മുംതഹിന (പരീക്ഷിക്കപ്പെടേണ്ടവള്‍), ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 സെപ്തംബര്‍ 12 1442 മുഹര്‍റം 24

അധ്യായം: 60, ഭാഗം: 2

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنْ يَثْقَفُوكُمْ يَكُونُوا لَكُمْ أَعْدَاءً وَيَبْسُطُوا إِلَيْكُمْ أَيْدِيَهُمْ وَأَلْسِنَتَهُمْ بِالسُّوءِ وَوَدُّوا لَوْ تَكْفُرُونَ (٢) لَنْ تَنْفَعَكُمْ أَرْحَامُكُمْ وَلَا أَوْلَادُكُمْ ۚ يَوْمَ الْقِيَامَةِ يَفْصِلُ بَيْنَكُمْ ۚ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ (٣) قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنْكُمْ وَمِمَّا تَعْبُدُونَ مِنْ دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّىٰ تُؤْمِنُوا بِاللَّهِ وَحْدَهُ إِلَّا قَوْلَ إِبْرَاهِيمَ لِأَبِيهِ لَأَسْتَغْفِرَنَّ لَكَ وَمَا أَمْلِكُ لَكَ مِنَ اللَّهِ مِنْ شَيْءٍ ۖ رَبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ (٤)

(2). അവര്‍ നിങ്ങളെ കണ്ടുമുട്ടുന്നപക്ഷം അവര്‍ നിങ്ങള്‍ക്ക് ശത്രുക്കളായിരിക്കും. നിങ്ങളുടെ നേര്‍ക്ക് ദുഷ്ടതയും കൊണ്ട് അവരുടെ കൈകളും നാവുകളും അവര്‍ നീട്ടുകയും നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ എന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്യും. (3). ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ നിങ്ങളുടെ രക്തബന്ധങ്ങളോ നിങ്ങളുടെ സന്താനങ്ങളോ നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല തന്നെ. അല്ലാഹു നിങ്ങളെ തമ്മില്‍ വേര്‍പിരിക്കും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. (4). നിങ്ങള്‍ക്ക് ഇബ്‌റാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നതുവരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്കുവേണ്ടി പാപമോചനം തേടാം, താങ്കള്‍ക്കുവേണ്ടി അല്ലാഹുവിങ്കല്‍നിന്ന് യാതൊന്നും എനിക്ക് അധീനപ്പെടുത്താനാവില്ല എന്ന് ഇബ്‌റാഹീം തന്റെ പിതാവിനോട് പറഞ്ഞ വാക്കൊഴികെ. (അവര്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, നിന്റെമേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്കലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്.

2). തുടര്‍ന്ന് അല്ലാഹു അവരുടെ ശത്രുതയെക്കുറിച്ച് സത്യവിശ്വാസികളെ ഉണര്‍ത്താന്‍ അവരുടെ ശത്രുതയുടെ കാഠിന്യം വ്യക്തമാക്കുകയാണ്. (അവര്‍ നിങ്ങളെ കണ്ടുമുട്ടുന്ന പക്ഷം) നിങ്ങളെ കണ്ടുമുട്ടുകയും ഉപദ്രവിക്കാന്‍ അവസരം ലഭിക്കുകയും ചെയ്താല്‍. (അവര്‍ നിങ്ങള്‍ക്ക് ശത്രുക്കളായിരിക്കും) പ്രത്യക്ഷരായ. (നിങ്ങളുടെ നേര്‍ക്ക് അവര്‍ കൈകള്‍ നീട്ടും) അടി, കൊലപാതകം തുടങ്ങിയവ കൊണ്ട്. (ദുഷ്ടതയെകൊണ്ട് നാവുകളും) അസഭ്യം പറയുക പോലുള്ള ചീത്തയായ വാക്കുകള്‍ കൊണ്ടും. (നിങ്ങള്‍ അവിശ്വസിച്ചിരുന്നുവെങ്കില്‍ എന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്യും) ഇത്രത്തോളം അവര്‍ നിങ്ങളില്‍ നിന്ന് ഉദ്ദേശിക്കുന്നു.

