തമാശയും സഹായവും

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 സെപ്തംബര്‍ 05 1442 മുഹര്‍റം 17

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍ 31)

അനിഷ്ടങ്ങളും പരിഹാസങ്ങളും കലരുകയോ സമ്മാനിക്കുകയോ ചെയ്യാത്ത വിധമുള്ള തമാശകളും നര്‍മങ്ങളും മറ്റുള്ളവരെ വശീകരിക്കുകയും അവരുടെ ഇഷ്ടം നേടിത്തരികയും ചെയ്യും. തമാശകള്‍ ഒരിക്കലും കൂടുതലാവരുത്. അപ്രകാരം അന്യരുടെ മനസ്സില്‍ മുറിവുകള്‍ വീഴ്ത്തുന്നതും സത്യത്തെ തമസ്‌കരിക്കുന്നതും അസത്യം സ്ഥാപിക്കുന്നതും ആവരുത്. അഭിസംബോധന ചെയ്യുന്നവന്റെ മനസ്സിനെ സന്തോഷിപ്പിക്കുന്നതാവണം തമാശ.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; സ്വഹാബികള്‍ ഒരിക്കല്‍ ചോദിച്ചു: ''അല്ലാഹുവിന്റെ തിരുദതരേ, നിങ്ങള്‍ ഞങ്ങളോട് തമാശ പറയുന്നുവല്ലോ!'' തിരുമേനി ﷺ  പറഞ്ഞു: ''ഞാന്‍ സത്യമേ പറയൂ''(സുനനുത്തുര്‍മുദി, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഇബ്‌നുഉമറി(റ)ല്‍നിന്ന് നിവേദനം; തിരുദൂതര് ﷺ  പറഞ്ഞു:''നിശ്ചയം, ഞാന്‍ തമാശ പറയും. ഞാന്‍ സത്യമേ പറയൂ'' (മുഅ്ജമുത്ത്വബ്‌റാനി, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഇമാം സുഫ്‌യാന്‍ ഇബ്‌നു ഉയയ്‌നയോട് പറയപ്പെട്ടു: ''തമാശ സുബ്ബത്ത് (ആക്ഷേപം) ആണ്.'' അദ്ദേഹം പ്രതികരിച്ചു: ''അല്ല, തമാശ സുന്നത്താണ്; അത് നന്നായി അവതരിപ്പിക്കുന്നവര്‍ക്ക്. ജനങ്ങള്‍ തിരുനബി ﷺ യെ അനുധാവനം ചെയ്യുവാനും തിരുചര്യ പിന്‍പറ്റുവാനും കല്‍പിക്കപെട്ടവരായതിനാലാണ് അവിടുന്ന് തമാശ പറഞ്ഞിരുന്നത്. അഥവാ ജനങ്ങള്‍ തമാശ പറയുവാനാണ് തിരുനബി തമാശ പറഞ്ഞത്'' (ഫയ്ദ്വുല്‍ക്വദീര്‍, മനാവി).

എപ്പോഴും തമാശ ആയിക്കൂടാ. അധികരിച്ചുള്ള തമാശകള്‍ മനസ്സിനെ കടുപ്പിക്കുകയും മനുഷ്യത്വം നശിപ്പിക്കുകയും മാന്യത നഷ്ടപ്പെടുത്തുകയും ചെയ്യും. മനസ്സ് ലോലമാവുകയും ഉല്‍ബോധനങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ പര്യാപ്തമാവുകയുമാണ് വേണ്ടത്. തമാശ പറഞ്ഞ് ചിരിക്കുന്ന ഒരു വിഭാഗത്തിനരികിലൂടെ തിരുനബി ﷺ  നടന്നപ്പോള്‍ അവിടുന്ന് അവരോട് പറഞ്ഞു: ''നിങ്ങള്‍ ആസ്വാദനങ്ങളെ തകര്‍ക്കുന്ന മരണത്തെ സ്മരിക്കുന്നത് വര്‍ധിപ്പിക്കുക. കാരണം, ജീവിതത്തിന്റെ ഞെരുക്കത്തില്‍ വല്ലവനും മരണത്തെ ഓര്‍ത്താല്‍ അത് ജീവിതത്തെ അവനു വിശാലമാക്കും. ജീവിതത്തിന്റെ വിശാലതയില്‍ വല്ലവനും മരണത്തെ ഓര്‍ത്താല്‍ അത് അവന് ജീവിതത്തെ കുടുസ്സുമാക്കും''(അല്‍ബസ്സാര്‍. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്).

