മുല്‍ക് (ആധിപത്യം) : ഭാഗം: 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ഫെബ്രുവരി 15 1441 ജുമാദല്‍ ആഖിറ 16

അധ്യായം: 67, ഭാഗം: 4

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

أَوَلَمْ يَرَوْا إِلَى الطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا الرَّحْمَٰنُ ۚ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ (١٩) أَمَّنْ هَٰذَا الَّذِي هُوَ جُنْدٌ لَكُمْ يَنْصُرُكُمْ مِنْ دُونِ الرَّحْمَٰنِ ۚ إِنِ الْكَافِرُونَ إِلَّا فِي غُرُورٍ (٢٠) أَمَّنْ هَٰذَا الَّذِي يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُ ۚ بَلْ لَجُّوا فِي عُتُوٍّ وَنُفُورٍ (٢١) أَفَمَنْ يَمْشِي مُكِبًّا عَلَىٰ وَجْهِهِ أَهْدَىٰ أَمَّنْ يَمْشِي سَوِيًّا عَلَىٰ صِرَاطٍ مُسْتَقِيمٍ (٢٢) قُلْ هُوَ الَّذِي أَنْشَأَكُمْ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۖ قَلِيلًا مَا تَشْكُرُونَ (٢٣)
(19) അവര്‍ക്കു മുകളില്‍ ചിറകുവിടര്‍ത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചു കൊണ്ടുംപറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിറുത്തുന്നില്ല. തീര്‍ച്ചയായും അവന്‍ എല്ലാ കാര്യവും കണ്ടറിയുന്നവനാകുന്നു. (20) അതല്ല പരമകാരുണികന് പുറമെ നിങ്ങളെ സഹായിക്കുവാന്‍ ഒരു പട്ടാളമായിട്ടുള്ളവന്‍ ആരുണ്ട്? സത്യനിഷേധികള്‍ വഞ്ചനയില്‍ അകപ്പെട്ടിരിക്കുക മാത്രമാകുന്നു. (21) അതല്ലെങ്കില്‍ അല്ലാഹു തന്റെ ഉപജീവനം നിര്‍ത്തിവെച്ചാല്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നവനായി ആരുണ്ട്? എങ്കിലും അവര്‍ ധിക്കാരത്തിലും വെറുപ്പിലും മുഴുകിയിരിക്കയാകുന്നു. (22) അപ്പോള്‍, മുഖം നിലത്തുകുത്തിക്കൊണ്ട് നടക്കുന്നവനാണോ സന്മാര്‍ഗം പ്രാപിക്കുന്നവന്‍? അതല്ല നേരെയുള്ള പാതയിലൂടെ ശരിക്ക് നടക്കുന്നവനോ? (23) പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുകയും നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഏര്‍പെടുത്തിത്തരികയും ചെയ്തവന്‍. കുറച്ചു മാത്രമെ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.

19). ഇതില്‍ ആക്ഷേപമുണ്ട്. അതോടൊപ്പം അന്തരീക്ഷത്തെ, വായുവിനെ അല്ലാഹു സൗകര്യപ്പെടുത്തി കൊടുത്ത പക്ഷിയെ നിരീക്ഷിക്കാന്‍ ഇവിടെ പ്രേരിപ്പിക്കുന്നു. പറക്കാന്‍ തന്റെ ചിറകുകള്‍ വിടര്‍ത്തിപ്പിടിക്കുകയും ഇറങ്ങാന്‍ ചിറകു കൂട്ടിപ്പിടിക്കുകയും ചെയ്യുന്ന പക്ഷകളിലേക്ക്. അങ്ങനെ അത് അന്തരീക്ഷത്തില്‍ സഞ്ചരിക്കുകയും അതിന്റെ ഉദ്ദേശ്യാവശ്യങ്ങള്‍ക്കനുസരിച്ച് ചലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

(പരമകാരുണികനല്ലാതെ അതിനെ താങ്ങി നിര്‍ത്തുന്നില്ല) അന്തരീക്ഷത്തെ അവയ്ക്ക് സൗകര്യപ്പെടുത്തി കൊടുത്തത് അവനാണ്. പറക്കാന്‍ കഴിയുന്ന വിധത്തിലാണ് അതിന്റെ സൃഷ്ടിപ്പും ശരീരങ്ങളും അവന്‍ സംവിധാനിച്ചത്. പറക്കുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കുകയും ഗുണപാഠമുള്‍ക്കൊള്ളുകയും ചെയ്യുന്നവര്‍ക്ക്. അത് സ്രഷ്ടാവിന്റെ കഴിവിനെ ബോധ്യപ്പെടുത്തുന്നതും ദൈവികമായ പരിഗണനയെ അറിയിക്കുന്നതും. ആരാധനക്ക് അര്‍ഹതയുള്ള ഏകനാണ് അവനെന്നും കണ്ടെത്താനാവും.

(തീര്‍ച്ചയായും അവന്‍ എല്ലാ കാര്യവും കണ്ടറിയുന്നവനാകുന്നു) തന്റെ അടിമകളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവനാണവന്‍. അവര്‍ക്ക് അനുയോജ്യമാം വിധം. അവന്റെ യുക്തി താല്‍പര്യപ്പെടുന്ന നിലയ്ക്കും.

20). സത്യത്തെ അവഗണിക്കുകയും അല്ലാഹുവിന്റെ കല്‍പനകളെ നിരാകരിക്കുകയും ചെയ്യുന്ന അതിരുവിട്ടവരോട് അല്ലാഹു പറയുന്നു: (അതല്ല, പരമകാരുണികന് പുറമെ നിങ്ങളെ സഹായിക്കാന്‍ ഒരു പട്ടാളമായിട്ടുള്ളവന്‍ ആരുണ്ട്?) അതായത്, നിങ്ങളെ സഹായിക്കാന്‍. പരമകാരുണികന്‍ നിങ്ങള്‍ക്ക് തിന്മ ഉദ്ദേശിച്ചാല്‍ അതില്‍ നിന്ന് നിങ്ങളെ തടുക്കുകയോ? പരമകാരുണികനല്ലാതെ നിങ്ങളെ ശത്രുക്കള്‍ക്കെതിരായി സഹായിക്കാന്‍ ആരാണുള്ളത്. തീര്‍ച്ചയായും അല്ലാഹു സഹായിക്കുന്നവനും പ്രതാപം നല്‍കുന്നവനും നിന്ദ്യത വരുത്തുന്നവനുമാണ്. എന്നാല്‍ മറ്റു സൃഷ്ടികളെല്ലാം ഒരു അടിമയെ സഹായിക്കാന്‍ ഒരുമിച്ച് ചേര്‍ന്നാലും സഹായിക്കാനാവില്ല. അണുമണിത്തൂക്കം ഉപകാരം ചെയ്യാനുമാവില്ല; ഏത് ശത്രുവിനെതിരെയാണെങ്കിലും.

പരമകാരുണികനല്ലാതെ മറ്റാരും സഹായിക്കില്ലെന്നറിഞ്ഞിട്ടും അവിശ്വാസത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നവര്‍ വഞ്ചനയിലും വിഡ്ഢിത്തത്തിലുമാണ്.

21). (അതല്ലെങ്കില്‍ അല്ലാഹു തന്റെ ഉപജീവനം നിര്‍ത്തിവെച്ചാല്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നവനായി ആരുണ്ട്?) ഉപജീവനം മുഴുവന്‍ അല്ലാഹുവില്‍ നിന്നാണ്. അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നിര്‍ത്തിവെച്ചാല്‍ അത് നിങ്ങള്‍ക്ക് തരാന്‍ ആരുണ്ട്? സ്വന്തം ഭക്ഷണം തന്നെ സ്വയം ഉണ്ടാക്കാന്‍ ഒരു സൃഷ്ടിക്കുമാവില്ല. എങ്കില്‍ മറ്റുള്ളവരുടേത് എങ്ങനെ സാധിക്കും? അപ്പോള്‍ യഥാര്‍ഥ ഉപജീവന ദാതാവും അനുഗ്രഹം നല്‍കുന്നവനുമാണവന്‍. അവങ്കല്‍ നിന്നല്ലാതെ യാതൊരനുഗ്രഹവും അടിമകള്‍ കണ്ടെത്തില്ല. അവന്‍ മാത്രമാണ് ആരാധനക്കുള്ള യഥാര്‍ഥ അവകാശി.

എന്നാല്‍ അവിശ്വാസികള്‍ (അവര്‍ മുഴുകിയിരിക്കുന്നു) തുടര്‍ന്നുകൊണ്ടിരിക്കുന്നു. (ധിക്കാരത്തിലും) സത്യത്തോട് യാെതാരു മൃദുലതയും കാണിക്കാതെ കാഠിന്യത്തില്‍. (വെറുപ്പിലും) സത്യത്തെ വെറുത്തുകൊണ്ട്.

22). ഈ രണ്ടാളില്‍ ആരാണ് ഏറ്റവും സന്മാര്‍ഗത്തിലുള്ളവന്‍? ഹൃദയം തലതിരിഞ്ഞ് അവിശ്വാസത്തില്‍ മുങ്ങി വഴികേടില്‍ അലയുന്നവന്‍. അവന് സത്യം അസത്യമാണ്. അസത്യം സത്യവും. അതിന് പ്രാധാന്യം നല്‍കി. അത് ജീവിതത്തില്‍ പകര്‍ത്തി. അതോ വാക്കിലും പ്രവൃത്തിയിലും ജീവിതത്തില്‍ മുഴുക്കെ നേരായ വഴിയില്‍ നടക്കുന്നവനോ?

ഈ രണ്ടുപേരെയും ഒന്ന് ശ്രദ്ധിച്ചു പരിശോധിച്ചാല്‍ തന്നെ വ്യത്യാസം മനസ്സിലാകും; അവരിലെ പിഴച്ചവനെയും സന്മാര്‍ഗിയെയും. വാക്കിനെക്കാളും വലിയ സാക്ഷ്യം അവസ്ഥകള്‍ തന്നെയാണ്.

23). അല്ലാഹു, താന്‍ മാത്രമാണ് ആരാധ്യനെന്ന് വ്യക്തമാക്കുകയും തനിക്ക് നന്ദിചെയ്യാനും ആരാധന തനിക്ക് മാത്രമാക്കാനും തന്റെ അടിമകളെ ക്ഷണിക്കുകയും ചെയ്യുന്നു:

(പറയുക: അവനാണ് സൃഷ്ടിച്ചുണ്ടാക്കിയത്) സഹായിയോ സേവകരോ ഇല്ലാതെ ഇല്ലായ്മയില്‍ നിന്ന് അവന്‍ നിങ്ങളെ ഉണ്ടാക്കി. നിങ്ങളെ സൃഷ്ടിച്ചപ്പോള്‍ നിങ്ങള്‍ക്ക് അവന്‍ പൂര്‍ണ അസ്തിത്വം നല്‍കി. (നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഏര്‍പെടുത്തി തരികയും) ചെയ്തപ്പോള്‍. ഇവ മൂന്നും ശരീരത്തിലെ അവയവങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതാണ്. ശാരീരിക ശക്തിയില്‍ ഏറ്റവും പൂര്‍ണമായവയുമാണത്.

എന്നാല്‍ ഈ അനുഗ്രഹങ്ങളോട് (കുറച്ച് മാത്രമെ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ). നിങ്ങള്‍ക്ക് നന്ദി കുറവാണ്. നിങ്ങളില്‍ നന്ദി കാണിക്കുന്നവരും കുറവാണ്.