ആരോഗ്യസംരക്ഷണ രംഗത്തെ ഇസ്‌ലാമിക നിര്‍ദേശങ്ങള്‍

മുഹമ്മദ് സാദിഖ് മദീനി

2020 ഏപ്രില്‍ 11 1441 ശഅബാന്‍ 18

ജീവിതത്തില്‍ ഒരു തവണയെങ്കിലും ചെറുതോ വലുതോ ആയ രോഗം വരാത്തവര്‍ ഉണ്ടായിരിക്കുകയില്ല. ക്ഷീണവും തളര്‍ച്ചയും ശാരീരിക പ്രയാസങ്ങളും മാത്രമല്ല സാമ്പത്തിക ഞെരുക്കവും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയും രോഗിക്ക് അനിവാര്യമായി വരുന്നു. വേദനകൊണ്ട് പുളയുന്ന രോഗികളും ബന്ധുവിന്റെ ചികിത്സക്കായി ആളുകളോട് യാചിക്കുന്നവരും കാലങ്ങളായി രോഗിയെ പരിചരിക്കുന്നവരുമെല്ലാം രോഗത്തിന്റെ വിവിധ തീക്ഷ്ണ മുഖങ്ങളാണ്. രോഗം പരീക്ഷണമാണെന്നും അതില്‍ ക്ഷമിക്കുകയും പ്രതിഫലം കാംക്ഷിക്കുകയും ചെയ്യണമെന്നും അല്ലാഹുവിനെക്കുറിച്ച് സദ്‌വിചാരം ഉണ്ടായിരിക്കണമെന്നും നിര്‍ദേശിക്കുന്ന ദൈവിക മതമായ ഇസ്‌ലാം രോഗം വരാതിരിക്കാനുള്ള ധാരാളം മുന്‍കരുതലുകള്‍ അറിയിച്ചുതന്നു. ഇത്തരം മുന്‍കരുതലുകളെ ഓരോരുത്തരും മുഖവിലക്കെടുക്കേണ്ടതുണ്ട്.

രോഗിക്കും നോമ്പുകാരനും ഇസ്‌ലാം നല്‍കിയ ഇളവുകള്‍ പരിശോധിച്ചാല്‍ അത് അവന്റെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് എന്ന് മനസ്സിലാക്കുവാന്‍ സാധിക്കും. നോമ്പനുഷ്ഠിച്ച് സുദീര്‍ഘമായ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് ക്ഷീണവും തളര്‍ച്ചയും സംഭവിക്കുക വഴി അത് അവന്റെ ആരോഗ്യത്തെ ബാധിക്കുന്നു. അപ്രകാരം തന്നെ രോഗി നോമ്പനുഷ്ഠിച്ചാല്‍ അവന്റെ രോഗം മൂര്‍ച്ഛിക്കുകയോ രോഗശമനത്തിന് കാലതാമസം നേരിടുകയോ ചെയ്‌തേക്കാം

രോഗികള്‍ കുളിക്കുകയോ വെള്ളം ഉപയോഗിക്കുകയോ ചെയ്താല്‍ ഒരുപക്ഷേ, രോഗം കഠിനമാവാന്‍ സാധ്യതയുണ്ട.് അതുകൊണ്ടുതന്നെ അത്തരം സന്ദര്‍ഭങ്ങളില്‍ വുദൂഅ്, കുളി എന്നിവയ്ക്ക് പകരം തയമ്മും ചെയ്താല്‍ മതിയാകുന്നതാണ്

അല്ലാഹു പറയുന്നു: ''നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്...'' (ക്വുര്‍ആന്‍ 2:195).

ആരോഗ്യവും പരിസരശുചിത്വവും

ആരോഗ്യസംരക്ഷണത്തിന് ഇസ്‌ലാം മഹത്തായ പ്രാധാന്യം നല്‍കുന്നു. ദന്തശുദ്ധിയെ സംബന്ധിച്ചുള്ള ഇസ്‌ലാമിക പാഠം ഏവര്‍ക്കും അറിയാവുന്നതാണ്.

നബി ﷺ  പറഞ്ഞു: ''എന്റെ സമുദായത്തിന് പ്രയാസം ഇല്ലായിരുന്നുവെങ്കില്‍ ഓരോ വുദൂഇന്റെയും (നമസ്‌കാരത്തിന്റെയും) കൂടെ ദന്തശുദ്ധി വരുത്തുവാന്‍ ഞാന്‍ അവരോട് കല്‍പിക്കുമായിരുന്നു.''

നബി ﷺ  അരുളി: ''ദന്ത ശുദ്ധീകരണം വായക്ക് നല്ലതും റബ്ബിന് ഇഷ്ടപ്പെട്ട കാര്യവുമാണ്.''

വായ, പല്ല്, മോണ എന്നിവയ്ക്ക് ഉണ്ടാകുന്ന മിക്ക രോഗങ്ങള്‍ക്കും കാരണം ദന്ത ശുദ്ധീകരണത്തില്‍ കാണിക്കുന്ന അലംഭാവമാണ്.

നമസ്‌കാരം ശരിയാകാനുള്ള നിബന്ധനയില്‍ പെട്ടതാണ് വുദൂഅ് ഉണ്ടായിരിക്കുക എന്നത്. ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം കഴുകിയും തടവിയും വുദൂഅ് ചെയ്യുന്നതു മുഖേന വലിയ ഒരു ശുദ്ധീകരണ പ്രക്രിയയാണ് വിശ്വാസിയില്‍ നടക്കുന്നത്. പ്രത്യേകിച്ച് മൂക്കില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മലിന വസ്തുക്കളെ വൃത്തിയാക്കുക തന്നെ വേണം. അതുകൊണ്ടാണ് നബി ﷺ 'നീ നോമ്പുകാരന്‍ അല്ലെങ്കില്‍ മൂക്കിലേക്ക് വെള്ളം നന്നായി കേറ്റുക' എന്ന് പറഞ്ഞത്.

നമസ്‌കാരത്തിന്റെ മറ്റൊരു നിബന്ധനയാണ് ശരീരം അശുദ്ധിയില്‍ നിന്നും വൃത്തിയാക്കണമെന്നത്. അതുപോലെതന്നെ ധരിക്കുന്ന വസ്ത്രവും ശുദ്ധിയുള്ളതായിരിക്കണം.

അല്ലാഹു പറയുന്നു: ''നിന്റെ വസ്ത്രം നീ ശുദ്ധിയാക്കുക'' (ക്വുര്‍ആന്‍ 74:4).

ഇസ്‌ലാം പഠിപ്പിക്കുന്ന മലമൂത്ര വിസര്‍ജന മര്യാദകളിലും ആരോഗ്യസംരക്ഷണവും രോഗം വരാതിരിക്കുവാനുള്ള നിര്‍ദേശങ്ങളും കാണുവാന്‍ സാധിക്കും. വലതുകൈകൊണ്ട് ശൗച്യം ചെയ്യരുതെന്നും വലതുകൈകൊണ്ട് ജനനേന്ദ്രിയം പിടിക്കരുത് എന്നും മൂത്രവിസര്‍ജനത്തില്‍ അശ്രദ്ധ കാണിക്കുന്നത് ക്വബ്ര്‍ ശിക്ഷക്ക് കാരണമായിത്തീരുമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.

വെള്ളം കിട്ടിയില്ലെങ്കില്‍ കല്ല് ഉപയോഗിച്ചെങ്കിലും ശുദ്ധിയാക്കണം. അതിന് മൂന്നില്‍ കുറയാത്ത കല്ല് വേണമെന്നും പ്രവാചകന്‍ ﷺ  അരുള്‍ ചെയ്തു

ശരീരം വ്യത്തിയോടും വെടിപ്പോടും കൊണ്ടുനടക്കണം. അതുകൊണ്ടാണ് ആര്‍ക്കെങ്കിലും മുടി ഉണ്ടെങ്കില്‍ അവന്‍ അതിനെ ചീകിയൊതുക്കട്ടെ, മാനിക്കട്ടെ എന്നെല്ലാം നബി ﷺ  പറഞ്ഞത്.

കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കുന്നതും പള്ളിയില്‍ തുപ്പുന്നതും ഇസ്‌ലാം വിലക്കുന്നു. കുളി മതപരമായ കാര്യം കൂടിയാണ്. നിര്‍ബന്ധമായോ ഐച്ഛികമായോ കുളിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ട്. ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച്, പ്രസവരക്തം നിലച്ചാല്‍, വലിയ അശുദ്ധി ഉണ്ടായാല്‍ എന്നീ സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധമായും കുളിക്കേണ്ടതുണ്ട്.

എല്ലാ പ്രവാചകന്മാരും തങ്ങളുടെ സമൂഹത്തെ പഠിപ്പിച്ച ചില കാര്യങ്ങള്‍ക്കാണ് സുനനുല്‍ ഫിത്വ്‌റ എന്ന് പറയുക. അത് ഒരു മുസ്‌ലിം അനിവാര്യമായും അനുഷ്ഠിക്കേണ്ടതുണ്ട്.

ചേലാകര്‍മം ചെയ്യുക, ഗുഹ്യരോമം വടിക്കുക, കക്ഷരോമം പറിക്കുക, നഖം മുറിക്കുക, മീശ പറ്റെ വെട്ടുക, എന്നിവയെല്ലാം അവയില്‍പെട്ടതാണ്. അവ നാല്‍പത് ദിവസത്തിലധികം വൈകിപ്പിക്കരുത് എന്ന് നബി ﷺ  പ്രത്യേകം ഉണര്‍ത്തി.

ജനങ്ങള്‍ക്ക് പഴവും ഫലവും തണലും നല്‍കുന്ന മരച്ചുവട്, മനുഷ്യര്‍ നടന്നുപോകുന്ന വഴികള്‍, ജലസ്രോതസുകള്‍ എന്നിവിടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് ശാപത്തിന് കാരണമായിത്തീരുന്നതാണ്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കുകയും പിന്നീട് അതില്‍ കുളിക്കുകയും ചെയ്യുക എന്നത് വളരെ മോശമായ കാര്യമായി ഇസ്‌ലാം കാണുന്നു.

പകര്‍ച്ചവ്യാധി പകരാതിരിക്കുവാനുള വഴി ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നബി ﷺ  അറിയിച്ചുതന്നിട്ടുണ്ട്. ഇന്ന് അത് വളരെ പ്രസക്തമായി തീര്‍ന്നിരിക്കുകയാണ്

രോഗം നല്‍കുന്നത് അല്ലാഹുവാണ്. അസുഖം സ്വന്തമായി മറ്റൊരാളിലേക്ക് അല്ലാഹവിന്റെ ഉദ്ദേശ പ്രകാരമല്ലാതെ വിട്ടുകടക്കുകയില്ല. എങ്കിലും മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. പകര്‍ച്ചവ്യാധി ഉള്ള നാട്ടിലേക്ക് മറ്റുള്ളവര്‍ പോകാനോ ആ നാട്ടില്‍ ഉള്ളവര്‍ മറ്റേതെങ്കിലും സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുവാനോ പാടില്ല എന്നതാണ് ആ വിഷയത്തിലുള്ള ഇസ്‌ലാമിന്റെ അധ്യാപനം.

 പാനം ചെയ്യുന്ന പാത്രത്തിന്റെ വക്കില്‍വച്ച് കുടിക്കരുത് എന്നും രോഗമുള്ളവരുടെ അടുത്തേക്ക് രോഗം ഇല്ലാത്തവര്‍ വരരുത,് കുഷ്ഠരോഗം ഉള്ളവരില്‍ നിന്നും അകലണം എന്നുമുള്ള ഇസ്‌ലാമിക അധ്യാപനം എത്ര പ്രസക്തമാണ്! നബി ﷺ  തുമ്മുമ്പോള്‍ കൈകൊണ്ടോ വസ്ത്രംകൊണ്ടോ പൊത്തി പ്പിടിക്കുകയും ശബ്ദം കുറയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു എന്ന് ഹദീഥുകളില്‍ കാണുവാന്‍ സാധിക്കും

മാത്രമല്ല സന്ധ്യാസമയത്ത് ചെറിയകുട്ടികളെ പുറത്തിറക്കരുതെന്നും രാത്രി കിടക്കുമ്പോള്‍ വിളക്കുകള്‍ അണയ്ക്കണമെന്നും വാതിലുകള്‍ അടയ്ക്കണമെന്നും പാത്രങ്ങള്‍ മൂടിവെക്കണം എന്നും പ്രവാചകള്‍ അറിയിച്ചത് മുന്‍കരുതലുകളുടെ ഭാഗമായിട്ടാണ്.

