കൊറോണ: ചില ചിന്തകള്‍

മുബാറക് ബിന്‍ ഉമര്‍

2020 ഏപ്രില്‍ 11 1441 ശഅബാന്‍ 18

മനുഷ്യന്റെ നിസ്സഹായാവസ്ഥ ഇത്രയും വെളിപ്പെട്ട ഒരു സന്ദര്‍ഭം ഇതുപോലെ എന്റെ ജീവിതത്തില്‍ കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയില്‍ കണ്ടിട്ടില്ല! ടെക്‌നോളജി ഇത്രയും പുരോഗതി പ്രാപിച്ച ഒരു കാലത്ത് അവന്‍ 'കെട്ടിപ്പൊക്കിയ സൗധങ്ങള്‍' എത്ര ദുര്‍ബലമാണെന്ന് ലോകം ഇതുപോലെ മനസ്സിലാക്കിയ കാലം മുമ്പുണ്ടായതായി അറിയില്ല. കണ്ണില്‍ കാണാത്ത ഒരു രോഗാണു ലോകത്തെ പിടിച്ചുകുലുക്കിയിരിക്കുന്നു!

എന്താണുണ്ടായത്? ചൈനയില്‍ നിന്നാണ് തുടക്കം എന്ന് മീഡിയ പറയുന്നു. ചൈനയില്‍ നിന്നും വിലകുറഞ്ഞ ആകര്‍ഷകമായ ഉല്‍പന്നങ്ങള്‍ ലോകമെമ്പാടും എത്തുന്നുണ്ട്. നമ്മുടെ നാട്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും വമ്പന്‍ മാളുകളിലും മാത്രമല്ല, സാദാ കടകളില്‍വരെ ചൈനീസ് നിര്‍മിത വസ്തുക്കള്‍ ധാരാളമായി കാണാം. എന്നാല്‍ കമ്യൂണിസത്തോടൊപ്പം വന്ന ഇരുമ്പുമറ ചൈനയില്‍ നിന്നിതുവരെ മാറിപ്പോയിട്ടില്ല. കുപ്രസിദ്ധമായ ടിയാനന്‍മെന്‍സ്‌ക്വയര്‍ കൂട്ടക്കൊല(1989)യില്‍ എത്രപേര്‍ വെടികൊണ്ടുമരിച്ചുവീണു എന്ന് കൃത്യമായി ഇന്നുമാര്‍ക്കുമറിയില്ല! എന്താണ് ചൈനയില്‍ നടക്കുന്നതെന്ന് ഔദ്യോഗികമായി സര്‍ക്കാര്‍ അധികൃതര്‍ പറയുന്നതല്ലാതെ മറ്റൊന്നും ഇന്നും ലോകത്തിന്നറിയില്ല. ഇരുമ്പുമറക്ക് തടഞ്ഞുനിര്‍ത്താന്‍ കഴിയാത്ത വാട്‌സാപ്പ് വിവരങ്ങളില്‍ ചിലത് വേദനാജനകം തന്നെയാണ്. ഉയ്ഗൂര്‍ മുസ്‌ലിംകളുടെ പീഡനമാണ് വിവരം. ആയിരക്കണക്കിന് മുസ്‌ലിംകള്‍ ചൈനയില്‍ പീഡിപ്പിക്കപ്പെടുന്നു എന്നും അവര്‍ക്ക് ഒട്ടും മതസ്വാതന്ത്ര്യമില്ല എന്നുമൊക്കെയാണറിയുന്നത്. അതിനിടയിലാണ് ഒരു വാര്‍ത്ത പൊട്ടിപ്പുറപ്പെടുന്നത്. പുതിയൊരു രോഗം കാട്ടുതീ പോലെ പടര്‍ന്നുപിടിക്കുന്നു, അത്യന്തം മാരകമാണ്, ചികിത്സയൊട്ടില്ലതാനും, കൊറോണ എന്നാണ് രോഗാണുവിന്റെ പേര് എന്നൊക്കെയാണ് മാധ്യമങ്ങളില്‍ കണ്ടത്.

പടരാതിരിക്കാനുള്ള മുന്‍കരുതലെടുക്കുക എന്നത് മത്രമെ തല്‍ക്കാലം പരിഹാരമുള്ളൂ എന്നാണ് വൈദ്യശാസ്ത്രലോകം വ്യക്തമാക്കിയത്.രോഗത്തിന്‌യഥാര്‍ഥ ചികിത്സ ഇനിയും കണ്ടെത്താനിരിക്കുന്നതേയുള്ളൂ. ഗവേഷണങ്ങള്‍ ലോകമെമ്പാടും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു.