കേവലം ആളുകളെ ചിരിപ്പിക്കുക എന്ന ലക്ഷ്യത്തിനു മാത്രം വ്യാജ വര്‍ത്തമാനങ്ങള്‍ പടക്കുന്നവര്‍ മുന്നറിയിപ്പുകള്‍ സൂക്ഷിക്കേതുണ്ട്. ഒരിക്കല്‍ തിരുനബി ﷺ  പറഞ്ഞു: ''സംസാരിക്കുകയും ജനങ്ങളെ ചിരിപ്പിക്കുവാന്‍ വേണ്ടി കളവുപറയുകയും ചെയ്യുന്നവന് നാശം. അവനാകുന്നു നാശം. അവനാകുന്നു നാശം'' (സുനനു അബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

അബൂ ഉമാമ(റ)യില്‍നിന്ന് നിവേദനം; തിരുദൂതര്  ﷺ  പറഞ്ഞു: ''തര്‍ക്കം ഉപേക്ഷിക്കുന്നവന് സ്വര്‍ഗത്തിന് ചുറ്റിലായി ഒരു വീടിന് ഞാന്‍ ജാമ്യം നില്‍ക്കുന്നു; താന്‍ പറയുന്നത് സത്യമാണെങ്കിലും ശരി. കളവ് ഉപേക്ഷിക്കുന്നവന് സ്വര്‍ഗത്തിന്റെ നടുവില്‍ ഒരു വീടിന് ഞാന്‍ ജാമ്യം നില്‍ക്കുന്നു; താന്‍ പറയുന്നത് തമാശക്കാണെങ്കിലും ശരി'' (സുനനു അബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

തിരുദൂതര് ﷺ  തമാശ കാണിച്ച ചില രംഗങ്ങള്‍ ഇവിടെ നല്‍കാം. അനസി(റ)ല്‍ നിന്ന് നിവേദനം: ''ഗ്രാമീണരില്‍ പെട്ട ഒരു വ്യക്തി; അദ്ദേഹത്തിന്റെ പേര് സാഹിര്‍ എന്നായിരുന്നു. ഗ്രാമത്തില്‍നിന്നുള്ള സമ്മാനങ്ങള്‍ അദ്ദേഹം തിരുമേനിക്ക് സമ്മാനിക്കാറുണ്ടായിരുന്നു. അദ്ദേഹം ഗ്രാമത്തിലേക്ക് പുറപ്പെടുവാനുദ്ദേശിക്കുമ്പോള്‍ മദീനഃയിലെ വിഭവങ്ങള്‍ തയ്യാറാക്കി നല്‍കാറുണ്ടായിരുന്നു. തിരുനബി പറയും: 'സാഹിര്‍, നമുക്ക് ഗ്രാമീണതയിലെ വിഭവങ്ങള്‍ എത്തിക്കുന്നു. നാം അദ്ദേഹത്തിനു നാട്ടിലെ വിഭവങ്ങളും ഒരുക്കുന്നു.' തിരുനബി ﷺ  അദ്ദേഹത്തെ ഇഷ്ടപെട്ടിരുന്നു. അദ്ദേഹമാകട്ടെ വിരൂപനായ ഒരു വ്യക്തിയായിരുന്നു. ഒരുദിവസം സാഹിര്‍ തന്റെ ചരക്കുകള്‍ വിറ്റുകൊണ്ടിരിക്കെ തിരുനബി അദ്ദേഹത്തിനരികില്‍ചെന്നു. അദ്ദേഹം കാണാത്ത വിധം തിരുമേനി പിന്നില്‍നിന്ന് അദ്ദേഹത്തെ അരക്കെട്ടില്‍ അണച്ചുപിടിച്ചു. സാഹിര്‍ പറഞ്ഞു: 'ആരാണിത്? എന്നെ വിടൂ.' അദ്ദേഹം തിരിഞ്ഞ് നോക്കിയപ്പോള്‍ നബി ﷺ യെ തിരിച്ചറിഞ്ഞു. തിരച്ചറിഞ്ഞ വേളയില്‍ തിരുമേനിയുടെ മാറിടം തന്റെ മുതുകില്‍ അമര്‍ന്നഭാഗം അദ്ദേഹം കൂടുതല്‍ ചേര്‍ത്തുപിടിക്കുവാന്‍ തുടങ്ങി. തിരുമേനി പറഞ്ഞു: 'ആരാണ് ഈഅടിമയെ വാങ്ങിക്കുക?' അദ്ദേഹം പറഞ്ഞു: എങ്കില്‍ അല്ലാഹുവാണേ, തിരുദൂതരേ വില കുറഞ്ഞ ചരക്കായേ താങ്കള്‍ എന്നെ കണ്ടെത്തുകയുള്ളൂ. അപ്പോള്‍ തിരുമേനി ﷺ  പറഞ്ഞു: 'അല്ല, താങ്കള്‍ അല്ലാഹുവിങ്കല്‍ വിലകുറഞ്ഞ ചരക്കല്ല.' അല്ലെങ്കില്‍ തിരുമേനി പറഞ്ഞു: 'താങ്കള്‍ അല്ലാഹുവിങ്കല്‍ വിലകൂടിയ വിഭവമാകുന്നു'' (മുസ്‌നദു അഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

