ദാനശീലവും ഔദാര്യവും

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 മാര്‍ച്ച് 14 1441 റജബ് 19

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 9)

ദാനശീലവും ഔദാര്യവായ്പും മനസ്സറിഞ്ഞുള്ള ധര്‍മവുമെല്ലാം മഹദ്ഗുണങ്ങളാണ്. ഇത്തരം ശീലങ്ങളെ പ്രോത്സാഹിപ്പിച്ചുള്ള പ്രമാണവചനങ്ങള്‍ ധാരാളമാണ്. വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു പറയുന്നു:

''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴു കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ്ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്'' (ക്വുര്‍ആന്‍ 2: 261).

''രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചുകൊിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല'' (ക്വുര്‍ആന്‍ 2:274).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. തിരുനബി ﷺ  പറഞ്ഞു: ''ആദമിന്റെ പുത്രന്‍ (മനുഷ്യന്‍) മരിക്കുന്നതോടെ അവന്റെ കര്‍മങ്ങള്‍ നിലച്ചുപോകുന്നു; പ്രയോജനം നിലനില്‍ക്കുന്ന ദാനം, ഉപകരിപ്പെടുന്ന അവന്റെ അറിവ്, അവനുവേണ്ടി പ്രാര്‍ഥിക്കുന്ന സുകൃതവാനായ സന്തതി എന്നിവയൊഴികെ'' (മുസ്‌ലിം).

പ്രയോജനം നിലനില്‍ക്കുന്ന ദാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വക്വ്ഫ് ചെയ്തത് എന്നാണ്.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ''താന്‍ പഠിപ്പിച്ചതും പ്രചരിപ്പി ച്ചതുമായ വിജ്ഞാനം, താന്‍ (ഇഹലോകത്തില്‍) വിട്ടിട്ടു പോയ സല്‍കര്‍മിയായ സന്താനം, അനന്ത രമാക്കിയ മുസ്വ്ഹഫ്, നിര്‍മിച്ച പള്ളി, താന്‍ വഴിയാത്രക്കാര്‍ക്കുവേണ്ടി നിര്‍മിച്ച വീട്, താന്‍ ഒഴുക്കിയ പുഴ, തന്റെ ജീവിതകാലത്തും ആരോഗ്യസമയത്തും താന്‍ നല്‍കിയ ദാനം എന്നിവയെല്ലാം സത്യവി ശ്വാസിക്ക് തന്റെ മരണശേഷവും വന്നണയുന്ന കര്‍മങ്ങളില്‍ പെട്ടതാണ്; ഇവ അവന്റെ മരണശേഷം അവന്റെയടുത്ത് വന്നുചേരുന്നതാണ്'' (സുനനുഇബ്‌നിമാജഃ. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

അബൂഉമാമതുല്‍ ബാഹിലി(റ)യില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ''നാലു കൂട്ടര്‍, അവരുടെ പ്രതിഫലങ്ങള്‍ മരണശേഷവും അവര്‍ക്ക് വന്നുകൊണ്ടിരിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്നയാള്‍, ഒരാള്‍ ഒരു കര്‍മം ചെയ്തു; അയാള്‍ ചെയ്തതുപോലുള്ളത് അയാള്‍ക്ക് വന്നു കൊണ്ടിരിക്കും. ഒരാള്‍ ഒരു ദാനം ചെയ്തു; പ്രസ്തുത ദാനംനിലനില്‍ക്കുന്ന കാലമത്രയും അതിന്റെ പ്രതിഫലം അയാള്‍ക്കുണ്ടായിരിക്കും. ഒരാള്‍ സല്‍കര്‍മകാരിയായ സന്തതിയെ വിട്ടേച്ചു; പ്രസ്തുത സന്തതി അയാള്‍ക്കുവേണ്ടി പ്രാര്‍ഥന ചെയ്യുന്നു'' (മുസ്‌നദു അഹ് മദ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ താങ്കള്‍ ചെലവഴിച്ച ദീനാര്‍, അടിമമോചനത്തിനു താങ്കള്‍ ചെലവഴിച്ച ദീനാര്‍, ഒരു സാധുവിന് താങ്കള്‍ ചെലവഴിച്ച ദീനാര്‍, കുടുംബത്തിനു താങ്കള്‍ ചെലവഴിച്ച ദീനാര്‍; ഇതില്‍ ഏറ്റവും മഹത്തായ പ്രതിഫലമുള്ളത് താങ്കളുടെ കുടുംബത്തിന് ചെലവഴിച്ചതാകുന്നു'' (മുസ്‌ലിം).