ഭക്ഷണവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക മര്യാദകള്‍ ആരോഗ്യ പരിപാലനത്തിനും രോഗം വരാതിരിക്കുവാനും ആവശ്യമാണ്. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന മ്ലേച്ഛവസ്തുക്കള്‍ ഭക്ഷിക്കുന്നത് ഇസ്‌ലാം നിരോധിച്ചു. ശവം, രക്തം, പന്നിമാംസം തുടങ്ങിയവയും അമേധ്യം പോലുള്ള മ്ലേച്ഛവസ്തുക്കള്‍ ഭക്ഷിക്കുന്ന ജീവികളുടെ മാംസം, പാല്‍ എന്നിവയും അവയുടെ പുറത്ത് സവാരി ചെയ്യുന്നതും നിരോധിക്കപ്പെട്ട കാര്യമാണ്.

 അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചുകൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍'' (ക്വുര്‍ആന്‍ 2:172).

അന്ത്യപ്രവാചകനെ കുറിച്ച് മുന്‍വേദഗ്രന്ഥങ്ങളില്‍ വന്ന സന്തോഷവാര്‍ത്തയായി ക്വുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്:

''(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍'' (ക്വുര്‍ആന്‍: 7:175).

അന്നപാനീയങ്ങളില്‍ ഉപയോഗിക്കുന്നതില്‍ അതിരുവിടരുത് എന്നത് ഇസ്‌ലാമിന്റെ പ്രത്യേകമായ ഒരു കല്‍പനയാണ്. ഇബ്‌നു കഥീര്‍(റഹി) പറഞ്ഞു: ''ചില മുന്‍ഗാമികള്‍ പറഞ്ഞത് അല്ലാഹു ഈയൊരു ആയത്തിലെ പകുതിഭാഗം കൊണ്ട് വൈദ്യശാസ്ത്രം മുഴുവന്‍ പറഞ്ഞിരിക്കുന്നു.''

ഇബ്‌നുല്‍ ക്വയ്യിമും അപ്രകാരം പറഞ്ഞിരിക്കുന്നു. നബി ﷺ  പറഞ്ഞു: ''നിങ്ങള്‍ ഭക്ഷിക്കുക, ദാനം ചെയ്യുക, വസ്ത്രം ധരിക്കുക, അഹങ്കാരവും അമിതവ്യയവും കൂടാതെ.''

ഇബ്‌നുല്‍ ക്വയ്യിം(റഹി) പറഞ്ഞു: ''ഭക്ഷണം കൊണ്ട് ചികിത്സിക്കുവാന്‍ സാധിച്ചാല്‍ മറ്റു മരുന്നുകളിലേക്ക് തിരിയേണ്ടതില്ല എന്നത് വൈദ്യന്‍മാര്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ട കാര്യമാണ്.''

നബി ﷺ  പറഞ്ഞു: ''വയറിനെക്കാള്‍ മോശമായ ഒരു പാത്രം ആദംസന്തതി നിറച്ചിട്ടില്ല. ഒരാള്‍ക്ക് അവന്റെ നടുനിവര്‍ത്തുവാന്‍ സാധിക്കുന്ന ഏതാനും ഉരുളകള്‍ മാത്രം മതിയാകുന്നതാണ്. ഇനി അതല്ലെങ്കില്‍ മൂന്നിലൊന്ന് ഭക്ഷണവും മൂന്നിലൊന്ന് പാനീയവും മൂന്നിലൊന്ന് ശ്വാസോച്ഛ്വാസത്തിനും മതിയാവുന്നതാണ്.''

 ബുദ്ധിയെ ദോഷകരമായി ബാധിക്കുന്ന എല്ലാ വസ്തുക്കളെയും ഇസ്‌ലാം നിരോധിച്ചു. മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നവയാണ്.

ലൈംഗിക വിഷയത്തില്‍ വിശുദ്ധി പാലിച്ചില്ലെങ്കില്‍ മാരകമായ ധാരാളം രോഗങ്ങള്‍ക്ക് അത് കാരണമാകുന്നതാണ്. വ്യഭിചാരം നിഷിദ്ധമാണ് എന്ന് കൂര്‍ആന്‍ ഖണ്ഡിതമായി പറഞ്ഞു. അല്ലാഹു പറയുന്നു:

''നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു'' (ക്വുര്‍ആന്‍ 17:32).

ജനങ്ങള്‍ പരസ്യമായി വ്യഭിചരിക്കുന്ന അവസ്ഥ ഉണ്ടായാല്‍ മുന്‍ഗാമികള്‍ക്കില്ലാത്ത രോഗങ്ങളെ കൊണ്ട് പരീക്ഷിക്കപെടുന്ന് നബി ﷺ  മുന്നറിയിപ്പ് നല്‍കി. സ്വവര്‍ഗഭോഗത്തെ വന്‍പാപമായി ഇസ്‌ലാം കാണുന്നു. നബി ﷺ  ആ വിഷയകമായി പറഞ്ഞത് 'അപ്രകാരം ചെയ്യുന്നവരെയും അതിന് അനുവദിച്ചുകൊടുക്കുന്നവനെയും കൊന്നുകളയണം' എന്നാണ്.

ആര്‍ത്തവ സമയത്ത് ഭാര്യയുമായുള്ള ശാരീരിക ബന്ധം ഇസ്‌ലാം നിഷിദ്ധമാക്കി. അല്ലാഹു പറയുന്നു.

''ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നുനില്‍ക്കേണ്ടതാണ്. അവര്‍ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു'' (ക്വുര്‍ആന്‍ 2: 222).

ആര്‍ത്തവ സമയത്തുളള ശാരീരികബന്ധം പാപമാണ് എന്നതിനാല്‍ അപ്രകാരം ചെയ്തവന്‍ ഒരു ദീനാറോ അര ദീനാറോ പ്രായച്ഛിത്തം നല്‍കണമെന്നും മതം പഠിപ്പിച്ചു.

 മുഷ്ടി മൈഥുനത്തെ തിന്മയായി തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സൂറത്തുല്‍ മുഅ്മിനൂനിലെ ആറ്, ഏഴ് വചനങ്ങള്‍ അതിലേക്കാണ് വെളിച്ചം വീശുന്നത്.

വികാരവും വിചാരവുമുള്ള മനുഷ്യന് വിശുദ്ധ ജീവിതം നയിക്കണമെങ്കില്‍ ഇസ്‌ലാം അനുവദിച്ച മാര്‍ഗം അവന്‍ കൈക്കൊള്ളണം. ഇണയില്ലാത്ത ഏകാന്തവാസം അവന് മാനസിക രോഗങ്ങള്‍ സമ്മാനിച്ചേക്കാം. അതുകൊണ്ടുതന്നെ സന്യാസജീവിതമോ ഷണ്ഡീകരണമോ ഇസ്‌ലാം അനുവദിക്കുന്നില്ല.

ഇമാം ബുഖാരി നിവേദനം ചെയ്ത ഹദീഥില്‍ സഹാബിമാര്‍ പറയുന്നു: ''നബി ﷺ  ഉസ്മാന്‍ ഇബ്‌നു മള്ഗൂന് തബത്തൂല്‍ (വിവാഹം കഴിക്കാതെ അരാധനയില്‍ കഴിഞ്ഞ് കൂടല്‍) നിരോധിച്ചു. അദ്ദേഹത്തിന് നബി അത് അനുവദിച്ചിരുന്നെങ്കില്‍ ഞങ്ങളും അപ്രകാരം ചെയ്യുമായിരുന്നു.''

മാനസിക രോഗങ്ങളും സംഘര്‍ഷങ്ങളും വരാതിരിക്കുവാന്‍ ഒരു വിശ്വാസി എപ്പോഴും അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മയില്‍ ജീവിക്കണമെന്ന് ഇസ്‌ലാം അറിയിക്കുന്നു. എല്ലാകാര്യത്തിനും കഴിവുള്ള അല്ലാഹുവാണ് എന്റെ രക്ഷിതാവെന്നും നന്മകളും തിന്മകളും ഒക്കെ നല്‍കുന്നവന്‍ അവന്‍ മാത്രമാണെന്നും ലക്ഷ്യസാക്ഷാത്കാരത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും കാര്യങ്ങള്‍ സാക്ഷാത്കരികുന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ചാണെന്നും വിശ്വ സിക്കുന്ന ഒരാള്‍ക്ക് എന്ത് മാനസിക രോഗങ്ങളാണ് ഉണ്ടാവുക?

ആത്മഹത്യ പാപമാണെന് മാത്രമല്ല നാളെ നരകാഗ്‌നിയില്‍ അത്തരം ആളുകള്‍ പ്രസ്തുത പ്രവര്‍ത്തനം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും എന്നും നബി ﷺ  അറിയിച്ചു. അതിനാല്‍ എന്ത് പ്രധിസന്ധികള്‍ ഉണ്ടായാലും ജീവിതത്തില്‍ നിന്ന് ഒളിച്ചോടി ഒരു കഷ്ണം കയറിന്‍ തുമ്പില്‍ അവന്റെ ജീവിതം ആടുകയില്ല.

ശക്തിയും ബലവും ഉന്മേഷവും ഉള്ളവനായിരിക്കണം വിശ്വാസി. അതുകൊണ്ടുതന്നെ അധ്വാനിക്കാന്‍ പോകാതെ അലസരായി ഇരിക്കുന്നതും യാചന നടത്തുന്നതും ഇസ്‌ലാം കര്‍ശനമായി വിലക്കി. സ്വന്തംകൈകൊണ്ട് അധ്വാനിച്ച് ഉണ്ടാക്കുന്ന ഭക്ഷണത്തെ വിശിഷ്ടഭക്ഷണമായും നബി ﷺ  വിശേഷിപ്പിച്ചു.

കുതിരസവാരി, അമ്പെയ്ത്ത്, നീന്തല്‍ തുടങ്ങിയവ സല്‍കര്‍മങ്ങളിലേക്കുള്ള മാര്‍ഗമായും ഇസ്‌ലാം അറിയിക്കുന്നു. നബി ﷺ  തന്റെ ഭാര്യ ആഇശ(റ)യുമായി ഓട്ടമത്സരം നടത്തിയ സംഭവം പ്രസിദ്ധമാണല്ലോ.

ക്രമേണ കടന്നുവരുന്ന രോഗങ്ങള്‍ മാത്രമല്ല പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍ ചെറുക്കുവാനും നിര്‍ദേശിക്കുന്ന ധാരാളം പ്രവാചക വചനങ്ങള്‍ കാണുവാന്‍ സാധിക്കും.

വഴിയില്‍നിന്ന് ഉപദ്രവകരമായവ നീക്കംചെയ്യല്‍ വിശ്വാസത്തിന്റെ ഭാഗമായും ജനങ്ങള്‍ നടന്നുപോകുന്ന വഴിയില്‍ നിന്നും കല്ലോ മണ്ണോ എല്ലോ നീക്കംചെയ്യുന്നത് ധര്‍മമായും വിശ്വാസത്തിന്റെഭാഗമായും നബി ﷺ  അറിയിച്ചു.

ഭക്ഷണം കഴിച്ച് കൈകഴുകാതെ ഉറങ്ങുകയും ശേഷം അനിഷ്ടകരമായ വല്ലതും അയാള്‍ക്ക് സംഭവിക്കുകയും ചെയ്താല്‍ അവന്‍ മറ്റാരെയും പഴിചാരേണ്ടതില്ല എന്നാണ് പ്രവാചകന്‍ അറിയിച്ചത്. മാളത്തില്‍ മൂത്രമൊഴിക്കുന്നത് വിരോധിച്ചതും വീട്ടിലെ ടെറസില്‍ തടവ് ഇല്ലാതെ കിടന്നുറങ്ങുന്നത് വിലക്കിയതും സുരക്ഷയുടെ ഭാഗമായാണ്. രാത്രി കിടക്കുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ട ധാരാളം മര്യാദകളും നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്. വിരിപ്പ് കുടയണമെന്നത് അതില്‍പെട്ട ഒന്നാണ്.

 പ്രവാചകന്‍ ﷺ  പഠിപ്പിച്ച ധാരാളം പ്രാര്‍ഥനകളും ദിക്‌റുകളും മനുഷ്യന്റെ സുരക്ഷയ്ക്കും രോഗം വരാതിരിക്കാനും പൈശാചിക ശല്യം ബാധിക്കാതിരിക്കുവാനുമുളള മുന്‍കരുതലുകളാണ്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഇസ്‌ലാം പഠിപ്പിച്ച ആരോഗ്യസംരക്ഷണ പാഠങ്ങള്‍ ഈ പരിഷ്‌കൃത യുഗത്തിലും വളരെ പ്രസക്തമാണ്. ഇസ്‌ലാം ദൈവിക മതമാണ് എന്നതാണ് അതിന് കാരണം. കാലങ്ങള്‍ പിന്നിട്ടാലും ഇസ്‌ലാമിന്റെ പ്രസക്തി വര്‍ധിച്ചുകൊണ്ടേയിരിക്കും.