അനസി(റ)ല്‍നിന്ന് നിവേദനം: ''ഒരു വ്യക്തി തിരുദൂതരോട് തന്നെ ഒരു ഒട്ടകപ്പുറത്ത് വഹിക്കണമെന്ന് ആവശ്യപ്പെട്ടു. തിരുമേനി ﷺ  പറഞ്ഞു: 'ഞാന്‍ താങ്കളെ ഒരു പെണ്ണൊട്ടകക്കുട്ടിയുടെ പുറത്ത് വഹിക്കാം.' അയാള്‍ പറഞ്ഞു: 'തിരുദൂതരേ, ഒട്ടകക്കുട്ടിയെ കൊണ്ട് ഞാന്‍ എന്തു ചെയ്യാനാണ്?' നബി ﷺ  പറഞ്ഞു: 'ഒട്ടകങ്ങളെ പെണ്ണൊട്ടകങ്ങളല്ലാതെ പ്രസവിക്കുമോ?''(സുനനു അബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ആഇശ(റ)യില്‍നിന്ന് നിവേദനം: ''ബനൂആമിര്‍ ഗോത്രത്തില്‍ പെട്ട ഒരു വൃദ്ധ എന്റെ അടുക്കല്‍ ഉണ്ടായിരിക്കെ അല്ലാഹുവിന്റെ തിരുദൂതര്‍ എന്റെ അടുക്കലേക്ക് കടന്നുവന്നു. തിരുമേനി ﷺ  ചോദിച്ചു: 'ആരാണ് ഈ വൃദ്ധ സ്ത്രീ?' ഞാന്‍ പറഞ്ഞു: 'എന്റെ മാതൃസഹോദരിയാണ്.' അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ തിരുദൂതരേ, എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുവാന്‍ താങ്കള്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചാലും.' തിരുമേനി പ്രതികരിച്ചു: 'മഹതീ, നിശ്ചയം ഒരു വൃദ്ധയും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.' അതോടെ അവര്‍ കരഞ്ഞുകൊണ്ട് തിരിച്ചുപോയി. ഉടന്‍ തിരുമേനി പറഞ്ഞു: 'അവര്‍ വൃദ്ധയായിക്കൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്ന് അവരോട് പറയുക. കാരണം അല്ലാഹു പറയുന്നു: തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്. അങ്ങനെ അവരെ നാം കന്യകമാരും സ്‌നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു'' (ക്വുര്‍ആന്‍ 56:35-37) (അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

സഹായം

സഹോദരന്റെ പ്രയാസങ്ങള്‍ പരിഹരിക്കുന്ന മാര്‍ഗേണ സഹായഹസ്തം നീട്ടുവാനുള്ള ത്വര ഏറെ ശ്ലാഘനീയമാണ്. മതപരമായ ശാസനകളും പ്രോത്സാഹനങ്ങളും സഹായസഹകരണങ്ങളുടെ വിഷയത്തില്‍ ഏറെയാണ്. അല്ലാഹു—പറഞ്ഞു:

''ഇനി മതകാര്യത്തില്‍ അവര്‍ നിങ്ങളുടെ സഹായം തേടുകയാണെങ്കില്‍ സഹായിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ നിങ്ങളുമായി കരാറിലേര്‍പ്പെട്ടു കഴിയുന്ന ജനതക്കെതിരായി (നിങ്ങളവരെ സഹായിക്കുവാന്‍) പാടുള്ളതല്ല'' (ക്വുര്‍ആന്‍ 8:72).

