അഹ്‌ലുസ്സുന്നയുടെ ഇമാമീങ്ങള്‍ മീലാദാഘോഷത്തെ പിന്തുണച്ചവരോ?

മൂസ സ്വലാഹി, കാര

2020 നവംബര്‍ 21 1442 റബീഉല്‍ ആഖിര്‍ 06

(ദുര്‍ന്യായങ്ങളെ പ്രമാണമാക്കി നബിദിനമാഘോഷിക്കുന്നവര്‍: 2)

നബിദിനാഘോഷമെന്ന പുത്തനാചാരത്തിന് പൊടിപ്പും തൊങ്ങലും കൂട്ടാന്‍വേണ്ടി പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതോടൊപ്പം ഇമാമീങ്ങളുടെ വാക്കുകള്‍ക്ക് തെറ്റായ വിശദീകരണം നല്‍കുന്നവരുമാണ് പുരോഹിതന്മാര്‍. സാധാരണക്കാരെ ഈ പുത്തനാചാരത്തിന്റെ വക്താക്കളാക്കി മാറ്റുക, അതില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ് അവര്‍ക്കുള്ളത്. അഹ്‌ലുസ്സുന്നയുടെ പ്രമുഖരായ പണ്ഡിതന്മാരൊക്കെ ഇതിനെ അനുകൂലിച്ചവരായിരുന്നു എന്ന് സമര്‍ഥിക്കാന്‍ ലേഖകന്‍ വിഫലശ്രമം നടത്തുന്നുണ്ട് തന്റെ ലേഖനത്തിലൂടെ. എന്താണ് വസ്തുതയെന്ന് പരിശോധിക്കാം.

മുസ്‌ലിയാര്‍ എഴുതുന്നു: ''എന്നാല്‍ മീലാദുന്നബി കൊണ്ടാടുന്നവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുന്ന സാക്ഷാല്‍ ഇബ്‌നു തൈമിയ്യ ശിയാക്കള്‍ കൊണ്ടുവന്ന കാര്യം പ്രോല്‍സാഹിപ്പിക്കുകയും ശിയാ ആചാരത്തിന് പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുമെന്നും പറയാന്‍ ഇവര്‍ സന്നദ്ധരാകുമോ?'' (സുന്നിവോയ്‌സ്, 2020 ഒക്ടോബര്‍ 16-31, പേജ്: 25).

ഇബ്‌നു തൈമിയ്യ(റഹി) തന്റെ 'ഇക്വ്ത്വിളാഉസ്സ്വിറാത്വില്‍ മുസ്തക്വീം' എന്ന ഗ്രന്ഥത്തില്‍ പേജ് 251 മുതല്‍ 264 വരെയുള്ള ഭാഗത്ത് ഈ വിഷയം ചര്‍ച്ചചെയ്യുന്നുണ്ട്. നബി ﷺ യുടെ ജനനദിവസത്തെആഘോഷമാക്കുന്നതിനെ അതില്‍ അദ്ദേഹം നഖശിഖാന്തം എതിര്‍ത്തത് കാണാം. അതിനെക്കുറിച്ച് ഒരക്ഷരം പറയാതെ, 'കുറ്റവാളിയായ ഒരാള്‍ അന്നേദിവസം വല്ല നന്മയും നല്ല ഉദ്ദേശത്തില്‍ ചെയ്താല്‍ അതനുസരിച്ച് അവന് മഹത്തായ പ്രതിഫലമുണ്ട്' എന്ന് ഇമാം പറഞ്ഞതില്‍ മാത്രമാണ് മുസ്‌ലിയാര്‍ കടിച്ചുതൂങ്ങിയിരിക്കുന്നത്. ശൈഖിനെ ഈ പുത്തനാഘോഷം നടത്താനുള്ള തെളിവിന് കൂട്ടുപിടിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത് മുഴുവുന്‍ ഉദ്ധരിച്ചാല്‍ ലേഖകന്റെ  ഉദ്ദേശ്യം നടക്കുകയില്ലല്ലോ.