3). നിങ്ങള്‍ സമ്പത്തും കുടുംബബന്ധവുമാണ് അവിശ്വാസികളെ മിത്രങ്ങളായി സ്വീകരിക്കാന്‍ കാരണമായും പൊതുവായും പറയുന്നത്. (ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ നിങ്ങളുടെ രക്തബന്ധങ്ങളോ നിങ്ങളുടെ സന്താനങ്ങളോ നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല തന്നെ. അല്ലാഹു നിങ്ങളെ തമ്മില്‍ വേര്‍പിരിക്കും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു) അതുകൊണ്ടാണ് നിങ്ങള്‍ക്ക് ദോഷകരമായ, അവിശ്വാസികളുമായുള്ള ബന്ധം ചേര്‍ക്കലിനെക്കുറിച്ച് നിങ്ങളെ താക്കീത് ചെയ്യുന്നത്.

4). (തീര്‍ച്ചയായും) ഉണ്ടായിട്ടുണ്ട്. (നിങ്ങള്‍ക്ക്) ഓ, സത്യവിശ്വാസികളേ! (ഉത്തമമായ ഒരു മാതൃക) നിങ്ങള്‍ക്ക് ഉപകാരപ്പെടുന്നതും നല്ലതുമായ മാതൃക ഉണ്ട്. (ഇബ്‌റാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ള) സത്യവിശ്വാസികളായവരിലും. കാരണം നേരായ ഇബ്‌റാഹീമിന്റെ മാര്‍ഗം പിന്‍പറ്റാന്‍ തീര്‍ച്ചയായും നിങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. (നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്ന് തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായിരിക്കുന്നു). അതായത് തീര്‍ച്ചയായും ഇബ്‌റാഹീം(അ) അദ്ദേഹത്തോടൊപ്പമുള്ള വിശ്വാസികളും അവരുടെ ജനതയില്‍പെട്ട ബഹുദൈവവിശ്വാസികളില്‍നിന്നും അല്ലാഹുവിന് പുറമെ അവര്‍ ആരാധിച്ചവയില്‍നിന്നും ഒഴിഞ്ഞുനിന്ന സന്ദര്‍ഭം. പിന്നീട് അവരോടുള്ള ശത്രുത ശക്തമായി പ്രകടമാക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: (നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. പ്രകടമാവുകയും ചെയ്തിരിക്കുന്നു) വെളിവായി, വ്യക്തമായി. (ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും) ഹൃദയത്തില്‍ വിദ്വേഷവും സ്‌നേഹമില്ലായ്മയും. ശരീരത്തിലൂടെ, ശത്രുതയും. ആ വിദ്വേഷത്തിനും ശത്രുതക്കും പരിധികളില്ല. മറിച്ച് അത് (എെന്നന്നേക്കുമായി) നിങ്ങള്‍ നിങ്ങളുടെ അവിശ്വാസത്തില്‍ തുടരുന്നേടത്തോളം കാലം. (നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നതു വരെ) നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിച്ചാല്‍ ശത്രുതയും വിദ്വേഷവും നീങ്ങി അത് സ്‌നേഹവും മൈത്രിബന്ധവുമായി മാറി. സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് ഇബ്‌റാഹീമിലും അദ്ദേഹത്തോട് ഒപ്പമുള്ളവരിലും നല്ല മാതൃകയുണ്ട്. വിശ്വാസവും തൗഹീദും അതുമൂലം അനിവാര്യമായി ഉണ്ടാവേണ്ട കാര്യങ്ങളും അതിന്റെ താല്‍പര്യങ്ങള്‍ നിലനിര്‍ത്തുന്നതിലും എല്ലാ കാര്യത്തിലും അല്ലാഹുവിനെ മാത്രം ആരാധ്യനായി സ്വീകരിക്കുന്നതിലും മാതൃക ഇബ്‌റാഹീം നബി (അ)യിലുണ്ട്. (ഒഴികെ) ഒരേയൊരു കാര്യത്തിലൊഴികെ; അത് (ഇബ്‌റാഹിം തന്റെ പിതാവിനോട് പറഞ്ഞ വാക്ക്).

