ത്വലാഖ് (വിവാഹമോചനം): ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ഏപ്രില്‍ 04 1441 ശഅബാന്‍ 11

അധ്യായം: 65, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَكَأَيِّنْ مِنْ قَرْيَةٍ عَتَتْ عَنْ أَمْرِ رَبِّهَا وَرُسُلِهِ فَحَاسَبْنَاهَا حِسَابًا شَدِيدًا وَعَذَّبْنَاهَا عَذَابًا نُكْرًا (٨‬) فَذَاقَتْ وَبَالَ أَمْرِهَا وَكَانَ عَاقِبَةُ أَمْرِهَا خُسْرًا (٩) أَعَدَّ اللَّهُ لَهُمْ عَذَابًا شَدِيدًا ۖ فَاتَّقُوا اللَّهَ يَا أُولِي الْأَلْبَابِ الَّذِينَ آمَنُوا ۚ قَدْ أَنْزَلَ اللَّهُ إِلَيْكُمْ ذِكْرًا (١٠) رَسُولًا يَتْلُو عَلَيْكُمْ آيَاتِ اللَّهِ مُبَيِّنَاتٍ لِيُخْرِجَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنَ الظُّلُمَاتِ إِلَى النُّورِ ۚ وَمَنْ يُؤْمِنْ بِاللَّهِ وَيَعْمَلْ صَالِحًا يُدْخِلْهُ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ قَدْ أَحْسَنَ اللَّهُ لَهُ رِزْقًا (١١) اللَّهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا (١٢)
(8). എത്രയെത്ര രാജ്യക്കാര്‍ അവരുടെ രക്ഷിതാവിന്റെയും അവന്റെ ദൂതന്‍മാരുടെയും കല്‍പന വിട്ട് ധിക്കാരം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ നാം അവരോട് കര്‍ക്കശമായ നിലയില്‍ കണക്കുചോദിക്കുകയും അവരെ നാം ഹീനമായ വിധത്തില്‍ ശിക്ഷിക്കുകയും ചെയ്തു. (9). അങ്ങനെ അവര്‍ അവരുടെ നിലപാടിന്റെ ദുഷ്ഫലം ആസ്വദിച്ചു. അവരുടെ നിലപാടിന്റെ പര്യവസാനം നഷ്ടം തന്നെയായിരുന്നു. (10). അല്ലാഹു അവര്‍ക്കു കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. അതിനാല്‍ സത്യവിശ്വാസികളായ ബുദ്ധിമാന്‍മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ക്ക് ഒരു ഉല്‍ബോധകനെ, (11). അഥവാ അല്ലാഹുവിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പിച്ചു തരുന്ന ഒരു ദൂതനെ നിങ്ങളുടെ അടുത്തേക്കിറക്കിത്തന്നിരിക്കുന്നു; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് ആനയിക്കുവാന്‍ വേണ്ടി. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. അങ്ങനെയുള്ളവന്ന് അല്ലാഹു ഉപജീവനം മെച്ചപ്പെടുത്തിയിരിക്കുന്നു. (12). അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി.

8-10). ധിക്കാരികളായ സമുദായങ്ങളുടെ നാശത്തെക്കുറിച്ചും പ്രവാചകന്മാരെ കളവാക്കിയ തലമുറകളെക്കുറിച്ചുമാണ് അല്ലാഹു പറയുന്നത്. വേദനിക്കുന്ന ശിക്ഷ നല്‍കുകയും കര്‍ക്കശമായ നിലയില്‍ കണക്ക് ചോദിക്കുകയും ചെയ്തപ്പോള്‍ അവരുടെ ആധിക്യമോ ശക്തിയോ അവര്‍ക്ക് യാതൊരു പ്രയോജനവും ചെയ്തില്ല. അവരുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടായ ശിക്ഷ അല്ലാഹു അവരെ അനുഭവിപ്പിക്കും. ഒപ്പം ഇഹലോകശിക്ഷയും. പരലോകത്താകട്ടെ, കഠിനമായ ശിക്ഷ അല്ലാഹു തയ്യാറാക്കി വെക്കുകയും ചെയ്തിട്ടുണ്ട്. (അതിനാല്‍ ബുദ്ധിമാന്മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക) ഓ, ബുദ്ധിയുള്ള; അല്ലാഹുവിന്റെ വചനങ്ങളെ ഗ്രഹിക്കുകയും അതിലെ ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരേ, കളവാക്കല്‍മൂലം കഴിഞ്ഞ തലമുറയില്‍ നശിപ്പിക്കപ്പെട്ടവരും തത്തുല്യമായ പ്രവര്‍ത്തനം ചെയ്ത, അവര്‍ക്ക് ശേഷമുള്ളവരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.

