ത്വലാഖ് (വിവാഹമോചനം): ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 മാര്‍ച്ച് 28 1441 ശഅബാന്‍ 04

അധ്യായം: 65, ഭാഗം: 2

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِنْ نِسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ ۚ وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَنْ يَضَعْنَ حَمْلَهُنَّ ۚ وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مِنْ أَمْرِهِ يُسْرًا (٤) ذَٰلِكَ أَمْرُ اللَّهِ أَنْزَلَهُ إِلَيْكُمْ ۚ وَمَنْ يَتَّقِ اللَّهَ يُكَفِّرْ عَنْهُ سَيِّئَاتِهِ وَيُعْظِمْ لَهُ أَجْرًا (٥) أَسْكِنُوهُنَّ مِنْ حَيْثُ سَكَنْتُمْ مِنْ وُجْدِكُمْ وَلَا تُضَارُّوهُنَّ لِتُضَيِّقُوا عَلَيْهِنَّ ۚ وَإِنْ كُنَّ أُولَاتِ حَمْلٍ فَأَنْفِقُوا عَلَيْهِنَّ حَتَّىٰ يَضَعْنَ حَمْلَهُنَّ ۚ فَإِنْ أَرْضَعْنَ لَكُمْ فَآتُوهُنَّ أُجُورَهُنَّ ۖ وَأْتَمِرُوا بَيْنَكُمْ بِمَعْرُوفٍ ۖ وَإِنْ تَعَاسَرْتُمْ فَسَتُرْضِعُ لَهُ أُخْرَىٰ (٦) لِيُنْفِقْ ذُو سَعَةٍ مِنْ سَعَتِهِ ۖ وَمَنْ قُدِرَ عَلَيْهِ رِزْقُهُ فَلْيُنْفِقْ مِمَّا آتَاهُ اللَّهُ ۚ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا مَا آتَاهَا ۚ سَيَجْعَلُ اللَّهُ بَعْدَ عُسْرٍ يُسْرًا (٧‬)
(4). നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദഃയുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത് മൂന്ന് മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്നപക്ഷം അവന്ന് അവന്റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്. (5). അത് അല്ലാഹുവിന്റെ കല്‍പനയാകുന്നു. അവനത് നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്നപക്ഷം അവന്റെ തിന്‍മകളെ അവന്‍ മായ്ച്ചുകളയുകയും അവന്നുള്ള പ്രതിഫലം അവന്‍ വലുതാക്കി കൊടുക്കുകയും ചെയ്യുന്നതാണ്. (6). നിങ്ങളുടെ കഴിവില്‍ പെട്ട, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങള്‍ അവരെ താമസിപ്പിക്കണം. അവര്‍ക്കു ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ അവരെ ദ്രോഹിക്കരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ അവര്‍ പ്രസവിക്കുന്നതുവരെ നിങ്ങള്‍ അവര്‍ക്കു ചെലവുകൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിങ്ങള്‍ക്കു വേണ്ടി (കുഞ്ഞിന്) മുലകൊടുക്കുന്ന പക്ഷം അവര്‍ക്കു നിങ്ങള്‍ അവരുടെ പ്രതിഫലം കൊടുക്കുക. നിങ്ങള്‍ തമ്മില്‍ മര്യാദപ്രകാരം കൂടിയാലോചിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ ഇരുവിഭാഗത്തിനും ഞെരുക്കമാവുകയാണെങ്കില്‍ അയാള്‍ക്കു വേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്തുകൊള്ളട്ടെ. (7). കഴിവുള്ളവന്‍ തന്റെ കഴിവില്‍ നിന്ന് ചെലവിനു കൊടുക്കട്ടെ. വല്ലവന്നും തന്റെ ഉപജീവനം ഇടുങ്ങിയതായാല്‍ അല്ലാഹു അവന്നു കൊടുത്തതില്‍ നിന്ന് അവന്‍ ചെലവിന് കൊടുക്കട്ടെ. ഒരാളോടും അല്ലാഹു അയാള്‍ക്ക് കൊടുത്തതല്ലാതെ (നല്‍കാന്‍) നിര്‍ബന്ധിക്കുകയില്ല. അല്ലാഹു ഞെരുക്കത്തിനു ശേഷം സൗകര്യം ഏര്‍പെടുത്തികൊടുക്കുന്നതാണ്.

4). ദീന്‍ നിര്‍ദേശിച്ച ത്വലാക്വ് സ്ത്രീയുടെ ഇദ്ദയോട് കൂടിയുള്ളതാണ്. ഇവിടെ ഇദ്ദയെക്കുറിച്ചാണ് അല്ലാഹു തുടര്‍ന്ന് പറയുന്നത്. (നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച നിരാശപ്പെട്ടിടുള്ളവരെ സംബന്ധിച്ചടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദയുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍) അതായത് അവര്‍ മുമ്പ് ആര്‍ത്തവമുള്ളവരായിരിക്കും, പിന്നീട് അത് ഇല്ലാതായി വാര്‍ധക്യം മൂലമോ മറ്റ് വല്ല കാരണത്താലോ ഇനിയത് തിരിച്ചുവരുമെന്ന പ്രതീക്ഷിക്കുന്നുമില്ല. (അത് മൂന്ന് മാസമാകുന്നു) ഓരോ ആര്‍ത്തവത്തിനും പകരം ഒരു മാസം നിശ്ചയിച്ചു. (ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെതന്നെ) ആര്‍ത്തവമുണ്ടായിട്ടില്ലാത്ത കുട്ടികള്‍ അല്ലെങ്കില്‍ പ്രായപൂര്‍ത്തിയായിട്ടും ശരിയായ അര്‍ഥത്തില്‍ ആര്‍ത്തവമുണ്ടായിട്ടില്ലാത്ത സ്ത്രീകള്‍. അവരും ആര്‍ത്തവമുണ്ടാകാത്തവരില്‍ പെടും. അവരുടെ ഇദ്ദ മൂന്ന് മാസമാണ്. എന്നാല്‍ ആര്‍ത്തവമുള്ളവരുടെ കാര്യമാണ് അല്ലാഹു പറഞ്ഞത്:

وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنْفُسِهِنَّ ثَلَاثَةَ قُرُوءٍ ۚ

''വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്ന് മാസമുറകള്‍ കാത്തിരിക്കേണ്ടതാണ്'' (ക്വുര്‍ആന്‍2:228).

(ഗര്‍ഭവതികളായ സ്ത്രീകളാവട്ടെ അവരുടെ അവധി) അതായത് അവരുടെ ഇദ്ദ സമയം.

(അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു) ഒന്നോ അതിലധികമോ ആവട്ടെ ഗര്‍ഭത്തിലുള്ളത് മുഴുവന്‍ പ്രസവിക്കലാണ് അവരുടെ പരിധി. അതില്‍ മാസത്തെയോ മറ്റോ പരിഗണിക്കേണ്ടതില്ല.

(അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷേ, അവന് അവന്റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്) ആര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അവന്റെ കാര്യങ്ങള്‍ അല്ലാഹു എളുപ്പമാക്കിക്കൊടുക്കും. എല്ലാ പ്രയാസങ്ങള്‍ ഇല്ലാതാക്കിക്കൊടുക്കുകയും ചെയ്യും.

5). (അത്) അല്ലാഹു നിങ്ങള്‍ക്ക് വിശദീകരിച്ചു തന്ന ഈ വിധി (അല്ലാഹുവിന്റെ കല്‍പനയാകുന്നു അവന്‍ നിങ്ങള്‍ക്ക് അവതരിപ്പിച്ചുതന്നിരിക്കുന്നു) അതനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിക്കാനും അതിനെ മാതൃകയാക്കാനും മഹത്ത്വപ്പെടുത്താനും വേണ്ടി. (വല്ലവനും അല്ലാഹുവിനെ സൂക്ഷിക്കുന്ന പക്ഷം അവന്റെ തിന്മകളെ അവന്‍ മായിച്ചുകളയുകയും അവനുള്ള പ്രതിഫലം അവന്‍ വലുതാക്കി കൊടുക്കുകയും ചെയ്യും) ഭയപ്പെടുന്ന കാര്യങ്ങളെ തടയുകയും ആഗ്രഹിക്കുന്നത് നേടുകയും ചെയ്യും.

