പൗരത്വഭേദഗതി നിയമം: ഫാഷിസം ലക്ഷ്യം വെക്കുന്നത്

ഡോ.സബീല്‍ പട്ടാമ്പി

2020 മാര്‍ച്ച് 21 1441 റജബ് 26

(ഫാഷിസം: ചരിത്രം ആവര്‍ത്തിക്കുന്നുവോ?: 7)

ഇന്ത്യയില്‍ ഇന്ന് കത്തിനില്‍ക്കുന്ന വിഷയമാണല്ലോ പൗരത്വഭേദഗതി നിയമം. സംഘ്പരിവാറിന്റെ അജണ്ടകളില്‍ മുഖ്യമായതാണ് ഇത്. യഥാര്‍ഥത്തില്‍ ഇത് അവരുടെ കണക്കുപുസ്തകത്തിലെ ആദ്യത്തെ അജണ്ടയാണ്. എന്നാല്‍ ഇന്ത്യയുടെ ഭരണഘടനയുടെയും ജനാധിപത്യ സംവിധാനത്തിന്റെയും കെട്ടുറപ്പ് കാരണം ഈ അജണ്ട നടപ്പിലാക്കാനുള്ള ശ്രമം നീണ്ടുപോയി എന്നു മാത്രം.

വിഷയത്തിലേക്ക് കടക്കുന്നതിനു CAA, NPR, NRC എന്നിവ എന്താണെന്നും അവ തമ്മിലുള്ള ബന്ധം എന്താണെന്നും അവയില്‍ ഒളിഞ്ഞിരിക്കുന്ന കെണികള്‍ എന്തെല്ലാം എന്നുമൊക്കെ ഹ്രസ്വമായി പറയാം.

ഇന്ത്യയുടെ ആദ്യത്തെ പൗരത്വനിയമം രൂപീകരിച്ചത് 1955ല്‍ ആണ്. ഈ നിയമപ്രകാരം സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും (മതഭേദമില്ലാതെ) ഇന്ത്യക്കാരാണ് എന്നതായിരുന്നു നിയമം. ഈ നിയമത്തില്‍ പിന്നീട് പലപ്പോഴായി ചെറിയ മാറ്റങ്ങള്‍ വരുത്തി പരിഷ്‌കരിച്ചിട്ടുണ്ട്. ഉദാഹരണമായി  ബംഗ്ലാദേശില്‍ നിന്ന് നിരവധിപേര്‍ അനധികൃതമായി ഇന്ത്യയില്‍ കുടിയേറി താമസിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് രാജിവ് ഗാന്ധി 1985 ഈ നിയമത്തില്‍ ചെറിയ മാറ്റം വരുത്തി. ഇതാണ് പൗരത്വ നിയമത്തില്‍ വരുത്തുന്ന ആദ്യത്തെ മാറ്റം. ഇതു പ്രകാരം അന്ന് (1985) മതഭേദമില്ലാതെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും പൗരന്മാരല്ലാത്തവരായി രേഖപ്പെടുത്തി. ഇതിനു ശേഷം 1992ലും 2003ലും 2005ലും 2015ലുമൊക്കെ പല ഗവണ്മെന്റുകളും ഈ നിയമത്തില്‍ മാറ്റങ്ങള്‍ അഥവാ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങളിലൊന്നും പൗരത്വം നല്‍കുന്നതിനോ ഒഴിവാക്കുന്നതിനോ 'മതം' ഒരു അടിസ്ഥാനമായി പറഞ്ഞിരുന്നില്ല. എന്നാല്‍ 2019 ല്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയില്‍ ആദ്യമായി പൗരത്വം തീരുമാനിക്കുന്നതിന്റെ അടിസ്ഥാനമായി 'മതം' എന്നത് കടന്നുകൂടി.

ഏറ്റവും അവസാനം (ഡിസംബര്‍ 2019) വന്ന ഭേദഗതിയുടെ (CAA) ചുരുക്കം ഇതാണ്: ''പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പീഡനങ്ങളനുഭവിക്കുന്ന മത ന്യൂനപക്ഷ ങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെട്ടാല്‍ ഇന്ത്യന്‍ പൗരത്വം നല്‍കും; 'മുസ്‌ലിംകള്‍ക്കൊഴികെ.''