11). തുടര്‍ന്ന് അല്ലാഹു വിശ്വാസികളായ തന്റെ ദാസന്മാരെ ഓര്‍മപ്പെടുത്തുന്നത് മുഹമ്മദ് നബി ﷺ  മുഖേന അവര്‍ക്കിറക്കിയ വേദഗ്രന്ഥത്തെക്കുറിച്ചാണ്. മനുഷ്യരെ അജ്ഞതയുടെയും അവിശ്വാസത്തിന്റെയും അനുസരണക്കേടിന്റെയും ഇരുട്ടുകളില്‍ നിന്നും അറിവിന്റെയും വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും പ്രകാശത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് ഇറക്കിയത്. അതില്‍ വിശ്വസിക്കുന്നവരും ജനങ്ങളിലുണ്ട്. വിശ്വസിക്കാത്തവരുമുണ്ട്. (വല്ലവനും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം) ഐച്ഛികവും നിര്‍ബന്ധവുമായ കാര്യങ്ങളില്‍ നിന്നും. (താഴ്ഭാഗത്തു കൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്) അവിടെ നിത്യമായ സുഖാനുഗ്രഹങ്ങളില്‍. ഒരു കണ്ണും കാണാത്ത, ഒരു കാതും കേള്‍ക്കാത്ത, ഒരു മനുഷ്യഹൃദയവും ചിന്തിച്ചിട്ടുപോലുമില്ലാത്ത. (അവര്‍ അതില്‍ നിത്യവാസികളായിരിക്കും. അങ്ങനെയുള്ളവന് അല്ലാഹു ഉപജീവനം മെച്ചപ്പെടുത്തിയിരിക്കുന്നു) അതായത് ആര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിച്ചിട്ടില്ലയോ അക്കൂട്ടര്‍ നരകക്കാരും അതില്‍ ശാശ്വതവാസികളും ആയിരിക്കും.

12). പിന്നീട് അല്ലാഹു അറിയിക്കുന്നത് ഏഴ് ആകാശങ്ങളെയും ഏഴ് ഭൂമികളെയും അവന്‍ സൃഷ്ടിച്ചുവെന്നാണ്. അതിനിടയിലുള്ളതിനെയും അവന്‍ സൃഷ്ടിച്ചു എന്നാണ്. കല്‍പന ഇറക്കി എന്നാല്‍ മതവിധികളും നിയമങ്ങളുമാണ്. ദിവ്യസന്ദേശത്തിലൂടെ തന്റെ ദൂതന്മാര്‍ക്ക് ഇറക്കിയ ദാസന്മാര്‍ക്കുള്ള ഓര്‍മപ്പെടുത്തലുകളും ഉപദേശങ്ങളുമാണത്. അപ്രകാരം തന്നെ സൃഷ്ടികളെ നിയന്ത്രിക്കുന്ന പ്രാപഞ്ചികവും വിധികളുമായി ബന്ധപ്പെട്ട കാര്യങ്ങളും. ഇതെല്ലാം തന്റെ അടിമകള്‍ക്ക് അവനെക്കുറിച്ചുള്ള അറിവാണ്. അവന്റെ അറിവും കഴിവും എല്ലാ വസ്തുക്കളുമായി സൂക്ഷ്മമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. അവന്റെ പരിശുദ്ധമായ വിശേഷണങ്ങളെയും അതിവിശിഷ്ട നാമങ്ങളെയും അവരറിയുകയും അവനെ ആരാധിക്കുകയും ഇഷ്ടപ്പെടുകയും അവനോടുള്ള കടമകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. ഇതാണ് സൃഷ്ടികൊണ്ടും കല്‍പനകൊണ്ടും ഉദ്ദേശം. അല്ലാഹുവിനെക്കുറിച്ചും അവനുള്ള ആരാധനയെക്കുറിച്ചും അറിയുക. അതിന് അല്ലാഹു അവസരം നല്‍കിയ സദ്‌വൃത്തരായ അടിമകള്‍ അത് നിര്‍വഹിക്കുന്നു. തിരിഞ്ഞുകളയുന്ന അക്രമികള്‍ അതിനെ അവഗണിക്കുകയും ചെയ്യുന്നു.

(സൂറതുത്ത്വലാക്വിന്റെ വിവരണം പൂര്‍ത്തിയായി)