മുംതഹിന (പരീക്ഷിക്കപ്പെടേണ്ടവള്‍), ഭാഗം: 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ഒക്ടോബര്‍ 24 1442 റബിഉല്‍ അവ്വല്‍ 06

അധ്യായം: 60, ഭാഗം: 4

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ (٨‬) إِنَّمَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُمْ مِنْ دِيَارِكُمْ وَظَاهَرُوا عَلَىٰ إِخْرَاجِكُمْ أَنْ تَوَلَّوْهُمْ ۚ وَمَنْ يَتَوَلَّهُمْ فَأُولَٰئِكَ هُمُ الظَّالِمُونَ (٩) يَا أَيُّهَا الَّذِينَ آمَنُوا إِذَا جَاءَكُمُ الْمُؤْمِنَاتُ مُهَاجِرَاتٍ فَامْتَحِنُوهُنَّ ۖ اللَّهُ أَعْلَمُ بِإِيمَانِهِنَّ ۖ فَإِنْ عَلِمْتُمُوهُنَّ مُؤْمِنَاتٍ فَلَا تَرْجِعُوهُنَّ إِلَى الْكُفَّارِ ۖ لَا هُنَّ حِلٌّ لَهُمْ وَلَا هُمْ يَحِلُّونَ لَهُنَّ ۖ وَآتُوهُمْ مَا أَنْفَقُوا ۚ وَلَا جُنَاحَ عَلَيْكُمْ أَنْ تَنْكِحُوهُنَّ إِذَا آتَيْتُمُوهُنَّ أُجُورَهُنَّ ۚ وَلَا تُمْسِكُوا بِعِصَمِ الْكَوَافِرِ وَاسْأَلُوا مَا أَنْفَقْتُمْ وَلْيَسْأَلُوا مَا أَنْفَقُوا ۚ ذَٰلِكُمْ حُكْمُ اللَّهِ ۖ يَحْكُمُ بَيْنَكُمْ ۚ وَاللَّهُ عَلِيمٌ حَكِيمٌ (١٠)

(8). മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതിപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (9). മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചു മാത്രമാണ്-അവരോട് മൈത്രികാണിക്കുന്നത്-അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രിബന്ധം പുലര്‍ത്തുന്നപക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍. (10). സത്യവിശ്വാസികളേ, വിശ്വാസിനികളായ സ്ത്രീകള്‍ അഭയാര്‍ഥികളായി ക്കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അവരെ പരീക്ഷിച്ചുനോക്കണം. അവരുടെ വിശ്വാസത്തെ പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്. എന്നിട്ട് അവര്‍ വിശ്വാസിനികളാണെന്ന് അറിഞ്ഞുകഴിഞ്ഞാല്‍ അവരെ നിങ്ങള്‍ സത്യനിഷേധികളുടെ അടുത്തേക്ക് മടക്കി അയക്കരുത്. ആ സ്ത്രീകള്‍ അവര്‍ക്ക് അനുവദനീയമല്ല. അവര്‍ക്ക് അവര്‍ ചെലവഴിച്ചത് നിങ്ങള്‍ നല്‍കുകയും വേണം. ആ സ്ത്രീകള്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ നിങ്ങള്‍ കൊടുത്താല്‍ അവരെ നിങ്ങള്‍ വിവാഹം കഴിക്കുന്നതിന് നിങ്ങള്‍ക്ക് വിരോധമില്ല. അവിശ്വാസിനികളുമായുള്ള ബന്ധം നിങ്ങള്‍ മുറുകെപിടിച്ചുകൊണ്ടിരിക്കുകയും ചെയ്യരുത്. നിങ്ങള്‍ ചെലവഴിച്ചതെന്തോ, അത് നിങ്ങള്‍ ചോദിച്ചുകൊള്ളുക. അവര്‍ ചെലവഴിച്ചതെന്തോ അത് അവരും ചോദിച്ചുകൊള്ളട്ടെ. അതാണ് അല്ലാഹുവിന്റെ വിധി. അവന്‍ നിങ്ങള്‍ക്കിടയില്‍ വിധികല്‍പിക്കുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു.

8). സത്യനിഷേധികളോട് ശത്രുതപുലര്‍ത്താന്‍ പ്രചോദിപ്പിക്കുന്ന ഈ പരിശുദ്ധ വചനങ്ങള്‍ ഇറങ്ങിയപ്പോള്‍ സത്യവിശ്വാസികളെ അത് എല്ലാ നിലയ്ക്കും സ്വാധീനിച്ചു. അവരത് സമ്പൂര്‍ണമായി നിര്‍വഹിച്ചു. ബഹുദൈവ വിശ്വാസികളായ തങ്ങളുടെ ബന്ധുക്കളോട് കുടുംബബന്ധം ചേര്‍ക്കല്‍ അവര്‍ തെറ്റായി കണ്ടു. ഈ വിരോധത്തില്‍ അതും ഉള്‍പ്പെടുമെന്ന് അവര്‍ വിചാരിച്ചു. ഈ നിഷിദ്ധത്തില്‍ അതുള്‍പ്പെടില്ലെന്ന് അല്ലാഹു അവരെ അറിയിച്ചു.

(മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതികാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതികാണിക്കുന്നവരെ ഇഷ്ടപ്പെടുന്നു).

ബഹുദൈവവിശ്വാസികളില്‍ ബന്ധുക്കളും അല്ലാത്തവരുമായ ആളുകളോട് നീതികാണിക്കുന്നതിനെ നല്ല രൂപത്തില്‍ പ്രത്യുപകാരങ്ങള്‍ ചെയ്യുന്നതിനും കുടുംബന്ധം ചേര്‍ക്കുന്നതിനും പുണ്യം ചെയ്യുന്നതിനും അല്ലാഹു നിങ്ങളെ വിരോധിക്കുന്നില്ല. മതകാര്യത്തില്‍ നിങ്ങളോട് യുദ്ധത്തിനൊരുങ്ങാത്തവരും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാത്തവരുമായിരിക്കുന്ന അവസ്ഥയില്‍ അവരുമായി ബന്ധം ചേര്‍ക്കുന്നതിന് നിങ്ങള്‍ക്ക് കുറ്റമില്ല. ഈ അവസ്ഥയിലുള്ള ബന്ധത്തെ നിങ്ങള്‍ ഭയപ്പെടേണ്ട കാര്യമായോ ദോഷമായോ കാണേണ്ടതില്ല. മക്കള്‍ മുസ്‌ലിംകളായ മാതാപിതാക്കളുടെ കാര്യത്തില്‍ അല്ലാഹു പറഞ്ഞത് അതാണ്.

وَإِنْ جَاهَدَاكَ عَلَىٰ أَنْ تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا

''നിനക്ക് യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേര്‍ക്കാന്‍ അവര്‍ (മാതാപിതാക്കള്‍) നിന്നോട് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടാല്‍ അവരെ നീ അനുസരിച്ച് പോകരുത്. ഈ ലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും ചെയ്യുക'' (31:15).

9). (മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നതിനെ സംബന്ധിച്ച് മാത്രമാണ് അല്ലാഹു വിരോധിക്കുന്നത്) അതായത്: നിങ്ങളുടെ മതം കാരണത്താല്‍. അല്ലാഹുവിന്റെ മതത്തിനോടും അത് നിര്‍വഹിക്കുന്നവരോടും ശത്രുത കാണിക്കുന്നവര്‍. (നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും പ്രകടമാക്കുകയും) അതായത് മറ്റുള്ളവരെ സഹായിക്കുക. (നിങ്ങളെ പുറത്താക്കുന്നതില്‍) അല്ലാഹു നിങ്ങളെ വിരോധിക്കുന്നു. (അവരോട് മൈത്രി കാണിക്കുന്നത്) വാക്കിലും പ്രവൃത്തിയിലും സ്‌നേഹവും സഹായവുംകൊണ്ട്. എന്നാല്‍ അവര്‍ക്ക് പുണ്യം ചെയ്യലും നന്മ ചെയ്യലും ബഹുദൈവവിശ്വാസികളോട് മൈത്രിബന്ധം സ്ഥാപിക്കലല്ല. അത് അല്ലാഹു വിരോധിച്ചിട്ടുമില്ല. മറിച്ച് അതാവട്ടെ, ബന്ധുക്കളും അല്ലാത്തവരുമായവരോട് നന്മചെയ്യാന്‍ പറഞ്ഞ പൊതുകല്‍പനയില്‍ ഉള്‍പ്പെടുന്നതുമാണ്. (വല്ലവരും അവരോട് മൈത്രിബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍) മൈത്രിബന്ധത്തിന്റെ തോതനുസരിച്ചായിരിക്കും ആ അക്രമം. പൂര്‍ണമായി മൈത്രിബന്ധം ഇസ്‌ലാമിന്റെ വൃത്തത്തില്‍നിന്നുതന്നെ പുറത്താക്കപ്പെടുന്നതാണ്. അതിന് പല തട്ടുകളുണ്ട്. ശക്തമായതും അല്ലാത്തതും.

