അറിവുള്ളവരില്‍നിന്നും അനുഭവസ്ഥരില്‍നിന്നും അടുത്തറിയാം

നബീല്‍ പയ്യോളി

2020 ആഗസ്ത് 08 1441 ദുല്‍ഹിജ്ജ 18

കോവിഡ് രോഗവ്യാപന തോത് കേരളത്തില്‍ നാലക്കം കടന്നു. ആയിരത്തിലധികം രോഗ ബാധിതര്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി നാം കാണുന്നത്. തിരുവനന്തപുരം ജില്ലയിലെ കണക്കുകളാണ് മുന്നില്‍ നില്‍ക്കുന്നത്. ഭരണസിരാകേന്ദ്രത്തിന് ചുറ്റും രോഗവ്യാപനം ക്രമാതീതമായി വര്‍ധിക്കുന്നത് വലിയ ആശങ്കയുളവാക്കുന്നതാണ്. കോവിഡ് പ്രതിരോധത്തില്‍ വീഴ്ചയും അലംഭാവവും ഉണ്ടായി എന്ന് മുഖ്യമന്ത്രി തന്നെ തുറന്ന് സമ്മതിക്കുന്ന സാഹചര്യം എത്തി. ഈ വര്‍ഷം ജനുവരി മാസം അവസാനമാണ് കേരളത്തില്‍ ഇന്ത്യയിലെ ആദ്യത്തെ തന്നെ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറുമാസം പിന്നിട്ടിട്ടും രോഗവ്യാപനം നിയന്ത്രിക്കാന്‍ ആവശ്യമായ സക്രിയമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്നതാണ് ഇപ്പോള്‍ ഇത്രയധികം രോഗികള്‍ ഉണ്ടാവാനുള്ള കാരണങ്ങളില്‍ ഒന്ന്. ടെസ്റ്റുകളുടെ എണ്ണംകൂട്ടി വൈറസ് ബാധിതരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യാനും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കാനും നിരന്തരം ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടും കൊറോണ പ്രതിരോധത്തില്‍ കേരള മാതൃക എന്ന് പറഞ്ഞുകൊണ്ട് ഫസ്റ്റ് റൗണ്ടില്‍ തന്നെ വിജയാരവം മുഴക്കാന്‍ വ്യഗ്രത കാട്ടുകയായിരുന്നു സര്‍ക്കാര്‍. പ്രവാസികളുടെ വിഷയങ്ങളില്‍ അടക്കം പല കാര്യങ്ങളിലും കേവലം വാഗ്ദാനങ്ങളും അവകാശവാദങ്ങളും മാത്രമായിരുന്നു എന്നും യാഥാര്‍ഥ്യത്തോട് അടുക്കുമ്പോള്‍ കൈമലര്‍ത്തുന്ന അവസ്ഥയായിരുന്നു എന്നും നമ്മള്‍ കണ്ടു.

ഇന്നിതാ കാര്യങ്ങള്‍ രൂക്ഷമായി, രോഗികളുടെ എണ്ണം കൂടുമ്പോള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കുന്ന തിരക്കിലാണ് ഇപ്പോള്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും. എല്ലാ പഞ്ചായത്തിലും ഇത്തരം സെന്ററുകള്‍ തുടങ്ങണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അവിടേക്ക് ആവശ്യമായ ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവരെ ലഭ്യമാക്കാനും ദ്രുതഗതിയില്‍ നടപടികള്‍ ഉണ്ടാവണം. കമ്യുണിറ്റി കിച്ചന്‍ തുടങ്ങുന്നത് പോലെ എളുപ്പമല്ല ഈ സംവിധാനം ഒരുക്കല്‍. മറ്റൊന്ന് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സംവിധാനം ഒരുക്കുക എന്നതാണ്. സാമ്പിള്‍ ശേഖരിച്ച് ഒരാഴ്ചക്ക് ശേഷമാണ് റിസള്‍ട്ട് പുറത്തുവരുന്നത് എന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ തന്നെ ചാനല്‍ ചര്‍ച്ചയില്‍ പറയുന്നത് കേട്ടു. അത് രണ്ടോ മൂന്നോ ദിവസം ആയി കുറക്കാന്‍ ആവശ്യമായ ഉപകരങ്ങളും ജീവനക്കാരും ഉണ്ടായാല്‍ മാത്രമെ കാര്യങ്ങള്‍ കൈവിട്ടു പോകാതെ നോക്കാന്‍ സാധിക്കുകയുള്ളൂ. എല്ലാറ്റിനും വേണ്ടുവോളം സമയം ഉണ്ടായിട്ടും അവസാന മിനുട്ടില്‍ കിതയ്ക്കുന്ന സര്‍ക്കാര്‍ സമീപനത്തിന് വലിയ വില നല്‍കേണ്ടിവരും. ഇനിയെങ്കിലും ചടുലമായ നീക്കങ്ങള്‍ വീഴ്ചയില്ലാതെ ഉണ്ടാവണം. എറണാകുളത്ത് ചികിത്സ കിട്ടാതെ കുട്ടി മരിച്ചത് പോലുള്ള വീഴ്ചകള്‍  അനാസ്ഥയുടെ ഉദാഹരമാണ്. മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ മാറിമാറി പോയിട്ടും ആ കുഞ്ഞു ജീവന്‍ പൊലിഞ്ഞു. സര്‍ക്കാര്‍ സ്വകാര്യ മേഖലകളെ പൂര്‍ണമായും ഉപയോഗപ്പെടുത്തിയാല്‍ മാത്രമെ കോവിഡ് പ്രതിരോധത്തില്‍ വിജയിക്കാന്‍ സാധിക്കുകയുള്ളൂ. ഒറ്റക്ക് ചാമ്പ്യന്മാരാകാം എന്ന വ്യാമോഹം വെടിയാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാവണം. കേരളത്തിന്റെ മുഴുവന്‍ സൗകര്യങ്ങളും പൊതുസമൂഹത്തിന്റെ സഹായവും പിന്തുണയും ഉറപ്പാക്കാന്‍ ആവശ്യമായ കൂടിയാലോചനയും വിട്ടു വീഴ്ചയും ഔന്നത്യവും സര്‍ക്കാര്‍ കാണിക്കണം.

കോവിഡ് വ്യാപനത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല, ഈ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കല്‍ സാധ്യമാണ്' എന്ന് മാസങ്ങളായി ലോകത്തെ വിവിധ പ്രദേശങ്ങള്‍ തെളിയിച്ചതാണ്. ലോകത്തിലെ ഏറ്റവും വലിയ ഹോട്ട്‌സ്‌പോട്ട് എന്ന് വിശേഷിപ്പിക്കപ്പെട്ട മഹാരാഷ്ട്രയിലെ ധാരാവിയില്‍ രോഗവ്യാപനം തടയാനായി എന്നത് വലിയ ആത്മവിശ്വാസം നല്‍കുന്നു. വിദ്യാഭ്യാസ, ഭൗതിക നിലവാരങ്ങളില്‍ മുന്നില്‍നില്‍ക്കുന്ന കേരളത്തിന് അത് സാധ്യമാവും. ഭീതിയും അവഗണയുമല്ല മറിച്ച് ബുദ്ധിപൂര്‍വമായ ഉടപെടലാണ് ഈ പ്രതിസന്ധിയെ അതിജയിക്കാന്‍ നമുക്ക് കരുത്താവേണ്ടത്. വൈറസ് വ്യാപനത്തില്‍ ഭീതിതരായി കഴിയേണ്ട ആവശ്യമില്ല, നിസ്സാരവല്‍ക്കരിച്ച് ദുരന്തം വിളിച്ചുവരുത്തുകയും അരുത്. ഈ രോഗത്തെ ഫലപ്രദമായി നേരിട്ട ലക്ഷങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. അവരുടെ അനുഭവങ്ങള്‍ നമുക്ക് വെളിച്ചമാവണം.

രണ്ട് തരത്തിലുള്ളവരാണ് നമുക്ക് സഹായകമാവുക. ഒന്ന് ആരോഗ്യ വിദഗ്ധരും ഭരണാധികാരികളും അടങ്ങുന്ന അറിവുള്ളവര്‍. മറ്റൊന്ന് കോവിഡ് രോഗം വന്ന് ഭേദമായ അനുഭവസ്ഥര്‍. ഈ രണ്ടുവിഭാഗത്തെയും ഉപയോഗപ്പെടുത്തുകയാണ് വിവേകമുള്ളവര്‍ ചെയ്യേണ്ടത്. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ മുഖവിലക്കെടുക്കാനും പൂര്‍ണമായും അനുസരിക്കാനും നാം തയ്യാറാവണം. ജനങ്ങളെകൂടി വിശ്വാസത്തിലെടുത്തുകൊണ്ടാവണം സര്‍ക്കാര്‍ നടപടികള്‍ എന്ന് ഉറപ്പുവരുത്തണം. അടിച്ചേല്‍പിക്കുകയല്ല, മറിച്ച് ബോധ്യപ്പെടുത്തി കൂടെനിര്‍ത്തുകയാണ് വേണ്ടത്. കേരളം മുഴുവന്‍ അടച്ചിടേണ്ടതില്ല ആവശ്യമുള്ളിടങ്ങളില്‍ നിയന്ത്രണം ഏര്‍പെടുത്തിയാല്‍ മതി എന്ന സര്‍വകക്ഷി യോഗ തീരുമാനം വിവേകപരമാണ്. ലോകം കൊറോണയെ നേരിട്ട രീതിയാണ് നമ്മളും പിന്തുടരേണ്ടത് എന്ന് സാരം. സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റുള്ളവരില്‍നിന്നും അനുഭവത്തിന്റെയും അറിവിന്റെയും വെളിച്ചത്തില്‍ ഉപദേശങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. എങ്കിലേ പ്രായോഗിക സമീപനങ്ങള്‍ക്ക് സാധ്യമാവൂ.

കേരളത്തില്‍ തന്നെ കോവിഡ് രോഗം വന്ന് മാറിയ നിരവധിപേരുണ്ട്. പ്രവാസലോകത്ത് ഇത്തരം ആയിരക്കണക്കിന് മലയാളി സഹോദരങ്ങള്‍ ഉണ്ട്. കോവിഡ് ലക്ഷണങ്ങളോടുകൂടിയും അല്ലാതെയുമാണ് ഇവരൊക്കെ രോഗബാധിതരാവുകയും മുക്തിനേടുകയും ചെയ്തത്. അതുകൊണ്ട് തന്നെ രോഗവ്യാപന സമയത്ത് ഇത്തരം ആളുകളുടെ അനുഭവത്തിന്റെ വെളിച്ചത്തിലുള്ള ഉപദേശങ്ങള്‍ തേടുന്നത് പ്രായോഗിക സമീപനം സ്വീകരിക്കാന്‍ സഹായകമാവും. കോവിഡ് രോഗിയോട് വെറുപ്പോ വിദ്വേഷമോ കാണിക്കുകയല്ല, മറിച്ച് സാന്ത്വനവും കരുതലും പ്രതീക്ഷാനിര്‍ഭരമായ ആശ്വാസവാക്കുകളും അവര്‍ക്ക് നല്‍കുകയാണ് വേണ്ടത്. ശാരീരിക അകലം പാലിക്കുന്നതിനാല്‍ മാനസിക അടുപ്പത്തിന്റെ തോത് വര്‍ധിക്കുക തന്നെ വേണം. മാനസികമായി ചേര്‍ത്തുനിര്‍ത്താനും സമാശ്വാസം നല്‍കാനും നാം തയ്യാറാവണം. സമ്പര്‍ക്ക രോഗവ്യാപനമാണ് ബഹുഭൂരിപക്ഷവും എന്നതിനാല്‍ അത്തരം സാഹചര്യങ്ങള്‍ പാടെ ഇല്ലാതാക്കണം. എന്നാല്‍ മാനസിക അടുപ്പം കൂടുതല്‍ ദൃഢമാക്കുകയും വേണം. പ്രത്യേകിച്ച് പ്രായമുള്ളവരുടെയും കുട്ടികളുടെയും നിത്യരോഗികളുടെയും കാര്യങ്ങളില്‍ നിതാന്ത ജാഗ്രത അനിവാര്യമാണ്. അങ്ങനെ അറിവുള്ളവരില്‍നിന്നും അനുഭവസ്ഥരില്‍നിന്നും അടുത്തറിഞ്ഞ് ഈ പ്രതിസന്ധിയെ നമുക്ക് മറികടക്കാം.

