തഗാബുന്‍ (നഷ്ടം വെളിപ്പെടല്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ജൂണ്‍ 13 1441 ശവ്വാല്‍ 21

അധ്യായം: 64, ഭാഗം: 2

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ذَٰلِكَ بِأَنَّهُ كَانَتْ تَأْتِيهِمْ رُسُلُهُمْ بِالْبَيِّنَاتِ فَقَالُوا أَبَشَرٌ يَهْدُونَنَا فَكَفَرُوا وَتَوَلَّوْا ۚ وَاسْتَغْنَى اللَّهُ ۚ وَاللَّهُ غَنِيٌّ حَمِيدٌ (٦) زَعَمَ الَّذِينَ كَفَرُوا أَنْ لَنْ يُبْعَثُوا ۚ قُلْ بَلَىٰ وَرَبِّي لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ ۚ وَذَٰلِكَ عَلَى اللَّهِ يَسِيرٌ (٧‬) فَآمِنُوا بِاللَّهِ وَرَسُولِهِ وَالنُّورِ الَّذِي أَنْزَلْنَا ۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (٨‬) يَوْمَ يَجْمَعُكُمْ لِيَوْمِ الْجَمْعِ ۖ ذَٰلِكَ يَوْمُ التَّغَابُنِ ۗ وَمَنْ يُؤْمِنْ بِاللَّهِ وَيَعْمَلْ صَالِحًا يُكَفِّرْ عَنْهُ سَيِّئَاتِهِ وَيُدْخِلْهُ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ (٩)
(6). അതെന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഒരു മനുഷ്യന്‍ നമുക്ക് മാര്‍ഗദര്‍ശനം നല്‍കുകയോ? അങ്ങനെ അവര്‍ അവിശ്വസിക്കുകയും പിന്തിരിഞ്ഞുകളയുകയും ചെയ്തു. അല്ലാഹു സ്വയം പര്യാപ്തനായിരിക്കുന്നു. അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു. (7). തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികള്‍ ജല്‍പിച്ചു.(നബിയേ,)പറയുക: അതെ; എന്റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. (8). അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും നാം അവതരിപ്പിച്ച പ്രകാശത്തിലും വിശ്വസിച്ചുകൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്. (9). ആ സമ്മേളനദിനത്തിന് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു). അതാണ് നഷ്ടം വെളിപ്പെടുന്ന ദിവസം. ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ അവന്റെ പാപങ്ങള്‍ അല്ലാഹു മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അതില്‍ (സ്വര്‍ഗത്തില്‍) അവര്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.

6). തുടര്‍ന്ന് ശിക്ഷയുടെ കാരണം വ്യക്തമാക്കുകയാണ്. (അതെന്തുകൊണ്ടെന്നാല്‍) അവര്‍ക്ക് വന്ന നാശവും ശിക്ഷയും. (എന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൂതന്മാര്‍ വ്യക്തമായ ദൃഷ്ടാന്തവും കൊണ്ട് അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു). സത്യവും അസത്യവും ഏതെന്നതിനുള്ള വ്യക്തമായ വചനങ്ങളുമായി. അവര്‍ വെറുപ്പ് പ്രകടിപ്പിക്കുകയും ദൂതന്മാരോട് അഹങ്കാരം നടിക്കുകയും ചെയ്തു. (അപ്പോള്‍ അവര്‍ പറഞ്ഞു: ഒരു മനുഷ്യന്‍ നമുക്ക് മാര്‍ഗദര്‍ശനം നല്‍കുകയോ) അതായത് അവര്‍ക്ക് നമ്മെക്കാള്‍ ഒരു ശ്രേഷ്ഠതയും തന്നെയില്ല. എന്തു കാര്യത്തിനാണ് അല്ലാഹു അവരെ നമ്മെക്കാള്‍ പ്രത്യേകമാക്കുന്നത്? മറ്റൊരു വചനത്തില്‍ അല്ലാഹു പറയുന്നു:

............................................................................................

''അവരോട് അവരിലേക്കുള്ള ദൈവദൂതന്മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്മാര്‍ തന്നെയാണ്. എങ്കിലും അല്ലാഹു തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു'' (14:71).

മനുഷ്യര്‍ക്ക് ദൂതന്മാരാവുക എന്ന പ്രവാചകന്മാര്‍ക്ക് നല്‍കിയ അനുഗ്രഹം അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അവര്‍ക്ക് കീഴടങ്ങാന്‍ അവര്‍ അഹങ്കരിച്ചു. മരങ്ങള്‍, കല്ലുകള്‍ മുതാലയവയെ ആരാധിക്കല്‍ മൂലം അവരെ പരീക്ഷിച്ചു. (അങ്ങനെ അവര്‍ അവിശ്വസിക്കുകയും ചെയ്തു) അല്ലാഹുവില്‍. (പിന്തിരിഞ്ഞ് കളയുകയും ചെയ്തു) അവനെ അനുസരിക്കുന്നതില്‍ നിന്ന്. (അല്ലാഹു സ്വയം പര്യാപ്തനായിരിക്കുന്നു) അവരില്‍നിന്ന് അവരുടെ കാര്യം അവനെ ബാധിക്കില്ല. അവരുടെ വഴികേട് അവനൊരു ദോഷവും വരുത്തുകയും ചെയ്യില്ല. (അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു) അവന്‍ ഐശ്വര്യവാനാണ്. എല്ലാ വിധത്തിലും നിരുപാധികവും സമ്പൂര്‍ണവുമായ ഐശ്വര്യം. അവന്‍ അവന്റെ വാക്കിലും പ്രവര്‍ത്തിയിലും വിശേഷണങ്ങളിലുമെല്ലാം സ്തുതിക്കര്‍ഹനാണ്.

7). സത്യനിഷേധികളുടെ ധിക്കാരത്തെക്കുറിച്ചും നിരര്‍ഥകമായ അവരുടെ വാദങ്ങളെക്കുറിച്ചും യാതൊരു അറിവോ മാര്‍ഗ ദര്‍ശനമോ വെളിച്ചം നല്‍കുന്ന ഗ്രന്ഥമോ ഇല്ലാതെ ഉയിര്‍ത്തെഴുന്നേല്‍പിനെ നിഷേധിക്കന്നതിനെക്കുറിച്ചും. തുടര്‍ന്ന് അല്ലാഹു പറയുന്നു: സൃഷ്ടികളില്‍ ശ്രേഷ്ഠനായ തന്റെ ദൂതനോട് തന്റെ രക്ഷിതാവില്‍ സത്യം ചെയ്ത് പറയാന്‍ അല്ലാഹു നിര്‍ദേശിക്കുന്നു. അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും അവരുടെ ദുഷ്പ്രവര്‍ത്തനങ്ങള്‍ക്കും സത്യത്തെ നിഷേധിക്കുന്നതിനും പ്രതിഫലം നല്‍കുമെന്നും ഉറപ്പിച്ചുപറയാന്‍. (അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു). അതെത്ര പ്രയാസകരമാണെങ്കിലും. മനുഷ്യരെ സംബന്ധിച്ചിടത്തോളം അവര്‍ക്കത് സാധ്യമല്ല. കാരണം അവരെല്ലാവരും ഒരുമിച്ചു ചേര്‍ന്നാലും മരണപ്പെട്ട ഒരാളെ ജീവിപ്പിക്കാന്‍ അവരുടെ ശക്തിക്ക് കഴിയില്ല. എന്നാല്‍ അല്ലാഹു ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാവൂ എന്ന് പറഞ്ഞാല്‍ അതുണ്ടാകുന്നു.

............................................................................................

   ''കാഹളത്തില്‍ ഊതപ്പെടും, അപ്പോള്‍ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും. അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് അതില്‍ (കാഹളത്തില്‍) മറ്റൊരിക്കല്‍ ഊതപ്പെടും. അപ്പോഴതാ അവര്‍ എഴുന്നേറ്റ് നോക്കുന്നു'' (39:68).

8). അല്ലാഹുവിലും അവന്റെ വചനങ്ങളിലും അവിശ്വസിക്കുന്നവര്‍ ഉയിര്‍ത്തെഴുന്നേല്‍പിനെ നിഷേധിച്ചവര്‍ തന്നെയാണ്. ഈ നിഷേധത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ തന്നെ അവരെ ദൗര്‍ഭാഗ്യത്തില്‍ നിന്നും നാശത്തില്‍ നിന്നും സുരക്ഷിതമാക്കുന്ന കാര്യവും അല്ലാഹു നിര്‍ദേശിക്കുന്നു. അത് അവനിലും അവന്റെ ദൂതനിലും വേദഗ്രന്ഥത്തിലും വിശ്വസിക്കലാണ്. ആ വിശ്വാസത്തെ അല്ലാഹു വെളിച്ചമെന്നാണ് വിശേഷിപ്പിച്ചത്. കാരണം വെളിച്ചം ഇരുട്ടിന്റെ വിപരീതമാണ്. അല്ലാഹു അവന്റെ ഗ്രന്ഥത്തില്‍ ഇറക്കിയിട്ടുള്ള മതവിധികളും നിയമങ്ങളും വിവരങ്ങളുമെല്ലാം വഴികാണാത്ത അജ്ഞതയില്‍ നിന്നും ഇരുട്ടുകളില്‍ നിന്നും വഴി കണ്ടെത്താന്‍ ഉതകുന്ന പ്രകാശങ്ങളാണ്. കറുത്ത രാത്രിയുടെ ഇരുട്ടില്‍ അതുപയോഗിച്ച് നടന്നുനീങ്ങും. എന്നാല്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നല്ലാതെ കണ്ടെത്തപ്പെടുന്ന വഴികളാകട്ടെ, ഉപകാരത്തെക്കാള്‍ ഉപദ്രവകരമായ അറിവുകളാണ്. അതില്‍ നന്മയെക്കാള്‍ തിന്മയാണുള്ളത്. അല്ല, അതില്‍ നന്മയോ പ്രയോജനമോ ഇല്ല തന്നെ, അത് പ്രവാചകന്മാര്‍ കൊണ്ടുവന്നതിനോട് യോജിക്കുന്നുവെങ്കിലല്ലാതെ. അല്ലാഹുവിലും അവന്റെ ദൂതനിലും വേദഗ്രന്ഥത്തിലുമുള്ള വിശ്വാസം പൂര്‍ണമായ ഉറപ്പും സത്യസന്ധമായ ബോധ്യവും ഉണ്ടാക്കുന്നു. ആ ബോധ്യമാവട്ടെ, വിരോധങ്ങള്‍ ഉപേക്ഷിക്കുന്ന, കല്‍പനകള്‍ സ്വീകരിക്കുന്ന അവസ്ഥ ഉണ്ടാക്കുന്നു. (അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്) അപ്പോള്‍ അവന്‍ നിങ്ങളുടെ നല്ലതും ചീത്തയുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നു.

9). പൂര്‍വികരെയും പില്‍ക്കാലക്കാരെയും അല്ലാഹു ഒരുമിച്ചുകൂട്ടുന്ന ആ സമ്മേളന ദിവസത്തെ നിങ്ങള്‍ ഓര്‍ക്കുക. ഭീകരവും ഭയാനകവുമായ ഒരു നിറുത്തം അവരവിടെ നില്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുക്കും. അന്നേരം മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവ് പ്രകടമാകും. നഷ്ടം വെളിപ്പെടും. എല്ലാവിധ ആഗ്രഹങ്ങളും ആസ്വാദനങ്ങളും ഉള്‍ക്കൊള്ളുന്ന ഉന്നതമായ ഭവനങ്ങളില്‍, മണിമാളികകളില്‍ ഇല്ലിയ്യൂനിന്റെ ഉന്നതികളിലേക്ക് ചിലര്‍ ഉയര്‍ത്തപ്പെടും. കഠിന ശിക്ഷയുടെയും ദുഃഖത്തിന്റെയും മനോവിഷമത്തിന്റെയും സ്ഥാനമായ അധമസ്ഥാനത്തേക്ക് ചിലര്‍ താഴ്ത്തപ്പെടും.

ഇതൊക്കെ അവര്‍ അവര്‍ക്കു വേണ്ടി ചെയ്തുവെച്ചതിന്റെ, ജീവിതകാലത്ത് ചെയ്തതിന്റെ ഫലമാണ്. അതുകൊണ്ടാണ് 'നഷ്ടം വെളിപ്പെടുന്ന ദിവസം' എന്നു പറഞ്ഞത്. അതായത് ആ ദിനത്തില്‍ ലാഭനഷ്ടങ്ങളും ഏറ്റ വ്യത്യാസങ്ങളും സൃഷ്ടികള്‍ക്കിടയില്‍ വെളിവാകും. അധര്‍മകാരികളെ വിശ്വാസികള്‍ അന്ന് അതിജയിക്കും. കുറ്റവാളികള്‍ ഒന്നുമല്ലെന്ന് അവര്‍ക്ക് മനസ്സിലാകും. തീര്‍ച്ചയായും അവര്‍ തന്നെയാണ് നഷ്ടക്കാര്‍. ഇവിടെ ഒരു ചോദ്യം ഉയരുന്നു; വിജയവും പരാജയവും ശിക്ഷയും രക്ഷയും നേടുന്നതെങ്ങനെ?

തുടര്‍ന്ന് അതിന്റെ കാരണങ്ങളാണ് വിശദീകരിക്കുന്നത്. (ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും) വിശ്വസിക്കാന്‍ അല്ലാഹു കല്‍പിച്ച മുഴുവന്‍ കാര്യങ്ങളും പൂര്‍ണമായി വിശ്വസിച്ച്. (സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ) അതായത് നിര്‍ബന്ധവും ഐച്ഛികവുമായ കാര്യങ്ങള്‍, സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള കടമകള്‍. (താഴ്ഭാഗത്തു കൂടി നദികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്) അതില്‍ മനസ്സ് ആഗ്രഹിക്കുന്നതും കണ്ണുകള്‍ക്ക് ആനന്ദകരമായതും ആത്മാവുകള്‍ ഇഷ്ടപ്പെടുന്നതും ഹൃദയങ്ങള്‍ കൊതിക്കുന്നതുമുണ്ട്. എല്ലാ ആഗ്രഹങ്ങളുടെയും ഒടുക്കമായിരിക്കും അത്. (അതിലവര്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം).