്ങള്‍ എന്നെ പുകഴ്ത്തരുത്. നിശ്ചയം ഞാന്‍ അല്ലാഹുവിന്റെ അടിമയാണ്. അല്ലാഹുവിന്റെ ദൂതനും അടിമയുമാണ് എന്ന് നിങ്ങള്‍ പറയുവിന്‍' (ബുഖാരി: 3445).

എന്നാല്‍ ലേഖകന്‍ പറയുന്നത് കാണുക: ''പരിധിയില്ലാത്ത സ്‌നേഹ പ്രകടനങ്ങള്‍ പാടുണ്ടോ, അത് പ്രശ്‌നമാവില്ലേ എന്നൊക്കെ ചോദിക്കുന്നവരോടെന്ത് പറയാന്‍! തിരുനബിയോടുള്ള സ്‌നേഹം ഈമാനിന്റെ സമ്പൂര്‍ണതയാണെന്നു മാത്രമാണ് അവര്‍ക്കുള്ള മറുപടി'' (പേജ്: 25).

പരിധിവിട്ട് എന്തൊക്കെ കാട്ടിക്കൂട്ടിയാലും അതിനെ സ്‌നേഹത്തിന്റെ പട്ടില്‍പൊതിഞ്ഞ് അവതരിപ്പിക്കാനാണ് ലേഖകന്റെ ശ്രമം.

മുസ്‌ലിയാര്‍ എഴുതിവിട്ട ഒരു കടുത്ത ആക്ഷേപം കാണുക: ''ഇപ്പോള്‍ ബിദ്അത്താണെന്ന് പ്രചരിപ്പിക്കുന്ന മൗലിദാഘോഷം കേരളത്തിലെ വഹാബികളുടെ ആദ്യകാല നേതാക്കള്‍ നടത്തിയതും നടത്തണമെന്ന് ആഹ്വാനം ചെയ്തതുമാണെന്നത് ചരിത്ര വസ്തുത. തെറ്റോ ബിദ്അത്തോ ആയി അവരതിനെ കണ്ടിട്ടില്ലെന്നോര്‍ക്കണം. മറിച്ച് അവര്‍ക്കത് പുണ്യകര്‍മമായിരുന്നു. പക്ഷേ, ന്യൂജന്‍ മൗലവിമാര്‍ നവ മുജ്തഹിദുകളായി ചമഞ്ഞ് ഇമാമീങ്ങളെ തള്ളി മൗലിദ് ശിര്‍ക്കാക്കി'' (പേജ്: 25).

നബിദിനം ആഘോഷക്കാര്‍ കാലങ്ങളായി പറഞ്ഞ് പരത്തുന്ന ഒട്ടും കഴമ്പില്ലാത്ത ആക്ഷേപമാണിത്. പഴയകാല സലഫി പണ്ഡിതന്മാര്‍ ഇറക്കിയിരുന്ന അല്‍മുര്‍ശിദും അല്‍ ഇര്‍ശാദുമൊക്കെയാണ് ഇതിന് തെളിവായി ഇവര്‍ ഉയര്‍ത്തിക്കാണിക്കാറുള്ളത്. എന്താണ് വസ്തുതയെന്ന് വ്യക്തമാകും വിധം പല തവണ ഇക്കാര്യം വിശദീകരിക്കപ്പെട്ടിട്ടുണ്ട്. സത്യത്തില്‍ അവര്‍ എഴുതിയ വരികളില്‍ നബി ﷺ യുടെ ജീവിതത്തെ സംബന്ധിച്ചുള്ള ഉണര്‍ത്തലുകളും സുന്നത്ത് പതിവാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള ഉത്‌ബോധനവും പുത്തനാചാരങ്ങള്‍ക്ക് നേരെയുള്ള താക്കീതുകളുമാണ് അടങ്ങിയിട്ടുള്ളത്. ഇന്ന് സമസ്തക്കാര്‍ നാല്‍പത് ദിവസത്തോളം നബിദിനം ആഘോഷിക്കും പ്രകാരം ആഘോഷിക്കാന്‍ അവരാരും പറഞ്ഞിട്ടില്ല. അവരുടെ വാക്കുകളില്‍ നിന്ന് അത്തരമൊരാശയം ഉദ്ധരിക്കാന്‍ ഒരു മുസ്‌ലിയാര്‍ക്കും ഇന്ന് വരെ സാധിച്ചിട്ടുമില്ല. വിശ്വാസികള്‍ ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ അവരുടെ മേല്‍ കെട്ടിവെക്കുന്നതിന്റെ അപകടം ചെറുതല്ല എന്നേ പറയാനുള്ളൂ.  

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവര്‍ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്'' (ക്വുര്‍ആന്‍ 33:58).

മൗലിദാഘോഷം ശിര്‍ക്കാണെന്ന് മുജാഹിദുകള്‍ പറയുന്നു എന്ന വ്യാജമായ ആരോപണം ഇക്കൂട്ടര്‍ നടത്താറുണ്ട്. വാസ്തവത്തില്‍ അങ്ങനെ ആരും പറഞ്ഞിട്ടില്ല. മൗലിദാഘോഷം ബിദ്അത്താണ് എന്നാണ് പറയാറുള്ളത്. മൗലിദിന്റെ പേരില്‍ നടത്തപ്പെടുന്ന ചടങ്ങളുകളില്‍ പാടുന്ന മാലകളിലും മറ്റും ശിര്‍ക്കിന്റെ വരികളും കള്ളക്കഥകളുമുണ്ട് എന്നാണ് മുജാഹിദുകള്‍ പറയുന്നത്. അതിന്റെ ചില ഉദാഹരണങ്ങളാണ് നാം നേരത്തെ നല്‍കിയത്.

ലേഖകന്‍ അദ്ദേഹത്തിന്റെ വലിയൊരു വേദന തുറന്നെഴുതുന്നത് നോക്കൂ: ''മൗലിദ് വിരോധികള്‍ ഉന്നയിക്കുന്ന ഒരു ദുരാരോപണമാണ് അത് ശിയാക്കളില്‍നിന്ന് ഉടലെടുത്ത് മുളഫര്‍ രാജാവിലൂടെ വിപുലമായതാണെന്ന്'' (പേജ്: 25).

ഇത് ദുരാരോപണമല്ല, മറിച്ച് വസ്തുതയാണ്. ശിയാ വിഭാഗമായ ഫാത്വിമിയാക്കളിലെ പ്രധാനിയായ ഉമറുബ്‌നു മുഹമ്മദ് അല്‍മുല്ലയാണ് ഈ അനാചാരത്തിന് തുടക്കമിട്ടതെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അയാളെ പിന്‍പറ്റിയാണ് മുളഫ്ഫര്‍ രാജാവടക്കമുള്ളവര്‍ ഇതിനെ വലുതാക്കിയത്. സമസ്തക്ക് ഇസ്‌ലാമിന്റെ വൈരികളായ ശിയാക്കളുമായുള്ള ആദര്‍ശബന്ധം പുറം ലോകമറിയുന്നതില്‍ ജാള്യതയുണ്ട്. അതിനാല്‍ത്തന്നെ സലഫികള്‍ ഈ സത്യം തുറന്നുപറയുന്നതില്‍ അവര്‍ക്ക് അരിശമാണ്. എന്നാല്‍ മുളഫ്ഫര്‍ രാജാവാണ് മൗലിദാഷോഷം വിപുലമാക്കിയതെന്ന് ഇവര്‍ തന്നെ വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിവിട്ടിട്ടുണ്ട്.

''ആധുനിക രീതിയില്‍ ഇന്ന് നടത്തപ്പെടുന്ന ആഘോഷ പരിപാടികളുടെ സ്ഥാപകന്‍ ആരായിരുന്നു? നമ്മുടെ കഥാപുരുഷനായ മുളഫര്‍ രാജാവ്'' (രിസാല മാസിക,1998 നവംബര്‍, പേജ്: 11).

