പ്രതീക്ഷിക്കാതെ ലഭിച്ച അവസരം

അബൂഹംദ ആലിക്കല്‍

2020 ഏപ്രില്‍ 25 1441 റമദാന്‍ 02

ഒരു ചെറിയ ഗ്രാമത്തില്‍ മൂന്നുവഴികള്‍ കൂടിച്ചേരുന്ന ഒരു കവലയില്‍ ആകാശം മുട്ടിനില്‍ക്കുന്ന ഒരു വന്‍മരം ഉണ്ടായിരുന്നു. ആ കവലയ്ക്ക് സദാ തണല്‍ നല്‍കിയിരുന്നത് ആ വമ്പന്‍ മരമാണ്.

മരത്തിന്റെ ചുറ്റിലും വട്ടത്തില്‍ ആളുകള്‍ക്ക് ഇരിക്കാന്‍ പാകത്തില്‍ ഒരു തിണ്ണ ഉണ്ടാക്കിയിട്ടുണ്ട്. ഗ്രാമത്തിലെ വയസ്സില്‍ മൂത്തവര്‍ ആ മരത്തണലില്‍ ഇരുന്ന് കുശലം പറയലും വിശ്രമിക്കലും പതിവാണ്.  

മരം നല്‍കിയിരുന്ന സേവനങ്ങള്‍ ചെറുതൊന്നുമല്ല. യാത്രക്കാര്‍ക്ക് തണല്‍ നല്‍കിയും പക്ഷികള്‍ക്ക് കൂടൊരുക്കാന്‍ ഇടംനല്‍കിയും തേനീച്ചകള്‍ക്ക് തേന്‍നല്‍കിയും ക്ഷീണിച്ച് അവശരായി വരുന്നവര്‍ക്ക് കുളിരേകും കാറ്റ് നല്‍കിയും മരം ആനന്ദം കണ്ടെത്തി. മഴക്കാലത്ത് ജനങ്ങള്‍ നനയാതിരിക്കാന്‍ മരത്തിന്റെ ചുവട്ടിലേക്ക് കയറിനില്‍ക്കും. കുഞ്ഞനുറുമ്പുകളെ ഇലകള്‍ക്കടിയില്‍ മഴനനയാതെ മരം ചേര്‍ത്തു പിടിക്കും. മരം എല്ലാവര്‍ക്കും ഒരു അനുഗ്രഹമായി.

അങ്ങനെയിരിക്കെയാണ് അത് സംഭവിച്ചത്. മരത്തിന്റെ ഇലകള്‍ ഓരോദിവസം ചെല്ലുംതോറും  പൊഴിഞ്ഞ്‌വീണുകൊണ്ടിരിന്നു. അത് ഇക്കാലം വരെ സംഭവിക്കാത്തതാണ്. ഇലകള്‍ ഏതാണ്ടെല്ലാം പൊഴിഞ്ഞുതീര്‍ന്നു. ചില്ലകള്‍ ഓരോന്നായി ഉണങ്ങിത്തുടങ്ങി. അതോടെ പക്ഷികള്‍ വരാതെയായി. ആളുകള്‍ മരത്തിന്റെ ചുവട്ടില്‍ വിശ്രമിക്കാനും കാറ്റുെകാളളാനുമുള്ള വരവ് നിറുത്തി. ഉണങ്ങിയ ചില്ലകള്‍ വിറകാക്കാന്‍ അവര്‍ മത്സരിച്ചു.

മനുഷ്യര്‍ അങ്ങനെയാണ്. ഉപകാരം ലഭിക്കാതായാല്‍ എന്തും ഉപേക്ഷിക്കും. ഇഹലോകത്ത് ഉപകാരമുള്ളതിന്റെ പിന്നാലെ പോകും. എന്നാല്‍ പരലോകത്ത് ഉപകാരം ലഭിക്കുന്ന കാര്യങ്ങള്‍ക്ക് അത്ര പ്രാധാന്യം കൊടുക്കില്ല. കാലമേറെ ചെന്നപ്പോള്‍ മരം ഉണങ്ങാന്‍ തുടങ്ങിയ പോലെ തങ്ങള്‍ക്കും ഉണക്കം ബാധിക്കുമെന്ന് പലരും ചിന്തിക്കുന്നില്ല. ആ വന്‍മരം ദീര്‍ഘകാലം മുഷ്യരടക്കം അനേകം ജന്തുജാലങ്ങള്‍ക്ക് ഉപകാരം നല്‍കിയിട്ടുണ്ട്. തന്റെ ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്കും തനിക്കുതന്നെയും എന്ത് ഉപകാരമാണ് ലഭിച്ചിട്ടുള്ളതെന്ന് മനുഷ്യന്‍ ചിന്തിക്കുന്നില്ല. തന്റെ ആയുസ്സും ആരോഗ്യവും സല്‍വഴിയില്‍ വിനിയോഗിക്കാന്‍ ശ്രദ്ധിക്കുന്നില്ല.

ലോകമെങ്ങും കൊറോണ വൈറസ് വരുത്തിയ ഭീതിയും ആള്‍നാശവും ചെറുതൊന്നുമല്ല. രാജ്യങ്ങളൊക്കെ അതീവ ജാഗ്രതയിലാണ്. മനുഷ്യര്‍ വളരെയധികം ശ്രദ്ധയോടെ വീടുകളില്‍ കഴിച്ചുകൂട്ടിക്കൊണ്ടിരിക്കുന്നു. സുരക്ഷിതത്വത്തിന്റെ ഭാഗമായി സര്‍ക്കാറും മതസംഘടനകളും നല്‍കിയ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിച്ചുകൊണ്ടിരിക്കുന്നു.

