ഹശ്ര്‍ (തുരത്തിയോടിക്കല്‍), ഭാഗം: 5
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2020 ഡിസംബര്‍ 26 1442 ജുമാദല്‍ അവ്വല്‍ 11
അധ്യായം: 59, ഭാഗം: 5
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
(18). സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്കുവേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തുവെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. (19). അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്. തന്‍മൂലം അല്ലാഹു അവര്‍ക്ക് അവരെ പറ്റിത്തന്നെ ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍ തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍. (20). നരകാവകാശികളും സ്വര്‍ഗാവകാശികളും സമമാകുകയില്ല. സ്വര്‍ഗാവകാശികള്‍ തന്നെയാകുന്നു വിജയം നേടിയവര്‍. (21). ഈ ക്വുര്‍ആനിനെ നാം ഒരു പര്‍വതത്തിന്‍മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത് (പര്‍വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്കു വേണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി. (22). താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു. (23). താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്ത, അല്ലാഹുവാണവന്‍. രാജാധികാരമുള്ളവന്‍. പരമ പരിശുദ്ധനും അന്യൂനനും സത്യപ്പെടുത്തുന്നവനും മേല്‍നോട്ടം വഹിക്കുന്നവനും മഹത്ത്വം കാണിക്കുന്നവനും ആകുന്നു അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നെല്ലാം അവന്‍ എത്രയോ പരിശുദ്ധന്‍. (24). സ്രഷ്ടാവും നിര്‍മാതാവും രൂപംനല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുള്ളവ അവന്റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും.
18). ഇവിടെ അല്ലാഹു വിശ്വാസികളോട് കല്‍പിക്കുന്നത് വിശ്വാസം അനിവാര്യമാക്കുന്ന കാര്യങ്ങളാണ്. രഹസ്യത്തിലും പരസ്യത്തിലും എല്ലാ ജീവിതസാഹചര്യങ്ങളിലും സൂക്ഷ്മത മുറുകെപ്പിടിക്കണമെന്നത് വിശ്വാസത്തിന്റെ താല്‍പര്യമാണ്. മതത്തിന്റെ അതിര്‍വരമ്പുകള്‍ സൂക്ഷിക്കുകയും അല്ലാഹുവിന്റെ കല്‍പനകള്‍ ശ്രദ്ധിക്കണമെന്നതും അവര്‍ക്ക് അനുകൂലമായതും പ്രതികൂലമായതും ഏതെന്നും നിര്‍ദേശിക്കുന്നു. എന്തിലൂടെയാണ് പരലോകത്ത് ഉപദ്രവവും ഉപകാരവും ലഭിക്കുക എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അവര്‍ പരലോകത്തെ കണ്‍മുന്നില്‍ നിര്‍ത്തുകയും ഹൃദയത്തിന്റെ ക്വിബ്‌ലയാക്കുകയും അവിടെയുള്ള നിര്‍ത്തത്തിന് പ്രാധാന്യം നല്‍കുകയും ചെയ്താല്‍ അതിലേക്കെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ അവര്‍ പരിശ്രമിക്കും. അവിടേക്കുള്ള പ്രയാണത്തിന് തടസ്സമോ ബുദ്ധിമുട്ടോ വരുന്ന കാര്യങ്ങളില്‍ നിന്ന് അതിനെ ശുദ്ധീകരിക്കും. അവര്‍ പ്രവര്‍ത്തിച്ചാല്‍ സൂക്ഷ്മജ്ഞാനിയായ അല്ലാഹു അതെല്ലാം സൂക്ഷ്മമായി അറിയും. അവരുടെ ഒരു ചെയ്തിയും അവനറിയാതെ പോവുകയില്ല. അത് അവന്‍ പാഴാക്കുകയോ അവഗണിക്കുകയോ ചെയ്യില്ല. അവര്‍ക്ക് അവന്‍ ത്യാഗപരിശ്രമങ്ങളെ നിര്‍ബന്ധമാക്കി.