രോഗമുള്ളവരെ മാറ്റിനിര്‍ത്തുക, സംശയിക്കപ്പെടുന്നവരെ അകറ്റിനിര്‍ത്തുക, കൈ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക, ശുചിത്വം കര്‍ശനമായി പാലിക്കുക ഇതൊക്കെയാണ് ജനങ്ങള്‍ നടപ്പാക്കേണ്ടത് എന്ന് സര്‍ക്കാറും അധികൃതരും ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ മുഹമ്മദ് നബി ﷺ  കൃത്യമായി മനുഷ്യകുലത്തെ പഠിപ്പിച്ചതാണ്. നാടാകെ കൈകഴുകാന്‍ സൗകര്യങ്ങളുണ്ടാക്കിയതായി കാണുന്നു. ഉറങ്ങിയെഴുന്നേല്‍ക്കുന്ന മുസ്‌ലിമിനോട് ആദ്യം കൈകഴുകാനാണ് പ്രവാചകന്‍ പറഞ്ഞിട്ടുള്ളത്. ഒരു തവണ വുദൂഅ് ചെയ്യുമ്പോള്‍ എത്രതവണ കൈകഴുകുന്നുണ്ട് എന്നുനോക്കുക. അങ്ങനെ അഞ്ചുനേരം നമസ്‌കരിക്കുമ്പോഴൊക്കെ ഇതാവര്‍ത്തിക്കപ്പെടുന്നു. വൃത്തിയുടെയും ശുചിത്വത്തിന്റെയും കാര്യം പറയാനുമില്ല. ഈമാനി(സത്യവിശ്വാസം)ന്റെ ഒരു ഭാഗമാണതെന്ന് പ്രവാചകന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. പകരുന്ന രോഗമാണെങ്കില്‍ രോഗിയില്‍നിന്ന് അകന്നുനില്‍ക്കണമെന്ന കാര്യവും പ്രവാചകാധ്യാപനങ്ങളില്‍ പെടുന്നു. പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുഹമ്മദ് നബി ﷺ  ഇതൊക്കെ പഠിപ്പിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ മീഡിയയില്‍ വന്ന വാര്‍ത്ത വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ധിക്കാരിയും അഹങ്കാരിയുമായ മനുഷ്യന്റെ അവസ്ഥ വിചിത്രം തന്നെ! താനാണ് എല്ലാം നിയന്ത്രിക്കുന്നതെന്നും തനിക്ക് മുകളില്‍ ആരുമില്ലെന്നും ശാസ്ത്രീയജ്ഞാനങ്ങള്‍ക്കപ്പുറം ഒന്നുമില്ലായെന്നും അവന്‍ വമ്പുനടിക്കുന്നു. ഇങ്ങനെയുള്ള അഹങ്കാരത്തിന് ഇടയ്ക്ക് ചില കിഴുക്ക് കിട്ടും. മുമ്പൊന്നും കണ്ടിട്ടില്ലാത്ത പ്രതിഭാസങ്ങള്‍ എന്നു പറഞ്ഞ് അവയ്ക്ക് ചില പേരിടും മനുഷ്യര്‍. സുനാമി, കത്രീന... എന്നിങ്ങനെ!

