സ്വഫ്ഫ് (അണി), ഭാഗം: 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 സെപ്തംബര്‍ 19 1442 സഫര്‍ 02

അധ്യായം: 61, ഭാഗം: 4

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

تُؤْمِنُونَ بِاللَّهِ وَرَسُولِهِ وَتُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِكُمْ وَأَنْفُسِكُمْ ۚ ذَٰلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ (١١) يَغْفِرْ لَكُمْ ذُنُوبَكُمْ وَيُدْخِلْكُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ وَمَسَاكِنَ طَيِّبَةً فِي جَنَّاتِ عَدْنٍ ۚ ذَٰلِكَ الْفَوْزُ الْعَظِيمُ (١٢) وَأُخْرَىٰ تُحِبُّونَهَا ۖ نَصْرٌ مِنَ اللَّهِ وَفَتْحٌ قَرِيبٌ ۗ وَبَشِّرِ الْمُؤْمِنِينَ (١٣) يَا أَيُّهَا الَّذِينَ آمَنُوا كُونُوا أَنْصَارَ اللَّهِ كَمَا قَالَ عِيسَى ابْنُ مَرْيَمَ لِلْحَوَارِيِّينَ مَنْ أَنْصَارِي إِلَى اللَّهِ ۖ قَالَ الْحَوَارِيُّونَ نَحْنُ أَنْصَارُ اللَّهِ ۖ فَآمَنَتْ طَائِفَةٌ مِنْ بَنِي إِسْرَائِيلَ وَكَفَرَتْ طَائِفَةٌ ۖ فَأَيَّدْنَا الَّذِينَ آمَنُوا عَلَىٰ عَدُوِّهِمْ فَأَصْبَحُوا ظَاهِرِينَ (١٤)

(11). നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കണം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍കൊണ്ടും നിങ്ങള്‍ സമരം ചെയ്യുകയും വേണം. അതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍. (12). എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളിലും സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അതത്രെ മഹത്തായ ഭാഗ്യം. (13). നിങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റൊരു കാര്യവും (അവന്‍ നല്‍കുന്നതാണ്). അതെ, അല്ലാഹുവിങ്കല്‍നിന്നുള്ള സഹായവും ആസന്നമായ വിജയവും. (നബിയേ,) സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. (14). സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളായിരിക്കുക. മര്‍യമിന്റെ മകന്‍ ഈസാ അല്ലാഹുവിങ്കലേക്കുള്ള മാര്‍ഗത്തില്‍ എന്റെ സഹായികളായി ആരുണ്ട് എന്ന് ഹവാരികളോട് ചോദിച്ചതു പോലെ. ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുന്നു. അപ്പോള്‍ ഇസ്രാഈല്‍ സന്തതികളില്‍പെട്ട ഒരുവിഭാഗം വിശ്വസിക്കുകയും മറ്റൊരുവിഭാഗം അവിശ്വസിക്കുകയും ചെയ്തു. എന്നിട്ട് വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുവിനെതിരില്‍ നാം പിന്‍ബലം നല്‍കുകയും അങ്ങനെ അവന്‍ മികവുറ്റവരായിത്തീരുകയും ചെയ്തു.

11). ഈ കച്ചവടമേതാണെന്നാണ് തുടര്‍ന്ന് പറയുന്നത്. (നിങ്ങള്‍ അല്ലാഹുവിലും അവന്റെദൂതനിലും വിശ്വസിക്കണം) സത്യപ്പെടുത്താന്‍ അല്ലാഹു കല്‍പിച്ചതിനെ ഉറപ്പോടെ സത്യപ്പെടുത്തുക എന്നതാണ് സമ്പൂര്‍ണ ഈമാന്‍ എന്നത് അറിയാവുന്ന കാര്യമാണ്, അത് അനിവാര്യമാക്കുന്ന ശാരീരിക പ്രവര്‍ത്തനങ്ങളുമുണ്ടാകണം. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സമരം അതില്‍പെട്ടതാണ്. അതാണ് തുടര്‍ന്ന് പറഞ്ഞത്. (അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍ കൊണ്ടും നിങ്ങള്‍ സമരംചെയ്യുകയും വേണം) നിങ്ങളുടെ ശരീരവും ജീവനും ഇസ്‌ലാമിന്റെ ശത്രുവിനോട് ഏറ്റുമുട്ടാന്‍ ചെലവഴിക്കണമെന്ന്. ഉദ്ദേശ്യം അല്ലാഹുവിന്റെ ദീനിനെ സഹായിക്കലും അവന്റെ വചനം ഉന്നതമാക്കലും ആയിരിക്കണം. ആ ആവശ്യത്തിലേക്ക് സാധിക്കുന്ന നിങ്ങളുടെ ധനം നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യണം. അത് സ്വന്തങ്ങള്‍ക്ക് പ്രയാസവും വിഷമവും ഉള്ളതാണെങ്കിലും. (അതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍) അതിലുള്ള ഇഹലോകനന്മ ശത്രുവിനെതിരെയുള്ള വിജയവും നിന്ദ്യതയെ നിരാകരിക്കുന്ന പ്രതാപവും വിശാലമായ ഉപജീവനവും മനസ്സിന്റെ വിശാലതയും സന്തോഷവുമാണ്. പാരത്രികനന്മയാകട്ടെ, അല്ലാഹുവിന്റെ പ്രതിഫലം നേടി വിജയിക്കലും ശിക്ഷയില്‍നിന്നുള്ള രക്ഷയുമാണ്.

12). പരലോകത്തെ പ്രതിഫലത്തെക്കുറിച്ച് പറയുന്നു: (എങ്കില്‍ നിങ്ങള്‍ക്കവന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരികയും) അതില്‍ ചെറുതും വലുതുമായ പാപങ്ങള്‍ ഉള്‍പ്പെടും. അല്ലാഹുവിലുള്ള വിശ്വാസവും അവന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരവും പാപങ്ങളെ മായ്ച്ചുകളയുന്നതാണ്; മഹാപാപങ്ങളായിരുന്നാലും ശരി. (താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളിലും അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യും) അതായത്, അതിലെ താമസസ്ഥലങ്ങളുടെയും കൊട്ടാരങ്ങളുടെയും മണിമാളികകളുടെയും മരങ്ങളുടെയും അടിയിലൂടെ, പകര്‍ച്ചവരാത്ത വെള്ളത്തിന്റെ അരുവികളും രുചിഭേദംവരാത്ത പാലിന്റെ അരുവികളും കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്റെ അരുവികളും ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമൊഴുകും. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്. (സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും) എല്ലാ സവിശേഷതകളും ഒത്തിണങ്ങിയതാണത്. ഔന്നത്യം, ഉയരം, നിര്‍മാണഭംഗി, അലങ്കാരം എന്നിവയെല്ലാം. എത്രത്തോളമെന്നാല്‍ ഉന്നതസ്വര്‍ഗത്തിലെ മാളികകളില്‍ ഉള്ളവരെ സ്വര്‍ഗക്കാര്‍ അന്യോന്യം കാണിക്കപ്പെടും; പടിഞ്ഞാറെ ചക്രവാളത്തിലോ കിഴക്കെ ചക്രവാളത്തിലോ ജ്വലിക്കുന്ന നക്ഷത്രത്തെ കാണിക്കപ്പെടുന്നതു പോലെ. സ്വര്‍ഗത്തിലെ ചില മന്ദിരങ്ങള്‍ സ്വര്‍ണത്തിന്റെ ഇഷ്ടികകൊണ്ടാണ്. ചിലത് വെള്ളികൊണ്ടും. അതിലെ ടെന്റുകള്‍ മുത്തും പവിഴവുംകൊണ്ടും. ചില വീടുകളാകട്ടെ, നിറം നല്‍കപ്പെട്ട രത്‌നം, മരതകം എന്നിവകൊണ്ടുമാണ്. അതിന്റെ തെളിമയാകട്ടെ, അകത്തുനിന്ന് പുറവും പുറത്തുനിന്ന് അകവും കാണത്തക്ക വിധത്തിലാണ്. അതിന്റെ ഭംഗിയും വിശേഷവും വര്‍ണിക്കാന്‍ ഒരു വര്‍ണിക്കുന്നവനും സാധ്യമല്ല. ലോകത്ത് ഒരാളുടെ ഹൃദയത്തിലും അത് സങ്കല്‍പിക്കാനാവില്ല. അത് മനസ്സിലാക്കാന്‍ അതിന്റെ ഭംഗി കണ്ടനുഭവിക്കുന്നതുവരെ സാധ്യമല്ല. അത് അവരുടെ കണ്‍കുളിര്‍പ്പിക്കും.

ഇല്ലാതാവാന്‍ പറ്റാത്തവിധം സമ്പൂര്‍ണമായ സൃഷ്ടിപ്പ് അവന്‍ നടത്തിയിരുന്നില്ലെങ്കില്‍ ആ അവസ്ഥയില്‍ അവര്‍ സന്തോഷം കൊണ്ട് മരിക്കാറാകുമായിരുന്നു. അവന്‍ മഹാപരിശുദ്ധന്‍. അവനുള്ള പുകഴ്ത്തല്‍ സൃഷ്ടികളിലൊരാള്‍ക്കും ക്ലിപ്തപ്പെടുത്താനാവില്ല.

അല്ല, അവന്‍ സ്വന്തത്തെ പുകഴ്ത്തിയത് പോലെ. അവനെക്കാളും പുകഴ്ത്തപ്പെടേണ്ട ഒരാളും തന്റെ സൃഷ്ടികളിലില്ല. അവന്‍ അനുഗ്രഹപൂര്‍ണനും മഹത്ത്വമുടയവനും ഭംഗിയുള്ളവനുമാണ്. സുഖാനുഗ്രഹത്തിന്റെ ഭവനമുണ്ടാക്കിയവന്‍, ഹൃദയത്തെ പടികൂടുന്ന, മനുഷ്യബുദ്ധിയെ വിസ്മയിപ്പിക്കുന്ന ഭംഗിയും മഹത്ത്വവും അവിടെ അവന്‍ ഏര്‍പ്പെടുത്തി. അല്ലാഹു സമ്പൂര്‍ണ യുക്തിയുള്ളവനാണ്. അക്കൂട്ടത്തില്‍ പെട്ടതാണ് അല്ലാഹു സ്വര്‍ഗം കാണിച്ചുകൊടുക്കുകയും അതിലുള്ള സുഖാനുഗ്രഹങ്ങളെ നോക്കിക്കാണുകയും ചെയ്യുന്ന ഒരാള്‍ക്കും സ്വര്‍ഗം നഷ്ടപ്പെടുകയില്ല എന്നത്. കാരണം ദുഖവും സന്തോഷവും വേദനയും ജീവിതസുഖങ്ങളുമായി കൂടിക്കലര്‍ന്ന അപൂര്‍ണ ജീവിതമാണ് അവന്‍ ഇവിടെ അനുഭവിച്ചത്. സ്വര്‍ഗത്തിന് പേരു നല്‍കപ്പെട്ടത്  എന്നാണ്. കാരണം അവിടെയുള്ളവര്‍ അവിടെ സ്ഥിരതാമസക്കാരാണ്. ഒരിക്കലും അതില്‍നിന്നവര്‍ പുറത്തുപോവുകയില്ല. അതില്‍നിന്ന് വിട്ടുമാറാന്‍ അവര്‍ ആഗ്രഹിക്കുകയില്ല. അത് മഹത്തായതും മനോഹരമായ പ്രതിഫലവുമാണ്. തുല്യതയില്ലാത്ത മഹാവിജയവും. ഇതാണ് പാരത്രിക പ്രതിഫലം.

13). എന്നാല്‍ ഈ കച്ചവടത്തിന് ഇഹലോകത്തുള്ള പ്രതിഫലം; അതിനെക്കുറിച്ച് പറയുന്നു: (നിങ്ങളിഷ്ടപ്പെടുന്ന മറ്റൊരു കാര്യവും) അതായത് നിങ്ങളിഷ്ടപ്പെടുന്ന മറ്റൊരു കാര്യവും കൂടി നിങ്ങള്‍ക്ക് ലഭിക്കും. അത് (അല്ലാഹുവില്‍ നിന്നുള്ള സഹായവും) നിങ്ങള്‍ക്ക് ശത്രുവിനെതിരായി സന്തോഷവും പ്രതാപവും നേടിത്തരുന്ന (ആസന്നമായ വിജയവും). ഇസ്‌ലാമിക വൃത്തം വിശാലമായിത്തീരുന്ന, വിശാലമായ ഉപജീവനം നേടിത്തരുന്ന. ഇത് ധര്‍മസമരം ചെയ്യുന്ന വിശ്വാസികള്‍ക്കുള്ള പ്രതിഫലമാണ്. എന്നാല്‍ ധര്‍മസമരത്തിന്റെ ബാധ്യത മറ്റുള്ളവര്‍ നിര്‍വഹിക്കുകയും ജിഹാദില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്ത വിശ്വാസികള്‍; അല്ലാഹു അവന്റെ ഔദാര്യത്തില്‍നിന്നും നന്മയില്‍ നിന്നും അവരെ നിരാശപ്പെടുത്തുകയില്ല. മറിച്ച് അല്ലാഹു പറയുന്നു: (സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക) ഇഹത്തിലും പരത്തിലും ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച്. എല്ലാം അവന്റെ ഈമാനനുസരിച്ചായിരിക്കും; അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവുടെ പദവിയിലേക്ക് അവര്‍ എത്തിയിട്ടില്ലെങ്കിലും. നബി ﷺ  പറഞ്ഞതുപോലെ:

''ആരെങ്കിലും അല്ലാഹുവിനെ റബ്ബായും ഇസ്‌ലാമിനെ മതമായും മുഹമ്മദ് നബി ﷺ യെ പ്രവാചകനായും തൃപ്തിപ്പെട്ടാല്‍ സ്വര്‍ഗം അവന് നിര്‍ബന്ധമായി.

ഹദീഥ് റിപ്പോര്‍ട്ടുചെയ്യുന്ന അബൂസഈദില്‍ ഖുദ്‌രി(റ) ഇത് കേട്ടപ്പോള്‍ അത്ഭുതപ്പെട്ടു. അദ്ദേഹം പറഞ്ഞു: 'ഒരിക്കല്‍ കൂടി ആവര്‍ത്തിക്കൂ പ്രവാചകരേ.' അപ്പോള്‍ നബി ﷺ  വീണ്ടും ആവര്‍ത്തിച്ചു. പിന്നീട് പറഞ്ഞു: 'മറ്റൊരു കാര്യം; അതുമൂലം ഒരടിമ സ്വര്‍ഗത്തില്‍ നൂറ് പദവി ഉയര്‍ത്തപ്പെട്ടു. ഓരോ പദവിക്കിടയിലും ആകാശഭൂമികള്‍ക്കിടയിലുള്ളത്ര അകലമുണ്ട്.' അപ്പോള്‍ അദ്ദേഹം ചോദിച്ചു: 'അതെന്താണ് അല്ലാഹുവിന്റെ ദൂതരേ?' അവിടുന്ന് പറഞ്ഞു: 'അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മസരമം, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരം' (മുസ്‌ലിം).

14). തുടര്‍ന്ന് അല്ലാഹു പറയുന്നു: (സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളായിരിക്കുക) വാക്കുകൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും. അത് അല്ലാഹുവിന്റെ ദീനിനെ നിലനിര്‍ത്തലാണ്. മറ്റുള്ളവരില്‍ അത് നടപ്പിലാവാനുള്ള താല്‍പര്യമാണ്. ദീനിനോട് എതിരിടുകയും ധിക്കാരം കാണിക്കുകയും ചെയ്യുന്നവരോട് ധനവും ശരീരവുംകൊണ്ട് പോരാടലും അതില്‍ പെട്ടതാണ്. തനിക്കുള്ള വിജ്ഞാനംകൊണ്ട് അസത്യത്തെ സഹായിക്കുകയും തെളിവുനശിപ്പിച്ച് സത്യത്തെ നിരാകരിക്കുകയും ദീനിനെതിരെ തെളിവുണ്ടാക്കുകയും ചെയ്യുന്നവര്‍ ഭയപ്പെട്ടുകൊള്ളട്ടെ. അല്ലാഹുവിന്റെ ദീനിനെ സഹായിച്ചവന്‍ അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചകചര്യയും പഠിച്ച്, അതില്‍ പഠിക്കാന്‍ പ്രേരിപ്പിച്ച്, നന്മകല്‍പിക്കുകയും തിന്മവിരോധിക്കുകയും ചെയ്തവനാണ്.

  മുന്‍കഴിഞ്ഞ സജ്ജനങ്ങളെ പിന്‍പറ്റാന്‍ സത്യവിശ്വാസികളെ പ്രേരിപ്പിക്കുകയാണ് തുടര്‍ന്നുള്ള വചനങ്ങളില്‍. (മര്‍യമിന്റെ മകന്‍ ഈസാ അല്ലാഹുവിലേക്കുള്ള മാര്‍ഗത്തില്‍ എന്റെ സഹായികളായി ആരുണ്ട് എന്ന് ഹവാരികളോട് ചോദിച്ചതുപോലെ) അതായത് അവരെ ഉല്‍ബോധിപ്പിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു: ആരുണ്ടെന്നെ സഹായിക്കാന്‍, അല്ലാഹുവിന്റെ ദീനിനെ സഹായിക്കാന്‍ എന്റെ കൂടെ നിലകൊള്ളാനും ഞാന്‍ പ്രവേശിക്കുന്നിടത്ത് പ്രവേശിക്കാനും ഞാന്‍ പുറത്തുവരുന്നേടത്ത് പുറത്തുവരാനും? ഹവാരികള്‍ ധൃതിപ്പെട്ടു. അവര്‍ പറഞ്ഞു: (ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുന്നു) അങ്ങനെ ഈസാ നബിൗ അദ്ദേഹത്തോടൊപ്പമുള്ള ഹവാരികളും അല്ലാഹുവിന്റെ ദീനിനെ സഹായിച്ചു. (അപ്പോള്‍ ഇസ്‌റാഈല്‍ സന്തതികളില്‍ പെട്ട ഒരുവിഭാഗം വിശ്വസിക്കുകയും) ഈസാ നബിൗയുടെയും ഹവാരികളുടെയും പ്രബോധനഫലമായി. (മറ്റൊരുവിഭാഗം അവിശ്വസിക്കുകയും ചെയ്തു) അവരില്‍പെട്ടവര്‍. അവര്‍ ആ പ്രബോധനത്തിന് കീഴ്‌പ്പെട്ടില്ല. അപ്പോള്‍ വിശ്വാസികള്‍ അവരോട് സമരം ചെയ്തു. (എന്നിട്ട് വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുവിനെതിരില്‍ നാം പിന്‍ബലം നല്‍കുകയും) അവര്‍ക്ക് നാം ശക്തിനല്‍കുകയും ശത്രുവിനെതിരെ നാം അവരെ സഹായിക്കുകയും ചെയ്തു. (അങ്ങനെ അവര്‍ മികവുറ്റവരായി തീരുകയും ചെയ്തു) ശത്രുവിനെതിരായി അവരില്‍ ആധിപത്യം ചെലുത്തുന്നവരായി.

അതിനാല്‍ മുഹമ്മദ് നബി ﷺ യുടെ സമുദായമേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളും ദീനിന്റെ പ്രബോധകരുമാവുക. നിങ്ങള്‍ക്ക് മുമ്പുള്ളവരെ സഹായിച്ചപോലെ അല്ലാഹു നിങ്ങളെ സഹായിക്കും. ശത്രുവിനെതിരെ നിങ്ങള്‍ വിജയം വരിക്കും.