6). വിവാഹമോചിതകളെ വീടുകളില്‍ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് അല്ലാഹു നേരത്തെ പറഞ്ഞു. ഇവിടെ അവരെ താമസിപ്പിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. താമസം മാന്യമായ നിലയിലായിരിക്കണമെന്നും നിശ്ചയിച്ചു. അവന്‍ താമസിക്കുന്ന വീടു പോലുള്ള വീടായിരിക്കണം. ഭര്‍ത്താവിന്റെ സാമ്പത്തിക ശേഷിയും പ്രയാസവും അനുസരിച്ച് (അവര്‍ക്ക് ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ അവരെ ദ്രോഹിക്കരുത്). താമസസമയത്ത് വാക്കുകൊണ്ടോ പ്രവര്‍ത്തി കൊണ്ടോ അവരെ നിങ്ങള്‍ ഉപദ്രവിക്കരുത്. ഇദ്ദ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മടുപ്പ് തോന്നി സ്വയം വീടുകളില്‍ നിന്ന് പുറത്തുപോകുന്നതിന് വേണ്ടി. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ അവരെ പുറത്താക്കുന്നവര്‍ തന്നെയാണ്. ചുരുക്കത്തില്‍ അവരെ ഇദ്ദ സമയത്ത് പുറത്താക്കുന്നതും അവര്‍ പുറത്തുപോകുന്നതും വിരോധിക്കപ്പെട്ടതാണെന്നര്‍ഥം. അവരുടെ താമസം ബുദ്ധിമുട്ടോ വിഷമമോ ഇല്ലാത്ത വിധത്തിലായിരിക്കണം എന്നും നിര്‍ദേശിക്കുന്നു. അതാണ് നന്മ.

(അവരാണെങ്കില്‍) അതായത് വിവാഹമോചിതകള്‍ (ഗര്‍ഭിണികളാണെങ്കില്‍ അവര്‍ അവരുടെ ഗര്‍ഭം പ്രസവിക്കുന്നത് വരെ നിങ്ങള്‍ അവര്‍ക്ക് ചെലവ് കൊടുക്കുകയും ചെയ്യുക. തിരിച്ചെടുക്കാന്‍ പറഞ്ഞ ത്വലാക്വ് ആണെങ്കില്‍ അവളുടെ ഗര്‍ഭത്തിലുള്ള കുഞ്ഞ് കാരണമാണ് ചെലവ് നല്‍കാന്‍ പറയുന്നത്. എന്നാല്‍ മടക്കിയെടുക്കാവുന്ന ത്വലാക്വ് ആണെങ്കില്‍ അവള്‍ക്കും അവരുടെ ഗര്‍ഭത്തിലുള്ളതിനും ചെലവിന് നല്‍കേണ്ടതുണ്ട്. ചെലവ് നല്‍കേണ്ടതിനുള്ള അവധി പ്രസവം വരെയുമാണ്. പ്രസവിച്ചാല്‍ അവര്‍ക്ക് കുഞ്ഞിന് മുല കൊടുക്കകയോ കൊടുക്കാതിരിക്കുകയോ ചെയ്യാം.

(ഇനി അവര്‍ നിങ്ങള്‍ക്കു വേണ്ടി (കുഞ്ഞിന്) മുല കൊടുക്കുന്ന പക്ഷം അവര്‍ക്ക് നിങ്ങള്‍ അവരുടെ പ്രതിഫലം കൊടുക്കുക) നിശ്ചിതമായ ഒരു തുക നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത് നല്‍കുക. അല്ലെങ്കില്‍ തത്തുല്യമായ പ്രതിഫലം. (നിങ്ങള്‍ തമ്മില്‍ മര്യാദപ്രകാരം കൂടിയാലോചിക്കുകയും ചെയ്യുക) ഇണകളില്‍ ഓരോരുത്തരും മറ്റുള്ളവരുമായി മര്യാദ പ്രകാരം മാന്യമായ കൂടിയാലോചനകള്‍ നടത്തുക. അതിലവര്‍ക്ക് ഇരുലോകത്തും നന്മയും പ്രയോജനവുമുണ്ട്. മാന്യമായ കൂടിയാലോചനകളില്‍ അശ്രദ്ധ കാണിച്ചാല്‍ അല്ലാഹുവിന് മാത്രം അറിയാവുന്ന ധാരാളം ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിടാനിടയുണ്ട്. കൂടിയാലോചനയിലാകട്ടെ, ധര്‍മനിഷ്ഠയിലും പുണ്യത്തിലുമുള്ള പരസ്പര സഹകരണമാണുള്ളത്.

ഇദ്ദയുടെ സമയത്തും ഭാര്യാഭര്‍ത്താക്കള്‍ വേര്‍പിരിയുന്ന സമയത്തുമാണ് ഇതിന് ഏറ്റവും അനുയോജ്യമായ സന്ദര്‍ഭം. പ്രത്യേകിച്ചും അവര്‍ക്ക് കുഞ്ഞ് ജനിച്ചിട്ടുണ്ടെങ്കില്‍. മിക്കവാറും ഇത്തരം സന്ദര്‍ഭങ്ങളില്‍ പരസ്പരം തര്‍ക്കങ്ങളും കലഹങ്ങളും ഉണ്ടാവാറാണ് പതിവ്. വിദ്വേഷത്തോട് കൂടിയാണ് അധിക വേര്‍പിരിയലും സംഭവിക്കുക. അപ്പോള്‍ കുട്ടിയുടെ ചെലവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തര്‍ക്കങ്ങളിലെത്തിക്കും. അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ രണ്ടുപേരും മാന്യമായി കൂടിയാലോചന നടത്തുകയും നല്ല നിലയില്‍ സഹവസിക്കുകയും തര്‍ക്കവും ബുദ്ധിമുട്ടുകളും ഇല്ലാതാക്കുകയും ചെയ്യാന്‍ ഉപദേശിക്കുകയാണിവിടെ.

(ഇനി നിങ്ങള്‍ ഇരു വിഭാഗത്തിനും ഞെരുക്കമാവുകയാണെങ്കില്‍) കുട്ടിയെ മുലയൂട്ടുന്ന കാര്യത്തില്‍ ഇണകള്‍ തമ്മില്‍ യോജിപ്പിലെത്താത്തതിനാല്‍. (എങ്കില്‍ അയാള്‍ക്കു വേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്തുകൊള്ളട്ടെ) അവളല്ലാത്ത ഒരാള്‍.

فَلَا جُنَاحَ عَلَيْهِمَا ۗ وَإِنْ أَرَدْتُمْ أَنْ تَسْتَرْضِعُوا أَوْلَادَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُمْ مَا آتَيْتُمْ بِالْمَعْرُوفِ ۗ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ

''ആ പോറ്റുമ്മമാര്‍ക്ക്- നിങ്ങള്‍ നല്‍കേണ്ടത് മര്യാദയനുസരിച്ച് കൊടുത്തുതീര്‍ക്കുകയാണെങ്കില്‍; നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക'' (2:233).