മനുഷ്യന്‍ എത്ര ദുര്‍ബലനാണ് എന്ന് അവന്‍ മനസ്സിലാക്കാത്തതെന്ത്? എല്ലാം തന്റെയും ടെക്‌നോളജിയുടെയും നിയന്ത്രണത്തിലാണെന്ന് വീമ്പടിക്കുന്ന മനുഷ്യന് എന്താണിവിടെ നിയന്ത്രണത്തിലുള്ളത്? തങ്ങളുടെ ശരീരത്തിനകത്തുള്ള ഏതെങ്കിലും വ്യവസ്ഥയില്‍ എന്ത് സ്വാധീനവും നിയന്ത്രണവുമാണ് ഈ ദൈവനിഷേധി അവകാശപ്പെടുന്നത്? അസ്ഥിവ്യവസ്ഥ, പേശീവ്യവസ്ഥ, നാഡീവ്യവസ്ഥ, ദഹനവ്യവസ്ഥ, ശ്വസനവ്യവസ്ഥ, ചംക്രമണവ്യവസ്ഥ, അന്തഃസ്രാവ വ്യവസ്ഥ, മൂത്രവ്യവസ്ഥ, പ്രത്യുല്‍പാദനവ്യവസ്ഥ എന്നിവയാണ് കണിശവും കൃത്യവുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥകള്‍. ഇവയില്‍ മിക്കതും ജനനം വരെ പ്രവര്‍ത്തനരഹിതമായിരുന്നു. ജനനത്തോടുകൂടി ഇവയെല്ലാം സജീവമായി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവയവങ്ങളില്‍ ഏറ്റവും സങ്കീര്‍ണവും അതിശയിപ്പിക്കുന്നതുമായത് മസ്തിഷ്‌കമാണത്രെ. പതിനായിരം കോടി നാഡീകോശങ്ങള്‍ മസ്തിഷ്‌കത്തിലുണ്ട്. ഒരു ശ്വാസകോശത്തില്‍ എണ്‍പതിനായിരത്തിലധികം അന്ത്യശ്വസനികകളും അമ്പത് കോടിയിലധികം വായു അറകളുമുണ്ട്. ഓരോ വൃക്കയിലും പന്ത്രണ്ട് ലക്ഷത്തിലധികം നെഫ്രോണുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നാവില്‍ ഒമ്പതിനായിരം രുചിമുകുളങ്ങളുണ്ട്. ശരീരത്തിന്റെ അവയവം പോകട്ടെ, ഒരു കോശത്തില്‍ എന്തെങ്കിലുമൊരു നിയന്ത്രണം ഈ നിഷേധികള്‍ക്ക് അവകാശപ്പെടാനാവുമോ? നമ്മുടെ ഇഛയ്ക്കനുസരിച്ച് നാം നടക്കുകയും ഇരിക്കുകയും സംസാരിക്കുകയും മറ്റും ചെയ്യുന്നു. നമ്മുടെ ഇഛയ്ക്കനുസരിച്ചല്ല നമ്മുടെ ശരീരത്തിലെ വ്യവസ്ഥകളും അവയവങ്ങളും കോശങ്ങളും പ്രവര്‍ത്തിക്കുന്നത്. ആയിരത്തില്‍ ഒരംശം മാത്രമെ നമ്മുടെ ഇഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് സാമാന്യമായി പറയാം. ബാക്കിയെല്ലാം സ്രഷ്ടാവ് സൃഷ്ടിച്ചുവച്ച വ്യവസ്ഥയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു. ഒരു ചെറിയകാര്യം പറയാം; രാവിലെ ഉറക്കില്‍നിന്നെഴുന്നേറ്റ് ടോയ്‌ലറ്റില്‍ പോയി മൂത്രമൊഴിക്കാനിരുന്നപ്പോള്‍ മൂത്രം വരുന്നില്ല എന്നു കരുതുക, എന്താണ് ഈ അഹങ്കാരികള്‍ ചെയ്യുക? നടക്കുമ്പോള്‍, ഇരിക്കുമ്പോള്‍, പ്രസംഗിക്കുമ്പോള്‍, ഡ്രൈവ്‌ചെയ്യുമ്പോള്‍, കളിക്കുമ്പോള്‍ കുഴഞ്ഞുവീണ് എത്രപേര്‍ മരിക്കുന്നു! എത്ര ദുര്‍ബലനാണ് മനുഷ്യന്‍! അവന്റെ ടെക്‌നോളജിക്കെന്താണ് ചെയ്യാന്‍ കഴിയുക?

പത്തമ്പത് വര്‍ഷംമുമ്പ് ടി.ബി, മലേറിയ, വസൂരി തുടങ്ങിയ രോഗങ്ങളാണ് മാരകമാണെന്ന് കരുതപ്പെട്ടിരുന്നത്. ഇന്ന് ക്യാന്‍സര്‍, ഹൃദയസ്തംഭനം, സ്‌ട്രോക്ക്, പ്രമേഹം, കിഡ്‌നി പ്രവര്‍ത്തനരഹിതമാകല്‍ തുടങ്ങിയവയാണ്. പലതിനും കൃത്യമായ ചികിത്സയില്ല. ഉദാഹരണത്തിന് ക്യാന്‍സര്‍. സെല്ലുകളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണത്രെ ഇത്. എന്തുകൊണ്ട് നിയന്ത്രണമില്ലാതെ സെല്ലുകള്‍ വളരുന്നു? അറിയില്ലത്രെ! കാരണം ശാസ്ത്രത്തിന് പിടികിട്ടിയിട്ടില്ലെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ ചെയ്യുന്നത്, ആ കോശങ്ങള്‍ ഓപ്പറേഷനിലൂടെയോ റേഡിയേഷനിലൂടെയോ മറ്റോ നശിപ്പിച്ചുകളയുകയാണ്. അത് ചികിത്സയല്ലല്ലോ. കൈയില്‍ രോഗം വന്നാല്‍ കൈ വെട്ടിക്കളയുകയല്ല ചികിത്സ. രോഗത്തിന് പരിഹാരം കണ്ടെത്തലാണ്.

മനുഷ്യന് എത്തിപ്പിടിക്കാന്‍ പെട്ടെന്ന് കഴിയാത്ത പല രോഗകാരണങ്ങളും കുറച്ച് കാലത്തേക്കുണ്ടാകും. ശാസ്ത്രഗവേഷണങ്ങളിലൂടെ അവ കണ്ടെത്തിയാല്‍ അതിനപ്പുറത്ത് വേറെ ചിലത് അപ്രാപ്യമായുണ്ടാകും. ഈ ലോകം സൃഷ്ടിച്ചതും നിയന്ത്രിക്കുന്നതും സര്‍വശക്തനും കരുണാവാരിധിയുമായ ലോകരക്ഷിതാവാണ്. നന്മയും തിന്മയും അവന്റെ പരിപൂര്‍ണ നിയന്ത്രണത്തിലാണ്. അത് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും അഹങ്കാരികള്‍ക്ക് കഴിയില്ല.

മനുഷ്യന്‍ ഇവിടെ ചെയ്തുവച്ചതിന്റെ ഫലങ്ങള്‍ കുറേ ഇവിടെതന്നെ അനുഭവിക്കേണ്ടിവരും. വ്യവസായ വിപ്ലവം വന്നപ്പോള്‍ വ്യവസായവല്‍ക്കരിക്കുക അല്ലെങ്കില്‍ നശിക്കുക എന്നായിരുന്നു മുദ്രാവാക്യം. വ്യവസായം വന്നില്ലെങ്കില്‍ നാടും നാട്ടാരും നശിച്ചു എന്നര്‍ഥം. വ്യവസായം വന്ന് നശിച്ച നാടാണ് മാവൂരും വാഴക്കാടും. ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയായിരുന്നു കാരണം. 'വ്യവസായവല്‍ക്കരിച്ച് നശിക്കുക' എന്നായിമാറി പിന്നീട്. കാട് വെട്ടി വെട്ടി നശിപ്പിച്ചു. കുന്നും പാറയും നിരപ്പാക്കി. പാടവും കുളങ്ങളും നീര്‍ത്തടങ്ങളും ഇല്ലാതാക്കി. നാടാകെ നശിപ്പിച്ചു. പാറ പൊട്ടിക്കലും കുന്നു നിരപ്പാക്കലുമാണ് കാരണം.

''മനുഷ്യരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള മടങ്ങിയേക്കും'' (ക്വുര്‍ആന്‍ 30:41).

ഇപ്പോള്‍ വ്യാപകമായിക്കാണുന്ന രോഗങ്ങള്‍ക്കൊരു പേരുണ്ട്. ജീവിതശൈലീ രോഗങ്ങള്‍! മനുഷ്യന്റെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് കാരണം എന്ന് വൈദ്യശാസ്ത്രം പറയുന്നു. ഫാസ്റ്റ്ഫുഡിന്റെ വ്യാപനം, മായംകലര്‍ന്ന ഭക്ഷണം, ഒട്ടും ശരീരം ഇളകാതിരിക്കല്‍, അമിതാഹാരം ഇതൊക്കെയാണത്രെ കാരണങ്ങള്‍. എല്ലാം മനുഷ്യന്‍ സ്വയം ചെയ്തുവച്ചതിന്റെ ഫലങ്ങള്‍.

 മനുഷ്യന്റെ അതിക്രമം വര്‍ധിക്കുമ്പോള്‍ മനുഷ്യനെയും പ്രപഞ്ചത്തെയും പടച്ച സ്രഷ്ടാവ് ഇടയ്ക്ക് ഞെട്ടിക്കും. അത് അവന്റെ നടപടിക്രമങ്ങളില്‍ പെട്ടതാണ്. അതിരുകവിയുമ്പോള്‍ ഒരു പിടുത്തം പിടിക്കും. ചിലപ്പോള്‍ ചെറിയ പിടുത്തം പിടിക്കും. ചിലപ്പോള്‍ ശക്തമായ പിടുത്തം.

''ഏതെങ്കിലും ഒരു രാജ്യം നാം നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപന്മാര്‍ക്ക് നാം ആജ്ഞകള്‍ നല്‍കും. എന്നാല്‍ (അത് വകവയ്ക്കാതെ) അവര്‍ അവിടെ താന്തോന്നിത്തം നടത്തും. (ശിക്ഷയെപ്പറ്റിയുള്ള) വാക്ക് അങ്ങനെ അതിന്റെ (രാജ്യത്തിന്റെ) കാര്യത്തില്‍ സ്ഥിരപ്പെടുകയും നാം അതിനെ നിശ്ശേഷം തകര്‍ക്കുകയും ചെയ്യുന്നതാണ്'' (ക്വുര്‍ആന്‍ 17:16).

ഇതെഴുതുമ്പോള്‍ കോവിഡ് മരണം അരലക്ഷം കവിഞ്ഞിരിക്കുന്നു. എവിടം വരെയെത്തുമെന്ന് സര്‍വജ്ഞനല്ലാതെ അറിയില്ല!

ഏതായിരുന്നാലും വല്ലാത്തൊരനുഭവമാണിത്! അങ്ങാടിയില്‍ ജനങ്ങളെ കാണാനേയില്ല! പള്ളികള്‍ പൂട്ടിയിട്ടിരിക്കുന്നു. ബസ്സില്ല! കാറില്ല, ഓട്ടോപോലുമില്ല! ട്രെയ്‌നും പ്ലെയ്‌നും നിന്നു! 130 കോടിയുള്ള രാജ്യം വിജനമായതു പോലെ. പതിനായിരങ്ങള്‍ ത്വവാഫ് ചെയ്തിരുന്ന മസ്ജിദുല്‍ ഹറാം ശൂന്യം! ജുമുഅക്ക് പകരമായി ദുഹ്‌റ് നാലുറക്അത്ത് നമസ്‌കരിച്ചത് ജീവിതത്തിലെ അത്യപൂര്‍വ അനുഭവം!

അഹങ്കാരവും ധിക്കാരവും ദൂരെയെറിഞ്ഞ് സ്രഷ്ടാവിന്റെ മുമ്പില്‍ നമ്രശിരസ്‌കരാവുക മാത്രമെ പരിഹാരമുള്ളൂ. പാപങ്ങള്‍ക്ക് പശ്ചാത്തപിക്കുക. സദ്കര്‍മങ്ങള്‍ കൂടുതലായി ചെയ്യുക. ആരാധനാകര്‍മങ്ങളില്‍ കൂടുതല്‍ ആത്മാര്‍ഥത കാണിക്കുക. പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ഥനകളും ദിക്‌റുകളും ധാരാളമായി ആവര്‍ത്തിക്കുക. ബന്ധങ്ങള്‍ നന്നാക്കുക. അയല്‍പക്കബന്ധം, സുഹൃദ്ബന്ധം, കുടുംബബന്ധം എല്ലാം നന്നാക്കുവാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുക. ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കുക.

ലോകാലോകങ്ങളുടെ സ്രഷ്ടാവേ, മാരകമായ രോഗങ്ങളില്‍ നിന്നും അവയുടെ കെടുതികളില്‍ നിന്നും ഞങ്ങളെ കാക്കേണമേ. നിന്റെ കാരുണ്യവും ഞങ്ങളില്‍ ചൊരിയേണമേ! ഞങ്ങളുടെ എല്ലാ കാര്യങ്ങളും നീ നേരെയാക്കിത്തരേണമേ! ഒരു കണ്ണിമ വെട്ടുന്ന നേരത്തേക്ക് പോലും ഞങ്ങളുടെ കാര്യങ്ങള്‍ നീ ഞങ്ങളെ ഏല്‍പിക്കരുതേ, കാരുണാവാരിധിയേ!