അബൂദര്‍റി(റ)ല്‍ നിന്നു നിവേദനം: ''തിരുനബി ﷺ  കഅ്ബയുടെ തണലില്‍ ഇരിക്കുന്നവനായിരിക്കെ ഞാന്‍ തിരുമേനിയുടെ അടുക്കല്‍ ചെന്നു. എന്നെ കണ്ടപ്പോള്‍ തിരുമേനി എന്നോട് പറഞ്ഞു: 'അല്ലാഹുവാണേ സത്യം, അവരാകുന്നു നഷ്ടക്കാര്‍.' അങ്ങനെ ഞാന്‍ ചെന്നിരുന്നു. പിന്നീട് താമസംവിനാ ഞാന്‍ എഴുന്നേറ്റു. ഞാന്‍ ചോദിച്ചു: 'തിരുദൂതരേ, ആരാണവര്‍?' തിരുമേനി ﷺ  പറഞ്ഞു: 'അവരാകുന്നു സമ്പത്ത് കൂടിയവര്‍. തന്റെ മുന്നിലും പിന്നിലും വലതും ഇടതും ഭാഗങ്ങളില്‍ കൈകള്‍ കൊണ്ട് ഇപ്രകാരം ദാനം നല്‍കിയവര്‍ ഒഴിച്ച്. അവരാകട്ടെ വളരെ കുറവാകുന്നു...''(മുസ്‌ലിം).

അനസി(റ)ല്‍ നിന്ന് നിവേദനം: ''അല്ലാഹുവിന്റെ തിരുദൂതര്‍ ഇസ്‌ലാമിന്റെ പേരില്‍ വല്ലതും ചോദിച്ചാല്‍ അത് നല്‍കാതിരുന്നിട്ടില്ല. ഒരു വ്യക്തി തിരുദൂതരുടെ അടുക്കല്‍വന്നു. അപ്പോള്‍ ഇരുമലകള്‍ക്ക് ഇടയിലുായിരുന്ന ആട്ടിന്‍ പറ്റത്തെ തിരുമേനി അയാള്‍ക്കു നല്‍കി. അയാള്‍ തന്റെ ജനതയിലേക്ക് മടങ്ങി. അയാള്‍ പറഞ്ഞു: ജനങ്ങളെ നിങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുക. കാരണം, മുഹമ്മദ് ദാരിദ്ര്യം ഭയക്കാത്തവിധം വമ്പിച്ച ഔദാര്യം നല്‍കുന്നു''(മുസ്‌ലിം).

അല്ലാഹുവിന്റെ റസൂല്‍ ﷺ  അബൂദര്‍റി(റ)നോട് പറഞ്ഞു:

''അബൂദര്‍റ്, ഉഹദ് മലയോളം സ്വര്‍ണം എനിക്ക് ഉണ്ടാവുകയും അതില്‍ ഒരു ദീനാര്‍ എന്റെ കയ്യില്‍ ബാക്കി ഉണ്ടാവുകയും അല്ലാഹുവിന്റെ അടിയാറുകള്‍ക്കിടയില്‍ അത് ഇപ്രകാരം വീതിച്ചുനല്‍കാതെ ( തിരുമേനി തന്റെ കൈകൊണ്ട് ഞങ്ങള്‍ക്കത്കാണിച്ചുതന്നു) ഒന്നോ അല്ലെങ്കില്‍ മൂന്നോ രാത്രി എനിക്ക് വരുകയും ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല; കടം വീട്ടുവാന്‍ ഞാന്‍ എടുത്തുവെക്കുന്ന ദീനാര്‍ ഒഴികെ.'' എന്നിട്ട് (തിരുമേനി) പറഞ്ഞു: ''അബൂദര്‍റ്!'' ഞാന്‍ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, ഞാനിതാ അങ്ങേക്ക് ഉത്തരം ചെയ്യുന്നു. അതില്‍ ഞാന്‍ സൗഭാഗ്യം കാണുകയും ചെയ്യുന്നു.'' തിരുമേനി ﷺ  പറഞ്ഞു: ''(സമ്പത്ത്) കൂടിയവര്‍, അവരാണ് അന്ത്യനാളില്‍ (നന്മകള്‍) കുറഞ്ഞവര്‍; തന്റെ കൈകള്‍ കൊണ്ട് ഇപ്രകാരം നല്‍കിയവര്‍ ഒഴിച്ച്'' (ബുഖാരി, മുസ്‌ലിം).

ഉമറി(റ)ന്റെ ദാനശീലത്തെ അറിയിക്കുന്ന ഒരു സംഭവം ഇപ്രകാരമുണ്ട്: അദ്ദേഹത്തിന് ഖയ്‌റില്‍ നിന്ന് ഒരു ഭൂസ്വത്ത് ലഭിച്ചു. അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ തിരുദൂതരേ, ഖയ്‌റില്‍ അല്‍പം ഭൂസ്വത്ത് ലഭിച്ചിട്ടുണ്ട്. അതിനെക്കാള്‍ അമൂല്യമായ സ്വത്ത്എനിക്ക് ലഭിച്ചിട്ടേയില്ല. താങ്കള്‍ എന്നോട് എന്താണ് കല്‍പിക്കുന്നത്?' നബി ﷺ  പറഞ്ഞു: 'താങ്കള്‍ക്ക് അതിന്റെ അടിസ്ഥാനം നിലനിര്‍ത്തികൊണ്ടുതന്നെ അതുകൊണ്ട് ദാനം ചെയ്യാം. എന്നാല്‍ അതിന്റെ അടിസ്ഥാനം വില്‍ക്കപ്പെടാവതോ ദാനം ചെയ്യപ്പെടാവ തോ അനന്തമെടുക്കപ്പെടാവതോ അല്ല''(ബുഖാരി).

