സുജൂദിന്റെ മഹത്ത്വം

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2020 ഡിസംബര്‍ 12 1442 റബീഉല്‍ ആഖിര്‍ 27

ഈ ഭൂമുഖത്തെ അനേകായിരം സൃഷ്ടിവര്‍ഗങ്ങൡ ഒന്നു മാത്രമാണ് മനുഷ്യന്‍. മറ്റു ജീവജാലങ്ങളില്‍നിന്ന് മനുഷ്യനെ വ്യതിരിക്തനാക്കുന്നത് അവന്റെ ബുദ്ധിയും ചിന്തയുമാണ്. അല്ലാഹുവിന്റെ സൃഷ്ടികളില്‍ അല്ലാഹു ആദരിച്ചതും മനുഷ്യനെയാണ്. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 17:70).

ആദം സന്തതികളാകുന്ന മനുഷ്യവര്‍ഗത്തെ അല്ലാഹു ആദരിച്ചിരിക്കുന്നുവെന്നു പറഞ്ഞതില്‍ ഇതരജീവികളില്‍നിന്നും വ്യത്യസ്തമായി മനുഷ്യര്‍ക്കു പ്രകൃത്യാ ലഭിച്ചിട്ടുള്ള എല്ലാ സവിശേഷതകളും ഉള്‍പ്പെടുന്നു. ഇരുകാലുകളില്‍ നിവര്‍ന്നു നില്‍ക്കുകയും നടക്കുകയും ചെയ്യുന്ന ശരീരപ്രകൃതി, കാര്യങ്ങള്‍ ഗ്രഹിച്ചറിയുവാനുള്ള വിവേചനശക്തി, പഞ്ചേന്ദ്രിയങ്ങള്‍ മുഖേന കാര്യങ്ങളെ വിലയിരുത്തുവാനുള്ള ഗ്രഹണശക്തി, ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളെക്കുറിച്ച് ചിന്തിക്കുവാനുള്ള കഴിവ്, ഇതര ജീവികളെ അടക്കിഭരിക്കുവാനുള്ള പ്രാപ്തി, ഭൂവിഭവങ്ങളെ ചൂഷണം ചെയ്യുവാനുള്ള സാമര്‍ഥ്യം, കൈകൊണ്ടു ഭക്ഷണപദാര്‍ഥങ്ങള്‍ എടുത്തുതിന്നുവാനുള്ള കഴിവ്, ഇതരജീവികള്‍ക്കൊന്നും സാധ്യമല്ലാത്ത എത്രയോ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കുമാറുള്ള ശരീരഘടന, വേഷഭൂഷാദി അലങ്കാരങ്ങളും സൗന്ദര്യവിഭവങ്ങളും അണിയുവാനും ആസ്വദിക്കുവാനുള്ള വാസനയും കഴിവും, വിവിധ ജീവിതമാര്‍ഗങ്ങള്‍ സ്വീകരിക്കുവാനുള്ള ശേഷി, എഴുത്തും വായനയും ശീലിക്കുവാനും ഉപയോഗപ്പെടുത്തുവാനുമുള്ള സാധ്യത, സംസാരശേഷി എന്നിത്യാദി എത്രയോ കാര്യങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്.

ഇത്രയെല്ലാം അനുഗ്രഹങ്ങള്‍ നല്‍കി മനുഷ്യനെ ആദരിച്ച അല്ലാഹുവിനോട് നന്ദി കാണിക്കല്‍ ഓരോ മനുഷ്യന്റെയും ബാധ്യതയാണ്. നന്ദി കാണിക്കുന്നവന് അല്ലാഹു അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ച് നല്‍കുന്നതുമാണ്. അല്ലാഹു പറയുന്നു:

''നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചു തരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ)'' (ക്വുര്‍ആന്‍ 14:7).

അടിമകളായ നാം ഉടമയായ അല്ലാഹുവിന് നന്ദി കാണിക്കേണ്ടത് അവനെ അനുസരിച്ചും അവനെമാത്രം ആരാധിച്ചുമാണ്. ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠമായത് നമസ്‌കാരമാണ്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ രണ്ടാമത്തേത് നമസ്‌കാരമാണ്. നബി ﷺ യുടെ ആകാശയാത്രയില്‍ അല്ലാഹുവില്‍ നിന്ന് സമ്മാനമായി ലഭിച്ച ആരാധന, നാളെ പരലോകത്ത് കര്‍മങ്ങള്‍ വിചാരണക്കെടുക്കുമ്പോള്‍ ആദ്യം വിചാരണ നടത്തപ്പെടുന്ന കര്‍മം എന്നതെല്ലാം നമസ്‌കാരത്തിന്റെ പ്രാധാന്യവും മഹത്ത്വവും അറിയിക്കുന്നു.

ഇത്രയും പ്രാധാന്യമുള്ള നമസ്‌കാരത്തിലെ ഏറ്റവും ശ്രേഷ്ഠതയുള്ള പ്രവൃത്തി സുജൂദാണ്. അല്ലാഹുവിന്റെ സൃഷ്ടിചരാചരങ്ങള്‍ മുഴുവന്‍ അവനുമുമ്പില്‍ സുജൂദ് ചെയ്യുന്നുണ്ട്. അല്ലാഹു പറയുന്നു:

''ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് പ്രണാമം അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു...''(22:18).

ജീവി, നിര്‍ജീവി, വിശേഷബുദ്ധിയുള്ളത്, ഇല്ലാത്തത്, ചെറിയത്, വലിയത് എന്നീ വ്യത്യാസങ്ങളോ; ജഡവസ്തു, ആത്മീയവസ്തു, ഭൂലോകവസ്തു, ഉപരിലോകവസ്തു എന്നിങ്ങനെയുള്ള വ്യത്യാസങ്ങളോ കൂടാതെ, സകലവസ്തുക്കളും അല്ലാഹുവിന് സുജൂദ് ചെയ്യുന്നവയാണ്. മനുഷ്യരിലാകട്ടെ കുറച്ചുപേര്‍മാത്രവും!

സുജൂദിന്റെ മഹത്ത്വവും പ്രാധാന്യവും അറിഞ്ഞ് നിര്‍വഹിക്കുമ്പോഴാണ് അത് കൂടുതല്‍ ശ്രദ്ധയോടുകൂടി നിര്‍വഹിക്കുവാന്‍ സാധിക്കുക. സുജൂദിന്റെ മഹത്ത്വം അറിയിക്കുന്ന ചില തെളിവുകള്‍ കാണുക:

1. ആകാശ ഭൂമികളിലുള്ളത് മുഴുവന്‍ അല്ലാഹുവിന് സുജൂദ് ചെയ്യുന്നു

''ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് പ്രണാമം അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു...'' (ക്വുര്‍ആന്‍ 22:18).

അല്ലാഹു മനുഷ്യരോട് പറയുന്നു: ''അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് പ്രണാമം (സുജൂദ്) ചെയ്യുകയും (അവനെ) ആരാധിക്കുകയും ചെയ്യുവിന്‍'' (ക്വുര്‍ആന്‍ 53:62).

2. അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിക്കുന്നവരുടെ പ്രധാനഗുണം

ഓരോ വിശ്വാസിയും അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ടിരിക്കുന്നവരാണ്. അതിനുവേണ്ടി അവര്‍ അങ്ങേയറ്റം പ്രയത്‌നിക്കുകയും ചെയ്യുന്നു. അത്തരക്കാര്‍ക്ക് അവരുടെ ആഗ്രഹവും പ്രതീക്ഷയും നിറവേറുകയും ചെയ്യും. അല്ലാഹു പറയുന്നു:

''...അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്....'' (ക്വുര്‍ആന്‍ 48:29).

3. സുജൂദ് ചെയ്യുന്നവനില്‍ നിന്ന് പിശാച് അകന്നുനില്‍ക്കും

മനുഷ്യന്റെ മുഖ്യശത്രുവായ പിശാച് അവനില്‍നിന്ന് അകന്നുനില്‍ക്കാന്‍ സുജൂദ് കാരണമാകുന്നു. ആദം നബി(അ)ക്ക് മുമ്പില്‍ സുജൂദ് ചെയ്യാന്‍ അല്ലാഹു മലക്കുകളോടും ഇബ്‌ലീസിനോടും പറഞ്ഞ സന്ദര്‍ഭത്തില്‍ അഹങ്കാരിയായ ഇബ്‌ലീസ് സുജൂദ് ചെയ്യാതെ മാറിനില്‍ക്കുകയും അല്ലാഹുവിന്റെ കല്‍പനയോട് അനുസരണക്കേട് കാണിക്കുകയും ചെയ്തു. അതിന് ഇബ്‌ലീസ് പറഞ്ഞ ന്യായം ഇതാണ്:

''...ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്‌നിയില്‍നിന്നാണ് സൃഷ്ടിച്ചത്. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍നിന്നും'' (ക്വുര്‍ആന്‍ 7:12).

ഇബ്‌ലീസ് ജിന്നുവര്‍ഗത്തില്‍ പെട്ടവനാണ് (ക്വുര്‍ആന്‍18:50). എന്നാലും ആ കല്‍പന അവനും ബാധകമായിരുന്നു. അവന്റെ അസൂയയും അഹന്തയും ധിക്കാരവും അവനെ സുജൂദ് ചെയ്യുവാന്‍ അനുവദിച്ചില്ല. അവന്‍ പറഞ്ഞ ന്യായം  തന്നെ തീയില്‍നിന്നും ആദമിനെ മണ്ണില്‍നിന്നും സൃഷ്ടിച്ചതായിരിക്കെ, താന്‍ ആദമിനെക്കാള്‍ ഉത്തമനാണെന്നും അതുകൊണ്ടു താന്‍ ആദമിനു സുജൂദ് ചെയ്യേണ്ടതില്ലെന്നുമായിരുന്നു. സ്രഷ്ടാവിനോടു കാണിക്കുന്ന അനുസരണക്കേടിന്റെ അനന്തരഫലം അവന്‍ ആലോചിച്ചില്ല. അവന്‍ പറഞ്ഞ ന്യായമനുസരിച്ച് സുജൂദ് ചെയ്യാതിരിക്കുവാന്‍ അവനെക്കാള്‍ അര്‍ഹത മലക്കുകള്‍ക്കായിരുന്നുവെന്ന് അവന്‍ ചിന്തിച്ചില്ല.അവര്‍ പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ടവരാണല്ലോ.

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''ആദം സന്തതി സുജൂദിന്റെ ആയത്ത് പാരായണം ചെയ്യുകയും സുജൂദ് ചെയ്യുകയും ചെയ്താല്‍ പിശാച് സുജൂദ് ചെയ്യുന്നവനില്‍നിന്ന് അകന്നു നില്‍ക്കുകയും കരയുകയും ചെയ്യും. എന്റെ നാശമേ എന്ന് അവന്‍ പറയുകയും ചെയ്യും.'' (അബൂകുറയ്ബിന്റെ നിവേദനത്തില്‍ ഇങ്ങനെയുമുണ്ട്: ''ഓ, നാശം, ആദം സന്തതിയോട് സുജൂദ് ചെയ്യാന്‍ കല്‍പിച്ചു. അപ്പോള്‍ അവന്‍ സുജൂദ് ചെയ്തു. അങ്ങനെ അവന് സ്വര്‍ഗം ലഭിച്ചു. എന്നോടും സുജൂദ് ചെയ്യാന്‍ കല്‍പിച്ചു. ഞാന്‍ വിസമ്മതിച്ചു. അങ്ങനെ എനിക്ക് നരകം ലഭിച്ചു'' (മുസ്‌ലിം).

4. സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്ന കര്‍മം

വിശ്വാസികള്‍ സദാ പ്രാര്‍ഥിക്കുന്നതും പരിശ്രമിക്കുന്നതും ഇഹലോകജീവിതത്തിനപ്പുറം പരലോകജീവിത്തിലെ വിജയത്തിനും സ്വര്‍ഗത്തിനും വേണ്ടിയായിരിക്കണം. സ്വര്‍ഗീയ ജീവിതം കരസ്ഥമാക്കാന്‍ വിശ്വാസിക്ക് ഏറെ മുതല്‍ക്കൂട്ടാകുന്ന ഒന്നാണ് അല്ലാഹുവിനുള്ള സുജൂദ്.

മഅ്ദാനുബ്‌നു ത്വല്‍ഹ അല്‍യഅ്മരി(റ)യില്‍ നിന്ന്; അദ്ദേഹം പറഞ്ഞു: ''നബി ﷺ യുടെ മൗലയായ ഥൗബാന്‍(റ)വിനെ ഞാന്‍ കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: 'പ്രവര്‍ത്തിച്ചാല്‍ അല്ലാഹു എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന ഒരു കര്‍മത്തെക്കുറിച്ച് എനിക്ക് അറിയിച്ചുതന്നാലും.' അല്ലെങ്കില്‍ ഞാന്‍ ചോദിച്ചു: 'അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മം ഏതാണ്?' അപ്പോള്‍ അദ്ദേഹം മിണ്ടിയില്ല. വീണ്ടും ചോദിച്ചു. അപ്പോഴും ഒന്നും മിണ്ടിയില്ല. മൂന്നാം തവണയും ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതിനെക്കുറിച്ച് ഞാന്‍ നബി ﷺ യോട് ചോദിച്ചപ്പോള്‍ അവിടുന്ന് എന്നോട് പറഞ്ഞു: 'അല്ലാഹുവിനുള്ള സുജൂദിനെ നീ വര്‍ധിപ്പിക്കുക. കാരണം, നീ ഒരു സുജൂദും ചെയ്യുന്നില്ല; അതുമുഖേന അല്ലാഹു നിന്റെ പദവി ഉയര്‍ത്തിയിട്ടല്ലാതെ, ഒരു പാപം അല്ലാഹു പൊറുത്തുതന്നിട്ടല്ലാതെ'' (മുസ്‌ലിം: 488).

സുജൂദ് നിര്‍വഹിക്കല്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തിയാകുന്നു. സ്വര്‍ഗപ്രവേശനത്തിന് കാരണമായിത്തീരുന്ന കര്‍മവുമാണ് സുജൂദ്. ഒരു വിശ്വാസി നിര്‍വഹിക്കുന്ന ഓരോ സുജൂദിനും അവന്റെ പദവി ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. മാത്രവുമല്ല. സുജൂദുകൊണ്ട് പാപങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ ധാരാളം സുജൂദ് നിര്‍വഹിക്കുന്നവര്‍ എത്ര വലിയ സൗഭാഗ്യവാന്മാരായിരിക്കും.

5. സ്വര്‍ഗത്തില്‍ നബി ﷺ യോടൊപ്പം സഹവസിക്കാനുള്ള സൗഭാഗ്യം

ഏതൊരു വിശ്വാസിയുടെയും ഏറ്റവും വലിയ ആഗ്രഹമാണ് പ്രവാചകന്റെ കൂടെ സഹവസിക്കുക എന്നത്. ഈ ദുനിയാവില്‍ അതിനുള്ള സൗഭാഗ്യം ലഭിച്ചത് പ്രവാചകന്റെ കൂടെ ജീവിച്ച പ്രഥമ സംബോധിതരായ സ്വഹാബിമാര്‍ക്കാണ്. അവരാണ് നബി ﷺ യുടെ കൂടെ രാവും പകലും കഴിച്ചുകൂട്ടിയത്. പ്രവാചകന് താങ്ങും തണലുമായി അവര്‍ വര്‍ത്തിച്ചു. പ്രവാചകന്റെ ജീവിതം അവര്‍ കൂടെനടന്ന് ഒപ്പിയെടുത്തു. അവര്‍ ആ തിരുമുഖം കൊതിതീരുവോളം കണ്ടു. എന്നിട്ടും അവരുടെ ആഗ്രഹം ഇഹലോക ജീവിതത്തില്‍ മാത്രമല്ല, പരലോക ജീവിതത്തിലും ആ പ്രവാചകന്‍ തങ്ങളോടൊപ്പം സഹവസിക്കണം എന്നുതന്നെയാണ്. അതിനുവേണ്ടി അവര്‍ പ്രയത്‌നിച്ചു. സ്വര്‍ഗത്തില്‍ തന്റെ സഹവാസം ആഗ്രഹിച്ച ഒരു സ്വഹാബിയോട് നബി ﷺ  ആവശ്യപ്പെട്ടത് അതിനായി സുജൂദ് വര്‍ധിപ്പിക്കുവാനാണ്.

റബീഅത്ത് ഇബ്‌നു കഅ്ബ് അല്‍ അസ്‌ലമി(റ) (നബി ﷺ യുടെ സേവകനായിരുന്നു) നിവേദനം; അദ്ദേഹം പറഞ്ഞു: ''ഞാനൊരിക്കല്‍ രാത്രി നബി ﷺ യുടെ കൂടെ കഴിച്ചുകൂട്ടുകയായിരുന്നു. അപ്പോള്‍ നബി ﷺ ക്ക് അംഗശുദ്ധി വരുത്താനാവശ്യമായ വെള്ളം കൊണ്ടുവന്ന് നല്‍കിയപ്പോള്‍ അവിടുന്ന്എന്നോട് പറഞ്ഞു: 'താങ്കള്‍ക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ എന്നോട് ചോദിക്കുക.' അപ്പോള്‍ ഞാന്‍ പറഞ്ഞു: 'സ്വര്‍ഗത്തില്‍ താങ്കളുടെ സാമീപ്യം ഞാന്‍ ചോദിക്കുന്നു.' അപ്പോള്‍ നബി ﷺ  ചോദിച്ചു: 'അതല്ലാതെ മറ്റുവല്ലതുമുണ്ടോ?' അപ്പോള്‍ ഞാന്‍ പറഞ്ഞു: 'എനിക്കതുമതി.' അപ്പോള്‍ നബി ﷺ  പറഞ്ഞു: എങ്കില്‍ സുജൂദുകള്‍ അധികരിപ്പിച്ചുകൊണ്ട് താങ്കള്‍ എന്നെ ആ വിഷയത്തില്‍ സഹായിക്കുക'' (മുസ്‌ലിം: 489).

നോക്കൂ, പ്രവാചകന്റെ സാമീപ്യം കൊതിച്ച സ്വഹാബിയോട് പ്രവാചകന്‍ ആവശ്യപ്പെട്ടത് അതിന് വേണ്ടി സുജൂദ് വര്‍ധിപ്പിക്കുക എന്നാണ്. ധാരാളം സുജൂദ് നിര്‍വഹിക്കുന്നതിലൂടെ പരലോകത്ത് സ്വര്‍ഗത്തില്‍ പ്രവാചക സാമീപ്യം നേടിയെടുക്കാം. അല്ലാഹു നമ്മെ അതിനു അനുഗ്രഹിക്കട്ടെ.

6. അല്ലാഹുവിലേക്ക് ഏറ്റവും അടുക്കുന്ന സമയം

ഉടമസ്ഥനായ അല്ലാഹുവിലേക്ക് ഒരു അടിമ ഏറ്റവും കൂടുതല്‍ അടുക്കുന്നത് അവന്‍ സുജൂദ് ചെയ്യുന്ന സന്ദര്‍ഭത്തിലാണ്.

''നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത്, നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക'' (ക്വുര്‍ആന്‍ 96:19).

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''ഒരു അടിമ അല്ലാഹുവിലേക്ക് ഏറ്റവും അടുക്കുന്നത് അവന്‍ സുജൂദിലായിരിക്കെയാണ്. അതിനാല്‍ നിങ്ങള്‍ സുജൂദില്‍ പ്രാര്‍ഥന അധികരിപ്പിക്കുക'' (മുസ്‌ലിം: 482).

(അവസാനിച്ചില്ല)