10). ഹുദൈബിയ സന്ധിയുടെ സന്ദര്‍ഭത്തി ല്‍ നബി ﷺ ബഹുദൈവവിശ്വാസികളുമായി സന്ധിയുണ്ടാക്കി; അവരില്‍നിന്നാരെങ്കിലും മുസ്‌ലിമായി മുസ്‌ലിംകളിലേക്ക് വരികയാണെങ്കില്‍ അവരെ ബഹുദൈവവിശ്വാസികളിലേക്ക് തന്നെ തിരിച്ചയക്കുമെന്ന്. ഈ പൊതു പ്രയോഗത്തില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടും.

എന്നാല്‍ പുരുഷന്‍മാരെ ബഹുദൈവവിശ്വാസികളിലേക്ക് തിരിച്ചയക്കുന്നതിനെ നബി ﷺ വിരോധിച്ചില്ല; സന്ധിയുടെയും നിബന്ധനയുടെയും പൂര്‍ത്തീകരണത്തിന്റെ ഭാഗമായി. അത് ഏറ്റവും വലിയ സന്ധിയായിരുന്നു.

എന്നാല്‍ സ്ത്രീകളുടെ കാര്യം; അവരെ തിരിച്ചയക്കുമ്പോള്‍ ധാരാളം പ്രശ്‌നങ്ങളുണ്ടാകും. വിശ്വാസികളോട് കല്‍പിക്കുന്നു: (സത്യവിശ്വാസിനികള്‍ ഹിജ്‌റവരുന്നവരായി നിങ്ങളുടെ അടുക്കല്‍ വന്നാല്‍) അവരുടെ വിശ്വാസത്തില്‍ നിങ്ങള്‍ സംശയിക്കുകയും ചെയ്താല്‍ അവരെ നിങ്ങള്‍ പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യണം; അവരുടെ സത്യസന്ധത വ്യക്തമാകത്തക്കവിധം. ശക്തമായ സത്യം ചെയ്യലോ മറ്റോ ആകാം. ചിലപ്പോള്‍ അവളുടെ വിശ്വാസം സത്യസന്ധമാകാതിരിക്കാം. വിവാഹത്തിനുള്ള ആഗ്രഹമോ നാടോ മറ്റെന്തെങ്കിലും ഭൗതിക ഉദ്ദേശ്യങ്ങളോ ആകാം.

ഈ രൂപത്തിലാണ് അവരെങ്കില്‍ നിബന്ധന പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി തിരിച്ചയക്കാന്‍ സഹായിക്കണം; യാതൊരു പ്രശ്‌നവും കൂടാതെ. ഇനി അവരെ പരീക്ഷിക്കുകയും അവര്‍ സത്യസന്ധരാണെന്ന് കാണുകയും ചെയ്താല്‍, അതല്ലെങ്കില്‍ പരീക്ഷിക്കാതെ തന്നെ അറിഞ്ഞാലും അവരെ അവിശ്വാസികളിലേക്ക് തിരിച്ചയക്കാവതല്ല.

