ഖലം (പേന)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ജനുവരി 11 1441 ജുമാദല്‍ അവ്വല്‍ 16

അധ്യായം: 68, ഭാഗം: 4

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

مَا لَكُمْ كَيْفَ تَحْكُمُونَ (٣٦) أَمْ لَكُمْ كِتَابٌ فِيهِ تَدْرُسُونَ (٣٧) إِنَّ لَكُمْ فِيهِ لَمَا تَخَيَّرُونَ (٣٨‬) أَمْ لَكُمْ أَيْمَانٌ عَلَيْنَا بَالِغَةٌ إِلَىٰ يَوْمِ الْقِيَامَةِ ۙ إِنَّ لَكُمْ لَمَا تَحْكُمُونَ (٣٩) سَلْهُمْ أَيُّهُمْ بِذَٰلِكَ زَعِيمٌ (٤٠) أَمْ لَهُمْ شُرَكَاءُ فَلْيَأْتُوا بِشُرَكَائِهِمْ إِنْ كَانُوا صَادِقِينَ (٤١) يَوْمَ يُكْشَفُ عَنْ سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ (٤٢) خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۖ وَقَدْ كَانُوا يُدْعَوْنَ إِلَى السُّجُودِ وَهُمْ سَالِمُونَ (٤٣)
(36) നിങ്ങള്‍ക്കെന്തു പറ്റി? നിങ്ങള്‍ എങ്ങനെയാണ് വിധികല്‍പിക്കുന്നത്? (37) അതല്ല, നിങ്ങള്‍ക്കു വല്ല ഗ്രന്ഥവും കിട്ടിയിട്ട് നിങ്ങളതില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണോ? (38) നിങ്ങള്‍ (യഥേഷ്ടം) തെരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അതില്‍ (ആ ഗ്രന്ഥത്തില്‍) വന്നിട്ടുണ്ടോ? (39) അതല്ല, ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെ എത്തുന്ന-നിങ്ങള്‍ വിധിക്കുന്നതെല്ലാം നിങ്ങള്‍ക്കായിരിക്കുമെന്നതിനുള്ള-വല്ല കരാറുകളും നിങ്ങളോട് നാം ബാധ്യതയേറ്റതായി ഉണ്ടോ? (40) അവരില്‍ ആരാണ് ആ കാര്യത്തിന് ഉത്തരവാദിത്തം ഏല്‍ക്കാനുള്ളത് എന്ന് അവരോട് ചോദിച്ചു നോക്കുക. (41) അതല്ല, അവര്‍ക്ക് വല്ല പങ്കുകാരുമുണ്ടോ?എങ്കില്‍ അവരുടെ ആ പങ്കുകാരെ അവര്‍ കൊണ്ടുവരട്ടെ. അവര്‍ സത്യവാന്‍മാരാണെങ്കില്‍. (42) കണങ്കാല്‍ വെളിവാക്കപ്പെടുന്ന ഒരു ദിവസത്തെ നിങ്ങളോര്‍ക്കുക. സുജൂദ് ചെയ്യാന്‍ (അന്ന്) അവര്‍ ക്ഷണിക്കപ്പെടും. അപ്പോള്‍ അവര്‍ക്കതിന് സാധിക്കുകയില്ല. (43) അവരുടെ കണ്ണുകള്‍ കീഴ്‌പോട്ട് താഴ്ന്നിരിക്കും. നിന്ദ്യത അവരെ ആവരണം ചെയ്യും. അവര്‍ സുരക്ഷിതരായിരുന്ന സമയത്ത് സുജൂദിനായി അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു.

36). പ്രതിഫലത്തില്‍ ഇവരെല്ലാവരും തുല്യരാണെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അവന് തന്റെ തീരുമാനത്തില്‍ തെറ്റുപറ്റി. അവന്റെ തീരുമാനം തെറ്റാണ്. അഭിപ്രായത്തില്‍ വീഴ്ച പറ്റുകയും ചെയ്തു.

37-38). അങ്ങനെ ഒരു വാദം കുറ്റവാളികള്‍ വാദിക്കുന്നുവെങ്കില്‍ അവര്‍ക്കതിന് തെളിവില്ല. അവര്‍ പാരായണം ചെയ്ത് പഠിക്കുന്ന ഒരു ഗ്രന്ഥത്തിലും അതില്ല. അവര്‍ സ്വര്‍ഗക്കാരാണ്. അവര്‍ക്ക് അവരന്വേഷിച്ചതും ഇഷ്ടപ്പെട്ടതും ലഭിക്കും.

39-41). അവര്‍ വിധിക്കുന്നത് അവര്‍ക്ക് ലഭിക്കുമെന്നതിന് അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ള അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന ഒരു കരാറോ ശപഥമോ അവര്‍ക്കില്ല. അവരുടെ ആവശ്യങ്ങള്‍ നേടിക്കൊടുക്കുന്ന പങ്കാളികളോ സഹായികളോ അവര്‍ക്കില്ല. അങ്ങനെയുണ്ടെങ്കില്‍ പങ്കാളികളെയും സഹായികളെയും അവര്‍ കൊണ്ടുവരട്ടെ; അവര്‍ സത്യവാന്മാരാണെങ്കില്‍.

ഇതൊന്നും ഇല്ലെന്ന് വ്യക്തം. അവര്‍ക്കൊരു ഗ്രന്ഥവും ഇല്ല. രക്ഷപ്പെടാവുന്ന ഒരു കരാറും അല്ലാഹുവിന്റെയടുക്കലില്ല. സഹായിക്കാവുന്ന പങ്കാളികളും അവര്‍ക്കില്ല. അതിനാല്‍ അവരുടെ വാദങ്ങള്‍ നിരര്‍ഥകവും നിഷ്ഫലവുമാണെന്ന് വ്യക്തം. (അവരില്‍ ആരാണ് ആ കാര്യത്തിന് ഉത്തരവാദിത്തം ഏല്‍ക്കാനുള്ളത് എന്ന് അവരോട് ചോദിച്ചുനോക്കുക). തെറ്റാണെന്നുറപ്പുള്ള ഈ വാദത്തിന് ജാമ്യം നില്‍ക്കാന്‍ അവരിലാരുണ്ട്. അതിന് തയ്യാറാകാന്‍ അവരില്‍ ഒരാള്‍ക്കും കഴിയില്ല. അതില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഒരാള്‍ക്കും കഴിയില്ല.

42-43). ഉയിര്‍ത്തെഴുന്നേല്‍പ് നാളിള്‍ ഊഹിക്കാനാവാത്ത ഭയാനകതകളും പ്രകമ്പനങ്ങളും അസ്വസ്ഥതകളും പ്രത്യക്ഷപ്പെടും. തന്റെ അടിമകള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കാനും അവര്‍ക്ക് പ്രതിഫലം നല്‍കാനും സ്രഷ്ടാവ് വരും. ഒന്നിനോടും സാദൃശ്യപ്പെടുത്താന്‍ പറ്റാത്ത അവന്റെ പരിശുദ്ധമായ കണങ്കാല്‍ വെളിവാകും. അല്ലാഹുവിന്റെ മഹത്ത്വവും പ്രതാപവും അന്ന് സൃഷ്ടികള്‍ ദര്‍ശിക്കും. അത് വിശദീകരിക്കാനാവാത്തതാണ്. ആ സമയം (സുജൂദിനായി അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു). അല്ലാഹുവിന് സ്വമേധയാ ഇഷ്ടത്തോടെ സുജൂദ് ചെയ്തിരുന്ന വിശ്വാസികള്‍ അപ്പോള്‍ സുജൂദ് ചെയ്യും. കപടരും അധര്‍മകാരികളുമായവര്‍ സുജൂദ് ചെയ്യാന്‍ പോകും. എന്നാല്‍ അവര്‍ക്കതിനാവില്ല. പശുവിന്റെ ഉറച്ച മുതുക് പോലെയായിരിക്കും അവരുടെ മുതുകുകള്‍. അവര്‍ക്ക് കുനിയാന്‍ കഴിയില്ല. ഇത് അവരുടെ പ്രവര്‍ത്തനങ്ങളുടെ അതേ ഇനത്തില്‍ പെട്ട ശിക്ഷ തന്നെയാണ്. കാരണം ഈ ലോകത്ത് അവര്‍ രോഗമൊന്നുമില്ലാതെ സുരക്ഷിതരായ സന്ദര്‍ഭത്തില്‍ ഏകദൈവാരാധനയിലേക്കും സുജൂദിലേക്കും ക്ഷണിക്കപ്പെട്ടിരുന്നു. അപ്പോള്‍ അവരതിന് തയ്യാറാകാതെ അഹങ്കരിച്ചു. വിസമ്മതിക്കുകയും ചെയ്തു. അന്നേദിവസം അവരുടെ ചീത്ത പര്യവസാനത്തെക്കുറിച്ചും അവസ്ഥയെക്കുറിച്ചും നീ ചോദിക്കരുത്. കാരണം അല്ലാഹു അവരോട് കോപിച്ചിരിക്കുന്നു. ശിക്ഷയുടെ വചനം അവരില്‍ യാഥാര്‍ഥ്യമാവുകയും ചെയ്തു. അവരുടെ ബന്ധങ്ങള്‍ മുറിയുകയും ചെയ്തു. ഒഴിവ്കഴിവോ ഖേദമോ ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ ഒരു പ്രയോജനവും അവര്‍ക്ക് ചെയ്യുകയില്ല. ഇതില്‍ (ഈ വചനത്തില്‍) തെറ്റുകളില്‍ നിന്ന് വിരമിക്കാന്‍ ഹൃദയങ്ങളെ ഭയപ്പെടുത്തുകയും സാധ്യമാകുന്നത്ര കാലം പ്രയോജനപ്പെടുത്തല്‍ നിര്‍ബന്ധമാക്കുകയും ചെയ്യുന്നു. തെറ്റുകളില്‍ നിലനില്‍ ക്കുന്നതിനെ നിരുല്‍സാഹപ്പെടുത്തുകയും സാധ്യമാകുന്ന സമയത്ത് ഒരു വീണ്ടെടുപ്പിന് ശ്രമിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ടിവിടെ.