''...പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്''(ക്വുര്‍ആന്‍ 5:2).

അബ്ദുല്ലാഹ് ഇബ്‌നുഉമറി(റ)ല്‍നിന്ന് നിവേദനം. തിരുദൂതര് ﷺ  പറഞ്ഞു: ''ജനങ്ങളില്‍ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടവര്‍ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരമുള്ളവരാണ്. പ്രവൃത്തികളില്‍ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, ഒരു മുസ്‌ലിമിന്റെ മനസ്സിലേക്ക് പ്രവേശിപ്പിക്കുന്ന സന്തോഷമാണ്. അല്ലെങ്കില്‍ അവനില്‍നിന്ന് ഒരുപ്രയാസം നീക്കുകയോ, അവന്റെ കടം വീട്ടിക്കൊടുക്കുകയോ, അവന്റെ വിശപ്പ് ശമിപ്പിക്കുകയോ ചെയ്യലാണ്. ഒരു സഹോദരനോടൊപ്പം ഒരു ആവശ്യം വീട്ടുന്നതുവരെ ഞാന്‍ അതിനുവേണ്ടി നടക്കലാണ് എനിക്ക് ഈ പള്ളി(മസ്ജിദുന്നബവി)യില്‍ ഒരു മാസം ഇഅ്തികാഫ് ഇരിക്കുന്നതിനെക്കാള്‍ ഏറെ ഇഷ്ടകരം... ഒരാള്‍ തന്റെ മുസ്‌ലിമായ സഹോദരനോടൊപ്പം അദ്ദേഹത്തിന്റെ ഒരാവശ്യം നിര്‍വഹിച്ചുകൊടുക്കുന്നതുവരെ നടന്നുപോവുകയാണ്, എങ്കില്‍ അയാളുടെ കാല്‍പാദങ്ങളെ അല്ലാഹു, കാലുകള്‍ പതറുന്ന നാളില്‍(അന്ത്യനാളില്‍) ഉറപ്പിച്ചുനിര്‍ത്തും''(ത്വബ്‌റാനി, അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു).

അനസി(റ)ല്‍നിന്ന് നിവേദനം. തിരുദൂതര് ﷺ  പറഞ്ഞു: ''നിന്റെ സഹോദരനെ അവന്‍ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും നീ സഹായിക്കുക.'' അപ്പോള്‍ ഒരാള്‍ ചോദിച്ചു: ''തിരുദൂതരേ, അക്രമിക്കപ്പെട്ടവനാണെങ്കില്‍ എനിക്കവനെ സഹായിക്കാം. അവന്‍ അക്രമിയാണെങ്കില്‍ ഞാന്‍ എങ്ങനെ അവനെ സഹായിക്കും?'' ''നീ അവനെ അക്രമത്തില്‍നിന്ന് തടയണം. നിശ്ചയം അതാണ് അവനുള്ള സഹായം'' (ബുഖാരി).

ജാബിറി(റ)ല്‍നിന്നുള്ള മറ്റൊരു ഹദീഥില്‍ ഇപ്രകാരമാണുള്ളത്: ''അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും ഒരാള്‍ തന്റെ സഹോദരനെ സഹായിക്കട്ടെ.'' അപ്പോള്‍ ഒരാള്‍ ചോദിച്ചു: ''സഹോദരന്‍ അക്രമിക്കപ്പെട്ടവനാണെങ്കില്‍ അവനെ സഹായിക്കണം. അവന്‍ അക്രമിയാണെങ്കില്‍ അവനെ അക്രമത്തില്‍നിന്ന് തടയണം''(ബുഖാരി).

