ജുമുഅ

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ആഗസ്ത് 01 1441 ദുല്‍ഹിജ്ജ 11

അധ്യായം: 62, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

يُسَبِّحُ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ الْمَلِكِ الْقُدُّوسِ الْعَزِيزِ الْحَكِيمِ (١) هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِنْ كَانُوا مِنْ قَبْلُ لَفِي ضَلَالٍ مُبِينٍ (٢) وَآخَرِينَ مِنْهُمْ لَمَّا يَلْحَقُوا بِهِمْ ۚ وَهُوَ الْعَزِيزُ الْحَكِيمُ (٣) ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَنْ يَشَاءُ ۚ وَاللَّهُ ذُو الْفَضْلِ الْعَظِيمِ (٤)
(1). രാജാവും പരമപരിശുദ്ധനും പ്രതാപശാലിയും യുക്തിമാനുമായ അല്ലാഹുവെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. (2). അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു. (3). അവരില്‍പെട്ട ഇനിയും അവരോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത മറ്റുള്ളവരിലേക്കും (അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നു). അവനാകുന്നു പ്രതാപിയും യുക്തിമാനും. (4). അത് അല്ലാഹുവിന്റെ അനുഗ്രഹമാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് നല്‍കുന്നു. അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നവനത്രെ.

1). (രാജാവും പരമപരിശുദ്ധനും പ്രതാപശാലിയും യുക്തിമാനുമായവനെ). ആകാശ ഭൂമിയിലുള്ളവരെല്ലാം അവനെ ആരാധിക്കുന്നു. അവന്റെ ആരാധ്യത അംഗീകരിക്കുന്നു. അവന്റെ കല്‍പനകള്‍ക്ക് കീഴ്‌പ്പെടുകയും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.

ഇരുലോകങ്ങളുടെയും അധികാരമുള്ള പൂര്‍ണന്‍. എല്ലാം അവന്റെ അടിമകള്‍, നിയന്ത്രണത്തിലുള്ളവര്‍. എല്ലാ തകരാറുകളില്‍ നിന്നും ന്യൂനതകളില്‍ നിന്നും വിശുദ്ധനാക്കപ്പെട്ട പരമ പരിശുദ്ധന്‍. എല്ലാ വസ്തുക്കളെയും അടക്കി ഭരിക്കുന്ന പ്രതാപശാലി. തന്റെ സൃഷ്ടിപ്പിലും ശാസനകളിലും യുക്തി മതി. ഈ മഹത്തായ വിശേഷണങ്ങളെല്ലാം പങ്കുചേര്‍ക്കാതെ അവനെ മാത്രം ആരാധിക്കുന്നതിലേക്ക് ക്ഷണിക്കുന്നു.

2). (അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍ ഒരു ദൂതനെ നിയോഗിച്ചവനാണവന്‍). الاميئن എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അറബികളും വേദഗ്രന്ഥം നല്‍കപ്പെടാത്ത, അല്ലാത്തവരുമായ പ്രവാചകത്വത്തിന്റെ യാതൊന്നും ലഭിക്കാത്ത, വേദഗ്രന്ഥമില്ലാത്തവര്‍ എന്നാണ്. അവര്‍ക്ക് അല്ലാഹു മറ്റാര്‍ക്കും ചെയ്യാത്ത വലിയൊരു അനുഗ്രഹം ചെയ്തു. അവര്‍ നന്മയോ വിജ്ഞാനമോ ഇല്ലാത്തവരായിരുന്നു. (വ്യക്തമായ വഴികേടില്‍) ആയിരുന്നു അവര്‍. പ്രതിരൂപങ്ങള്‍ക്കും കല്ലുകള്‍ക്കും മരങ്ങള്‍ക്കും ആരാധനയര്‍പ്പിക്കുന്നവര്‍. ക്രൂരമൃഗങ്ങളുടെ സ്വഭാവങ്ങള്‍ സ്വീകരിച്ചവര്‍, ദുര്‍ബലനെ ശക്തന്‍ തിന്നുന്നു. പ്രവാചകന്മാര്‍ നല്‍കുന്ന അറിവുകളില്‍ അവര്‍ അങ്ങേയറ്റം അജ്ഞര്‍. അങ്ങനെയിരിക്കെ കുടുംബ പാരമ്പര്യത്തെക്കുറിച്ചും സ്വഭാവത്തെ കുറിച്ചും സത്യസന്ധതയെ കുറച്ചുമെല്ലാം അവര്‍ക്ക് തന്നെയറിയുന്ന ഒരു ദൂതനെ അല്ലാഹു അവരില്‍ നിയോഗിച്ചു. അദ്ദേഹത്തിന്റെ മേല്‍ വേദഗ്രന്ഥവും ഇറക്കി.  

(തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു വായിച്ചു കേള്‍പ്പിക്കുകയും). വിശ്വാസവും ദൃഢതയും അനിവാര്യമാക്കുന്ന ഖണ്ഡിതമായ തെളിവുകള്‍ (അവരെ സംസ്‌കരിക്കുകയും) മോശമായ സ്വഭാവങ്ങള്‍ അവരില്‍ നിരുത്സാഹപ്പെടുത്തുകയും ഉത്തമസ്വഭാവങ്ങള്‍ക്ക് അവരെ പ്രോത്സാഹിപ്പക്കുകയും ചെയ്യുന്നത് അവര്‍ വിശദീകരിച്ച് നല്‍കാന്‍.

(വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍). ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വിജ്ഞാനം, പൂര്‍വികരുടെയും പില്‍ക്കാലക്കാരുടെയും അറിവുകളുമെല്ലാം അതിലുണ്ട്. ഈ പഠനത്തിനും സംസ്‌കരണത്തിനും ശേഷം അവര്‍ ഏറ്റവും അറിവുള്ള മനുഷ്യരായി. അല്ല, അവര്‍ അറിവിന്റെയും മതത്തിന്റെയും നായകരായി. വഴിയിലും സന്മാര്‍ഗത്തിലും ഏറ്റവും നന്മ നിറഞ്ഞവര്‍. സ്വഭാവത്തില്‍ മനുഷ്യരില്‍ പൂര്‍ണര്‍. അവ സല്‍വഴി സ്വീകരിക്കുകയും മറ്റുള്ളവരെ അതിലേക്ക് നയിക്കുകയും ചെയ്തു. അങ്ങനെ അവര്‍ സന്മാര്‍ഗികളുടെ നേതാക്കളായി. സൂക്ഷ്മത പാലിക്കുന്നവരുടെ നായകന്മാരായി. ഈ പ്രവാചക നിയോഗത്തിലുടെ അല്ലാഹു അവര്‍ക്ക് ഉന്നത ദാനവും സമ്പൂര്‍ണ അനുഗ്രഹവും നല്‍കി.

3). (അവരില്‍ പെട്ട ഇനിയും അവരോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത മറ്റുള്ളവരിലേക്കും) അവരല്ലാത്തവര്‍ക്കും അവന്‍ അനുഗ്രഹം ചെയ്തു. അതായത് നിരക്ഷരരല്ലാത്ത പില്‍ക്കാലത്ത് വന്നവരും വേദക്കാരില്‍ പെട്ടവരും ആയവര്‍. (അവരോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത). അതായത് പ്രവാചകന്റെ ﷺ  പ്രബോധനം ലഭിച്ചവരിലുണ്ട്. മഹത്വത്തില്‍ അവരോടൊപ്പമെത്താത്തവര്‍. അല്ലെങ്കില്‍ കാലം കൊണ്ട് അവരോടൊപ്പമല്ലാത്തവര്‍. രണ്ടര്‍ഥവും ഇവിടെ ശരിയാണ്. പ്രവാചകന്റെ നിയോഗ സമയത്തുള്ളവര്‍ക്കും അദ്ദേഹത്തിനെ നേരില്‍ കണ്ട് സാക്ഷ്യം വഹിച്ചവര്‍ക്കും പ്രബോധനം നേരിട്ട് ലഭിച്ചവര്‍ക്കും മറ്റൊരാള്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത മഹത്വങ്ങളും പ്രത്യേകതകളും ഉണ്ട്.

4). ഇത് അല്ലാഹുവിന്റെ മഹത്വവും യുക്തിയുമാണ്. തന്റെ ഒരടിമയെയും അലക്ഷ്യമായും അവഗണിക്കപ്പെട്ടവരായും വിട്ടുകളഞ്ഞില്ല എന്നത്. മറിച്ച് അവരില്‍ നിന്ന് ഒരു പ്രവാചകന്‍ നിയോഗിതനാവുകയും അവരോട് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തു. അത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്. അതവന്‍ ഉദ്ദേശിക്കുന്ന തന്റെ അടിമകള്‍ക്ക് നല്‍കുന്നു. അവരുടെ ശാരീരിക സൗഖ്യം, ഉജീവനത്തിന്റെ വിശാലത തുടങ്ങിയ ഭൗതിക അനുഗ്രഹങ്ങളെക്കാള്‍ എത്രയോ ഉന്നതമായ അനുഗ്രഹമാണത്. ശാശ്വത സൗഭാഗ്യത്തിന്റെയും വിജയത്തിന്റെയും കാരണമായ മതമാകുന്ന അനുഗ്രഹത്തെക്കാള്‍ ഉന്നതമായ മറ്റൊന്നുമില്ല.