വൈറസുകള്‍ വിരുന്നുകാരാകുമ്പോള്‍!

അഷ്‌റഫ് എകരൂല്‍

2020 ഫെബ്രുവരി 15 1441 ജുമാദല്‍ ആഖിറ 16

''ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങള്‍! അവയെ അവഗണിച്ചുകൊണ്ട് അവര്‍ അവയുടെ അടുത്ത് കൂടി കടന്ന് പോകുന്നു'' (ക്വുര്‍ആന്‍ 12:105).

അതെ! നിത്യേന എത്രയെത്ര തെളിവുകളാണ് അല്ലാഹു മനുഷ്യരുടെ മുമ്പില്‍ കൊണ്ടുവന്നിടുന്നത്! ഇപ്പോള്‍ ലോകത്തുള്ള സകല മനുഷ്യരെയും ഭയപ്പെടുത്തി മുന്നേറുന്ന കൊറോണ വൈറസ് ഒരു പരീക്ഷണവും ദൃഷ്ടാന്തവുമല്ലേ? അടുത്തകാലത്ത് കേരള ജനതയെ ഭയപ്പെടുത്തിയ നിപ വൈറസ് ഒരു ദൃഷ്ടാന്തമല്ലേ? അതിസൂക്ഷ്മ ജീവികളെങ്കിലും ആഘാതമേല്‍പിക്കുന്നതിലും അപകടപെടുത്തുന്നതിലും എത്ര ഭീകരര്‍! വൈറസുകള്‍ മനുഷ്യനെ വിറപ്പിക്കുന്ന, ഇടയ്ക്കിടെ വരുന്ന വിരുന്നുകാരാണോ? ലോകം എത്ര ഭീതിയോടെയാണ് ഇത്തരം വൈറസുകളെ നോക്കിക്കാണുന്നത്!

മനുഷ്യന്റെ സര്‍വ കഴിവുകളെയും ഭൗതിക സന്നാഹങ്ങളെയും നിഷ്പ്രഭവും അപ്രസക്തവുമാക്കി കളയുന്ന ഇത്തരം ദൃഷ്ടാന്തങ്ങള്‍ നമുക്ക് പാഠമാവേണ്ടതുണ്ട്. നിസ്സഹായരായ ഒരു ജനതയെ  അധികാരത്തിന്റെ ഹുങ്കിലും വംശീയവെറുപ്പിന്റെ പ്രചോദനത്തിലും ഡിറ്റന്‍ഷന്‍ സെന്ററുകളിലാക്കാനുള്ള ശ്രമത്തിനിടയില്‍ രാജ്യത്തെ തന്നെ തടവറകളിലാക്കി കളഞ്ഞില്ലേ കൊറോണ വൈറസ്! മനുഷ്യന്നും അവന്റെ കഴിവുകള്‍ക്കും മുകളില്‍ അവനെ നിയന്ത്രിക്കാന്‍ കഴിവുള്ള സ്രഷ്ടാവിനെ കുറിച്ച് ചിന്തിക്കാനും അവന്റെ മാര്‍ഗമനുസരിച്ചുള്ള ഒരു ജീവിതത്തിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്താനും ഇത്തരം തെളിവുകള്‍ മനുഷ്യന് സഹായകമാവേണ്ടതാണ്.

അതോടൊപ്പം സത്യവിശ്വാസികള്‍ക്ക് പകര്‍ച്ചവ്യാധികള്‍  സംബന്ധമായ ഇസ്‌ലാമിക  അധ്യാപനങ്ങള്‍ പഠിക്കാനുള്ള അവസരം കൂടെയാവേണ്ടതുണ്ട് ഇവ. ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ   നിരന്തരം അല്ലാഹുവിനോട് രക്ഷ ചോദിക്കാറുണ്ടായിരുന്നു.

 അനസ്(റ) നിവേദനം ചെയ്യുന്നു: നബി ﷺ   പ്രാര്‍ഥിക്കാറുണ്ടായിരുന്നു: 'അല്ലാഹുവെ, വെള്ളപ്പാണ്ഡില്‍നിന്നും കുഷ്ഠരോഗത്തില്‍നിന്നും ഭ്രാന്തില്‍നിന്നും അതിനികൃഷ്ടവും വെറുക്കപ്പെട്ടതുമായ രോഗത്തില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷചോദിക്കുന്നു'' (ഇബ്‌നുഹിബ്ബാന്‍).

മനുഷ്യന് അടുക്കാനും ചികില്‍സിക്കാന്‍ പോലും പേടിയാകുന്ന ഇത്തരം വിപത്തുകളില്‍ നിന്ന് സത്യവിസ്വാസികള്‍ സദാ അല്ലാഹുവിനോട് കാവല്‍ചോദിക്കേണ്ടതുണ്ട്.

ഒരിക്കല്‍ ഉമര്‍(റ) സൈന്യവുമായി ശാമിലേക്ക് പ്രവേശിക്കാന്‍ പുറപ്പെട്ട സംഭവം ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിര്‍ത്തിക്കടുത്തെത്തിയപ്പോള്‍ സൈനിക തലവന്മാരില്‍ നിന്നും ശാമില്‍ പ്ലേഗ് പടര്‍ന്നിട്ടുണ്ടെന്ന് വിവരം കിട്ടി. അവിടേക്ക് പോകണമോ, അതോ മടങ്ങണമോ എന്ന കാര്യത്തില്‍ ഉമര്‍(റ) പ്രഗല്‍ഭരായ അന്‍സ്വാറുകളോടും മുഹാജിറുകളോടും മറ്റും കൂടിയാലോചിച്ചു. രണ്ട് അഭിപ്രായക്കാരും കൂട്ടത്തിലുണ്ടായിരുന്നു. അവസാനം അവിടെ അന്നേരം അബ്ദുറഹ്മാനുബ്‌നു ഔഫ്(റ) എത്തുകയും അദ്ദേഹം ഇങ്ങനെ പറയുകയും ചെയ്തു: 'ഈ വിഷയത്തില്‍ (അഥവാ പകര്‍ച്ച രോഗം വന്നിറങ്ങിയ നാട്ടിലേക്ക് പോകേണ്ടതുണ്ടോ അതല്ല ആ കാരണം കൊണ്ട് അവിടേക്ക് കടക്കാതെ മടങ്ങിപ്പോകേണ്ടതുണ്ടോ എന്ന വിഷയത്തില്‍) എ  ന്റെ അടുക്കല്‍ ഒരു അറിവ് ഉണ്ട്. നബി ﷺ   പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ഏതെങ്കിലും ഒരു ദേശത്ത് അത് (സാംക്രമികരോഗം) ഉണ്ടെന്ന് നിങ്ങള്‍ കേട്ടാല്‍ അവിടേക്ക് ചെന്നുചേരരുത്. അതുപോലെ നിങ്ങള്‍ വസിക്കുന്ന ഒരു ദേശത്ത് അത് വന്നുപെട്ടാല്‍ നിങ്ങള്‍ അതില്‍ നിന്ന് പുറത്തേക്ക് ഓടിപ്പോകരുത്.''

അപകടകാരികളായ ഇത്തരം രോഗങ്ങള്‍ വന്നിറങ്ങുമ്പോള്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട ആരോഗ്യ അച്ചടക്കത്തെയാണ് അല്ലാഹുവിന്റെ റസൂല്‍ ﷺ   ഈ വചനത്തിലൂടെ പഠിപ്പിക്കുന്നത്.

മനുഷ്യനും അവന്‍ ഉടമപ്പെടുത്തിയതുമെല്ലാം അല്ലാഹുവിന്റെ കേവലസൃഷ്ടികളാണെന്നും അവന്റെ നിസ്സാരനായ അടിമ മാത്രമാണ് മനുഷ്യനെന്നും ഏതൊരാളെയും ബോധ്യപ്പെടുത്തുന്ന ഇത്തരം രോഗങ്ങള്‍ ചിലപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയായേക്കാം. എന്നാല്‍ സത്യവിശ്വാസികള്‍ക്കത് കാരുണ്യമായിരിക്കും. ഇങ്ങനെയാണ് ഒരു സത്യവിശ്വാസി മനസ്സിലാക്കേണ്ടത്.

ആഇശ(റ)യോട് ഈ വിഷയവുമായുള്ള ഒരു സംസാരത്തില്‍ നബി ﷺ   ഇപ്രകാരം പറഞ്ഞു: ''അത് (മാരകമായ പകര്‍ച്ചരോഗങ്ങള്‍/പ്ലേഗ്) അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നേരെ അയക്കുന്ന ഒരു ശിക്ഷയാണ്. എന്നാല്‍ അത് വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ ഒരു കാരുണ്യവുമാണ്. പ്ലേഗ് പകര്‍ന്ന ഒരു നാട്ടില്‍ ഒരു അടിമ, അല്ലാഹു എനിക്ക് നിശ്ചയിച്ചതല്ലാത്ത ഒന്നും ബാധിക്കുകയില്ലെന്ന ദൃഢവിശ്വാസത്തിലായും കൊണ്ട് ക്ഷമാലുവായി കഴിഞ്ഞുകൂടിയാല്‍ അവന്ന് ഒരു രക്തസാക്ഷിക്ക് തുല്യമായ പ്രതിഫലം നല്‍കുന്നതാണ്'' (ബുഖാരി).

രോഗങ്ങള്‍ പടരുകയും പകരുകയും ചെയ്യാമെന്നത് ഒരു യഥാര്‍ഥ്യമാണെന്നും അവയ്ക്ക് അനിവാര്യമായ പ്രതിരോധനടപടികള്‍ സ്വീകരിക്കുകയും ചികിത്സ നടത്തുകയും ചെയ്യണമെന്നും അത് ഇസ്‌ലാമിലെ തവക്കുലിന്ന് (അല്ലാഹുവില്‍ ഭരമേല്‍പിക്കല്‍) എതിരാവുകയില്ലെന്നുമാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്.

നബി ﷺ   പറഞ്ഞു: ''ആരോഗ്യമുള്ള ഒട്ടകങ്ങളോട് ഇടകലര്‍ത്തി രോഗികളായ ഒട്ടകങ്ങളെ മേയ്ക്കാവുന്നതല്ല'' (ബുഖാരി).

നബി ﷺ  യുടെ ഈ നിരോധനം രോഗം ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പകരുകയെന്നത് സംഭവ്യമാണെന്നതിന്റെ തെളിവാണ്.

അല്ലാഹുവിന്റെ ധാര്‍മിക നിയമങ്ങളില്‍ നിന്ന് മനുഷ്യന്‍ വിട്ടുപോകുമ്പോഴാണ് മനുഷ്യരെ മൊത്തം ബാധിക്കുന്ന ഇത്തരം ശിക്ഷകള്‍ അയക്കുകയെന്നതാണ് നമുക്ക് ലഭിക്കേണ്ട മറ്റൊരു പാഠം.

നബി ﷺ   പറഞ്ഞു:''കരാര്‍ പാലനത്തില്‍ കുറവ് വരുത്തുമ്പോള്‍ അവരില്‍ കൊലപാതകങ്ങള്‍ ഉണ്ടായിത്തീരും. മ്ലേഛ പ്രവൃത്തികള്‍ വ്യാപിക്കുമ്പോള്‍ മരണത്തെ അവരുടെ മേല്‍ അധീനപ്പെടുത്തും'' (അല്‍ഹാകിം).

മൈമൂന(റ) ഉദ്ധരിക്കുന്നു; നബി ﷺ   പറയുന്നത് ഞാന്‍ കേട്ടു: ''എന്റെ സമുദായത്തില്‍ അവിഹിതബന്ധത്തിലുണ്ടായ കുട്ടികള്‍ വര്‍ധിക്കുമ്പോള്‍ അല്ലാഹു അവരെ മൊത്തത്തില്‍ ബാധിക്കുന്ന ശിക്ഷയിലകപ്പെടുത്തും'' (അഹ്മദ്).

ചുരുക്കത്തില്‍ ഇമാം ഗസ്സാലി പറഞ്ഞത് പോലെ 'ആര്‍ക്കെങ്കിലും നല്ല ചിന്തകള്‍ നിറഞ്ഞാല്‍ അവന്‍ കാണുന്നതെന്തിലും അവന്ന് ഗുണപാഠങ്ങള്‍ ഉണ്ടാവും' (ഇഹ്‌യാ ഉലൂമുദ്ദീന്‍). അതെ; നമ്മള്‍ വിശ്വാസികള്‍ ചുറ്റും കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ നിന്ന് അറിവ് നേടുക മാത്രമല്ല തിരിച്ചറിവ് കൂടി നേടുകയാണ്.