മുംതഹിന (പരീക്ഷിക്കപ്പെടേണ്ടവള്‍), ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ഒക്ടോബര്‍ 17 1442 സഫര്‍ 30

അധ്യായം: 60, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

رَبَّنَا لَا تَجْعَلْنَا فِتْنَةً لِلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا ۖ إِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ (٥) لَقَدْ كَانَ لَكُمْ فِيهِمْ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ ۚ وَمَنْ يَتَوَلَّ فَإِنَّ اللَّهَ هُوَ الْغَنِيُّ الْحَمِيدُ (٦) ۞ عَسَى اللَّهُ أَنْ يَجْعَلَ بَيْنَكُمْ وَبَيْنَ الَّذِينَ عَادَيْتُمْ مِنْهُمْ مَوَدَّةً ۚ وَاللَّهُ قَدِيرٌ ۚ وَاللَّهُ غَفُورٌ رَحِيمٌ (٧)

(5). ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ സത്യനിഷേധികളുടെ പരീക്ഷണത്തിന് ഇരയാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് പ്രതാപിയും യുക്തിമാനും (6). തീര്‍ച്ചയായും നിങ്ങള്‍ക്ക് -അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുന്നവര്‍ക്ക് -അവരില്‍ ഉത്തമ മാതൃകയുണ്ടായിട്ടുണ്ട്. ആരെങ്കിലും തിരിഞ്ഞുകളയുന്നപക്ഷം തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്‍. (7). നിങ്ങള്‍ക്കും അവരില്‍നിന്ന് നിങ്ങള്‍ ശത്രുത പുലര്‍ത്തിയവര്‍ക്കുമിടയില്‍ അല്ലാഹു സ്‌നേഹബന്ധമുണ്ടാക്കിയേക്കാം. അല്ലാഹു കഴിവുള്ളവനാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

6). വീണ്ടും അവരെ പിന്തുടരാനുള്ള പ്രേരണ ആവര്‍ത്തിക്കുന്നു. (തീര്‍ച്ചയായും നിങ്ങള്‍ക്ക് അവരില്‍ ഉത്തമ മാതൃക ഉണ്ടായിട്ടുണ്ട്) ഈ മാതൃക പിന്‍പറ്റല്‍ എല്ലാവര്‍ക്കും എളുപ്പമല്ല. അത് എളുപ്പമാകുന്നത് (അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുന്നവര്‍ക്ക്). വിശ്വാസവും പ്രതിഫലേച്ഛയും ഒരാള്‍ക്ക് എല്ലാ പ്രയാസവും എളുപ്പമാക്കുന്നു. എല്ലാ ആധിക്യവും അവന് കുറവായി അനുഭവപ്പെടും. പ്രവാചകന്മാരെയും അല്ലാഹുവിന്റെ നല്ലവരായ അടിമകളെയും പിന്‍തുടരല്‍ അവന് നിര്‍ബന്ധമാണ്. അവന് തന്നെ അതിന് ആവശ്യമുള്ളവനായും അതിലേക്ക് വളരെയധികംനിര്‍ബന്ധിതനായും കാണുന്നു. (ആരെങ്കിലും തിരിഞ്ഞുകളയുന്ന പക്ഷം) അല്ലാഹുവിനെ അനുസരിക്കാതെ അല്ലാഹുവിന്റെ പ്രവാചനകന്മാരെ പിന്‍പറ്റാതെ. അതിന്റെ ദോഷം അവനു തന്നെ. അല്ലാഹുവിന് യാതൊന്നും സംഭവിക്കില്ല. (തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു പരാശ്രയമുക്തനായിട്ടുള്ളവന്‍) എല്ലാ നിലയ്ക്കും നിരുപാധികവും സമ്പൂര്‍ണവുമായ ഐശ്വര്യമുള്ളവന്‍. ഒരു നിലയ്ക്കും തന്റെ സൃഷ്ടികളിലേക്ക് അവന് യാതൊരാവശ്യവുമില്ല. (സ്തുത്യര്‍ഹനും) അവന്റെ സത്തയിലും നാമങ്ങളിലും വിശേഷണങ്ങളിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം അവന്‍ പ്രശംസിക്കപ്പെടേണ്ടവന്‍ തന്നെ.

7). പിന്നീട് അല്ലാഹു അറിയിക്കുന്നത് ബഹുദൈവ വിശ്വാസികളോട് ഉണ്ടാകണമെന്ന് കല്‍പിക്കുന്ന ഈ ശത്രുതയും നിര്‍വഹിക്കാന്‍ പറഞ്ഞ കാര്യങ്ങളും അവര്‍ ബഹുദൈവത്വത്തിലും നിഷേധത്തിലും ആയിരിക്കുമ്പോള്‍ മാത്രമാണ്. എന്നാല്‍ അവര്‍ വിശ്വാസത്തിലേക്ക് മാറിയാല്‍ കാരണത്തോടൊപ്പം വിധിയും മാറും).