മറ്റൊരു ആശങ്ക എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ കഴിഞ്ഞ വിദ്യാര്‍ഥികളും രക്ഷിതാക്കളും അനുഭവിക്കുന്നതാണ്. ഇനിയെന്ത് എന്ന ചോദ്യം ഉത്തരം കിട്ടാതെയോ തീരുമാനം എടുക്കാന്‍ സാധിക്കാതെയോ നില്‍ക്കുന്നു. പരിഹാരമുണ്ടോ? ഉണ്ടെന്നാണ് ഉത്തരം. ഇവിടെയും നമുക്ക് അറിവുള്ളവരെ തേടി പോകാം. ഓരോ വിദ്യാര്‍ഥിക്കും അവരുടെ കഴിവുകള്‍, ലഭിച്ച മാര്‍ക്ക്, സാമ്പത്തിക-കുടുംബ സാഹചര്യം എന്നിവ ഉള്‍ക്കൊണ്ടുകൊണ്ടുള്ള മാര്‍ഗനിര്‍ദേശം നല്‍കാന്‍ അറിവുള്ള പക്വമതികള്‍ക്ക് സാധിക്കും. നമ്മുടെ പരിചയത്തിലുള്ള ഒന്നിലധികം ഇത്തരം ആളുകളോട്  ആശങ്കകള്‍ പങ്കവയ്ക്കുകയും പരിഹാരം തേടുകയും ചെയ്യുക. ഏതെങ്കിലും ഒരാളുടെ ഉപദേശം മാത്രം കേട്ട് മുന്നോട്ട് പോയാല്‍ അബദ്ധങ്ങള്‍ പിണഞ്ഞേക്കാം. അതുകൊണ്ട് ഒന്നിലധികം വിദഗ്ധരുടെ സഹായം തേടുക. നാം പഠിക്കാന്‍ ആഗ്രഹിക്കുന്ന കോഴ്‌സ്, കോളേജ് എന്നിവയില്‍ നമ്മെ ഗൈഡ് ചെയ്യാവുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗികമായ ഉപദേശ,നിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധിക്കും. അവരുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രായോഗിക തലത്തില്‍ നമുക്ക് വലിയ മുതല്‍ക്കൂട്ടാവും. അതുകൊണ്ട് മക്കളുടെ ഭാവിയോര്‍ത്ത് രക്ഷിതാക്കളും സ്വന്തം ഭാവിയോര്‍ത്ത്  വിദ്യാര്‍ഥികളും ആശങ്കപ്പെടേണ്ടതില്ല. നമുക്ക് വഴികാണിക്കാന്‍ പ്രാപ്തരായവര്‍ ചുറ്റുമുണ്ട്. അവരുടെ വാക്കുകള്‍ക്ക് നമുക്ക് കാതോര്‍ക്കാം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ അക്കാദമിക കലണ്ടറുകള്‍ താളംതെറ്റിയെല്ലോ എന്ന ആശങ്കയ്ക്കും അര്‍ഥമില്ല. കൊറോണ പ്രതിസന്ധി ലോകം മുഴുവന്‍ ഉണ്ടായിട്ടുണ്ട്. അത് നമ്മെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഈ പ്രതിസന്ധിയില്‍ ഉപരിപഠനത്തിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കാനുള്ളവരാണ്. അതുകൊണ്ട് ഭരണകൂടവും വിദ്യാഭ്യാസവിഭാഗവും  ഈ കാര്യത്തില്‍ സ്വീകരിക്കുന്ന പ്രായോഗിക സമീപനങ്ങള്‍ക്കും നടപടികള്‍ക്കും കാത്തുനില്‍ക്കാം. അനാവശ്യ ഭീതികൊണ്ട് ഒന്നും നേടാനില്ല. ശുഭപ്രതീക്ഷ കൈവിടാതെ കാത്തിരിക്കാം.