(ആ സ്ത്രീകള്‍ അവര്‍ക്ക് അനുവദനീയമല്ല. അവര്‍ ആ സ്ത്രീകള്‍ക്കും അനുവദനീയമല്ല) ഇതില്‍ അല്ലാഹു കാണുന്ന ഏറ്റവും വലിയ പ്രശ്‌നമിതാണ്. മറ്റൊന്ന് നിബന്ധന പൂര്‍ത്തീകരിക്കലും സത്യനിഷേധികള്‍ക്ക് അവരുടെ ഭാര്യമാര്‍ അവര്‍ക്ക് ലഭിച്ച മഹ്‌റും അനുബന്ധ ചെലവുകളും തിരിച്ചുനല്‍കണം; അവര്‍ക്ക് പകരമായി.

അങ്ങനെയാകുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ബഹുദൈവ വിശ്വാസത്തിന്റെ നാട്ടില്‍ അവര്‍ക്ക് ഭര്‍ത്താക്കളുണ്ടെങ്കിലും, മുസ്‌ലിംകള്‍ക്ക് അവരെ വിവാഹം കഴിക്കുന്നതിന് വിരോധമില്ല. പക്ഷേ, ഒരു നിബന്ധനയുണ്ട്. അവര്‍ മഹ്‌റും ചെലവും നല്‍കിയിരിക്കണം. ഒരു മുസ്‌ലിമായ സ്ത്രീ സത്യനിഷേധിക്കോ ഒരു സത്യനിഷേധിയായ സ്ത്രീ മുസ്‌ലിമായ പുരുഷനോ അനുവദനീയമല്ല; അവര്‍ അവിശ്വാസത്തില്‍ തുടരുന്ന കാലത്തോളം. അതാണ് അല്ലാഹു പറഞ്ഞത്. (അവിശ്വാസികളുമായുള്ള ബന്ധങ്ങളില്‍ നിങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടിരിക്കുകയും ചെയ്യരുത്). അവരുമായുള്ള വിവാഹബന്ധം മുറുകെ പിടിക്കുന്നത് വിരോധിക്കുമ്പോള്‍ വിവാഹം കഴിക്കുന്നതിലും വിരോധം അതിനെക്കാള്‍ ശക്തമായിരിക്കും.

(നിങ്ങള്‍ ചെലവഴിച്ചതെന്തോ അത് നിങ്ങള്‍ ചോദിച്ചുകൊള്ളുക) വിശ്വാസികളേ, മതമുപേക്ഷിച്ച് നിങ്ങളുടെ ഭാര്യമാര്‍ സത്യനിഷേധികളിലേക്ക് മടങ്ങിപ്പോകുമ്പോള്‍. മുസ്‌ലിംകളായി വന്ന സ്ത്രീകളില്‍നിന്ന് വല്ലതും അവരെടുത്തിട്ടുണ്ടെങ്കില്‍ മുസ്‌ലിംകള്‍ക്ക് അവിശ്വാസികളിലേക്ക് പോകുന്നവരില്‍നിന്ന് തത്തുല്യമായത് എടുക്കാന്‍ അവകാശമുണ്ട്. ശരിയായ ഒരു ഭര്‍ത്താവില്‍നിന്ന് ഭാര്യ പുറത്തുപോവുകയോ മുലകുടി പോലുള്ള കാര്യങ്ങള്‍ കൊണ്ട് ഒരു പുരുഷന് സ്ത്രീയുമായുള്ള ബന്ധം തകരാറാവുകയോ ചെയ്താല്‍ മഹ്‌റിന്റെ ബാധ്യത ഈടാക്കാന്‍ അയാള്‍ക്ക് അവകാശമുണ്ടായിരിക്കും.

(അതാണ് അല്ലാഹുവിന്റെ വിധി) ഈ വിധി അല്ലാഹു പറഞ്ഞതാണ്. അത് അല്ലാഹുവിന്റെ തീരുമാനമാണ്. നിങ്ങള്‍ക്ക് അതവന്‍ വ്യക്തമായി വിശദീകരിച്ചുതരുന്നു.

(അല്ലാഹുസര്‍വജ്ഞനും യുക്തിമാനുമാകുന്നു) നിങ്ങള്‍ക്ക് നല്ലതായിത്തീരുന്ന വിധികള്‍ അവനറിയുകയും നിയമമാക്കുകയും ചെയ്യുന്നു.