ഹശ്ര്‍ (തുരത്തിയോടിക്കല്‍), ഭാഗം: 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ഡിസംബര്‍ 19 1442 ജുമാദല്‍ അവ്വല്‍ 04

അധ്യായം: 59, ഭാഗം: 4

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

أَلَمْ تَرَ إِلَى الَّذِينَ نَافَقُوا يَقُولُونَ لِإِخْوَانِهِمُ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ لَئِنْ أُخْرِجْتُمْ لَنَخْرُجَنَّ مَعَكُمْ وَلَا نُطِيعُ فِيكُمْ أَحَدًا أَبَدًا وَإِنْ قُوتِلْتُمْ لَنَنْصُرَنَّكُمْ وَاللَّهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ (١١) لَئِنْ أُخْرِجُوا لَا يَخْرُجُونَ مَعَهُمْ وَلَئِنْ قُوتِلُوا لَا يَنْصُرُونَهُمْ وَلَئِنْ نَصَرُوهُمْ لَيُوَلُّنَّ الْأَدْبَارَ ثُمَّ لَا يُنْصَرُونَ (١٢) لَأَنْتُمْ أَشَدُّ رَهْبَةً فِي صُدُورِهِمْ مِنَ اللَّهِ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَا يَفْقَهُونَ (١٣) لَا يُقَاتِلُونَكُمْ جَمِيعًا إِلَّا فِي قُرًى مُحَصَّنَةٍ أَوْ مِنْ وَرَاءِ جُدُرٍ ۚ بَأْسُهُمْ بَيْنَهُمْ شَدِيدٌ ۚ تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّىٰ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَا يَعْقِلُونَ (١٤) كَمَثَلِ الَّذِينَ مِنْ قَبْلِهِمْ قَرِيبًا ۖ ذَاقُوا وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ (١٥) كَمَثَلِ الشَّيْطَانِ إِذْ قَالَ لِلْإِنْسَانِ اكْفُرْ فَلَمَّا كَفَرَ قَالَ إِنِّي بَرِيءٌ مِنْكَ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ (١٦) فَكَانَ عَاقِبَتَهُمَا أَنَّهُمَا فِي النَّارِ خَالِدَيْنِ فِيهَا ۚ وَذَٰلِكَ جَزَاءُ الظَّالِمِينَ (١٧)

(11). ആ കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരില്‍പെട്ട സത്യനിഷേധികളായ അവരുടെ സഹോദരന്‍മാരോട് അവര്‍ പറയുന്നു: തീര്‍ച്ചയായും നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍ ഞങ്ങളും നിങ്ങളുടെ കൂടെ പുറത്ത് പോകുന്നതാണ്. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും ഒരാളെയും അനുസരിക്കുകയില്ല. നിങ്ങള്‍ക്കെതിരില്‍ യുദ്ധമുണ്ടായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ  സഹായിക്കുന്നതാണ്. എന്നാല്‍ തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. (12). അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പം പുറത്തുപോകുകയില്ല തന്നെ. അവര്‍ ഒരു യുദ്ധത്തെ നേരിട്ടാല്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല. ഇനി ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ ഇവര്‍ പിന്തിരിഞ്ഞോടും, തീര്‍ച്ച. പിന്നീട് അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയില്ല. (13). തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത് നിങ്ങളെ പറ്റിയാകുന്നു. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത് കൊണ്ടാകുന്നു അത്. (14). കോട്ടകെട്ടിയ പട്ടണങ്ങളില്‍വെച്ചോ മതിലുകളുടെ പിന്നില്‍നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച് നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന് നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത് കൊണ്ടത്രെ അത്. (15). അവര്‍ക്കു മുമ്പ് അടുത്തുതന്നെ കഴിഞ്ഞുപോയവരുടെ സ്ഥിതിപോലെത്തന്നെ. അവര്‍ ചെയ്തിരുന്ന കാര്യങ്ങളുടെ ദുഷ്ഫലം അവര്‍ ആസ്വദിച്ചുകഴിഞ്ഞു. അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ട്. (16). പിശാചിന്റെ അവസ്ഥ പോലെത്തന്നെ. മനുഷ്യനോട്, നീ അവിശ്വാസിയാകൂ എന്ന് അവന്‍ പറഞ്ഞ സന്ദര്‍ഭം. അങ്ങനെ അവന്‍ അവിശ്വസിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ (പിശാച്) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നീയുമായുള്ള ബന്ധത്തില്‍നിന്ന് വിമുക്തനാകുന്നു. തീര്‍ച്ചയായും ലോകരക്ഷിതാവായ അല്ലാഹുവെ ഞാന്‍ ഭയപ്പെടുന്നു. (17). അങ്ങനെ അവര്‍ ഇരുവരുടെയും പര്യവസാനം അവര്‍ നരകത്തില്‍ നിത്യവാസികളായി കഴിയുക എന്നതായിത്തീര്‍ന്നു. അതത്രെ അക്രമകാരികള്‍ക്കുള്ള പ്രതിഫലം.

11). പിന്നീട് കപടവിശ്വാസികളുടെ അവസ്ഥയില്‍ അല്ലാഹു അത്ഭുതപ്പെടുത്തുന്നു. സത്യവിശ്വാസികള്‍ക്കെതിരെ വേദക്കാരായ തങ്ങളുടെ സഹോദരങ്ങളെ സഹായിക്കാനും അവരുമായി ആത്മബന്ധം സ്ഥാപിക്കാനും അവര്‍ ആഗ്രഹിക്കുന്നു. അവരോട് അവര്‍ പറയുന്നു: (തീര്‍ച്ചയായും നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍ ഞങ്ങളും നിങ്ങളുടെ കൂടെ പുറത്ത് പോകുന്നതാണ്. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും ഒരാളെയും അനുസരിക്കുകയില്ല).

അതായത് നിങ്ങളെ സഹായിക്കാതിരിക്കാന്‍ ആവശ്യപ്പെടുന്ന ഞങ്ങളെ ഭീഷണിപ്പെടുത്തുന്ന, ആക്ഷേപിക്കുന്ന ഒരാളെയും തന്നെ. ഈ വാഗ്ദാനത്തില്‍ അവരുടെ സഹോദരങ്ങള്‍ വഞ്ചിതരായി. അതിനപ്പുറത്തേക്ക് അവര്‍ അന്വേഷിച്ചില്ല. കളവുപറയല്‍ അവരുടെ പ്രത്യേകതയാണ്. ചതിയും വഞ്ചനയും അവരുടെ കൂടെപ്പിറപ്പും. ഭീരുത്വവും കാപട്യവുമാകട്ടെ എപ്പോഴും കൂടെയുണ്ടുതാനും.

12). അതിനാല്‍ അല്ലാഹു അവരെ തന്റെ വാക്കുകളാല്‍ തള്ളിക്കളയുന്നു. അവന്‍ പറഞ്ഞത് തന്നെ ഉണ്ടാവുകയും പറഞ്ഞതുപോലെ സംഭവിക്കുകയും ചെയ്തു. അല്ലാഹു പറഞ്ഞു: (അവര്‍ -യഹൂദന്മാര്‍- പുറത്താക്കപ്പെടുന്ന പക്ഷം) അതായത്, അവരുടെ ഭവനങ്ങളില്‍ നിന്ന്; നാടുവിട്ടും പുറത്താക്കപ്പെട്ടും. (ഇവര്‍-കപടവിശ്വാസികള്‍- അവരോടൊപ്പം പുറത്തുപോകുകയില്ല). സ്വന്തം നാടിനോടുള്ള സ്‌നേഹംകൊണ്ടും യൂദ്ധം അസഹനീയമായതുകൊണ്ടും. കരാര്‍ പാലിക്കാത്തവരായതുകൊണ്ടാണത്. (അവര്‍ ഒരു യുദ്ധത്തെ നേരിട്ടാല്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല). മറിച്ച് ഭീരുത്വം അവരെ കീഴടക്കി, ദൗര്‍ബല്യം അവരെ സ്വാധീനിച്ചു. ഏറ്റവും ആവശ്യമുള്ള സന്ദര്‍ഭത്തില്‍ അവര്‍ അവരുടെ സഹോദരങ്ങളെ കൈവിട്ടു. (ഇനി അവര്‍ ഇവരെ സഹായിച്ചാല്‍ തന്നെ). അങ്ങനെ കണക്കാക്കുകയും സങ്കല്‍പിക്കുകയും ചെയ്താല്‍ തന്നെ. (ഇവര്‍ പിന്തിരിഞ്ഞോടും, തീര്‍ച്ച! പിന്നീട് അവര്‍ക്കൊരു സഹായവും ലഭിക്കുകയില്ല). യുദ്ധത്തില്‍ സഹായം നല്‍കുന്നതില്‍നിന്നും പിന്തിരിയുകയാണുണ്ടാവുക. അല്ലാഹുവിന്റെ സഹായവും അവര്‍ക്കുണ്ടാകില്ല.

13). സത്യവിശ്വാസികളേ, ഇതിനവരെ പ്രേരിപ്പിക്കുന്ന കാരണം: (തീര്‍ച്ചയായും അവരുടെ മനസ്സുകളാല്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത് നിങ്ങളെപ്പറ്റിയാകുന്നു). അല്ലാഹുവിനെ ഭയപ്പെടുന്നതിനെക്കാള്‍ നിങ്ങളെ അവര്‍ ഭയപ്പെടുന്നു. ഉപകാരവും ഉപദ്രവവും ഉടമപ്പെടുത്തുന്ന സ്രഷ്ടാവിനെ ഭയപ്പെടുന്നതിനെക്കാള്‍ ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്താത്ത സൃഷ്ടികളെയാണ് അവര്‍ കൂടുതല്‍ ഭയപ്പെട്ടത്. (അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായതുകൊണ്ടാകുന്നു അത്). ഓരോന്നിന്റെയും മുന്‍ഗണനാക്രമവും വിഷയങ്ങളുടെ യാഥാര്‍ഥ്യങ്ങളും മനസ്സിലാക്കാത്ത, പരിണിതികള്‍ ഉള്‍ക്കൊള്ളാത്തവര്‍. എന്നാല്‍ സ്രഷ്ടാവിനെ കുറിച്ചള്ള ഭയവും പ്രതീക്ഷയും അവനോടുള്ള സ്‌നേഹവും മറ്റെന്തിനെക്കാളും മികച്ചുനില്‍ക്കണം. മറ്റുള്ളതെല്ലാം അതിന്റെ തുടര്‍ച്ച മാത്രമാണ്.

14) (അവര്‍ ഒരുമിച്ച് നിങ്ങളോട് യുദ്ധം ചെയ്യുകയില്ല). അതായത് ഒരുമിച്ച് കൂടുന്ന സന്ദര്‍ഭത്തില്‍. (കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍നിന്നോ അല്ലാതെ). നിങ്ങള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ അവര്‍ സ്ഥൈര്യം കാണിക്കുകയോ ഉറച്ചുനില്‍ക്കുകയോ ചെയ്യുന്നത് പട്ടണത്തിലെ കോട്ടക്കുള്ളിലാകുമ്പോഴും ചുമരുകള്‍ക്കും മതിലുകള്‍ക്കും പിന്നിലാകുമ്പോഴും മാത്രമാണ്. കാരണം അവക്ക് സ്വന്തമായി ധൈര്യം ആവശ്യമില്ലാത്തത് കോട്ടകളിലും ചുമരുകളിലും അവലംബിച്ച് പ്രതിരോധം സാധ്യമായേക്കാവുന്നതിനാലാണ്. ഇതില്‍ അവര്‍ക്കെതിരിലുള്ള വലിയ ആക്ഷേപമുണ്ട്. (അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു). അവര്‍ക്കിടയിലുള്ള ഏറ്റുമുട്ടല്‍ ശക്തമാണ്. അവരുടെ ശക്തിയിലോ ശരീരത്തിലോ അല്ല അവര്‍ക്ക് അപടകം; അവരുടെ വിശ്വാസ ദുര്‍ബലതയിലും അനൈക്യത്തിലുമാണ്. അതാണ് അല്ലാഹു പറയുന്നത്: (അവര്‍ ഒരുമിച്ചാണെന്ന് നീ വിചാരിക്കുന്നു). അവരെ ഒത്തൊരുമിച്ച് കാണുമ്പോഴും പ്രത്യക്ഷപ്പെടുമ്പോഴും. എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ (ഭിന്നിപ്പിലാകുന്നു). അതായത് ഭിന്നിച്ചവരും പരസ്പരം വിദ്വേഷം പുലര്‍ത്തുന്നവരും. (അത്) മേല്‍പറഞ്ഞ കാര്യങ്ങള്‍ അവരില്‍ അനിവാര്യമായിത്തീര്‍ന്നത്; (അവര്‍ ചിന്തിച്ചുമനസ്സിലാക്കാത്ത ഒരു ജനതയായതുകൊണ്ടാണത്രെ). അവര്‍ക്ക് ബുദ്ധിയും തന്റേടവുമില്ല. ഉണ്ടെങ്കില്‍ മഹത്ത്വം കുറഞ്ഞതിനെക്കാള്‍ കൂടിയതിനെ അവര്‍ തെരഞ്ഞെടുക്കുമായിരുന്നു. രണ്ട് കാര്യങ്ങളില്‍ ഏറ്റവും മോശമായതില്‍ അവര്‍ തൃപ്തിപ്പെടുമായിരുന്നില്ല. അവരൊരുമിക്കുകയും പ്രയോജനങ്ങള്‍ക്ക് അവരുടെ ഹൃദയം ഇണങ്ങുകയും ചെയ്യുമായിരുന്നു. അപ്പോള്‍ അവര്‍ പരസ്പരം സഹായിക്കുകയും ശക്തിപ്പെടുത്തുകയും പിന്തുണ നല്‍കുകയും ചെയ്യുമായിരുന്നു; അവരുടെ നന്മക്കും പരപ്രയോജനങ്ങള്‍ക്കും വേണ്ടി. അവഗണിക്കപ്പെട്ട ഈ വേദക്കാരെ പോലെത്തന്നെ. അവരില്‍ അല്ലാഹു പ്രവാചകന് വിജയം വരുത്തി. ഇലഹോകത്ത് അവരെ നിന്ദ്യത ആസ്വദിപ്പിച്ചു; സഹായവാഗ്ദാനം നല്‍കിയവരുടെ സഹായം നഷ്ടപ്പെടുത്തിയും കൊണ്ട്.

15) (അവര്‍ക്കുമുമ്പ് അടുത്തുതന്നെ കഴിഞ്ഞുപോയവരുടെ സ്ഥിതി പോലെത്തന്നെ). ഇവര്‍ ക്വുറൈശികളില്‍പെട്ട നിഷേധികളാണ്.

وَإِذْ زَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ وَقَالَ لَا غَالِبَ لَكُمُ الْيَوْمَ مِنَ النَّاسِ وَإِنِّي جَارٌ لَكُمْ ۖ فَلَمَّا تَرَاءَتِ الْفِئَتَانِ نَكَصَ عَلَىٰ عَقِبَيْهِ وَقَالَ إِنِّي بَرِيءٌ مِنْكُمْ إِنِّي أَرَىٰ مَا لَا تَرَوْنَ

''ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും എന്ന് പറഞ്ഞുകൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും (ഓര്‍ക്കുക). അങ്ങനെ ആ രണ്ട് സംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ അവന്‍ പറഞ്ഞു: എനിക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ല. തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്'' (അന്‍ഫാല്‍: 48).

അവര്‍തന്നെ അവരെ വഞ്ചിച്ചു. വഞ്ചിക്കുന്നവരെല്ലാം അവരെ വഞ്ചിച്ചു. അവരില്‍നിന്നും ഇവര്‍ ശിക്ഷയെ തടുക്കുകയോ ഉപകാരം ചെയ്യുകയോ ചെയ്തില്ല. അഹങ്കാരത്തോടെയും ദുരഭിമാനത്തോടെയും അവര്‍ ബദ്‌റിലെത്തി. അല്ലാഹുവിന്റെ ദൂതനെയും വിശ്വാസികളെയും പിടികൂടാമെന്ന വ്യാമോഹ, വിചാരങ്ങളുമായി. അന്നേരം അല്ലാഹു തന്റെ ദൂതനെയും സത്യവിശ്വാസികളെയും അവര്‍ക്കെതിരെ സഹായിച്ചു. അവരിലെ നേതാക്കളെയും പ്രമുഖരെയും വിശ്വാസികള്‍ വധിച്ചു. അവരെ ബന്ധനസ്ഥനാക്കിയവരെ അവരും ബന്ധനസ്ഥരാക്കി. പലരും ഓടിപ്പോയി. അവരുടെ നിലപാടിന്റെ ഭവിഷ്യത്തും ബഹുദൈവത്വത്തിന്റെയും അതിക്രമത്തിന്റെയും പരിണിതികളും അവരനുഭവിച്ചു. ഇത് ഇഹലോകത്തെ അവസ്ഥ. (അവര്‍ക്കുണ്ട്) പരലോകത്ത് നരകശിക്ഷയും.

16). വേദക്കാരായ തങ്ങളുടെ സഹോദരങ്ങളെ വഞ്ചിച്ച ഈ കപടവിശ്വാസികളുടെ ഉപമ (പിശാചിന്റെ അവസ്ഥപോലെ തന്നെ, മനുഷ്യനോട് നീ അവിശ്വാസിയാകൂ എന്ന് അവന്‍ പറഞ്ഞ സന്ദര്‍ഭം). അതായത് അവിശ്വാസത്തെഭംഗിയായും നല്ലതായും അവന്‍ മനുഷ്യന് കാണിച്ചുകൊടുത്തു. അതിലേക്ക് അവനെ ക്ഷണിച്ചു. അതിലവന്‍ വഞ്ചിതനാവുകയും നിഷേധിയാവുകയും ചെയ്ത് പ്രയാസപ്പെട്ടപ്പോള്‍ അവനെ ക്ഷണിച്ചുകൊണ്ടെത്തിച്ച പിശാച് അവനെ വിട്ടുമാറി. (അവന്‍ പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നീയുമായുള്ള ബന്ധത്തില്‍ നിന്ന് വിമുക്തനാകുന്നു. തീര്‍ച്ചയായും ലോകരക്ഷിതാവായ അല്ലാഹുവെ ഞാന്‍ ഭയപ്പെടുന്നു). നിന്നെ ബാധിച്ച ശിക്ഷയെ തടുക്കാന്‍ എനിക്ക് കഴിയില്ല. നിനക്കൊരു ഗുണവും എനിക്ക് ചെയ്തു തരാനുമാവില്ല.

17). അങ്ങനെ അവര്‍ ഇരുവരുടെയും പര്യവസാനം). അതായത് ക്ഷണിക്കുന്ന പിശാചിന്റെയും ക്ഷണിക്കപ്പെടുമ്പോള്‍ അനുസരിക്കുന്ന മനുഷ്യന്റെയും. (അവര്‍ നരകത്തില്‍ നിത്യവാസികളായി കഴിയുക എന്നതായിത്തീര്‍ന്നു). അല്ലാഹു പറഞ്ഞതുപോലെ:

إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ

''അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടി മാത്രമാണ്'' (ഫാത്വിര്‍: 6).

(അതത്രെ അക്രമകാരികള്‍ക്കുള്ള പ്രതിഫലം) അവിശ്വാസത്തിലും അക്രമത്തിലും പരസ്പരം പങ്കുചേരന്നവര്‍ക്ക് ശിക്ഷയുടെ കാഠിന്യത്തില്‍ അവര്‍ വ്യത്യസ്തരാണെങ്കിലും പിശാച് തന്റെ മിത്രങ്ങളോട് കാണിക്കുന്ന പതിവ് ഇതാണ്. അവന്‍ അവരെ വഞ്ചനയിലൂടെ അവര്‍ക്ക് ദോഷകരമായതിലേക്ക് ക്ഷണിക്കുകയും എത്തിക്കുകയും ചെയ്യുന്നു. അങ്ങനെ അവര്‍ ആ വലയില്‍ വീഴുകയും വിവിധ നാശങ്ങള്‍ അവരെ വലയം ചെയ്യുകയും ചെയ്താല്‍ അവന്‍ അവരില്‍നിന്ന് മാറിപ്പോകുകയും ഒഴിവാകുകയും ചെയ്യും. അവനെ പിന്‍പറ്റുന്നവര്‍ക്കാണ് നാശവും. അവനെക്കുറിച്ച് അല്ലാഹു താക്കീത് ചെയ്യുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. അവന്റെ താല്‍പര്യവും ലക്ഷ്യവും പരിണിതിയുമെല്ലാം പറഞ്ഞുതരികയും ചെയ്യുന്നു. അതിനാല്‍ അവനെ അനുസരിക്കാന്‍ മുതിരുന്നവന്‍ അറിഞ്ഞുകൊണ്ട് അനുസരണക്കേട് കാണിക്കുന്നവനാണ്; അവന് യാതൊരു ന്യായവുമില്ല.