മനുഷ്യര്‍ എന്ന നിലയില്‍ ഇത്തരം വ്യക്തി, കുടുംബ തലങ്ങളില്‍ ഉള്ള ധാരാളം പ്രതിസന്ധികള്‍ നമ്മെ തേടിയെത്തും. മുകളില്‍ സൂചിപ്പിച്ചത് നാം ഇപ്പോള്‍ അനുഭവിക്കുന്ന രണ്ട് പ്രതിസന്ധികള്‍ മാത്രം. അങ്ങനെ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടവരാണ് ഓരോ മനുഷ്യനും. എന്നാല്‍ ചിലരെങ്കിലും ഇത്തരം പ്രതിസന്ധികള്‍ക്ക് മുമ്പില്‍ പകച്ചുനില്‍ക്കുകയും മാനസിക സംഘര്‍ഷം അനുഭവിക്കുകയും ചെയ്യുന്നു. ചിലര്‍ ജീവിതത്തില്‍നിന്ന് തന്നെ ഒളിച്ചോടി രക്ഷപ്പെടാന്‍ വിഫലശ്രമം നടത്തുന്നു. മനുഷ്യന്റെ അത്രത്തോളം തന്നെ പഴക്കമുണ്ട് അവന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഓരോ മനുഷ്യനും നേരിടുന്ന പ്രതിസന്ധികള്‍ക്ക് മുന്‍മാതൃകകള്‍ ഉണ്ട്; അല്ലെങ്കില്‍ അതേ പ്രശ്‌നം അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി പേര്‍ ഈ ലോകത്തുണ്ട്. അതില്‍ ബഹുഭൂരിപക്ഷം പേരും ഇത്തരം പ്രതിസന്ധികളെ ഫലപ്രദമായി അതിജീവിച്ചവരാണ്. തളരാതെ പോരാടിയവരാണ്; വിജയം നേടിയവരും.

ജീവിതത്തില്‍ വരുന്ന പ്രതിസന്ധികള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കാന്‍ പാടില്ല. ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടെന്ന് ഉറച്ച് വിശ്വസിക്കുകയും ആ പരിഹാരം അനുഭവസ്ഥരില്‍നിന്നും അറിവുള്ളവരില്‍ നിന്നും തേടുകയും ജീവിതം മുന്നോട്ടുനയിക്കുകയുമാണ് വേണ്ടത്. അവിടെ വികാരവും അവിവേകവും ദുരഭിമാനവും നമ്മെ ഭരിക്കാതെ നോക്കണം. നമ്മെ ആശ്രയിച്ചല്ല ഈ ലോകം നിലനില്‍ക്കുന്നത്. പക്ഷേ, ഈ ലോകത്തെ ആശ്രയിച്ചാണ് നമ്മുടെ നിലനില്‍പ്. അതുകൊണ്ട് തന്നെ നമ്മുടെ അവിവേകം നിറഞ്ഞതും അപക്വവുമായ ഇടപെടലുകള്‍ നമ്മുടെ നാശത്തിന് ഹേതുവാകും. അത് ലോകക്രമത്തെ മാറ്റിമറിക്കുകയൊന്നുമില്ല. ഏത് പ്രതിസന്ധികളെയും പോസിറ്റീവായും ക്രിയാത്മകമായും ബൗദ്ധികമായും വിവേകപൂര്‍വവും അനുഭവത്തിന്റെ വെളിച്ചത്തിലും നേരിടാനും വിജയം വരിക്കാനും നമുക്ക് സാധിക്കണം.

എല്ലാറ്റിനുമുപരി ലോകസ്രഷ്ടാവായ നാഥനില്‍ അചഞ്ചലമായി വിശ്വസിച്ച്, അവനില്‍  ഭരമേല്‍പിച്ച് ജീവിക്കുവാന്‍ സാധിക്കണം. അവന്‍ തീരുമാനിച്ചതല്ലാതെ ഒന്നും ഈ ലോകത്ത് സംഭവിക്കുകയില്ല.

''പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്''(ക്വുര്‍ആന്‍ 9:51).

''ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും'' (ക്വുര്‍ആന്‍ 21:35).