സാധുക്കളുടെ പിതാവ് എന്ന ഖ്യാതിയുള്ള സ്വഹാബിയാണ് ജഅ്ഫര്‍ ഇബ്‌നു അബീത്വാലിബ്(റ). അഗതികള്‍ക്ക് അന്നം നല്‍കുകയും അശരണരെ സഹായിക്കുകയും ചെയ്തിരുന്നതിനാലാണ് അദ്ദേഹം അബുല്‍മസാകീന്‍, അല്‍ജവ്വാദ് എന്നീ പേരുകള്‍ക്ക് അര്‍ഹനായത്. അദ്ദേഹത്തിന്റെ ദാനശീലം അറിയിക്കുന്ന ഒരു സംഭവം അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്:

 ''സാധുക്കള്‍ക്ക് ഏറ്റവും ഉത്തമനായിരുന്നു ജഅ്ഫര്‍ ഇബ്‌നുഅബീത്വാലിബ്. അദ്ദേഹം ഞങ്ങളെയും കൊണ്ട് പോവുകയും അദ്ദേഹത്തിന്റെ വീട്ടിലുള്ളത് ഞങ്ങളെ തീറ്റുകയും ചെയ്യുമായിരുന്നു. എത്രത്തോള മെന്നാല്‍ യാതൊന്നുമില്ലാത്ത നെയ്യിന്റെ തോല്‍പാത്രം അദ്ദേഹം പുറത്തെടുത്ത് അതു പിളര്‍ത്തുകയും അതിലുള്ളത് ഞങ്ങള്‍ നക്കിത്തുടച്ചു തിന്നുകയും ചെയ്യുമായിരുന്നു'' (ബുഖാരി).

അല്ലാഹു ഒരാള്‍ക്ക് നല്‍കിയ അനുഗ്രഹത്തില്‍ അയാളോട് അസൂയവെക്കാനും അതില്‍ മോഹം വെക്കാനും വിശ്വാസിക്കു പാടുള്ളതല്ല. എന്നാല്‍ ഒരു വിശ്വാസിക്കു മോഹം വെക്കുവാന്‍ രണ്ടുവേദികളെ തിരുമേനി പഠിപ്പിക്കുന്നതു നോക്കൂ!

അബൂഹുറയ്‌റ(റ)യില്‍നിന്നും നിവേദനം. തിരുമേനി ﷺ  പറഞ്ഞു: ''രണ്ട് കാര്യങ്ങളിലല്ലാതെ അസൂയ ഇല്ല. ഒരാള്‍, അല്ലാഹു അയാള്‍ക്ക് ക്വുര്‍ആന്‍ പഠിപ്പിച്ചു. അയാളാകട്ടെ രാപ്പകലുകളില്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നു. അപ്പോള്‍ അയാളുടെ അയല്‍വാസി അതു കേള്‍ക്കുകയും ശേഷം പറയുകയും ചെയ്യുന്നു: 'എനിക്കും ഇയാള്‍ക്ക് നല്‍കപ്പെട്ടതുപോലെ നല്‍കപ്പെട്ടിരുന്നുവെങ്കില്‍; അയാള്‍ അനുഷ്ഠിക്കുന്നതുപോലെ കര്‍മങ്ങള്‍ ഞാനും അനുഷ്ഠിക്കുമായിരുന്നു. മറ്റൊരാള്‍, അല്ലാഹു അയാള്‍ക്ക് സമ്പത്തു നല്‍കി. അയാളാകട്ടെ ആ സമ്പത്ത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യഥേഷ്ടം ചെലവഴിക്കുന്നു. ഒരാള്‍ അപ്പോള്‍ പറയുന്നു: ഇയാള്‍ക്ക് നല്‍കപ്പെട്ടിരുന്നതു പോലെ എനിക്കും നല്‍കപ്പെട്ടിരുന്നുവെങ്കില്‍; അയാള്‍ അനുഷ്ഠിക്കുന്നതു പോലെ കര്‍മങ്ങള്‍ ഞാനും അനുഷ്ഠിക്കുമായിരുന്നു''(ബുഖാരി).

അബ്ദുല്ലാഹ് ഇബ്‌നുഉമറി(റ)ല്‍നിന്നു നിവേദനം. തിരുദൂതര്‍ പറഞ്ഞു:''രണ്ടു കാര്യങ്ങളിലല്ലാതെ അസൂയ ഇല്ല. ഒരാള്‍, അല്ലാഹു അയാള്‍ക്ക് ക്വുര്‍ആന്‍ നല്‍കി; അതുകൊണ്ട് അയാള്‍ രാപ്പകലുകളില്‍ പാരായണം ചെയ്യുന്നു. മറ്റൊരാള്‍, അയാള്‍ക്ക് അല്ലാഹു സമ്പത്ത് നല്‍കി; അയാളാകട്ടെ രാപ്പകലുകളില്‍ അതുകൊണ്ട് ദാനം ചെയ്യുന്നു''(ബുഖാരി).