ഉമ്മയുടേതല്ലാത്ത മുലപ്പാല്‍ കുട്ടി സ്വീകരിക്കുന്ന സന്ദര്‍ഭത്തിലാണിത്. എന്നാല്‍ ഉമ്മയുടെ മുലപ്പാല്‍ സ്വീകരിക്കുകയും കുട്ടിയെ മുലയൂട്ടാന്‍ അവള്‍ ഏറ്റെടുക്കുകയും ചെയ്താല്‍ അതവര്‍ക്ക് നിര്‍ബന്ധമായി. അവള്‍ തയ്യാറായില്ലെങ്കില്‍ അവളില്‍ സമ്മര്‍ദം ചെലുത്തണം. നിശ്ചിത തുക യോജിച്ച് തീരുമാനിച്ചിട്ടില്ലെങ്കില്‍ തത്തുല്യമായ വേതനം നല്‍കുകയും ചെയ്യണം. ഇത് ആ വാക്യത്തിന്റെ അര്‍ഥത്തില്‍ നിന്നും ലഭിക്കുന്ന ആശയമാണ്. ഗര്‍ഭസമയത്ത് കുട്ടിയെ പുറത്തെത്തിക്കാന്‍ പറ്റാതിരുന്നിനാല്‍ ചെലവ് നല്‍കേണ്ട ബാധ്യത രക്ഷാകര്‍ത്താവില്‍ അല്ലാഹു ബാധ്യതയാക്കി. എന്നാല്‍ ജനിച്ച് കഴിഞ്ഞാല്‍ ഭക്ഷണം നല്‍കല്‍ ഉമ്മക്കും മറ്റുള്ളവര്‍ക്കും സാധ്യമാകും. അപ്പോള്‍ അല്ലാഹു രണ്ടു കാര്യം അനുവദിച്ചു. ഉമ്മക്ക് മാത്രം ഭക്ഷണം നല്‍കാന്‍ പറ്റുന്ന സമയം; ഗര്‍ഭകാലം. അപ്പോള്‍ കുട്ടിയുടെ ഭക്ഷണത്തിന് ഉമ്മയെ ഒരു വഴിയായി നിശ്ചയിച്ചു. അത് അവള്‍ക്ക് ചെലവിന് നല്‍കുന്നതിലൂടെ സാധ്യമാകും.

7). പിന്നീടുള്ള കുട്ടിയുടെ ചെലവ് ഭര്‍ത്താവിന്റെ അവസ്ഥക്ക് അനുസരിച്ച് നിശ്ചയിച്ചു. (കഴിവുള്ളവന്‍ തന്റെ കഴിവില്‍ നിന്ന് ചെലവിന് കൊടുക്കട്ടെ) സമ്പന്നര്‍ തന്റെ സമ്പന്നതക്കനുസരിച്ചും ദരിദ്രന്‍ തന്റെ ദാരിദ്ര്യാവസ്ഥക്കനുസരിച്ചും. (വല്ലവനും തന്റെ ഉപജീവനം ഇടുങ്ങിയതായാല്‍) അതായത് അവന്റെ മേല്‍ പ്രയാസകരമായാല്‍. (അല്ലാഹു അവന് കൊടുത്തതില്‍ നിന്ന് അവന്‍ ചെലവിന് കൊടുക്കട്ടെ) ഉപജീവനത്തില്‍ നിന്ന്. (ഒരാളോടും അല്ലാഹു അയാള്‍ക്ക് കൊടുത്തതല്ലാതെ-നല്‍കാന്‍- നിര്‍ബന്ധിക്കുകയില്ല).

ഇതു ദൈവിക കാരുണ്യത്തിന്റെയും യുക്തിയുടെയും താല്‍പര്യമാണ്. എല്ലാറ്റിനും അവനൊരു കണക്ക് നിശ്ചയിച്ചു. പ്രയാസപ്പെടുന്നവന് ലഘൂകരണം നല്‍കി. അവന് നല്‍കിയതില്‍ നിന്നല്ലാതെ ചെലവഴിക്കാന്‍ നിര്‍ബന്ധിക്കില്ല. ചെലവഴിക്കുന്ന കാര്യത്തിലാവട്ടെ, അല്ലാത്തതിലാകട്ടെ ഓരോരുത്തരുടെയും കഴിവനുസരിച്ച് മാത്രമെ അല്ലാഹു കല്‍പിക്കൂ. (അല്ലാഹു ഞെരുക്കത്തിന് ശേഷം സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുന്നതാണ്) ഇത് പ്രയാസപ്പെടുന്നവര്‍ക്കുള്ള സന്തോഷവാര്‍ത്തയാണ്. തീര്‍ച്ചയായും അല്ലാഹു അവരുടെ ബുദ്ധിമുട്ടുകളെ നീക്കിക്കൊടുക്കുമെന്നും കഷ്ടപ്പാടുകള്‍ പരിഹരിക്കുമെന്നും.

فَإِنَّ مَعَ الْعُسْرِ يُسْرًا (٥) إِنَّ مَعَ الْعُسْرِ يُسْرًا (٦)

''എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും'' (94:5)