''ഈ രൂപത്തില്‍, ഇതാദ്യമായി നടപ്പില്‍ വരുത്തിയത് ഹിജ്‌റ 630ല്‍ (ക്രി.1233) ആഘായില്‍ ശഹീദായ 'മുളഫ്ഫിര്‍ അബൂസഈദ് ക്രൂക്ബൂരി' എന്ന ധര്‍മ്മിഷ്ഠനും സുപ്രസിദ്ധനും യശസ്വിയുമായ രാജാവാണ്'' (നുസ്രത്തുല്‍ അനാം മാസിക, 1996 ജൂണ്‍, പേജ് 13).

ഇനി പറയൂ? മുളഫ്ഫര്‍ രാജാവിന്റെ പങ്ക് മൗലീദ് വിരോധികളുടെ ആരോപണമാണോ?

ഇത്തരം അനാചാരങ്ങള്‍ക്കെതിരെ എക്കാലത്തും പണ്ഡിതന്മാര്‍ രംഗത്ത് വന്നിട്ടുണ്ട്. ഹിജ്‌റ 734ല്‍ മരണപ്പെട്ട മാലികി മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇമാം ഫാക്വിഹാനി(റഹി) പറഞ്ഞത് നിത്യ പ്രസക്തമാണ്:

''പരിശുദ്ധ ക്വുര്‍ആനിലോ നബി ﷺ യുടെ സുന്നത്തിലാ ഈ മൗലിദാഘോഷത്തിന് ഒരടിസ്ഥാനവും ഞാന്‍ കാണുന്നില്ല. പൂര്‍വികരുടെ ചര്യ സ്വീകരിച്ചുകൊണ്ട് നിലനിന്നിരുന്ന മാതൃകായോഗ്യരായ (നബി ﷺ യുടെ സമുദായത്തില്‍ പെട്ട) ഒരു പണ്ഡിതനില്‍നിന്നും അത് പ്രവര്‍ത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നില്ല. മാത്രമല്ല അത് ബിദ്അത്താകുന്നു. ദേഹേഛക്കാരും അസത്യത്തിന്റെ ആളുകളുമാണ് അത് പുതുതായി ഉണ്ടാക്കിയത്. തീറ്റക്കൊതിയന്മാര്‍ അത് കാര്യമായി ഏറ്റെടുത്തു. ഇതിനെ നാം അഞ്ച് മതവിധികള്‍ക്ക് വിധേയമാക്കിയാല്‍ ഒന്നുകില്‍ അത് നിര്‍ബന്ധമോ, ഐഛികമോ, അനുവദനീയമോ, നിഷിദ്ധമോ, കറാഹത്തോ ആയിരിക്കും. അതൊരിക്കലും നിര്‍ബന്ധമോ, ഐഛികമോ അല്ല എന്നത് ഐകകണ്‌ഠേനയുള്ള അഭിപ്രായമാണ്. കാരണം, ഐഛികമെന്ന് പറഞ്ഞാല്‍ ഉപേക്ഷിച്ചാല്‍ ആക്ഷേപിക്കാന്‍ പറ്റാത്ത, ശറഹ് ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. ഇതിന് മതം അനുമതി നല്‍കിയിട്ടില്ല. സ്വഹാബത്തോ, താബിഉകളോ ഞാന്‍ മനസ്സിലാക്കിയിടത്തോളം ദീനില്‍ നിലകൊണ്ട പണ്ഡിതന്മാരോ ഇത് അനുഷ്ഠിച്ചിട്ടില്ല. അല്ലാഹുവിന്റെ മുമ്പില്‍ എനിക്കുള്ള മറുപടി ഇതാണ്; ഇതൊരു അനുവദനീയമായ കാര്യമല്ല. കാരണം, മതത്തില്‍ പുതിയതുണ്ടാക്കല്‍ അനുവദനീയമായ കാര്യമല്ലെന്നത് മുസ്‌ലിംകളുടെ ഇജ്മാഅ് ആണ്. ഇനി അവശേഷിക്കുന്നത് ഒന്നുകില്‍ അത് നിഷിദ്ധമോ കറാഹത്തോ ആയിരിക്കുമെന്നതാണ്'' (അല്‍ മൗരിദ് ഫി അമലില്‍ മൗലിദ്, പേജ് 20,21,22).

(അവസാനിച്ചില്ല)