മനഃസംതൃപ്തി

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 ആഗസ്ത് 01 1441 ദുല്‍ഹിജ്ജ 11

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 28)

അല്ലാഹു—നല്‍കിയതിലും അവന്റെ വിധിയിലും തൃപ്തിപ്പെടുക എന്നത് ഉത്തമമായ ഒരു സ്വഭാവഗുണമാണ്. ഈ സ്വഭാവം കൈവരിച്ചവന്‍ തന്റെ ലക്ഷ്യം നേടിയെന്നും ആഗ്രഹം സഫലീകരിച്ചുവെന്നും തിരുമൊഴികള്‍ അറിയിക്കുന്നു. അബ്ദുല്ലാഹ് ഇബ്‌നുഅംറി(റ)ല്‍നിന്നു നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു:

''ഇസ്‌ലാം സ്വീകരിക്കുകയും ആവശ്യ നിര്‍വഹണത്തിനു മതിയായതും മിച്ചംവരാത്തതുമായ ഉപജീവനം നല്‍കപ്പെടുകയും തനിക്കു നല്‍കപ്പെട്ടതില്‍ അല്ലാഹു മനഃസംതൃപ്തി ഏകുകയും ചെയ്തവര്‍ തീര്‍ച്ചയായും വിജയം വരിച്ചിരിക്കുന്നു'' (മുസ്‌ലിം).

വിശുദ്ധ ക്വുര്‍ആനിലെ ഏതാനും വചനങ്ങള്‍ക്ക് പ്രാമാണികരായ പണ്ഡിതര്‍ നല്‍കിയ വിശദീകരണങ്ങള്‍ ഈ വിഷയത്തില്‍ ശ്രദ്ധേയമാണ്.

''ഏതൊരു ആണോപെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്നപക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും'' (ക്വുര്‍ആന്‍ 16:97).

ഈ വചനത്തില്‍ 'നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്' എന്നത് 'മനഃസംതൃപ്തി'യാണ് എന്ന് അലിയ്യി(റ)ല്‍ നിന്നും മുഹമ്മദ് അല്‍ക്വുറദ്വിയില്‍നിന്നും ഹസനുല്‍ബസ്വരിയില്‍ നിന്നും നിവേദനമുണ്ട്.

''അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ'' (ക്വുര്‍ആന്‍ 24:32).

ഈ വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം അല്‍ബഗവി പറഞ്ഞു: 'ഗിനാ' (ഐശ്വര്യം) എന്നാല്‍ മനഃസംതൃപ്തിയാണെന്ന് പറയപെട്ടിട്ടുണ്ട്.'

''മറ്റു ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്'' (ക്വുര്‍ആന്‍ 02:201).

ഇതിന്റെ വിശദീകരണത്തില്‍ അബൂഹയ്യാന്‍ പറഞ്ഞു: 'ഉപജീവനത്തിലുള്ള മനഃസംതൃപ്തി, തൗഫീക്വും പാപസുരക്ഷിതത്വവും, പുണ്യാളന്മാരായ സന്താനങ്ങള്‍ ഇവയാകുന്നു 'ഹസനത്ത്' (നല്ലത്)'

മനഃസംതൃപ്തിയുടെ മഹത്ത്വത്തിലേക്കും അത്യാര്‍ത്തിയെ ആക്ഷേപിക്കുന്നതിലേക്കും വെളിച്ചം വീശുമെന്ന് പണ്ഡിതന്മാര്‍ ഉണര്‍ത്തിയ ഒരു സംഭവം ഇപ്രകാരമുണ്ട്. തിരുനബി ﷺ യുടെ അടുക്കല്‍ ഒരു ഗ്രാമീണന്‍ ഉണ്ടായിരിക്കെ അവിടുന്ന് പറഞ്ഞു:

''നിശ്ചയം, സ്വര്‍ഗവാസികളില്‍ ഒരു വ്യക്തി തന്റെ രക്ഷിതാവിനോട് കൃഷിയിറക്കുന്നതിനു അനുവാദം തേടി. അല്ലാഹു— അദ്ദേഹത്തോട് ചോദിച്ചു: 'നീ ഉദ്ദേശിക്കും വിധമുള്ള സ്വര്‍ഗ സുഖങ്ങളിലല്ലേ?' അദ്ദേഹം പറഞ്ഞു: 'അതെ, എന്നാലും ഞാന്‍ കൃഷി ചെയ്യുന്നത് ഇഷ്ടപ്പെടുന്നു.' അങ്ങനെ അദ്ദേഹം വിത്തെറിഞ്ഞു. വിത്ത് മുളച്ചതും കൃഷി പാകപ്പെട്ടതും വിള കൊയ്യാറായതും ഇമവെട്ടുന്നതിനെ മുന്‍കടന്നുകൊണ്ടായിരുന്നു. അങ്ങനെ അത് പര്‍വതങ്ങള്‍ക്ക് സമാനമായി. അപ്പോള്‍ അല്ലാഹു പറഞ്ഞു: 'ആദമിന്റെ പുത്രാ, ഇത് സ്വീകരിച്ചുകൊള്ളുക. നിനക്ക് യാതൊന്നും മതിവരുത്തുകയില്ല.' (ഇത് കേട്ട) ഉടന്‍ ഒരു ഗ്രാമീണനായ അറബി (നബിയോട്) പറഞ്ഞു: 'അല്ലാഹുവാണേ, ആ വ്യക്തിയെ ക്വുറൈശിയായിട്ടോ അല്ലെങ്കില്‍ അന്‍സ്വാരിയായിട്ടോ മാത്രമെ നിങ്ങള്‍ക്ക് കണുവാന്‍ കഴിയൂ. കാരണം, അവരാണ് കൃഷിയുടെ ആളുകള്‍. എന്നാല്‍ ഞങ്ങള്‍ കൃഷിയുടെ ആളുകളല്ല.' അപ്പോള്‍ തിരുദൂതര്‍ ﷺ  ചിരിക്കുകയുണ്ടായി'' (ബുഖാരി).

ഈ ഹദീഥിന്റെ വിവരണത്തില്‍ ഇമാം ഇബ്‌നുഹജര്‍ പറഞ്ഞു: 'ഉള്ളതുകൊണ്ട് മനഃസംതൃപ്തിയില്‍ കഴിയുന്നതിന്റെ മഹത്ത്വവും ആര്‍ത്തി കാണിക്കുന്നതിനെ ആക്ഷേപിക്കലും ഈ ഹദീഥ് ഉള്‍കൊള്ളുന്നു.'

'ആദമിന്റെ പുത്രാ, ഇത് സ്വീകരിച്ചുകൊള്ളുക. നിനക്ക് യാതൊന്നും മതിവരുത്തുകയില്ല' എന്ന വചനത്തെ സംബന്ധിച്ച് ഇമാം ഇബ്‌നുബത്ത്വാല്‍ പറഞ്ഞു: 'ഉള്ളതുകൊണ്ട് മനഃസംതൃപ്തിയില്‍ കഴിയുന്നതിന്റെയും ജീവിതം നിലനിര്‍ത്തുവാന്‍ മതിയായ വിഭവങ്ങളില്‍ പരിമിതപ്പെടുന്നതിന്റെയും മഹത്ത്വവും, ആര്‍ത്തികാണിക്കുന്നതിന്റെയും അമിതേച്ഛയുടെയും മോശത്തരവും ഈ ഹദീഥ് ഉള്‍കൊള്ളുന്നു.'

വിശപ്പടക്കുന്നതിനും യാചനയെ ചെറുക്കുവാനും മതിയായ ഉപജീവനത്തിനാണ് തിരുനബി ﷺ  മുഖ്യ പരിഗണന നല്‍യിരുന്നതെന്ന് അദ്ദേഹത്തിന്റെ ഒരു പ്രാര്‍ഥന വിളിച്ചറിയിക്കുന്നു:

''അല്ലാഹുവേ മുഹമ്മദിന്റെ കുടുംബത്തിന്റെ ഉപജീവനത്തിനെ വിശപ്പടക്കുന്നതും യാചനയെ ചെറുക്കുന്നതും ആക്കേണമേ'' (മുസ്‌ലിം).

മനഃസംതൃപ്തിയിലും മതിയായ വിഭവങ്ങളിലും പരിമിതപ്പെട്ട് ധന്യമായ ജീവിതം നയിക്കുന്ന മഹാനായിരുന്നു നബി ﷺ . പറഞ്ഞും പ്രാവര്‍ത്തികമാക്കിയും അവിടുന്ന് വിരക്തജീവിതത്തിനും ആത്മസംതൃപ്തിയുടെ അനുഗൃഹീത ജീവിതത്തിനും മാതൃകയായി. ഏതാനും സംഭവങ്ങള്‍ കാണുക:

ഉമര്‍ ഇബ്‌നുല്‍ഖത്ത്വാബി(റ)ല്‍നിന്നും നിവേദനം; അദ്ദേഹം പറയുന്നു: ''ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളുടെ സമുദായത്തിന് ഭൗതികമായ അഭിവൃദ്ധി ഉണ്ടാകുവാന്‍ അവിടുന്ന് അല്ലാഹുവോട് പ്രാര്‍ഥിച്ചാലും. നിശ്ചയം, പേര്‍ഷ്യക്കാരും റോമാക്കാരും അല്ലാഹുവിനെ ആരാധിക്കാത്തവരായിട്ടുകൂടി അവര്‍ക്ക് അല്ലാഹു ഭൗതികവിശാലത നല്‍കിയിരിക്കുന്നു.' നിവര്‍ന്നിരുന്നു കൊണ്ട് നബി ﷺ  പറഞ്ഞു: 'ഖത്ത്വാബിന്റെ മകന്‍ ഉമര്‍! താങ്കള്‍ക്ക് സംശയമുണ്ടോ! അവര്‍ക്കുള്ള സുഖങ്ങളെല്ലാം ഈ ക്ഷണികജീവിതത്തില്‍ മുന്‍കൂട്ടി നല്‍കിയിരിക്കുകയാണ്' (ബുഖാരി, മുസ്‌ലിം).

ഇബ്‌നുഉമര്‍(റ) പറഞ്ഞതായി ഇമാം മുജാഹിദില്‍നിന്ന് നിവേദനം: ''തിരുദൂതര്‍ ﷺ  എന്റെ ചുമലില്‍ പിടിച്ചു. എന്നിട്ടു പറഞ്ഞു: 'താങ്കള്‍ ഭൗതികലോകത്ത് ഒരു വിദേശിയെപോലെ, അല്ലെങ്കില്‍ ഒരു വഴിയാത്രികനെ പോലെ ആയിത്തീരുക.' ഇബ്‌നുഉമര്‍(റ) പറയുമായിരുന്നു: 'നീ പ്രദോഷത്തില്‍ പ്രവേശിച്ചാല്‍ പ്രഭാതത്തെ പ്രതീക്ഷിക്കരുത്. പ്രഭാതത്തില്‍ പ്രവേശിച്ചാല്‍ പ്രദോഷത്തെയും പ്രതീക്ഷിക്കരുത്. നീ ആരോഗ്യനാളുകളില്‍നിന്ന് രോഗത്തിന്റെനാളുകളിലേക്കും ജീവിതത്തില്‍നിന്ന് മരണാനന്തരജീവിതത്തിനും പുണ്യങ്ങള്‍ സ്വീകരിക്കുക''(ബുഖാരി).

ഉമര്‍ ഇബ്‌നുല്‍ഖത്ത്വാബി(റ)ല്‍ നിന്നും നിവേദനം: ''അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  ഒരു പായയില്‍ കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെയും പായയുടെയും ഇടയില്‍ (വിരിപ്പൊന്നും) ഉണ്ടായിരുന്നില്ല. ഈത്തപ്പനനാര് നിറച്ച തോലിന്റെ ഒരുതലയിണ അദ്ദേഹത്തിന്റെ തലക്കടിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലുകള്‍ക്കരികില്‍ തോലുകള്‍ ഊറക്കിടുവാന്‍ ഉപയോഗിക്കുന്ന കൊന്നയും തലക്കരികില്‍ കെട്ടിത്തൂക്കിയ തോല്‍സഞ്ചികളും ഉണ്ടായിരുന്നു. പായയുടെ അടയാളങ്ങള്‍ തിരുദൂതരുടെ പാര്‍ശ്വഭാഗത്ത് ഞാന്‍ കണ്ടു. ഞാന്‍ കരഞ്ഞു. തിരുദൂതര്‍ പറഞ്ഞു: 'താങ്കളെ കരയിപ്പിക്കുന്നത് എന്താണ്? ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ തിരുദൂതരേ, കിസ്‌റയും ക്വയ്‌സറും അവിശ്വാസികളായിട്ടും എത്രമാത്രം ഭൗതിക സുഖങ്ങളിലാണ്. താങ്കള്‍ അല്ലാഹുവിന്റെ റസൂലായിട്ടും (എത്രമാത്രം ഭൗതിക വിരക്തിയിലാണ്!). തിരുദൂതര്‍ പറഞ്ഞു: 'അവര്‍ രണ്ടു പേര്‍ക്കും ഇഹലോക സുഖങ്ങളും താങ്കള്‍ക്ക് പാരത്രിക വിജയവും ആകുന്നത് താങ്കള്‍ ഇഷ്ടപ്പെടുന്നില്ലേ?'' (ബുഖാരി, മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: ''ഗോതമ്പുറൊട്ടിയില്‍നിന്ന് (ഭക്ഷിച്ച്) വയറു നിറഞ്ഞിട്ടില്ലാത്ത അവസ്ഥയിലാണ് അല്ലാഹുവിന്റെ റസൂല്‍ ﷺ  ഭൗതികലോകത്തുനിന്ന് യാത്രയായത്'' (ബുഖാരി).

സഹോദരീപുത്രന്‍ ഉര്‍വയുടെ ചോദ്യത്തിനു മറുപടിയായി ആഇശ(റ) പറയുന്നു:

''സഹോദരിയുടെ പുത്രാ, ഉദയചന്ദ്രനിലേക്ക് ഞങ്ങള്‍ നോക്കും. പിന്നെയും നോക്കും. രണ്ടു മാസങ്ങളിലായി മൂന്ന് ഉദയചന്ദ്രന്മാര്‍! അല്ലാഹുവിന്റെ റസൂലിന്റെ വീടുകളില്‍ തീ കത്തിക്കപ്പെട്ടിട്ടുണ്ടാവില്ല. (ഉര്‍വ(റ) പറയുന്നു:) 'ഞാന്‍ ചോദിച്ചു: മാതൃസഹോദരീ, നിങ്ങളുടെ ജീവിതമാര്‍ഗം എന്തായിരുന്നു?' അവര്‍ പറഞ്ഞു: 'അല്‍അസ്‌വദാനി' അഥവാ വെള്ളവും കാരക്കയും'' (ബുഖാരി).