വിശ്വാസപരമായ സ്‌നേഹബന്ധം ഉണ്ടാകണം. അവര്‍ വിശ്വാസത്തിലേക്ക് മടങ്ങുന്നതില്‍ നിങ്ങള്‍ നിരാശപ്പെടരുത്. വിശ്വാസികളേ, (നിങ്ങള്‍ക്കും അവരില്‍നിന്ന് നിങ്ങള്‍ ശത്രുത പുലര്‍ത്തുന്നവര്‍ക്കുമിടയില്‍ അല്ലാഹു സ്‌നേഹബന്ധം ഉണ്ടാക്കിയേക്കാം). അതിന്റെ കാരണം അവര്‍ വിശ്വാസത്തിലേക്ക് മടങ്ങിയതാണ്. (അല്ലാഹു കഴിവുള്ളവനാണ്) എല്ലാറ്റിനും. ഹൃദയങ്ങള്‍ക്ക് നേര്‍മാര്‍ഗം നല്‍കി അതിനെ ഒരവസ്ഥയില്‍നിന്ന് മറ്റൊരവസ്ഥയിലേക്ക് മാറ്റുന്നതും ആ കഴിവില്‍ പെട്ടതുതന്നെ. (അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു) അവന് പൊറുക്കാന്‍ കഴിയാത്തത്ര വലിയ പാപമില്ല. അവന് മറച്ചുതരാന്‍ പറ്റാത്ത ന്യൂനതയും ഇല്ല.

قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ

''പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെ പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നവനാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും'' (39:53).

ആ സമയത്ത് ശത്രുക്കളായിരുന്ന ചില ബഹുദൈവ വിശ്വാസികള്‍ ഇസ്‌ലാം സ്വീകരിക്കുമെന്നതിലുള്ള സന്തോഷവാര്‍ത്തയും സൂചനയും ഇതിലുണ്ട്. വിശ്വാസികളുടെ ശത്രുക്കളായിരുന്നവരായിരുന്നു അവര്‍. അങ്ങനെ സംഭവിക്കുകയും ചെയ്തു.

8). സത്യനിഷേധികളോട് ശത്രുതപുലര്‍ത്താന്‍ പ്രചോദിപ്പിക്കുന്ന ഈ പരിശുദ്ധ വചനങ്ങള്‍ ഇറങ്ങിയപ്പോള്‍ സത്യവിശ്വാസികളെ അത് എല്ലാ നിലയ്ക്കും സ്വാധീനിച്ചു. അവരത് സമ്പൂര്‍ണമായി നിര്‍വഹിച്ചു. ബഹുദൈവ വിശ്വാസികളായ തങ്ങളുടെ ബന്ധുക്കളോട് കുടുംബബന്ധം ചേര്‍ക്കല്‍ അവര്‍ തെറ്റായി കണ്ടു. ഈ വിരോധത്തില്‍ അതും ഉള്‍പ്പെടുമെന്ന് അവര്‍ വിചാരിച്ചു. ഈ നിഷിദ്ധത്തില്‍ അതുള്‍പ്പെടില്ലെന്ന് അല്ലാഹു അവരെ അറിയിച്ചു.

(മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതികാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതികാണിക്കുന്നവരെ ഇഷ്ടപ്പെടുന്നു).

ബഹുദൈവവിശ്വാസികളില്‍ ബന്ധുക്കളും അല്ലാത്തവരുമായ ആളുകളോട് നീതികാണിക്കുന്നതിനും നല്ല രൂപത്തില്‍ പ്രത്യുപകാരങ്ങള്‍ ചെയ്യുന്നതിനും കുടുംബന്ധം ചേര്‍ക്കുന്നതിനും പുണ്യം ചെയ്യുന്നതിനും അല്ലാഹു നിങ്ങളെ വിരോധിക്കുന്നില്ല. മതകാര്യത്തില്‍ നിങ്ങളോട് യുദ്ധത്തിനൊരുങ്ങാത്തവരും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാത്തവരുമായിരിക്കുന്ന അവസ്ഥയില്‍ അവരുമായി ബന്ധം ചേര്‍ക്കുന്നതിന് നിങ്ങള്‍ക്ക് കുറ്റമില്ല. ഈ അവസ്ഥയിലുള്ള ബന്ധത്തെ നിങ്ങള്‍ ഭയപ്പെടേണ്ട കാര്യമായോ ദോഷമായോ കാണേണ്ടതില്ല. മക്കള്‍ മുസ്‌ലിംകളായ മാതാപിതാക്കളുടെ കാര്യത്തില്‍ അല്ലാഹു പറഞ്ഞതതാണ്.

وَإِنْ جَاهَدَاكَ عَلَىٰ أَنْ تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا

''നിനക്ക് യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേര്‍ക്കാന്‍ അവര്‍ (മാതാപിതാക്കള്‍) നിന്നോട് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടാല്‍ അവരെ നീ അനുസരിച്ച് പോകരുത്. ഈ ലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും ചെയ്യുക'' (31:15).