അപ്പോള്‍ ഈ നിയമപ്രകാരം ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം പൗരന്മാര്‍ക്ക് ഇന്ത്യയില്‍ പൗരത്വം കിട്ടില്ല. ഇത് വ്യക്തമായ വേര്‍തിരിവാണ് എന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ വലിയ അപകടം ഒളിഞ്ഞിരിക്കുന്നത് ഇതിലല്ല. അത് CAAയുടെ ഭാഗമായി തയ്യാറാക്കുന്ന NRC (National Register Of Citizens)യില്‍ ആണ്. NRCയുടെ ആശയച്ചുരുക്കം ഇതാണ്: 'ഇന്ത്യയില്‍ നിലവില്‍ കുറെ വിദേശികള്‍ അനധികൃതമായി താമസിക്കുന്നുണ്ട്. ഇവരെ തിരിച്ചറിഞ്ഞ് പുറത്താക്കണം. ഇങ്ങനെ തിരിച്ചറിയാന്‍ ഒരു കണക്കെടുപ്പ് നടത്തി ഒരു പട്ടിക തയ്യാറാക്കണം.' ഈ പട്ടികയുടെ പേരാണ് NRC.

ഇത് നടപ്പാക്കിയാല്‍ എങ്ങനെയുണ്ടാകും എന്നതിന്റെ ഒരു ഏകദേശ ചിത്രം നമുക്ക് ആസാമില്‍ നിന്ന് ലഭ്യമാണ്. അവിടെ പൗരത്വ പട്ടിക തയ്യറാക്കുന്നതിന്റെ ഭാഗമായി ഓരോ അപേക്ഷകനോടും തന്റെ മാതാവോ പിതാവോ 1971നു മുമ്പ് ഇന്ത്യയില്‍ താമസിച്ചിരുന്ന പൗരന്‍മാരായിരുന്നു എന്നതിന്റെ ഗവണ്‍മന്റ് രേഖകള്‍ (ഉദാ: ഭൂമിയുടെ രേഖകള്‍, വിദ്യാഭ്യാസ രേഖകള്‍) ആണ് ആവശ്യപ്പെട്ടത്. മാതാപിതാക്കളുടെ ഇത്തരത്തിലുള്ള ഏതെങ്കിലുമൊരു രേഖ ഹാജരാക്കാന്‍ സാധിച്ചാല്‍ ആ വ്യക്തിയെ പൗരനായി കണക്കാക്കും, ഇല്ലെങ്കില്‍ അയാളെ  കുടിയേറ്റക്കാരനായി കണക്കാക്കും. എന്നാല്‍ 1971നു മുമ്പുള്ള രേഖകള്‍ സംഘടിപ്പിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണെന്ന് അറിയാമല്ലോ. അതുകൊണ്ട് തന്നെ നിരവധി പേര്‍ പട്ടികക്ക് പുറത്തായി, അവര്‍ ഇന്ന് പൗരത്വം നഷ്ടപ്പെടുന്നതിന്റെ വക്കിലാണുള്ളത്.

ഇങ്ങനെ പട്ടികക്ക് പുറത്ത് നില്‍ക്കുന്ന 19 ലക്ഷം പേരില്‍ 13 ലക്ഷത്തോളം ഹിന്ദുക്കളും 5 ലക്ഷത്തോ ളം മുസ്‌ലിംകളുമാണ്. ഇത് ആസാമിലെ ഹിന്ദു സംഘടനകളില്‍ നിന്നുള്ള വമ്പിച്ച എതിര്‍പ്പിനു കാരണമാ യി. ഇതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രിയുടെ രണ്ട് പ്രസ്താവനകള്‍ വന്നു:

(1) നിയമം ഹിന്ദു, ക്രിസ്ത്യന്‍, ജൈനന്‍, ബുദ്ധന്‍, പാര്‍സി, സിഖ് എന്നിവരെ ബാധിക്കില്ല. (മുസ്‌ലിംകളെ മാത്രമാണ് ഉന്നം വെക്കുന്നത് എന്നുദ്ദേശം).

(2) രാജ്യം മുഴുവന്‍ പട്ടിക (NRC) തയ്യാറാക്കും. മുകളില്‍ പറഞ്ഞ 6 മതക്കാരല്ലാത്ത എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കും.

ഈ പറഞ്ഞ കാര്യങ്ങള്‍ വളച്ചു കെട്ടില്ലാതെ ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങനെയിരിക്കും: '(മുകളില്‍ പറഞ്ഞ) 6 മതക്കാര്‍ ഒഴികെയുള്ള, 1971നു മുമ്പുള്ള രേഖകളില്ലാത്തവര്‍ ഇന്ത്യന്‍ പൗരന്മാരല്ല.' 1971നു മുമ്പുള്ള രേഖയില്ലാത്ത മുസ്‌ലിംകള്‍ നുഴഞ്ഞു കയറ്റക്കാരാണെന്നര്‍ഥം. (ഈ നിയമം കൊണ്ടുവരുന്ന ബി.ജെ.പി സര്‍ക്കാറിനു തന്നെ നന്നായി അറിയാം; ഇവിടെയുള്ളരില്‍ 90 ശതമാനം പേരുടെ കയ്യിലും 1971 നു മുമ്പുള്ള രേഖകള്‍ കാണില്ല എന്ന്).

പ്രതിഷേധം കനത്തപ്പോളുള്ള കരണം മറിച്ചില്‍

രാജ്യമൊട്ടുക്കും പ്രതിഷേധം തുടങ്ങിയപ്പോള്‍ നിയമം കൊണ്ടുവന്നവര്‍ മുമ്പ് പറഞ്ഞ പലതും മാറ്റിപ്പറയുന്നതാണു നാം കണ്ടത്.

രാജ്യം മുഴുവന്‍ NRC 'ഇപ്പോള്‍ ഇല്ല' എന്ന് ആഭ്യന്തര മന്ത്രി മാറ്റിപ്പറഞ്ഞു. (പ്രതിഷേധമുള്ളത് കൊണ്ട് 'ഇപ്പോഴില്ല' പിന്നെ നടത്താം എന്നൊരു ധ്വനി കൂടി ഇതിലുണ്ട്).

NRC നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടേയില്ല' എന്ന് പ്രധാനമന്ത്രി പറഞ്ഞു. അവസാനം ആഭ്യന്ത്ര മന്ത്രി പറയുന്നതോ 'NRC  ഇല്ല NPR മാത്രമെ നടപ്പാക്കുന്നുള്ളൂ, NRCഉം NPRഉം തമ്മില്‍ ബന്ധമില്ല എന്നും! എന്നാല്‍ ഇത് ശുദ്ധകളവാണെന്നത് വ്യക്തമാക്കുന്ന തെളിവുകള്‍ ഇവയാണ്:

(1) NRCയുടെ മുന്നോടിയായി നടത്തുന്ന കണക്കെടുപ്പാണു NPR എന്നും അത് NRCയുടെ ആദ്യപടി ആണെന്നും MHA വെബ്‌സൈറ്റില്‍ വ്യക്തമായി കാണാം. ആ ഭാഗം ഇങ്ങനെയാണ്:

"National Population Register (NPR) is the first step towards the creation of the National Register of Indian Citizens (NRIC) under the provisions of the aforementioned Statute" (Chapter 15 of MHA's Ann-ual Report 201819 (MHA = Ministry Of Home Affairs).

(2) പാര്‍ലിമെന്റില്‍ തന്നെ മുമ്പ് പല തവണ NRCഉം NPRഉം പരസ്പര ബന്ധമുണ്ടെന്ന് ബി.ജെ.പി അംഗങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്.

(3) NPRലെ ചോദ്യങ്ങളില്‍ മാതാപിതാക്കളുടെ ജനനസ്ഥലം, ജനിച്ച വര്‍ഷം എന്നീ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ഈ രണ്ട് ചോദ്യങ്ങള്‍ ഈ വര്‍ഷം കൂട്ടി ചേര്‍ത്തതാണ് (2010ലും 2015ലും NPR നടന്നിട്ടുണ്ട്, എന്നാല്‍ അവയിലൊന്നും ഈ രണ്ട് ചോദ്യങ്ങളില്ല).

ഈ അപകടം വ്യക്തമായതോടെ കേരളമടക്കം ചില സംസ്ഥനങ്ങള്‍ NPRഉം നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുകയാണ്. ഇതാണു ഇപ്പോള്‍ എത്തിനില്‍ക്കുന്ന അവസ്ഥ. പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ അടുത്ത നീക്കം എന്തെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ ബി.ജെ.പി പറയുന്ന ന്യായം:

ഈ നിയമം (CAA) നടപ്പിലാക്കാന്‍ ബി.ജെ.പി പറയുന്ന ഒരു പ്രധാന ന്യായം ഇതാണ്: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷം ഹിന്ദുക്കളാണ്. അവര്‍ അവിടെ പീഡിപ്പിക്കപ്പെടുന്നു, അവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കണം. അവയൊക്കെ മുസ്‌ലിം രാഷ്ട്രങ്ങളായത് കൊണ്ട് മുസ്‌ലിംകള്‍ക്കവിടെ പീഡനമില്ല. അതുകൊണ്ടാണ് അവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം കൊടുക്കാത്തത്.

ഇതാണ് ബി.ജെ.പി പറയുന്ന ന്യായമെങ്കില്‍, ഇവിടെ ചില സംശയങ്ങള്‍ ബാക്കിയാവുന്നുണ്ട്:

കണക്കുകള്‍ പറയുന്നത് മുകളില്‍ പറഞ്ഞ രാജ്യങ്ങളെക്കാള്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നത് ഇന്ത്യയില്‍ തന്നെയാണ് എന്നാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പീഡനമനുഭവിക്കുന്നത് 'ദലിത് ഹിന്ദുക്കളാണ്.' അവരെ പീഡിപ്പിക്കുന്നത് ബി.ജെ.പിയും സംഘ്പരിവാറും തന്നെ. 2018 ല്‍ ഗുജറാത്തില്‍ മാത്രം 1500 ദലിത് ആക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് ദിവസം ഏകദേശം 5 ആക്രമണം. ഇത്രയും ആക്രമണം മുകളില്‍ പറഞ്ഞ 3 രാജ്യങ്ങളിലെ കണക്കുകള്‍ മുഴുവന്‍ കൂട്ടിയാലും ഉണ്ടാകില്ല. ഈ പറഞ്ഞ കണക്ക് പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിലേത് മാത്രമാണ്. ഉത്തര്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ കണക്ക് ഇതിലും ഭീകരമായിരിക്കും.

ഒരു വശത്ത് ഇന്ത്യയില്‍ ദലിതനെ സംഘ്പരിവാര്‍ പീഡിപ്പിക്കുന്നു. എന്നിട്ട് അവര്‍ തന്നെ പാക്കിസ്ഥാനിലെയും ബംഗ്‌ളാദേശിലെയും അഫ്ഗാനിസ്ഥാനിലെയും ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നു! ഇത് കാപട്യമല്ലെങ്കില്‍ പിന്നെന്താണ്?

ഇനിയൊരു സംശയം;  മുകളില്‍ പറഞ്ഞ 3 രാജ്യങ്ങളിലെ സവര്‍ണ ഹിന്ദുക്കള്‍ക്ക് മാത്രമാണോ പൗരത്വം കിട്ടുക, അതോ ദലിതര്‍ക്കും കിട്ടുമോ? ഇനി ദലിതര്‍ക്ക് പൗരത്വം കിട്ടിയാല്‍ തന്നെ അവര്‍ ഇന്ത്യയില്‍ ബി.ജെ.പിക്ക് കീഴില്‍ സുരക്ഷിതരാവുമോ? അതോ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുള്ളും ഉള്ളതിനെക്കാള്‍ പീഡനം ഇവിടെ വന്ന ശേഷം അനുഭവിക്കേണ്ടി വരുമോ?

1990കള്‍ മുതല്‍ ഇവിടെ കുടിയേറി താമസിക്കുന്ന തമിഴ് ഹിന്ദുക്കളെ എന്തുകൊണ്ട് ഈ നിയമത്തില്‍ ഉള്‍പ്പെടുത്തി പൗരത്വം കൊടുക്കുന്നില്ല? അവര്‍ ശ്രീലങ്കയില്‍ നിന്ന് പീഡനം സഹിക്കാതെ ഇന്ത്യയില്‍ വന്ന ഹിന്ദുക്കളാണല്ലോ!

പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം കൊടുക്കുക എന്നതാണു മാനദണ്ഡം എങ്കില്‍ എന്തുകൊണ്ട് പാക്കിസ്ഥാനില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷമായ അഹ്മദികള്‍, ഹസാരെകള്‍ എന്നിവര്‍ക്കും മ്യാന്മറില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ എന്നിവര്‍ക്കെന്തു  കൊണ്ട് പൗരത്വം കൊടുക്കുന്നില്ല?

ചിന്തയുടെ വേരുകള്‍

ഈ ചിന്ത 2019ല്‍ ഉണ്ടായ ഒരു 'ചാണക്യചിന്ത' അല്ല. ഇതിനു മുമ്പുള്ള പല സംഘ്പരിവാര ചാണക്യന്മാരും ഈ ചിന്ത രേഖപ്പെടുത്തിവച്ചിട്ടുണ്ട്. അത് ഇപ്പോള്‍ നടപ്പാക്കുന്നു എന്ന് മാത്രം. ഒരു 'ചാണക്യ മഹദ് ചിന്ത' കാണാം:

"The nonHindu people of Hindustan must either adopt Hindu culture and language, must learn and respect and hold in reverence the Hindu religion, must entertain no idea but of those of glorification of the Hindu race and culture... In a word they must cease to be foreigners, or may stay in the coutnry, wholly subordinated to the Hindu nation, claiming nothing, deserving no privileges, far less any preferential treatment—not even citizenship rights."

''ഹിന്ദുസ്ഥാനിലുള്ള അഹിന്ദുക്കള്‍ ഇന്ത്യയുടെ ഭാഷയും സംസ്‌കാരവും സ്വീകരിക്കുക. ഹിന്ദു മതത്തെ പറ്റി പഠിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവര്‍ വിദേശികളല്ലാതാകണം. അല്ലെങ്കില്‍ ഹിന്ദു രാഷ്ട്രത്തിനു പൂര്‍ണമായി കീഴൊതുങ്ങിക്കൊണ്ട് ഇവിടെ കഴിയാം. ഒന്നും ചോദിക്കാതെ, അവകാശങ്ങളില്ലാതെ, ഒരു പരിഗണയുമില്ലാതെ, പൗരത്വാവകാശം പോലുമില്ലാതെ''(RSSന്റെ രണ്ടാമത്തെ സര്‍സംഘ്ചാലക് ആയിരുന്ന ഗോള്‍വാള്‍ക്കറിന്റെ We or Our Nationhood defined എന്ന പുസ്തകം).

ഈ 'അതിമനോഹരമായ' സിദ്ധാന്തത്തിന്റെ പൂര്‍ത്തീകരണത്തിലേക്കുള്ള കുതിപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍!

ലക്ഷ്യം മുസ്‌ലിംകള്‍ മാത്രമോ?

തീര്‍ച്ചയായും അല്ല! ഗോള്‍വാള്‍ക്കര്‍ പറഞ്ഞത് 'വിദേശികള്‍' എന്നാണ്. സവര്‍ക്കറും പറഞ്ഞത് 'വിദേശ മതങ്ങളായ ഇസ്‌ലാമും െ്രെകസ്തവരും' എന്നാണ്. മുസ്‌ലിംകള്‍ അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇരകള്‍ ആണെന്നതിനാല്‍ ആദ്യം വേട്ടയാടുന്നു എന്ന് മാത്രം. ലിസ്റ്റില്‍ തൊട്ടടുത്തുള്ളത് വൈദേശിക ചിന്തകളായ ക്രൈസ്തവരും കമ്യുണിസ്റ്റുകളുമാണ്. മുകളില്‍ നാം ഉദ്ധരിച്ച അതേ ഗോള്‍വാള്‍ക്കര്‍ തന്റെ 'വിചാരധാര' (Bunch of thoughts) എന്ന പുസ്തകത്തില്‍ 'ആഭ്യന്തര ഭീഷണികള്‍' (Internal threats) എന്ന പേരില്‍ ഒരു അധ്യായം കൊടുത്തത് കാണാം, അതില്‍ ഈ ആഭ്യന്തര ഭീഷണികള്‍ ആരെല്ലാമാണെന്ന ക്രമം കൊടുത്തത് ഇപ്രകാരമാണ്:

(1) മുസ്‌ലിംകള്‍.

(2) ക്രൈസ്തവര്‍.

(3) കമ്യൂണിസ്റ്റുകള്‍.

ഇത് ഹിറ്റ്‌ലര്‍ തന്റെ Mein Kampf എന്ന പുസ്തകത്തില്‍ എഴുതിയതിനോട് വളരെയധികം സാമ്യമുണ്ട്. ഹിറ്റ്‌ലര്‍ ജര്‍മനിയുടെ അഭ്യന്തര ശത്രുക്കളായി പരിചയപ്പെടുത്തിയത് (ക്രമപ്രകാരം).

(1) ജൂതന്മാര്‍.

(2) കമ്യൂണിസ്റ്റുകള്‍.

(3) ക്രൈസ്തവര്‍, ജനാധിപത്യവാദികള്‍.

(4) ജിപ്‌സികള്‍, റോമനികള്‍ എന്നിങ്ങനെ...

ഇവരെയെല്ലാം കൂടി ഒന്നിച്ച് ഇല്ലാതാക്കാനാവില്ലല്ലോ. അതുകൊണ്ട് ഹിറ്റ്‌ലര്‍ ഇവരെ ഭിന്നിപ്പിച്ച് ജൂതന്മാരെ ആദ്യം ഒറ്റപ്പെടുത്തി. അവരെ Neuramberg നിയമം വഴി 'പൗരന്മാരല്ലാതാക്കി' കൊല്ലുകയും നാടുകടത്തുകയും ചെയ്തു.

മറ്റൊരു ഉദാഹരണം മ്യാന്മറിലേതാണ്. അവിടെ 1982ലെ പുതുക്കിയ പൗരത്വ പട്ടികയില്‍ നിന്ന് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ പുറത്തായി. ശേഷം സംഭവിച്ചത് നമുക്കറിയാമല്ലോ. കുറെപേരെ കൊന്നു കളഞ്ഞു. ബാക്കിയുള്ളവര്‍ ഇന്ന് പല രാജ്യങ്ങളുടെയും ഔദാര്യത്തില്‍ കഴിഞ്ഞുകൂടുന്നു.

അന്യരോടുള്ള സമീപനം: ഹിന്ദുമതം പഠിപ്പിക്കുന്നത്

ഹിന്ദുത്വത്തില്‍ നിന്ന് ഹിന്ദുമതത്തിന്റെ വ്യത്യാസം നാം മുമ്പേ പറഞ്ഞല്ലോ. 'ഹിന്ദുത്വം' വെറുപ്പിന്റെയും അന്യവല്‍ക്കരണത്തിന്റെയും സിദ്ധാന്തമാണെങ്കില്‍ ഹിന്ദുവേദഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നത് വസുധൈവ കുടുംബകം (ഭൂമി മുഴുവന്‍ ഒരു കുടുംബം) എന്നാണ്. ഈ ആശയം പ്രത്യക്ഷപ്പെടുന്നത് 'മഹാ ഉപനിഷത്തി'ലാണ്. ആ ഭാഗം ഇങ്ങനെയാണ്:

''ചെറിയ മനുഷ്യര്‍ (ഇടുങ്ങിയ മനസ്സുള്ളവര്‍) ആണ് ഇന്നവ്യക്തി എന്റെ ബന്ധുവും മറ്റയാള്‍ അന്യനും ആണെന്ന് പറയുക. വലിയവന്‍ (വിശാല മനസ്സുള്ളവന്‍) പറയും; ഭൂമി മുഴുവന്‍ എന്റെ കുടുംബമാണെന്ന്' (മഹാ ഉപനിഷത്ത് 6:72).

'ഭൂമിയിലുള്ളവര്‍ മുഴുവന്‍' എന്ന് പറയുമ്പോള്‍ അതില്‍ മുസ്‌ലിമും ക്രൈസ്തവനും കമ്യൂണിസ്റ്റും ദലിതനും പെടില്ലേ? ഈ ഭൂമിയിലാണല്ലോ അവരും ജീവിക്കുന്നത്. ഈ വാക്യം ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ കവാടത്തില്‍ വലുതായി എഴുതിവച്ചിട്ടുണ്ട്. ആ സൂക്തമൊക്കെ 'അങ്ങ് ഉപനിഷത്തില്‍ വെച്ചാല്‍ മതി, ഞങ്ങളോട് പറയണ്ട' എന്നതാണ് 'സംഘ നയം' എന്ന് തോന്നുന്നു. എന്നാല്‍ ഇവരാകട്ടെ പഴയ വേദ- ഉപനിഷത് കാലത്തെ രാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണു താനും!

ഇതുപോലെ തന്നെ പ്രസിദ്ധമായ മറ്റൊരു ആപ്ത വാക്യമാണ് 'ലോകാ സമസ്താ സുഖിനോ ഭവന്തു' (സമസ്ത ലോകത്തിനും സുഖമായിരിക്കട്ടെ) എന്നത്. ഈ വാക്യം പല ഹൈന്ദവ മന്ത്രങ്ങളിലും വരുന്നുണ്ട്. ഹിന്ദുമതത്തിന്റെ പാരമ്പര്യത്തിലുള്ള ഒരു രാഷ്ട്രം പടുക്കാന്‍ ശ്രമിക്കുന്നവരെ ഹിന്ദു പാരമ്പര്യത്തിലെ ചില വചനങ്ങള്‍ ഓര്‍മിപ്പിച്ചു എന്ന് മാത്രം.

സ്വാമി വിവേകാനന്ദന്റെ വചനങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച് ഈ ലേഖനം അവസാനിപ്പിക്കട്ടെ:

"It is the blind Hindu followers who have made us to believe that the Muslims are foreigners. This very wrong perception has created barrier before the innocent Muslims in uniting with the Hindus." [Ref: Vivekananda Rachana Samagra, P.306, cited in Sikshachintan, Dec.2015, V.9, p.26].

''അന്ധന്മാരായ (വിവരമില്ലാത്ത/മതാന്ധത ബാധിച്ച) ചില ഹിന്ദുക്കള്‍ മുസ്‌ലിംകള്‍ വിദേശികളാണെന്ന് നമ്മെ വിശ്വസിപ്പിക്കാന്‍ നോക്കുന്നുണ്ട്. ഈ തെറ്റായ വിചാരമാണ് നിഷ്‌കളങ്കരായ മുസ്‌ലിംകളെ ഹിന്ദുക്കളുമായി ഒന്നിച്ചു പോകുന്നതില്‍ നിന്ന് തടയുന്നത്.''

'മതാന്ധത ബാധിച്ചവര്‍' എന്ന പ്രയോഗത്തിലൂടെ സ്വാമി വിവേകാനന്ദന്‍ ഉദ്ദേശിച്ചത് മതാടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കാന്‍ ശ്രമിക്കുന്ന 'ഹിന്ദുത്വ'വാദികളെയാണ്.