ജുമുഅ

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ആഗസ്ത് 08 1441 ദുല്‍ഹിജ്ജ 18

അധ്യായം: 62, ഭാഗം: 2

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًا ۚ بِئْسَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِ اللَّهِ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ (٥) قُلْ يَا أَيُّهَا الَّذِينَ هَادُوا إِنْ زَعَمْتُمْ أَنَّكُمْ أَوْلِيَاءُ لِلَّهِ مِنْ دُونِ النَّاسِ فَتَمَنَّوُا الْمَوْتَ إِنْ كُنْتُمْ صَادِقِينَ (٦) وَلَا يَتَمَنَّوْنَهُ أَبَدًا بِمَا قَدَّمَتْ أَيْدِيهِمْ ۚ وَاللَّهُ عَلِيمٌ بِالظَّالِمِينَ (٧‬) قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلَاقِيكُمْ ۖ ثُمَّ تُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ (٨‬)
(5). തൗറാത്ത് സ്വീകരിക്കാന്‍ ചുമതല ഏല്‍പിക്കപ്പെടുകയും, എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു കളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്‍മാര്‍ഗത്തിലാക്കുകയില്ല. (6). (നബിയേ,) പറയുക: തീര്‍ച്ചയായും യഹൂദികളായുള്ളവരേ, മറ്റു മനുഷ്യരെ കൂടാതെ നിങ്ങള്‍ മാത്രം അല്ലാഹുവിന്റെ മിത്രങ്ങളാണെന്ന് നിങ്ങള്‍ വാദിക്കുകയാണെങ്കില്‍ നിങ്ങള്‍ മരണം കൊതിക്കുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍. (7). എന്നാല്‍ അവരുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചതിന്റെ ഫലമായി അവര്‍ ഒരിക്കലും അത് കൊതിക്കുകയില്ല. അല്ലാഹു അക്രമകാരികളെപ്പറ്റി അറിവുള്ളവനാകുന്നു. (8). (നബിയേ,) പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്. പിന്നീട് അദൃശ്യവും, ദൃശ്യവും അറിയുന്നവന്റെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്.

5). നിരക്ഷരനായ നബിയെ നിയോഗിച്ച് ഈ സമുദായത്തിന് ചെയ്ത അനുഗ്രഹത്തെ കുറിച്ച് പറയുന്നു: സ്ഥാനത്തിലും സവിശേഷതകളിലും അവര്‍ക്ക് മാത്രം ചില പ്രത്യേകതകളുണ്ട്. അതവര്‍ക്ക് മാത്രമാണ്. ആ സ്ഥാനങ്ങളാകട്ടെ, പിന്നീടൊരാള്‍ക്കും എത്തിപ്പെടാനാകാത്തതാണ്. അവര്‍ മുന്‍കാലക്കാരെയും പില്‍ക്കാലക്കാരെയും മുന്‍കടന്ന നിരക്ഷര സമൂഹമാണ്. വേദക്കാരെപ്പോലും മുന്‍കടന്നവര്‍. അവരാകട്ടെ ദൈവത്തിന്റെ നിഷ്‌കളങ്കരായ ദാസന്മാരായ പണ്ഡിതന്മാരും മുന്തിയ പുരോഹിതന്മാരുമാണെന്ന് വാദിക്കുന്നവരാണ്.

ജൂതന്മാരെ തൗറാത്ത് വഹിപ്പിച്ചു. അതുപോലെ തന്നെ ക്രിസ്ത്യാനികള്‍ക്കും വേദം നല്‍കി. എന്നിട്ട് അത് പഠിക്കാനും പ്രവര്‍ത്തിക്കാനും നിര്‍ദേശിക്കുകയും ചെയ്തു. എന്നാലവര്‍ അത് ഏറ്റെടുക്കുകയോ നിര്‍വഹിക്കുകയോ ചെയ്തില്ല. അതിനാല്‍ തന്നെ അവര്‍ക്കൊരു മഹത്വവും തന്നെയില്ല. അവരുടെ ഉപമ കഴുതയുടെ ഉപമയാണ്. അത് അതിന്റെ മുതുകില്‍ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ ചുമക്കുന്നു. എന്നാല്‍ തന്റെ പുറത്തുള്ള ആ ഗ്രന്ഥങ്ങളെക്കൊണ്ട് അവക്ക് വല്ല പ്രയോജനവും ലഭിക്കുമോ? അതുമൂലം വല്ല മഹത്വവും അവക്കുണ്ടാകുമോ? അതോ അത് ചുമക്കല്‍ മാത്രമോ? ഇതാണ് വേദപണ്ഡിതന്മാരുടെ ഉപമ.

ക്വുര്‍ആനില്‍ നിന്ന് മുഹമ്മദ് നബി ﷺ  കൊണ്ടുവന്നത് വിശ്വസിക്കാനും അദ്ദേഹത്തെ പിന്‍പറ്റാനും കല്‍പിക്കുകയും അദ്ദേഹത്തെ കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്ന തൗറാത്തിലുള്ളത് അവര്‍ പ്രവര്‍ത്തിച്ചില്ല. തൗറാത്തില്‍ നിന്ന് അവര്‍ക്ക് കിട്ടിയ പ്രയോജനം നഷ്ടവും പരാജയവും അവര്‍ക്കെതിരായുള്ള തെളിവും മാത്രമാണ്. അവരുടെ അവസ്ഥക്ക് ഏറ്റവും യോജിക്കുന്ന ഉദാഹരണം ഇത് തന്നെയാണ്. (അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുകളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത). പ്രവാചകന്റെയും അദ്ദേഹം കൊണ്ടുവന്നതിന്റെയും സത്യതയെ അറിയിക്കുന്ന ദൃഷ്ടാന്തങ്ങളെ (അക്രമികളായ ജനങ്ങളെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല). അക്രമസ്വഭാവവും ധിക്കാരവും ഉള്ളിടത്തോളം കാലം ഒരു നന്മയിലും അവര്‍ക്കവന്‍ വഴികാണിക്കുകയില്ല.

ജൂതന്മാരുടെ അക്രമത്തിലും ധിക്കാരത്തിലും പെട്ട കാര്യമാണ് അവര്‍ അസത്യത്തിലാണെന്ന് അറിയുകയും സത്യത്തിലാണെന്ന് വാദിക്കുകയും ചെയ്യുന്നു എന്നത്. മാത്രമല്ല, അവര്‍ മറ്റു മനുഷ്യരെ കൂടാതെ അവര്‍ അല്ലാഹുവിന്റെ മിത്രങ്ങളാണെന്ന് പറയുന്നു. അതുകൊണ്ടാണ് അല്ലാഹു നബി ﷺ യോട് അവരോടായി പറയാന്‍ കല്‍പിച്ചത്: 'നിങ്ങളുടെ വാദപ്രകാരം നിങ്ങള്‍ സത്യത്തില്‍ നിലകൊള്ളുന്നവരും അല്ലാഹുവിന്റെ മിത്രങ്ങളുമാണെന്നത് സത്യമാണെങ്കില്‍ (നിങ്ങള്‍ മരണം കൊതിക്കുക) ഇതൊരു നിസ്സാര കാര്യമാണ്. കാരണം അവര്‍ സത്യത്തിലാണെന്ന് മനസ്സിലാക്കുന്നവെങ്കില്‍ അല്ലാഹു അവരുടെ സത്യസന്ധതതക്ക് തെളിവായിപ്പറഞ്ഞ ഈ വെല്ലുവിളി അവര്‍ സ്വീകരിക്കണം. അതായത് മരണം ആഗ്രഹിക്കണം. അല്ലെങ്കില്‍ കളവാണെന്നര്‍ഥം.

7). ഇങ്ങനെ പരസ്യമായി ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ലെങ്കില്‍ അവര്‍ അസത്യത്തിലും കുഴപ്പത്തിലുമാണെന്ന് വ്യക്തമാണ്. അതിനാല്‍ അല്ലാഹു പറയുന്നു: (എന്നാല്‍ അവരുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചതിന്റെ ഫലമായി അവര്‍ ഒരിക്കലും അത് കൊതിക്കുകയില്ല). തെറ്റുകുറ്റങ്ങളാല്‍ മരണത്തെ അവര്‍ ഭയപ്പെടുന്നത് നിമിത്തം (അല്ലാഹു അക്രമകാരികളെപ്പറ്റി അറിയുന്നവനാകുന്നു). അവരുടെ അക്രമങ്ങളില്‍ നിന്നൊന്നും അവനില്‍ നിന്ന് മറച്ചുവെക്കുക സാധ്യമല്ല.

8). അവരുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചതിന്റെ ഫലമായി അവര്‍ മരണത്തെ ആഗ്രഹിക്കുന്നില്ലെന്ന് മാത്രമല്ല, അതില്‍ നിന്ന് വളരെ ദൂരം ഓടിയകലുകയും ചെയ്യുന്നു. അതൊന്നും അവരെ രക്ഷപ്പെടുത്തില്ല. അടിമകള്‍ക്ക് അല്ലാഹു നിര്‍ബന്ധമാക്കിയ മരണം അവരെ കണ്ടുമുട്ടുക തന്നെ ചെയ്യും. പിന്നീട് മരണത്തിനു ശേഷം അവധി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ സൃഷ്ടികളെല്ലാം ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ ദൃശ്യം, അദൃശ്യങ്ങള്‍ അറിയുന്നവനിലേക്ക് മടക്കപ്പെടും. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ച നന്മ തിന്മകളില്‍ ചെറുതും വലുതുമെല്ലാം അവര്‍ക്ക് അറിയിച്ചു കൊടുക്കും.