ഈ സമയത്ത് വിശ്വാസികള്‍ക്ക് ഒട്ടേറെ നന്മകള്‍ ചെയ്യാന്‍ സാധിക്കും. രാവിലെ എഴുന്നേറ്റതു മുതലുള്ള ദിക്‌റുകളും ദുആകളും അഞ്ചുനേരത്തെ നമസ്‌കാരം സമയം തെറ്റാതെ നിര്‍വഹിക്കലും റവാത്തിബ് സുന്നത്തുകളും തിങ്കള്‍, വ്യാഴം ദിവസങ്ങളിലെ സുന്നത്ത് നോമ്പുകളും രാത്രി നമസ്‌കാരവും ക്വുര്‍ആന്‍ പാരായണവും പുസ്തക വായനയും പഠനവും വീട്ടുജോലികളില്‍  സഹായിക്കലും മക്കളുമൊത്ത് സ്‌നേഹം പങ്കുവെക്കലും കുടുംബങ്ങളെയും കൂട്ടുകാരെയും സഹപ്രവര്‍ത്തകരെയും രോഗികളെയും ഫോണിലൂടെ വിളിച്ച് സുഖദുഃഖങ്ങള്‍ അന്വേഷിക്കലും സമാധാനിപ്പിക്കലും സന്തോഷം പങ്കുവെക്കലും തുടങ്ങി ഒട്ടേറെ നന്മകള്‍ക്കുള്ള ഒരവസരമായി കാണാം ഇതിനെ. അങ്ങനെ നന്മകള്‍കൊണ്ട് സമ്പന്നമാക്കാം ഈ ദിവസങ്ങളെ.

എന്നാല്‍, ചിലരെങ്കിലും ഇതില്‍ നിന്നും വ്യത്യസ്തമായി ആരും കാണില്ല, ആരും അറിയില്ല എന്ന ഭാവത്തില്‍ സിനിമയും സീരിയലും സംഗീതവും ഏഷണിയും പരദൂഷണവും കളവുകളുമായി ഈ നാളുകളെ അശ്രദ്ധമായി തള്ളിനീക്കുന്നു. മൊബൈല്‍ഫോണ്‍ തെല്ലൊന്നുമല്ല മനുഷ്യനെ ബന്ധനസ്ഥമാക്കിയിട്ടുള്ളത്. വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും യൂട്യൂബിലുമായി സമയം നശിപ്പിക്കുന്നവര്‍ കുറച്ചൊന്നുമല്ല.

എന്തിനും ഏതിനും മെസേജുകള്‍ വിട്ടും വാര്‍ത്തകള്‍ പങ്കുവെച്ചും ഓണ്‍ലെനില്‍ സാന്നിധ്യം അറിയിക്കുന്നവരും, സമൂഹത്തില്‍ നടക്കുന്നതിനെതിരെയെല്ലാം പ്രതികരിച്ചില്ലെങ്കില്‍ ശരിയാകില്ല എന്ന മട്ടില്‍ തന്റെതായ പ്രതികരണങ്ങള്‍ അറിയിച്ച് സായൂജ്യമടയുന്നവരും അതിലേറെ ഈ അസുലഭ സമയങ്ങളില്‍ പബ്ജിയിലും ഇതര ഗെയിമുകളിലും ഏര്‍പ്പെട്ട് സമയം നഷ്ടപ്പെടുത്തുന്നവരും ഓര്‍ക്കുക; ഇതൊരവസരമാണ്. നഷ്ടപ്പെട്ടാല്‍ പിന്നീട് തിരിച്ചുപിടിക്കാന്‍ കഴിയാത്തതാണ് സമയം.

ഹസനുല്‍ ബസ്വരി (റഹി) പറഞ്ഞു: 'ഓരോ ദിവസവും പുലരുന്നത് അത് അതിന്റെ വര്‍ത്തമാനം അറിയിച്ചുകൊണ്ടാണ്. അത് പറയും: ഹേ, മനുഷ്യാ! ഞാനിതാ ഇന്ന് നിന്റെ ജീവിതത്തിലെ ഒരു പുതിയ ദിനമാണ്. എന്നെ നീ ഉപകാരപ്പെടുത്തിക്കൊള്ളുക. ഞാനിന്ന് പോയാല്‍ അന്ത്യനാള്‍വരെ നിന്നിലേക്ക് തിരിച്ചുവരില്ല.'

അല്ലാഹു പറഞ്ഞു: ''അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം (ഉടനടി) പിടികൂടിയിരുന്നെങ്കില്‍ ഭൂമുഖത്ത് യാതൊരു ജന്തുവെയും അവന്‍ വിട്ടേക്കുമായിരുന്നില്ല. എന്നാല്‍ നിര്‍ണിതമായ ഒരു അവധി വരെ അവന്‍ അവര്‍ക്ക് സമയം നീട്ടിക്കൊടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുടെ അവധി വന്നാല്‍ ഒരു നാഴികനേരം പോലും അവര്‍ക്ക് വൈകിക്കാന്‍ ആവുകയില്ല. അവര്‍ക്കത് നേരത്തെയാക്കാനും കഴിയില്ല'' (ക്വുര്‍ആന്‍ 16:61).

അതിനാല്‍ സമയം എന്ന അനുഗ്രഹത്തെ നാളെയുടെ ലോകത്ത് ഉപകാരപ്രദമാകും വിധം ഉപയോഗിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.