ഇന്ദ്രപ്രസ്ഥത്തെ ഇളക്കിമറിച്ച കര്‍ഷകരോഷം

നബീല്‍ പയ്യോളി

2020 ഡിസംബര്‍ 12 1442 റബീഉല്‍ ആഖിര്‍ 27

രാജ്യതലസ്ഥാനം മറ്റൊരു  ചരിത്ര പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഡല്‍ഹിക്ക് ചുറ്റും ഉപരോധം തീര്‍ത്ത് പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, യു.പി, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നയിക്കുന്ന പ്രക്ഷോഭം സ്വതന്ത്ര ഇന്ത്യാചരിത്രത്തിലെ കരുത്തുറ്റ പ്രതിഷേധമായി മാറുകയാണ്. സിംഘുവും നോയിഡയുമാണ് കര്‍ഷക പ്രക്ഷോഭത്തിന്റെ കേന്ദ്രങ്ങള്‍. അതിശൈത്യത്തെ വകവെക്കാതെ അവര്‍ പോരാട്ടഭൂമിയെ സജീവമാക്കുന്നു. മാസങ്ങള്‍ നീണ്ടു നില്‍ക്കാവുന്ന പ്രക്ഷോഭത്തിനായാവശ്യമായ ഭക്ഷ്യവിഭവങ്ങളടക്കം മുഴുവന്‍ സജ്ജീകരണങ്ങളോടും കൂടിയാണ് അവര്‍ സമരഭൂയിലേക്ക് എത്തിയിട്ടുള്ളത്.

കാര്‍ഷിക വിപണനനിയമം, കരാര്‍ കൃഷി, അവശ്യവസ്തു നിയമ ഭേദഗതി എന്നിവ റദ്ദ് ചെയ്യണമെന്നും പുതിയ നിയമങ്ങളുടെ ഭാഗമായി നിര്‍ത്തലാക്കിയ താങ്ങുവില പുനഃസ്ഥാപിക്കണമെന്നുമാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍. പൗരത്വ പ്രക്ഷോഭങ്ങളില്‍ രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച തന്ത്രപരമായ നിലപാട് തന്നെയാണ് ഈ പോരാട്ടത്തിലും സ്വീകരിച്ചത് എന്നത് ശ്രദ്ധേയമാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ബാനറിലല്ല, കൊടിക്ക് കീഴിലുമല്ല ഈ സമരം. മറിച്ച് രാജ്യത്തെ കര്‍ഷകരുടെ ഒറ്റക്കെട്ടായ പ്രതിഷേധമാണ്. അതിനെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സമരമായി ചെറുതാക്കാനോ കോര്‍ണര്‍ ചെയ്യാനോ അവസരം നല്‍കില്ലെന്ന കര്‍ഷകരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും നിലപാട് ഫാസിസ്റ്റ് ഭരണകൂടത്തിന് തുടക്കത്തില്‍ നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റ് തന്നെയാണ്. എന്നാല്‍ മുഴുവന്‍ പ്രതിപക്ഷ കക്ഷികളുടെയും ജനങ്ങളുടെയും പിന്തുണയും സഹായവും ഈ സമരങ്ങള്‍ക്ക് ഉണ്ട് താനും. അന്നമൂട്ടുന്ന കര്‍ഷകരെ ഇല്ലായ്മ ചെയ്യുന്നത് ആത്മഹത്യാപരമാണെന്ന തിരിച്ചറിവ് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനതയ്ക്കുമുണ്ട്.

നവംബര്‍ 26ന് തുടങ്ങിയ ഡല്‍ഹി ചലോ മാര്‍ച്ച് അതിര്‍ത്തിയില്‍ തടയാന്‍ ശ്രമിച്ചെങ്കിലും കര്‍ഷക രോഷത്തിന് മുമ്പില്‍ കേന്ദ്രം മുട്ടുമടക്കുകയായിരുന്നു. അതിര്‍ത്തികള്‍ അടച്ചും സമരക്കാരെ അറസ്റ്റ് ചെയ്തും പ്രക്ഷോഭത്തെ തളര്‍ത്താനുള്ള  ആദ്യശ്രമം തന്നെ പാളി. ഖാലിസ്ഥാന്‍ വാദികളാണ് സമരത്തിന് പിന്നിലെന്ന തീവ്രവാദ ആരോപണം ഉന്നയിച്ച് പ്രക്ഷോഭത്തെ ഇല്ലാതാക്കാനുള്ള ശ്രമവും അമ്പേ പരാജയപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ സര്‍ക്കാര്‍ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കിയാണ് തങ്ങളുടെ നയങ്ങളോരോന്നും നടപ്പിലാക്കിക്കൊണ്ടിരുന്നത്. മൃഗീയ ഭൂരിപക്ഷവും ഏകാധിപത്യ സ്വഭാവവും അതിനവര്‍ക്ക് ഊര്‍ജം നല്‍കുകയും ചെയ്തു. എന്നാല്‍ അടുത്തകാലത്തായി നടന്ന സമരങ്ങള്‍ അവരുടെ പ്രതീക്ഷകളെ തകിടംമറിക്കുന്നതായിരുന്നു. പൗരത്വ പ്രക്ഷോഭത്തില്‍ അത് നാം കണ്ടു. അവിടുന്നിങ്ങോട്ട് മൗനം വെടിഞ്ഞ്, തങ്ങളുടെ അഭിപ്രായങ്ങളും പ്രതിഷേധങ്ങളും സധൈര്യം രേഖപ്പെടുത്താനുള്ള ഇന്ത്യന്‍ ജനതയുടെ തീരുമാനം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ നേട്ടമാണ്.

കര്‍ഷക പ്രക്ഷോഭത്തിലും ഈ തന്റേടം സംഘപരിവാര്‍ ശക്തകള്‍ക്ക് വലിയ തിരിച്ചടിയായി. പ്രതിഷേധക്കാരെ കേള്‍ക്കാന്‍ തയ്യാറാവാതെ അവര്‍ക്ക് മുമ്പില്‍ വാതിലുകള്‍ കൊട്ടിയടച്ച കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ ചര്‍ച്ചക്ക് തയ്യാറായി. സമരം ചെയ്യുന്ന ചില സംഘടനകളെ മാത്രം വിളിച്ചു പ്രക്ഷോഭത്തെ പൊളിക്കാനുള്ള ശ്രമത്തിന് അവര്‍ വഴങ്ങിയില്ല. സമരമുഖത്തുള്ള മുഴുവന്‍ കര്‍ഷക സംഘടനകളുമായാണ് ചര്‍ച്ച വേണ്ടതെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ സര്‍ക്കാരിന് വഴങ്ങേണ്ടി വന്നു. പ്രധാനമന്ത്രിയും കേന്ദ്ര കൃഷിമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവര്‍ നിരന്തരം പറഞ്ഞു കൊണ്ടിരുന്ന കള്ളങ്ങള്‍ ആവര്‍ത്തിക്കുകയാണ് ആദ്യചര്‍ച്ചയില്‍ ചെയ്തത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കുകയും താങ്ങുവില പുനഃസ്ഥാപിക്കുകയും ചെയ്യാതെ സമരത്തില്‍നിന്ന് പിന്മാറുകയില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാര്‍ പ്രക്ഷോഭകര്‍ക്ക് മുമ്പില്‍ വെള്ളം കുടിക്കുന്ന കാഴ്ചയാണ് ഓരോ ചര്‍ച്ചയിലും കാണാന്‍ സാധിക്കുന്നത്. 'യെസ് ഓര്‍ നോ' എന്നതിനപ്പുറം ഒരു വിശദീകരണവും ആവശ്യമില്ലെന്ന കര്‍ഷക പ്രതിനിധികളുടെ നിലപാട് അക്ഷരാര്‍ഥത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുഴക്കിയിരിക്കുകയാണ്.

മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ രാജ്യം വിറ്റ് അധികാരം നേടുക എന്ന നിലപാടാണ് സ്വീകരിച്ചു പോരുന്നത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി വിറ്റു കൊണ്ടിരിക്കുകയാണ്. അതിനെ തങ്ങളുടെ രാഷ്ട്രീയ അധികാരം നിലനിര്‍ത്താനുള്ള വഴിയായാണ് അവര്‍ കാണുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായില്‍ ജനപ്രതിനിധികളെ വിലയ്ക്കു വാങ്ങി ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഈ കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ പണത്തിന്റെ ഹുങ്കിലാണെന്ന് തിരിച്ചറിയാതെ പോകരുത്. രാജ്യത്തെ സാമ്പത്തികരംഗം തകരുമ്പോഴും കോര്‍പ്പറേറ്റുകള്‍ തടിച്ചുകൊഴുക്കുന്ന വിരോധാഭാസമാണ് ഇവിടെ അരങ്ങേറുന്നത്. പാവങ്ങളെ കൂടുതല്‍ പട്ടിണിയിലേക്ക് തള്ളിവിടുകയും അതിസമ്പന്നരെ സമ്പന്നതയുടെ ഉത്തുംഗതയിലേക്ക് എത്തിക്കുകയും ചെയുന്ന പണിയാണ്  സംഘപരിവാര്‍ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്.

പുതിയ കാര്‍ഷിക നിയമങ്ങളെയും  ഈ പശ്ചാത്തലത്തിലാണ് നാം കാണേണ്ടതും മനസ്സിലാക്കേണ്ടതും. കോര്‍പ്പറേറ്റുകളക്ക് കാര്‍ഷിക മേഖല മുഴുവനായി തുറന്നുകൊടുത്ത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന നിയമമാണ് കേന്ദ്രം പാസാക്കിയിരിക്കുന്നത്. മിനിമം താങ്ങുവില എന്നത് ഭക്ഷ്യസുരക്ഷയുടെ ഉറപ്പുകൂടിയാണ്. കാര്‍ഷിക ഇടങ്ങള്‍ കുത്തകകള്‍ക്ക് യഥേഷ്ടം വിഹരിക്കാവുന്നതാക്കി മാറ്റുന്ന നിയമമാണിത്. കൃഷിയും സംഭരണ, വിപണന മേഖലയിലെ സ്വകാര്യ വല്‍ക്കരണവുമെല്ലാം കാര്‍ഷികമേഖലയെ അപ്പാടെ തകര്‍ത്തുകളയും. ലോകത്തെ ഭക്ഷ്യോത്പാദന രാജ്യങ്ങളില്‍ നാലാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. കാര്‍ഷികോല്‍പന്ന കയറ്റുമതിയില്‍ എട്ടാം സ്ഥാനവും.

 26.30 കോടി കര്‍ഷകരുള്ള രാജ്യം. ഡിജിപിയുടെ 17 ശതമാനം കാര്‍ഷികമേഖലയില്‍ നിന്നാണ്. ഇത്രയും വലിയ ഒരു മേഖലയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് രാജ്യത്ത് ഭക്ഷ്യസുരക്ഷയെ തകിടം മറിക്കുകയും കാര്‍ഷിക മേഖല മുഴുവന്‍ കോര്‍പറേറ്റുകള്‍ കയ്യടക്കുന്ന അവസ്ഥ സംജാതമാക്കുകയും ചെയ്യും. പട്ടിണിയും തൊഴില്‍ നഷ്ടവും ആരോഗ്യ, പാരിസ്ഥിതിക പ്രത്യാഘാതങ്ങളും സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയുമെല്ലാം ഈ നിയമത്തിന്റെ പ്രതിഫലനമായി നാളെ കാണേണ്ടിവരികയും ചെയ്യും. പാവങ്ങളെ കുരുതികൊടുത്ത് കുത്തകകള്‍ക്ക് പച്ചപ്പരവതാനി വിരിക്കുന്ന ഭരണകൂടം രാജ്യത്തെ തകര്‍ച്ചയിലേക്കാണ് തള്ളിവിടുന്നത്.

വിജയം മാത്രം ലക്ഷ്യംവെച്ച് ഡല്‍ഹിയിലേക്ക് പുറപ്പെട്ടവരാണ് കര്‍ഷകര്‍. അവര്‍ പ്രതിഷേധിക്കുന്നത് രാജ്യത്തിന്റെ നിലനില്‍പിനു വേണ്ടിയാണ്. അരുതായ്മയ്‌ക്കെതിരെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ പ്രതിഷേധിക്കാനും വിജയം വരിക്കാനും സാധ്യമാണ് എന്നതിനുള്ള ഒരു മാതൃക കൂടിയാണ് ഈ കര്‍ഷക സമരം. അക്രമരഹിതവും ജനാധിപത്യപരവുമായ പ്രതിഷേധങ്ങള്‍ക്ക് മുമ്പില്‍ മുട്ടുമടക്കിയ ഏകാധിപതികളുടെ ചരിത്രമാണ് ഇന്നലെകള്‍ നമ്മെ പഠിപ്പിക്കുന്നത്. ഇന്നും നാളെയും അതുതന്നെയാണ് സംഭവിക്കുക. ലക്ഷ്യബോധവും നിശ്ചയര്‍ഢ്യവും ഉറച്ച തീരുമാനങ്ങളും ഉണ്ടെങ്കില്‍ ഏത് സ്വേഛാധിപതിയെയും തിരുത്തിക്കാന്‍ സാധിക്കും. കര്‍ഷക സമരത്തിന് കായിക താരങ്ങളും അഭിഭാഷകരും ട്രക്ക് ഉടമകളും വ്യാപാരികളും അടക്കം രാജ്യത്തെ നാനാവിഭാഗം ജനതയും ശക്തമായ പിന്തുണയും സഹായങ്ങളും നല്‍കുന്നുണ്ട്. വിജയത്തില്‍ കുറഞ്ഞൊന്നും രാജ്യം പ്രതീക്ഷിക്കുന്നില്ല.

ഇന്ദ്രപ്രസ്ഥം ഇളക്കിമറിച്ച കര്‍ഷകരോഷം ഇന്ത്യാചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാവും. അവകാശ പോരാട്ടവിജയങ്ങളുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെടും. പൗരത്വ ഭേദഗതിനിയമം നടപ്പിലാക്കുമെന്ന് ഇടയ്ക്കിടയ്ക്ക് ചില നേതാക്കള്‍ പറയുന്നത് കൊറോണക്ക് ശേഷം പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമായി മാറേണ്ടതുണ്ട് എന്നത് കൂടിയാണ് സൂചിപ്പിക്കുന്നത്. കര്‍ഷകരോഷം പൗരത്വ പ്രക്ഷോഭത്തിന് വലിയ ഊര്‍ജം നല്‍കുമെന്നതില്‍ സംശയമില്ല.