ലേഖകന്‍ വീണ്ടും എഴുതുന്നു: ''ഇമാം നവവി(റ)യുടെ ഉസ്താദായ അബൂശാമ(റ) അനാചാരങ്ങള്‍ വേര്‍തിരിച്ച് പഠിപ്പിക്കാനെഴുതിയ കിതാബുല്‍ ബാഇസില്‍വരെ മൗലിദാഘോഷം നല്ല കാര്യമായിട്ടാണ് സമര്‍ത്ഥിക്കുന്നത്. അബൂശാമ(റ) ശിയാഇസം പഠിപ്പിക്കുന്നയാളാണോ?'' (പേജ്: 26).

ഹിജ്‌റ 665ല്‍ മരണപ്പെട്ട ഇമാം അബൂശാമ അശ്ശാഫിഈ(റഹി) തന്റെ 'അല്‍ ബാഇസ് അലാ ഇന്‍കാരി വല്‍ ബിദഇ' എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ ബിദ്അത്തുകളെ ശക്തമായി വിശകലനം ചെയ്തിട്ടുണ്ട്. അതിന്റെ പതിനേഴാമത്തെ പേജില്‍ സാധാരണയുള്ള ബിദ്അത്തുകളെ അഥവാ കിണറുകള്‍, മദ്‌റസകള്‍, വിശ്രമ സ്ഥലങ്ങള്‍ മുതലായവ ഉണ്ടാക്കലിനെക്കുറിച്ച് പറയുന്ന കൂട്ടത്തില്‍ നബി ﷺ യുടെ ജനന ദിവസത്തില്‍ ഇര്‍ബല്‍ പട്ടണത്തില്‍ നടന്നുവന്നിരുന്ന ദാനധര്‍മങ്ങളെ നല്ലതായി ഇമാം എണ്ണിയതിനെയാണ് ലേഖകന്‍ മൗലിദാഘോഷം നല്ലതെന്നു പറഞ്ഞു എന്ന് വ്യാഖ്യാനിക്കുന്നത്.

ഇതെങ്ങനെയാണ് സമസ്തക്കാര്‍ ആരാധനയുടെ ഭാഗമായി കാണുന്ന മീലാദാഘോഷത്തിന് തെളിവാവുക? നിങ്ങളുടെ വിശ്വാസപ്രകാരം ഈ ആഘോഷം ലൈലത്തുല്‍ ക്വദ്‌റിനെക്കാള്‍ ശ്രേഷ്ഠതയുള്ളതും ബലിപെരുന്നാളിനേക്കാള്‍ വലുതും പ്രത്യേകം കര്‍മങ്ങള്‍കൊണ്ട് കൊണ്ടാടപ്പെടേണ്ടതുമാണ്. ഇമാം പറഞ്ഞതില്‍ ഇതുണ്ടോ? ഇസ്‌ലാം പഠിപ്പിച്ച ആഘോഷങ്ങളെക്കാള്‍ മീലാദാഘോഷത്തിന് സ്ഥാനവും പവിത്രതയും കല്‍പിക്കുന്ന സമസ്തയുടെ വഴികേടിനെ അബൂശാമ(റഹി) അനുകൂലിച്ചിരുന്നു എന്ന് സ്ഥാപിക്കാനുള്ള ശ്രമം ഹീനമാണ്. ഇത്തരം കൈകടത്തലുകളിലൂടെ മാത്രമെ നിങ്ങള്‍ക്ക് ശിര്‍ക്ക് ബിദ്അത്തുകളെ സ്ഥാപിക്കാനാവൂ. ഇതേ ഗ്രന്ഥത്തില്‍ തന്നെ റജബ്, ശഅബാന്‍ മാസങ്ങളിലെ അനാചരങ്ങളെയും സ്വലാത്തു റഗായിബിനെയും കണിശമായി ഇമാം എതിര്‍ക്കുന്നുണ്ട്. അത് ലേഖകന്‍ അംഗീകരിക്കുന്നുണ്ടോ? അതില്‍ ഇമാമിന്റെ കൂടെ ഉറച്ചുനില്‍ക്കാന്‍ മുസ്‌ലിയാര്‍ സന്നദ്ധനാണോ?

ലേഖകന്‍ വീണ്ടും എഴുതുന്നു: ''മൗലിദാഘോഷത്തിന്റെ അസ്‌ല് ബുഖാരി, മുസ്‌ലിം ഉദ്ധരിച്ച ഹദീസിലുണ്ടെന്ന് പഠിപ്പിച്ച ഹാഫിള് ഇബ്‌നു ഹജര്‍ അസ്ഖലാനി(റ) ശിയാക്കളുടെ ആചാരത്തിന് വേണ്ടി ബുഖാരി, മുസ്‌ലിം തെളിവാക്കാമെന്ന് സമുദായത്തെ പഠിപ്പിക്കുമോ?'' (പേജ്: 26).

ഇബ്‌നു ഹജര്‍ അസ്‌ക്വലാനി(റഹി) യോട് ചോദിക്കപ്പെട്ടതിന് അദ്ദേഹം നല്‍കിയ മറുപടിയില്‍നിന്ന് തനിക്ക് ആവശ്യമുള്ളത് മാത്രം മുസ്‌ലിയാര്‍ എടുക്കുകയും പ്രധാനഭാഗം മറച്ചുവെക്കുകയുമാണ് ചെയ്തിട്ടുള്ളത്. 'മൗലിദ് പ്രവൃത്തിയുടെ അടിസ്ഥാനം തന്നെ ബിദ്അത്താണ്, ഉത്തമ തലമുറയില്‍ ജീവിച്ച ഒരാളില്‍നിന്നും അത് ഉദ്ധരിക്കപ്പെട്ടിട്ടില്ല' എന്നാണ് ആ മറുപടിയുടെ തുടക്കം തന്നെ! ഇതില്‍ അദ്ദേഹം ആശൂറാഇന്റെ ഹദീഥിനോട് ചേര്‍ത്ത് ഇത് സ്ഥിരപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞതും മറുപടിയുടെ തുടക്കവും തമ്മില്‍ യോജിപ്പിക്കുക സാധ്യമല്ല. കാരണം ഒരു കാര്യം ആരാധനയാകുന്നത് അല്ലാഹുവിന്റെ കല്‍പനയെയും നബിചര്യയെയും അടിസ്ഥാനപ്പെടുത്തിയാണ്; അല്ലാതെ ആരുടെയെങ്കിലും അഭിപ്രായമോ, നല്ലതെന്ന ചിന്തയോ മാനദണ്ഡമാക്കിയല്ല.

ലേഖകന്‍ എഴുതുന്നു: ''ഇമാം ബൈഹഖി(റ) ഉദ്ധരിച്ച 'അഖ്ഖ അന്നഫ്‌സിഹി' എന്ന ഹദീസിനെ അടിസ്ഥാനപ്പെടുത്തി മൗലിദാഘോഷം നമുക്ക് സുന്നത്താണെന്ന് പഠിപ്പിച്ച ഹാഫിള് ഇമാം സുയൂത്വി(റ)യും മറ്റനേകം ഇമാമുമാരും ശിയാ പ്രചാരകരാണോ?'' (പേജ്: 26).

മതത്തെ സത്യസന്ധമായി പഠിപ്പിക്കലാണ് പണ്ഡിത ധര്‍മമെന്നത് മുസ്‌ലിയാര്‍ മറക്കരുത്. ഈ ഹദീഥിന്റെ പരമ്പരയിലെ അബ്ദുല്ലാഹിബ്‌നുല്‍ മുഹര്‍റര്‍ അല്‍ജസരി എന്ന വ്യക്തി അസ്വീകാര്യനായതിനാല്‍ ഇത് ദുര്‍ബലമാണ്. ഇമാമുമാരായ ദാറക്വുത്വ്‌നി(റഹി), ഇബ്‌നു ഹിബ്ബാന്‍(റഹി), ഇബ്‌നു മഈന്‍(റഹി) എന്നിവര്‍ ഇയാളുടെ ന്യൂനത വ്യക്തമാക്കിയിട്ടുണ്ട്. ഇമാം നവവി(റഹി) പറഞ്ഞു: 'നബി ﷺ  തനിക്ക് വേണ്ടി അക്വീക്വ അറുത്തു എന്ന അബ്ദുല്ലാഹിബ്‌നു മുഹര്‍ററിലൂടെ വന്ന ഹദീഥ് നിരര്‍ഥകമാണ്. അദ്ദേഹം ദുര്‍ബലനാണെന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിട്ടുണ്ട്'' (ശറഹുല്‍ മുഹദ്ദബ്: 8/431, 432).

തെളിവിനു പറ്റാത്ത ഈ ഹദീഥുകൊണ്ട് നബിദിനാഘോഷം സുന്നത്താകുന്നതെങ്ങനെ? അക്വീക്വഅറുത്തതും ജന്മദിനാഘോഷവും ഒന്നാകുമോ?

ലേഖകന്‍ തുടരുന്നു: ''മുളഫര്‍ രാജാവാണ് മൗലിദാഘോഷം തുടങ്ങിയതെന്ന് പറഞ്ഞ് അദ്ദേഹത്തെ അവമതിക്കുന്ന മൗലിദ് വിരോധികള്‍ ഇബ്‌നു തൈമിയ്യയുടെ ശിഷ്യനും ലോകപ്രശസ്ത പണ്ഡിതനുമാണെന്ന് ഇവര്‍ തന്നെ പരിചയപ്പെടുത്തിയ ഇബ്‌നു കസീര്‍ മുളഫര്‍ രാജാവിനെപ്പറ്റി പറഞ്ഞത് അംഗീകരിക്കാന്‍ തയ്യാറാകുമോ?'' (പേജ്: 26).

ഇബ്‌നു കഥീര്‍(റഹി) പ്രമുഖ മുഫസ്സിറും അറിയപ്പെട്ട ചരിത്രപണ്ഡിതനുമാണ്. തന്റെ ചരിത്ര ഗ്രന്ഥത്തില്‍ മുളഫര്‍ എന്ന രാജാവ് ചെയ്തിരുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമായി എഴുതി. സംഭവിച്ചത് പറയാതിരുന്നാല്‍ ചരിത്രം പൂര്‍ണമാവുകയില്ലല്ലോ. അതില്‍ അദ്ദേഹത്തെ സലഫികള്‍ അംഗീകരിക്കുന്നു. ഉള്ളത് മറച്ചുവെക്കുക എന്ന സ്വഭാവക്കാരനല്ല ഇബ്‌നു കഥീര്‍(റഹി). എന്നാല്‍ തന്റെ ഏതെങ്കിലും ഒരു വാക്കുകൊണ്ട് ഈ ആഘോഷത്തെ ഇമാം അനുകൂലിച്ചുവോ? രാജാവ് ചെയ്തതിലേക്ക് ജനങ്ങളെ ക്ഷണിച്ചുവോ? ഇല്ല എന്നതാണ് വാസ്തവം. അതിനാല്‍ ശാഫിഈ മദ്ഹബുകാരനായ ഇമാമിന്റെ ആദര്‍ശം ലേഖകന്‍ സ്വീകരിക്കാന്‍ തയ്യാറുണ്ടോ?

മൗലിദാഘോഷം ശിയാവിഭാഗത്തിന്റെ സൃഷ്ടിയാണെന്ന സത്യം സമൂഹം നന്നായി മനസ്സിലാക്കുന്നുണ്ടെന്ന പേടി ഇവരെ വല്ലാതെ അലട്ടുന്നുണ്ടെന്ന് വ്യക്തം.

ലേഖകന്‍ കലര്‍പ്പില്ലാത്ത കള്ളം തട്ടിവിടുന്നത് കാണുക: ''നബിയും സ്വഹാബത്തും ഉത്തമ നൂറ്റാണ്ടുകാരും ചെയ്തുകാണിച്ചതേ പറ്റൂ എന്നും മൗലിദ് അങ്ങനെയല്ലെന്നുമാണ് മറ്റൊരാരോപണം. മാലിദ് ആഘോഷം നബി ﷺ യും സ്വഹാബികളും ചെയ്തിരുന്നുവെന്നതിനുള്ള പ്രമാണങ്ങള്‍ പൂര്‍വിക പണ്ഡിതര്‍ അന്യത്ര വിശദീകരിച്ചിട്ടുണ്ട്'' (പേജ്: 27).

ഈ നുണപ്രചാരണത്തിനുള്ള മറുപടി സമസ്തക്കാര്‍ തന്നെ പറയട്ടെ. ഇതേ 'സുന്നിവേയ്‌സി'ല്‍തന്നെ ഇരുപത് വര്‍ഷം മുമ്പ് ലേഖകന്‍ ഇപ്പറഞ്ഞത് കള്ളമാണെന്ന് തെളിയിക്കുന്ന ലേഖനം വന്നിട്ടുണ്ട്! അത് കാണുക: ''ഒരാള്‍ മൗലീദാഘോഷത്തെപ്പറ്റി ഇബ്‌നു ഹജര്‍ എന്നവരോട് ചോദിക്കുകയുണ്ടായി. ഇബ്‌നു ഹജര്‍ മറുപടി പറഞ്ഞു: അടിസ്ഥാനപരമായി മൗലിദ് ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ മുസ്‌ലിംകളില്‍നിന്ന് കൈമാറി വന്ന ആചാരമല്ല അത്'' (സുന്നിവോയ്‌സ്, 2000 ജൂലൈ, പേജ്: 26).

''നബി ﷺ യുടെയും സ്വഹാബിമാരുടെയും കാലത്ത് ഇന്ന് നിലവിലുള്ള നബിദിനാഘോഷം ഉണ്ടായിരുന്നില്ലെന്നത് ശരിയാണ്'' (തെളിച്ചം മാസിക, 2010 ജൂണ്‍, പേജ്: 23).

വിശദീകരണം ആവശ്യമില്ലാത്തവിധം കാര്യം വ്യക്തമായല്ലോ. ലേഖനത്തിന്റെ അവസാനത്തില്‍ ലേഖകന്‍ തന്നെ ഇത് സമ്മതിക്കുന്നുണ്ട് എന്നതാണ് രസകരം: ''ഇന്നത്തെ രൂപവും ശൈലിയും നബിയുടെയും സ്വഹാബത്തിന്റെയും കാലത്തില്ലെങ്കിലും നല്ല കാര്യത്തിന് തുടക്കം കുറിച്ചാല്‍ അതിനും വിരോധമില്ലെന്ന് മറ്റൊരു ഹദീസ് പഠിപ്പിക്കുന്നത് കാണുക'' (പേജ്: 28)

ഇനി ലേഖകന്റെ മറ്റൊരു തെളിവു സമര്‍പ്പിക്കല്‍ കാണുക: ''ഇതുപോലെ സ്വഹാബത്ത് ചെയ്ത കാര്യമാണ് നബി ﷺ യുടെ മദ്ഹ് ആലാപനവും എല്ലാ തിങ്കളാഴ്ചയും നോമ്പെടുത്ത് നബിദിനം അനുസ്മരിച്ചതും. പ്രവാചക നിയുക്തിയെന്ന റഹ്മത്തിന് നന്ദി പ്രകടിപ്പിക്കുകയും സന്തോഷിപ്പിക്കുകയുമാണ് ഇതുവഴി അവര്‍ ചെയ്തത്'' (പേജ്: 27).

നബി ﷺ  യുടെ അനുചരന്മാര്‍ ഇന്ന് സമസ്തക്കാര്‍ മാലപ്പാട്ടുകളിലൂടെയും കള്ളക്കഥകളിലൂടെയും അദ്ദേഹത്തെ അതിരുവിട്ട് പാടിപ്പുകഴ്ത്തുന്ന പോലെ ചെയ്തതിന് എന്തെങ്കിലും തെളിവുദ്ധരിക്കാന്‍ ലേഖകനാകുമോ? തിങ്കളാഴ്ച അവര്‍ എടുത്തിരുന്ന നോമ്പ് നബിദിന അനുസ്മരണമായിരുന്നുവെന്ന് ആരാണ് പറഞ്ഞത്? സ്വഹാബിമാര്‍ എല്ലാ തിങ്കളാഴ്ചയും നോമ്പെടുത്ത് നബിദിനം അനുസ്മരിച്ചു എന്നു പറയുന്ന ലേഖകന്‍ ഇക്കാര്യത്തില്‍ തങ്ങള്‍ സ്വഹാബത്തിനെതിരാണെന്ന് പരോക്ഷമായി സമ്മതിക്കുകകൂടി ചെയ്യുന്നുണ്ട്. ഇവര്‍ നബിദിനത്തിന് പോത്തിനെ അറുത്ത് ബിരിയാണിവെച്ച് കഴിക്കുകയാണല്ലോ ചെയ്യുന്നത്! അതല്ല അങ്ങനെയും ഒരു നോമ്പ് ഇവര്‍ക്കുണ്ടോ ആവോ!

ഇനിയും അദ്ദേഹം പറയുന്നത് കാണുക: ''റബീഉല്‍ അവ്വല്‍ 12ന് നബി തിരുമേനി മദീനത്തെത്തിയപ്പോള്‍ സ്വഹാബാക്കള്‍ ദഫ് മുട്ടി ബൈത്ത് പാടി പെരുന്നാളിനെക്കാള്‍ വലിയ സന്തോഷ പ്രകടനം നടത്തി. അത് അവര്‍ അല്ലാഹുവിനുള്ള ഇബാദത്തിന് സ്വീകരിച്ച ഒരു ശൈലിയായിരുന്നു. നമുക്കെന്തുകൊണ്ട് വിപുലമായ ശൈലിയില്‍ ഇന്ന് റബീഉല്‍ അവ്വല്‍ മാസത്തില്‍ നടത്തിക്കൂടാ? ദീനില്‍ സ്ഥിരപ്പെട്ട ഒരു കാര്യത്തിന്റെ ശൈലിയിലോ രൂപത്തിലോ ദിവസത്തിലോ മാറ്റം വരുന്നതെങ്ങനെ അനിസ്‌ലാമികമാകും?''(പേജ്: 27)

മദീനത്ത് വന്നിറങ്ങിയ പ്രവാചകരെ സ്വഹാബത്ത് ദഫ് മുട്ടി സ്വീകരിച്ചു എന്നത് സ്ഥിരപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇല്ലാത്ത ഒരു ഇബാദത്തിനെപ്പറ്റി പറയേണ്ടതില്ല. ഇനി അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ തന്നെ അത് നബിദിനത്തിന്റെ പേരിലായിരുന്നോ? അതിനോട് താരതമ്യപ്പെടുത്തി നബിദിനത്തില്‍ ദഫ്‌കൊട്ടിയാടാനും അതിനെ ഇബാദത്താക്കാനും ആരാണ് പഠിപ്പിച്ചത്? ഇസ്‌ലാം അല്ലാഹുവിന്റെ മതമാണ്. അതിന്റെ പേരില്‍ തോന്നിയത് പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും അനുവാദമില്ല. 'ദീനില്‍ സ്ഥിരപ്പെട്ട ഒരു കാര്യത്തിന്റെ ശൈലിയിലോ രൂപത്തിലോ ദിവസത്തിലോ മാറ്റം വരുന്നതെങ്ങനെ അനിസ്‌ലാമികമാകും' എന്ന ലേഖകന്റെ ചോദ്യം അജ്ഞതയുടെ ആഴമാണ് വ്യക്തമാക്കുന്നത്. മതത്തില്‍ സ്ഥിരപ്പെട്ട ഒരു കാര്യമാണെങ്കില്‍ അതിന്റെ ശൈലി, രൂപം, ദിവസം എന്നിവ വളരെ സ്പഷ്ടമായിരിക്കും. നമസ്‌കാരവും നോമ്പുമൊക്കെ ദീനില്‍ സ്ഥിരപ്പെട്ട കാര്യങ്ങളല്ലേ? അവയുടെ ശൈലിയിലും രൂപത്തിലുമൊക്കെ മാറ്റം വരുത്താമോ? മൗലിദാഘോഷത്തെ ഇസ്‌ലാമിന്റെ കുപ്പായം ധരിപ്പിക്കാനുള്ള വ്യഗ്രതയില്‍ ലേഖകന്‍ എന്തെല്ലാമോ വിളിച്ചുപറയുകയാണ്!

മുസ്‌ലിയാര്‍ സലഫികളെ കുറ്റപ്പെടുത്താനും ജനങ്ങളെ കബളിപ്പിക്കാനുമായി പറയുന്നത് കാണുക: ''ഈ ഹദീസോതി മൗലിദ് വിരോധികള്‍ അര്‍ത്ഥം പറയാറുള്ളത് ആരെങ്കിലും മതത്തില്‍ ഒരു കാര്യം പുതുതായി കൊണ്ടുവന്നാല്‍ അത് തള്ളപ്പെടേണ്ടതാണ് എന്നാണ്. പക്ഷേ, മൗലിദാഘോഷം മതത്തില്‍ പുതുതായി ഉണ്ടാക്കിയതാണോ? ഒരിക്കലുമല്ല. ഇന്നത്തെ ശൈലി ഒരുപക്ഷേ പുതിയതായിരിക്കാം'' (പേജ്: 28).

ആഇശ(റ)യില്‍നിന്ന് ഇമാം ബുഖാരി(റ)യും ഇമാം മുസ്‌ലിമും(റ) ഉദ്ധരിച്ച 'നമ്മുടെ ഈ കാര്യത്തില്‍(മതത്തില്‍) അതിലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്' എന്ന, ദീനിന്റെ അടിസ്ഥാന നിയമം ഉള്‍ക്കൊള്ളുന്ന ഈ ഹദീഥിനെക്കുറിച്ചാണ് മുസ്‌ലിയാര്‍ ഇപ്പറഞ്ഞത്. ഈ ഹദീഥ് അദ്ദേഹത്തെപ്പോലുള്ളവര്‍ക്ക് ദഹനക്കേടുണ്ടാക്കുന്നു എന്നതാണ് വസ്തുത.

കാലം പുരോഗമിച്ചെന്ന് കരുതി ഇസ്‌ലാമിന്റെ ഏതെങ്കിലും ആരാധനക്ക് മാറ്റം വന്നിട്ടുണ്ടോ? മീലാദിന്റെ ശൈലി മാറ്റിയെന്ന് മുസ്‌ലിയാര്‍ തന്നെ ഇവിടെ സമ്മതിച്ചിരിക്കുന്നു. പിന്നെ എങ്ങനെയത് ഇബാദത്തിന്റെ ഗണത്തില്‍ വരും? ഇന്നത്തെ ഘോഷയാത്രകളും മുദ്രാവാക്യവിളികളും തുള്ളലും ചാടലും കൂക്കുവിളികളുമെല്ലാം മുസ്‌ലിയാര്‍ സൂചിപ്പിച്ച 'ഒരു പക്ഷേ, മാറ്റത്തില്‍'പെട്ടതായിരിക്കും. ഇവരുടെ മീലാദ് പരിഹാസ്യ പ്രവൃത്തികള്‍ കണ്ട് സഹികെട്ട് സ്വന്തം പണ്ഡിത സഭയിലെ അണ്ടോണ പി.കെ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരും കോടമ്പുഴ ബാവ മൗലവിയും എഴുതിയതൊന്നും മാഞ്ഞുപോയിട്ടില്ല.

ഭൗതിക സംവിധാനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ എടുത്തുകാട്ടി ഇല്ലാത്ത വിഷയങ്ങളെ മതമാക്കി മാറ്റാന്‍ കച്ചകെട്ടിയിറങ്ങുന്നത് വിവരക്കേടാണ്.

ഇമാം മുഹമ്മദ് അബ്ദുസ്സലാം ഖളിര്‍ അശ്ശുകൈരി(റഹി) തന്റെ 'അസ്സുനനു വല്‍മുബ്തദആത്ത്' എന്ന ഗ്രന്ഥത്തില്‍ റബീഉല്‍ അവ്വല്‍ മാസത്തെയും അതിലെ ജന്മദിനാഘോഷമെന്ന പുത്തനാചാരത്തെയും സംബന്ധിച്ച് പറഞ്ഞത് എത്ര ശരിയാണ്: ''ഈ മാസം (റബീഉല്‍ അവ്വല്‍) ഒരു നമസ്‌കാരംകൊണ്ടോ, ദിക്ര്‍കൊണ്ടോ, ആരാധനകൊണ്ടോ, ദാനധര്‍മങ്ങളെകൊണ്ടോ പ്രത്യേകമാക്കപ്പെട്ടിട്ടില്ല. പ്രവാചകന്‍ ﷺ  നമുക്ക് നിര്‍ണയിച്ചുതന്ന ജുമുഅ ദിവസങ്ങളോ, പെരുന്നാള്‍ ദിവസങ്ങളോ പോലെ ഇസ്‌ലാമിലെ ഒരു ആഘോഷവേളയുമല്ല ഈ മാസം. അദ്ദേഹം (പ്രവാചകന്‍) ഈ മാസത്തിലാണ് ജനിച്ചത്, ഈ മാസത്തില്‍ തന്നെയാണ് മരണമടഞ്ഞതും. പിന്നെ എന്തുകൊണ്ടാണ് അവര്‍ അദ്ദേഹത്തിന്റെ ജനനത്തില്‍ സന്തോഷിക്കുകയും അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖിക്കാതിരിക്കുകയും ചെയ്യുന്നത്?

അപ്പോള്‍ അദ്ദേഹത്തിന്റെ ജന്മദിനത്തെ ഒരു ആഘോഷവേളയാക്കുന്നതും അതില്‍ ആഘോഷം നടത്തുന്നതും വളരെ നിരാകരിക്കപ്പെട്ട പുത്തനാചാരവും പ്രമാണമോ ബുദ്ധിയോ അംഗീകരിക്കാത്ത വഴികേടുമാകുന്നു. ഇതൊരു നല്ലകാര്യമായിരുന്നെങ്കില്‍ അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) തുടങ്ങിയവര്‍ അതെങ്ങനെ കണ്ടില്ലെന്നു നടിക്കും? (പോരാ) മുഴുവന്‍ സ്വഹാബത്തും താബിഉകളും അവരെ പിന്‍പറ്റിയവരും നാല് ഇമാമുമാരും അവരുടെ അനുയായികളും ഇതിനെപ്പറ്റി അശ്രദ്ധയിലാവുകയോ? ഇത് ശാപ്പാട്ടുവീരന്മാരും നിരര്‍ഥക പ്രിയരും ബിദ്അത്തിന്റെ ആളുകളുമായ സ്വൂഫികള്‍ ഉണ്ടാക്കിയതുതന്നെ. അങ്ങനെ ജനങ്ങള്‍ ചിലര്‍ ചിലരെ പിന്‍പറ്റി (ഇത് കൊണ്ടാടി). ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ അനുഗ്രഹം ലഭിച്ച് അല്ലാഹു രക്ഷപ്പെടുത്തിയവരൊഴികെ.

കൂടാതെ ഇത്തരം ആഗ്രഹപ്രകടനങ്ങളും ഒരുമിച്ചുകൂടലുകളും ശബ്ദകോലാഹങ്ങളുംമൂലം എന്ത് പ്രയോജനവും പ്രതിഫലവുമാണുള്ളത്? സംഗീതപ്രിയരും നര്‍ത്തകരുമായ സ്ത്രീപുരുഷന്മാരെയും കള്ളന്മാരെയും കൊള്ളക്കാരെയും ഒരുമിച്ചുകൂട്ടുന്നതില്‍ (സാധാരണ അങ്ങനെ എല്ലാവര്‍ക്കും വന്നു പോകാവുന്ന രീതിയിലാണല്ലോ പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നത്) അല്ലാഹുവിന്റെ എന്ത് പ്രീതിയാണുള്ളത്? ചുവപ്പും പച്ചയും മഞ്ഞയും കറുപ്പും നിറമുള്ള തലപ്പാവുകള്‍ ധരിച്ച, അല്ലാഹുവിന്റെ നാമങ്ങളില്‍ കൃത്രിമം കാണിക്കുന്ന ആളുകളെ (സ്വൂഫികള്‍) ഒരുമിച്ചുകൂട്ടുന്നതില്‍ എന്ത് നന്മയാണുള്ളത്?

വ്യത്യസ്ത രൂപത്തിലുള്ള ശബ്ദങ്ങളും പാത്രങ്ങള്‍കൊണ്ടുള്ള കൊട്ടുകളും മൃഗങ്ങളുടെ ശബ്ദങ്ങളും ഉണ്ടാക്കി (ബഹ്, ബഹ്, യബ്‌നല്‍ മര്‍റ, അം, അം, ഉന്‍, ഉന്‍ സാബൈനഹാ യാ റസൂലല്ലാഹ്, യാ സാഹിബല്‍ മദാദ്, യാ അം യാ അം അല്ലാ അല്ലാ) ഇങ്ങനെ കുരങ്ങന്മാരെപ്പോലെ കളിക്കുന്നതെന്തിന്? ഇതിന്റെയൊക്കെ പ്രയോജനമെന്ത്? യൂറോപ്യന്‍മാര്‍ക്ക് നമ്മളെയും നമ്മുടെ ദീനിനെയും കളിയാക്കാം എന്നത് തന്നെ പ്രയോജനം!''