ബര്‍റാഅ് ഇബ്‌നുആസിബി(റ)ല്‍നിന്ന് നിവേദനം: ''രോഗസന്ദര്‍ശനം, ജനാസയെ അനുഗമിക്കല്‍, തുമ്മിയവനെ തശ്മീത്ത് ചെയ്യല്‍, ദുര്‍ബലനെ സഹായിക്കല്‍, മര്‍ദിതനെ തുണക്കല്‍, സലാം വ്യാപിപ്പിക്കല്‍, സത്യം ചെയ്തത് നിറവേറ്റല്‍ എന്നീ ഏഴു കാര്യങ്ങള്‍കൊണ്ട് തിരുദൂതന്‍ ഞങ്ങളോടു കല്‍പിച്ചു'' (ബുഖാരി).

അന്യരെ സഹായിക്കുന്നതിന്റെ മഹത്ത്വമറിയിക്കുന്ന തിരുമൊഴികള്‍ ധാരാളമാണ്. തിരുദൂതന് ﷺ പറഞ്ഞു: ''അല്ലാഹു ഒരു അടിമയുടെ സഹായിയാണ്; അയാള്‍ തന്റെ സഹോദരനെ സഹായിക്കുന്ന കാലത്തോളം...'' (മുസ്‌ലിം).

''ഒരാള്‍ സ്വസഹോദരനെ അവന്റെ അസാന്നിധ്യത്തില്‍ സഹായിച്ചാല്‍ അല്ലാഹു അവനെ ഇഹത്തിലും പരത്തിലും സഹായിക്കും.'' സഹായിക്കും''(സുനനുല്‍ബയ്ഹക്വി. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

തിരുനബി ﷺ യുടെ സവിശേഷ സ്വഭാവമായിരുന്നു അഗതികളെയും അശരണരെയും സഹായിക്കല്‍. വഹ്‌യു ലഭിച്ച ആദ്യനാളില്‍ ഭയന്നും പനിപിടിച്ചും ഭാര്യ ഖദീജ(റ)യുടെ അടുക്കലെത്തിയ തിരുനബി ﷺ യെ സമാശ്വസിപ്പിച്ച് അവര്‍ പറഞ്ഞു:

''ഒരിക്കലും ഭയപ്പെടേണ്ട. താങ്കള്‍ സന്തോഷിക്കുക. അല്ലാഹുവാണേ, അല്ലാഹു താങ്കളെ ഒരിക്കലും അപമാനിക്കുകയില്ല. താങ്കള്‍ കുടുംബ ബന്ധം ചാര്‍ത്തുന്നു. വര്‍ത്തമാനത്തില്‍ സത്യസന്ധത പുലര്‍ത്തുന്നു. ഭാരം പേറുന്നവന്റെ ഭാരം താങ്ങുന്നു. ധനം നിഷേധിക്കപ്പെട്ടവന് നേടിക്കൊടുക്കുന്നു. അഥിതിയെ സല്‍കരിക്കുന്നു. ആപത്തുകളില്‍ സഹായം നല്‍കുകയും ചെയ്യുന്നു''(ബുഖാരി).

ക്വിബ്ത്വികളുടെ മര്‍ദനങ്ങളിലും പരിഹാസങ്ങളിലും പൊറുതിമുട്ടുന്നവരായിരുന്നു ഇസ്‌റാഈല്യര്‍ ഈജിപ്തില്‍. അന്നാളുകളില്‍ മൂസാനബി(അ)യോട് സഹായമഭ്യര്‍ഥിക്കുകയും അദ്ദേഹം സഹായിക്കുവാനൊരുങ്ങുകയും ചെയ്ത ഇസ്‌റാഈല്യരുടെ കഥ വിശുദ്ധ ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്:

''അങ്ങനെ അദ്ദേഹം(മൂസാ) ശക്തി പ്രാപിക്കുകയും, പാകത എത്തുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നല്‍കി. അപ്രകാരമാണ് സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്. പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നുചെന്നു. അപ്പോള്‍ അവിടെ രണ്ടു പുരുഷന്മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി. അപ്പോള്‍ മൂസാ അവനെ മുഷ്ടി ചുരുട്ടി ഇടിച്ചു. അതവന്റെ കഥ കഴിച്ചു. മൂസാ പറഞ്ഞു: ഇത് പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു'' (ക്വുര്‍ആന്‍ 28:14,15)