ഒരു അടിമയ്ക്കു തന്നെ ആത്മവിചാരണ നടത്താനുള്ള അടിസ്ഥാന ആശയമാണിത്. അവന്‍ അവനെ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. വല്ല പിഴവും കണ്ടാല്‍ വേരോടെ പിഴുതുകളയണം. അതിലേക്കെത്തിക്കുന്ന കാരണങ്ങളെ ഒഴിവാക്കി ആത്മാര്‍ഥമായി പശ്ചാത്തപിക്കണം. അല്ലാഹുവിന്റെ വല്ല കല്‍പനകളിലും വീഴ്ച വന്നതായി അവന്റെ കാര്യത്തില്‍ അവന്‍ കണ്ടാല്‍ ആ രംഗത്ത് പരിശ്രമിക്കാനും തന്നെ പരിപോഷിപ്പിക്കാനും പൂര്‍ണതയിലെത്തിക്കാനും അന്യൂനമാക്കാനും അവന്‍ തന്റെ രക്ഷിതാവിനോട് സഹായം തേടണം. തന്റെ വീഴ്ചകളും അല്ലാഹു തനിക്ക് നല്‍കിയ അനുഗ്രങ്ങളും തമ്മില്‍ അവന്‍ തുലനം ചെയ്യണം. തീര്‍ച്ചയായും അവനു ലജ്ജയുണ്ടാകും; സംശയമില്ല.
19). ഇത്തരം കാര്യങ്ങളില്‍ അടിമ അശ്രദ്ധത കാണിക്കുക എന്നത് എല്ലാ നിലക്കും നഷ്ടമാണ്. അവന്‍ അല്ലാഹുവിനെ മറന്ന ഒരു ജനതയെപ്പോലെയാകുന്നു. അവര്‍ അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്നും അവനുള്ള കടമകള്‍ നിര്‍വഹിക്കുന്നതില്‍നിന്നും അശ്രദ്ധമായി തങ്ങളുടെ സ്വന്തം കാര്യങ്ങളിലേക്കും ഇച്ഛകളിലേക്കും തിരിഞ്ഞു. അതുമൂലം അവര്‍ ഒരു നേട്ടവും കൈവരിച്ചില്ല. മറിച്ച് അല്ലാഹു അവരുടെ തന്നെ നന്മകളെ മറപ്പിച്ച് കളഞ്ഞു. അതിന് ഉണ്ടാകാവുന്ന ഗുണങ്ങളില്‍നിന്നും അവന്‍ അവരെ അശ്രദ്ധരാക്കി. അങ്ങനെ അവരുടെ കാര്യം അതിരുകവിഞ്ഞതായിത്തീര്‍ന്നു. ഇരുലോകത്തും അവര്‍ നഷ്ടത്തിലേക്ക് മടങ്ങി. പരിഹരിക്കാന്‍ പറ്റാത്ത, കണ്ടെത്താന്‍ കഴിയാത്ത വഞ്ചനയില്‍ അകപ്പെട്ടു. കാരണം അവര്‍ (അക്കൂട്ടര്‍ തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍). അവര്‍ അവരുടെ സ്രഷ്ടാവിനെ അനുസരിക്കാത്തവരായി തിന്മയില്‍ മത്സരിച്ചു.
20). അല്ലാഹുവിനെ സൂക്ഷിക്കുന്നതില്‍ ശ്രദ്ധ കാണിക്കുന്നവര്‍, നാളേക്കെന്തുണ്ടെന്ന് നോക്കുന്നവര്‍, അങ്ങനെ സുഖാനുഗ്രഹത്തിന്റെ സ്വര്‍ഗത്തിന് അര്‍ഹരാവുകയും സദ്‌വൃത്തര്‍ക്കും രക്തസാക്ഷികള്‍ക്കും സത്യസന്ധര്‍ക്കും പ്രവാചകന്മാര്‍ക്കുമൊപ്പം സുരക്ഷിതജീവിതം നയിക്കുകയും ചെയ്യുന്നവരും അല്ലാഹുവിനെ സ്മരിക്കുന്നതില്‍ അശ്രദ്ധ കാണിക്കുകയും അവനുള്ള കടമകളെ വിസ്മരിക്കുകയും അങ്ങനെ ഇഹലോകത്ത് ദൗര്‍ഭാഗ്യമടയുകയും പരലോകത്ത് ശിക്ഷക്ക് അര്‍ഹനാവുകയും ചെയ്തവരും ഒരുപോലെയാണോ? ആദ്യം പറഞ്ഞവര്‍ വിജയിച്ചവരാണ്. അവസാനം പറഞ്ഞവരാകട്ടെ, നഷ്ടക്കാരും.
ഇവിടെ ധാരാളം കാര്യങ്ങള്‍ തന്റെ അടിമകള്‍ക്കായി അല്ലാഹു വിശദീകരിച്ചു. അവന്റെ മഹദ്ഗ്രന്ഥത്തിലൂടെ അവരോട് കല്‍പിക്കുകയും വിരോധിക്കുകയും ചെയ്തു. അവന്റെ വിളിയിലേക്ക് ധൃതിപ്പെടാനും അതിനവരെ പ്രേരിപ്പിക്കാനും നിര്‍ബന്ധിക്കുന്നതാണിതെല്ലാം; ഉറച്ച പര്‍വതങ്ങള്‍ പോലുള്ള കാഠിന്യവും ബലവും ഹൃദയത്തിന് ഉണ്ടായിരുന്നാല്‍ പോലും. കാരണം ഈ ക്വുര്‍ആന്‍ അവന്‍ ഇറക്കിയത് (ഒരു പര്‍വതത്തിന്റെമേല്‍ ആണെങ്കില്‍ അത് വിനീതമാകുന്നതും അല്ലാഹുവെ പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്ക് കാണാമായിരുന്നു). അതായത് അത് ഹൃദയത്തില്‍ ചെലുത്തുന്ന സ്വാധീനത്താല്‍. ക്വുര്‍ആനിന്റെ ഉപദേശങ്ങള്‍ എല്ലാ നിലയ്ക്കും മഹത്തായ ഉപദേശങ്ങള്‍ തന്നെ.
ക്വുര്‍ആനിന്റെ കല്‍പനാവിരോധങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓരോ വിധിയിലും അതിനോട് ബന്ധപ്പെട്ട പല നന്മകളും ഉണ്ട്. അതാവട്ടെ, മനസ്സുകള്‍ക്ക് ആശ്വാസമുള്ളതാണ്. ശരീരങ്ങള്‍ക്ക് ഏറെ എളുപ്പമുള്ളതും വൈരുധ്യങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാത്തതും പ്രയാസരഹിതമായതും ക്ഷീണം വരുത്താത്തതും എല്ലാ കാലത്തേക്കും ദേശത്തേക്കും ഉചിതമായതും എല്ലാവര്‍ക്കും അനുയോജ്യമായതുമാണ്്.
ജനങ്ങള്‍ക്ക് ഉപമകള്‍ വിശദീകരിച്ചു നല്‍കുന്നതിനെക്കുറിച്ചാണ് തുടര്‍ന്ന് അല്ലാഹു പറയുന്നത്. അതിലൂടെ അവന്‍ തന്റെ അടിമക്ക് അനുവദനീയവും നിഷിദ്ധവും വിശദീകരിച്ചുകൊടുക്കുന്നു; അവന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിക്കാനും ആലോചിക്കാനും വേണ്ടി. കാരണം അതിനെക്കുറിച്ചുള്ള ചിന്ത അടിമക്ക് വിജ്ഞാനത്തിന്റെ ഖജനാവുകള്‍ തുറന്നുകൊടുക്കും. നന്മയുടെയും തിന്മകളുടെയും വഴികളെ വിശദീകരിച്ചുകൊടുക്കും. നല്ല സ്വഭാവപ്രകൃതികള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ക്വുര്‍ആനികാശയങ്ങളെക്കുറിച്ചുള്ള ചിന്തയെക്കാളും പഠനത്തെക്കാളും ഒരടിമക്ക് പ്രയോജനകരമായി മറ്റൊന്നില്ല.
22). ഈ പരിശുദ്ധ വചനങ്ങള്‍ അല്ലാഹുവിന്റെ ഒട്ടേറെ അതിവിശിഷ്ട നാമങ്ങളെ ഉള്‍ക്കൊള്ളുന്നു. അവന്റെ ഉന്നതമായ വിശേഷണങ്ങളും മഹത്ത്വവും ഉദാത്തമായ പ്രമാണങ്ങളെയും ഉള്‍ക്കൊള്ളുന്നു. അല്ലാഹു അറിയിക്കുന്നു: (അല്ലാഹു) ആരാധിക്കപ്പെടേണ്ടവന്‍. (അവനല്ലാതെ യാതൊരു ആരാധ്യനുമില്ല). മഹത്തായ അവന്റെ പൂര്‍ണത, സമ്പൂര്‍ണമായ അവന്റെ നന്മ, സമഗ്രമായ അവന്റെ നിയന്ത്രണം എന്നിവയാലാണത്. അവനല്ലാത്ത എല്ലാ ആരാധ്യരും നിരര്‍ഥകമാണ്. ചെറിയൊരംശം പോലും ആരാധനക്ക് അവര്‍ക്ക് അര്‍ഹതയില്ല. കാരണം അവര്‍ ആവശ്യക്കാരാണ്. അശക്തരാണ്. യാതൊന്നും തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഉടമപ്പെടുത്താത്തവര്‍. പിന്നീട് തന്റെ അറിവിനെക്കുറിച്ച് പറയുന്നു. സൃഷ്ടികള്‍ക്ക് ദൃശ്യമായതും അദൃശ്യമായതും അവനറിയും. അവന്റെ കാരുണ്യം എല്ലാറ്റിലും വിശാലമാണ്. എല്ലാ ജീവനുള്ളതിലേക്കും അതെത്തും.
23). അവന്റെ ആരാധ്യതയുടെ സമഗ്രതയും അത് അവനില്‍ മാത്രം പരിമിതമാണെന്നതും ആവര്‍ത്തിച്ച് പറയുന്നു. എല്ലാ അടിമകളുടെയും ഉടമസ്ഥന്‍ അവനാണ്. ഉപരിയും അല്ലാത്തതുമായ ലോകങ്ങളുടെയും അതിലുള്ളവരുടെയും എല്ലാ അടിമകളുടെയും ഉടമസ്ഥത അല്ലാഹുവിനാണ്. അവര്‍ അവനിലേക്ക് ആവശ്യക്കാരും നിയന്ത്രിക്കപ്പെടുന്നവരുമാണ്.
(പരമപരിശുദ്ധനും അത്യുന്നതനും). അതായത് പരിശുദ്ധനും എല്ലാ ന്യൂനതകളില്‍നിന്നും കുറവുകളില്‍നിന്നും സുരക്ഷിതനായവനും. മഹത്ത്വമുള്ളവന്‍, ശ്രേഷ്ഠന്‍. ക്വുദ്ദൂസ് എന്നത് എല്ലാ ന്യൂനതകളില്‍നിന്നുമുള്ള പരിശുദ്ധിയെ അറിയിക്കുന്നു. വിശേഷണങ്ങളിലും മഹത്ത്വങ്ങളിലുമെല്ലാം അല്ലാഹു ഏറെ ഉന്നതന്‍.
(സത്യപ്പെടുത്തുന്നവന്‍). തന്റെ പ്രവാചകന്‍മാരെയും ദൂതന്മാരെയും അവര്‍ കൊണ്ടുവന്ന തെളിവുകെളയും ഖണ്ഡിതമായ പ്രമാണങ്ങെളയും വ്യക്തമായ രേഖകളെയും അവന്‍ സത്യപ്പെടുത്തുന്നു.
(പ്രതാപിയും). അവനെ ആരും അതിജയിക്കുകയില്ല. തടസ്സപ്പെടുത്തുകയുമില്ല. മറിച്ച്, എല്ലാറ്റിനെയും അടക്കി ഭരിക്കുന്നു. എല്ലാം അവന് കീഴൊതുങ്ങുന്നു.
(പരമാധികാരി). എല്ലാ അടിമകളെയും അവന്‍ കീഴടക്കിവെക്കുന്നു. മറ്റു സൃഷ്ടികള്‍ അവന് കീഴൊതുങ്ങുന്നു. പ്രശ്‌നമുള്ളവന് അവന്‍ പരിഹാരമുണ്ടാക്കുന്നു. ദരിദ്രന് അവന്‍ ഐശ്വര്യങ്ങള്‍ നല്‍കുന്നു.
(മഹത്ത്വം കാണിക്കുന്നവന്‍). അവന്‍ മഹത്ത്വമുള്ളവനും മഹത്ത്വം കാണിക്കുന്നവനുമാണ്. അക്രമം, അനീതി, ന്യൂനതകള്‍ എന്നതില്‍ നിന്നെല്ലാം പരിശുദ്ധന്‍. (അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍). അവനില്‍ പങ്കുചേര്‍ക്കുന്ന, അവനോട് ധിക്കാരം കാണിക്കുന്ന എല്ലാറ്റില്‍നിന്നും അവനെ പരിശുദ്ധമാക്കുന്നതാണിത്.
24). (സ്രഷ്ടാവായ അല്ലാഹുവത്രെ അവന്‍). സര്‍വ സൃഷ്ടികളുടെയും. (നിര്‍മാതാവ്) നിര്‍മിക്കപ്പെട്ടവയുടെ. (രൂപം നല്‍കുന്നവന്‍). രൂപപ്പെടുത്തപ്പെട്ടവര്‍ക്ക്. ഈ നാമങ്ങളെല്ലാം നിര്‍ണയം, നിയന്ത്രണം, സൃഷ്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഇതിലെല്ലാം അല്ലാഹു ഏകനാണുതാനും. ഒരു പങ്കാളിയും അവനോടൊപ്പം പങ്കുചേരുന്നില്ല.
(അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്). തിട്ടപ്പെടുത്താനാവാത്തത്ര നാമങ്ങളുണ്ടവന്. അവനല്ലാതെ അവ അറിയുകയില്ല. അതോടൊപ്പം അവയെല്ലാം ഏറ്റവും ഉത്തമായതുമാണ്. അതായത് സമ്പൂര്‍ണ വിശേഷണങ്ങള്‍ വിശേഷണങ്ങളുടെ മഹത്ത്വത്തെയും പൂര്‍ണതയെയും അറിയിക്കുന്നു. അതിലൊന്നിലും ന്യൂനതയില്ല, ഒരു നിലയ്ക്കും. അല്ലാഹു ആ നാമങ്ങളിഷ്ടപ്പെടുന്നു എന്നതാണ് അതിന്റെ നന്മ. അവ ഇഷ്ടപ്പെടുന്നവരെ അവന്‍ ഇഷ്ടപ്പെടും. അത് ഇഷ്ടപ്പെടുകയും അതിനെ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കുകയും ചെയ്യുന്ന അടിമകളെ അവന്‍ ഇഷ്ടപ്പെടുന്നു. അവന് ഉത്തമ നാമങ്ങളുണ്ടെന്നത് അവന്റെ പൂര്‍ണതയെ കുറിക്കുന്നതാണ്; അവന്റെ ഉന്നതവിശേഷണങ്ങളും. ആകാശ ഭൂമികളിലുള്ളവയെല്ലാം എപ്പോഴും അവനിലേക്ക് ആവശ്യമുള്ളവരാണ്. അവനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. അവരുടെ ആവശ്യങ്ങള്‍ അവര്‍ അവനോട് ചോദിക്കുന്നു. അപ്പോള്‍ അവന്‍ അവന്റെ ഔദാര്യത്തില്‍നിന്നും കാരുണ്യത്തില്‍നിന്നും അവന്റെ യുക്തിയും കരുണയും താല്‍പര്യപ്പെടുന്നത് നല്‍കുന്നു. (അവനത്രെ പ്രതാപിയും യുക്തിമാനും). അവനുദ്ദേശിക്കുന്നത് ഉണ്ടാകും. അവന്റെ യുക്തിയും താല്‍പര്യവുമനുസരിച്ചല്ലാതെ ഒന്നും ഉണ്ടാവുന്നില്ല.