ധിക്കാരിയും അവിശ്വാസിയും ബഹുദൈവ വിശ്വാസിയുമായ ആസറിനെ ഇബ്‌റാഹീം നബി(അ) തൗഹീദിലേക്കും വിശ്വാസത്തിലേക്കും ക്ഷണിച്ചപ്പോള്‍ അദ്ദേഹം വിസമ്മതിച്ചു. അപ്പോള്‍ ഇബ്‌റാഹീം നബി(അ) അദ്ദേഹത്തോട് പറഞ്ഞു: (തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനം തേടാം). (അല്ലാഹുവില്‍നിന്ന് യാതൊന്നും എനിക്ക് അധീനപ്പെടുത്താനാവില്ല) എങ്കിലും ഞാനെന്റെ രക്ഷിതാവിനോട് പ്രാര്‍ഥിക്കും.

عَسَىٰ أَلَّا أَكُونَ بِدُعَاءِ رَبِّي شَقِيًّا

''എന്റെ രക്ഷിതാവനോട് ഞാന്‍ പ്രാര്‍ഥിക്കുന്നതുമൂലം ഞാന്‍ ഭാഗ്യംകെട്ടവനാകാതിരുന്നേക്കാം' ' (19:48).

ഒരു ബഹുദൈവവിശ്വാസിക്കു വേണ്ടി പ്രാര്‍ഥിച്ച ഈ കാര്യത്തില്‍ ഇബ്‌റാഹീമിനെ നിങ്ങള്‍ പിന്‍പറ്റേണ്ടതില്ല. അവര്‍ക്ക് വേണ്ടി പാപമോചനത്തിനായി നിങ്ങള്‍ പ്രാര്‍ഥിക്കരുത്. നിങ്ങള്‍ പറയണം: അതില്‍ ഞങ്ങള്‍ ഇബ്‌റാഹിം നബിയുടെ മാര്‍ഗം പിന്‍പറ്റുന്നവരാണ്. കാരണം ഇബ്‌റാഹിം നബി ചെയ്തത് എന്തുകൊണ്ടെന്ന് അല്ലാഹു പറയുന്നു:

وَمَا كَانَ اسْتِغْفَارُ إِبْرَاهِيمَ لِأَبِيهِ إِلَّا عَنْ مَوْعِدَةٍ وَعَدَهَا إِيَّاهُ فَلَمَّا تَبَيَّنَ لَهُ أَنَّهُ عَدُوٌّ لِلَّهِ تَبَرَّأَ مِنْهُ

''ഇബ്‌റാഹീം അദ്ദേഹത്തിന്റെ പിതാവിനു വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് വാഗ്ദാനം ചെയ്തതുകൊണ്ട് മാത്രമായിരുന്നു. എന്നാല്‍ അയാള്‍ അല്ലാഹുവിന്റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ വിട്ടൊഴിഞ്ഞു'' (9:114).

ഇബ്‌റാഹീമിലും അദ്ദേഹത്തോടൊപ്പമുള്ളവരിലും നിങ്ങള്‍ക്ക് മാതൃകയുണ്ട്; തങ്ങളുടെ ദുര്‍ബലതയും കുറവും അംഗീകരിച്ച് അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും അവനില്‍ ഭരമേല്‍പിക്കുകയും ചെയ്തതില്‍. (നിന്റെമേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുന്നു) അതായത് ഞങ്ങള്‍ക്ക് ഉപകാരമുള്ളത് വരുത്താനും ദോഷകരമായത് തടുക്കാനും നിന്നെ ഞങ്ങളേല്‍പിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതില്‍ ഞങ്ങള്‍ നിന്നെ ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു. (നിങ്കലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു) നിന്റെ അനുസരണത്തിലേക്കും തൃപ്തിയിലേക്കും നിന്നിലേക്കടുപ്പിക്കുന്ന എല്ലാ പുണ്യങ്ങളിലേക്കും ഞങ്ങള്‍ മടങ്ങുന്നു. അതില്‍ ഞങ്ങള്‍ ധൃതിപ്പെടുന്നവരാണ്. നന്മകളില്‍ പരിശ്രമിക്കുന്നവരായി. ഞങ്ങള്‍ക്കറിയാം, നിന്നിലേക്കാണ് ഞങ്ങളുടെ മടക്കമെന്ന്. അതിനാല്‍ നിന്നിലേക്ക് വരാന്‍ ഞങ്ങള്‍ തയ്യാറെടുക്കും. നിന്നിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും.