തഹ്‌രീം (നിഷിദ്ധമാക്കല്‍): ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ഫെബ്രുവരി 29 1441 റജബ്‌ 05

അധ്യായം: 66, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

يَا أَيُّهَا النَّبِيُّ لِمَ تُحَرِّمُ مَا أَحَلَّ اللَّهُ لَكَ ۖ تَبْتَغِي مَرْضَاتَ أَزْوَاجِكَ ۚ وَاللَّهُ غَفُورٌ رَحِيمٌ (١) قَدْ فَرَضَ اللَّهُ لَكُمْ تَحِلَّةَ أَيْمَانِكُمْ ۚ وَاللَّهُ مَوْلَاكُمْ ۖ وَهُوَ الْعَلِيمُ الْحَكِيمُ (٢) وَإِذْ أَسَرَّ النَّبِيُّ إِلَىٰ بَعْضِ أَزْوَاجِهِ حَدِيثًا فَلَمَّا نَبَّأَتْ بِهِ وَأَظْهَرَهُ اللَّهُ عَلَيْهِ عَرَّفَ بَعْضَهُ وَأَعْرَضَ عَنْ بَعْضٍ ۖ فَلَمَّا نَبَّأَهَا بِهِ قَالَتْ مَنْ أَنْبَأَكَ هَٰذَا ۖ قَالَ نَبَّأَنِيَ الْعَلِيمُ الْخَبِيرُ (٣) إِنْ تَتُوبَا إِلَى اللَّهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِنْ تَظَاهَرَا عَلَيْهِ فَإِنَّ اللَّهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ ۖ وَالْمَلَائِكَةُ بَعْدَ ذَٰلِكَ ظَهِيرٌ (٤) عَسَىٰ رَبُّهُ إِنْ طَلَّقَكُنَّ أَنْ يُبْدِلَهُ أَزْوَاجًا خَيْرًا مِنْكُنَّ مُسْلِمَاتٍ مُؤْمِنَاتٍ قَانِتَاتٍ تَائِبَاتٍ عَابِدَاتٍ سَائِحَاتٍ ثَيِّبَاتٍ وَأَبْكَارًا (٥)
(1) ഓ; നബീ, നീയെന്തിനാണ് നിന്റെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്, അല്ലാഹു അനുവദിച്ചുതന്നത് നിഷിദ്ധമാക്കുന്നത്? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (2) നിങ്ങളുടെ ശപഥങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്ക് നിയമമാക്കിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ യജമാനനാകുന്നു. അവനത്രെ സര്‍വജ്ഞനും യുക്തിമാനും. (3) നബി അദ്ദേഹത്തിന്റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). എന്നിട്ട് ആ ഭാര്യ അത് (മറ്റൊരാളെ) അറിയിക്കുകയും നബിക്ക് അല്ലാഹു അത് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോള്‍ അതിന്റെ ചില ഭാഗം അദ്ദേഹം (ആ ഭാര്യക്ക്) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അവളോട് (ആ ഭാര്യയോട്) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: താങ്കള്‍ക്ക് ആരാണ് ഈ വിവരം അറിയിച്ചു തന്നത്? നബി പറഞ്ഞു: സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്. (4) നിങ്ങള്‍ രണ്ടുപേരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ (അങ്ങനെ ചെയ്യുക). കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങള്‍ (തിന്‍മയിലേക്ക്) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങള്‍ ഇരുവരും അദ്ദേഹത്തിനെതിരില്‍ (റസൂലിനെതിരില്‍) പരസ്പരം സഹകരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്റെ യജമാനന്‍. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്. (5) (പ്രവാചകപത്‌നിമാരേ,) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ രക്ഷിതാവ് പകരം നല്‍കിയേക്കാം. മുസ്‌ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ.

1). മുഹമ്മദ് നബി ﷺ  ക്ക് അല്ലാഹുവില്‍ നിന്നുള്ള ആക്ഷേപമാണ് ഇവിടത്തെ വിഷയം. ഒരു പ്രധാന സംഭവത്തോടനുബന്ധിച്ച് ചില ഭാര്യമാര്‍ക്കുണ്ടായ തോന്നലുകളെ പരിഗണിച്ച് മാരിയ എന്ന അടിമസ്ത്രീയെ-അല്ലെങ്കില്‍ തേന്‍ കുടിക്കുന്നത് തനിക്ക് സ്വയം നിഷിദ്ധമാക്കി. അപ്പോഴാണ് അല്ലാഹു ഈ വചനങ്ങള്‍ അവതരിപ്പിച്ചത്. (ഓ നബീ) പ്രവാചകത്വം കൊണ്ടും ദിവ്യസന്ദേശം കൊണ്ടും അല്ലാഹു അനുഗ്രഹിച്ചവരേ. (അല്ലാഹു നിനക്ക് അനുവദിച്ചു തന്നത് നീ എന്തിനാണ് നിഷിദ്ധമാക്കുന്നത്?) താങ്കള്‍ക്കും താങ്കളുടെ സമുദായത്തിനും അല്ലാഹു അനുഗ്രഹമായി നല്‍കിയ വിശിഷ്ട വസ്തുക്കളെ. (പ്രീതി തേടിക്കൊണ്ട്) നിഷിദ്ധമാക്കുന്നതിലൂടെ (നിന്റെ ഭാര്യമാരുടെ പ്രീതി) താങ്കളാഗ്രഹിക്കുന്നു. (അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു) അല്ലാഹു തന്റെ ദൂതന് പൊറുത്തുകൊടുത്തു എന്നും ആക്ഷേപത്തില്‍നിന്ന് ഒഴിവാക്കിയെന്നും കരുണ ചെയ്‌തെന്നും ഇവിടെ വ്യക്തമാക്കുന്നു. സമുദായത്തിനു മുഴുവന്‍ ബാധകമാകുന്ന ഒരു മതവിധിയുണ്ടാകാന്‍ ഈ നിഷിദ്ധമാക്കല്‍ ഒരു കാരണമായി. അതിനെക്കുറിച്ചാണ് തുടര്‍ന്ന് പറയുന്നത്.

2). (നിങ്ങളുടെ ശപഥങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്ക് നിയമമാക്കിയിരിക്കുന്നു) സത്യവിശ്വാസികളുടെ മുഴുവന്‍ ശപഥങ്ങള്‍ക്കും ഈ വിധി ബാധകമാണ്. നിയമമാക്കിയിരിക്കുന്നു എന്നാണ് ഇവിടെ പ്രയോഗിച്ചത്. ശപഥം ലംഘിക്കുന്നതിന് മുമ്പ് അതെങ്ങനെ ഒഴിവായിപ്പോകുമെന്നതും ലംഘിച്ച ശേഷമാണെങ്കില്‍ എന്ത് പ്രായച്ഛിത്തമായി നല്‍കണമെന്നതും അല്ലാഹു നിശ്ചയിച്ചു. അല്ലാഹുവിന്റെ വചനങ്ങളില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്.

يَا أَيُّهَا الَّذِينَ آمَنُوا لَا تُحَرِّمُوا طَيِّبَاتِ مَا أَحَلَّ اللَّهُ لَكُمْ وَلَا تَعْتَدُوا ۚ إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ

''സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചു തന്നെ വിശിഷ്ട വസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്. നിങ്ങള്‍ പരിധി ലംഘിക്കുകയും ചെയ്യരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല'' (മാഇദ: 87).

فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ ۖ فَمَنْ لَمْ يَجِدْ فَصِيَامُ ثَلَاثَةِ أَيَّامٍ ۚ ذَٰلِكَ كَفَّارَةُ أَيْمَانِكُمْ إِذَا حَلَفْتُمْ

''...അപ്പോള്‍ അതിന്റെ (അത് ലംഘിക്കുന്നതിന്റെ) പ്രായച്ഛിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും (അതൊന്നും) കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍, നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായച്ഛിത്തമാകുന്നു അത്. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക...'' (മാഇദ: 89).

അനുവദനീയമായ ഒരു കാര്യത്തെ തന്റെ മേല്‍ നിഷിദ്ധമാക്കുന്ന ഒരാള്‍, അത് ഭക്ഷണമാകട്ടെ, പാനീയമാകട്ടെ, അടിമയാകട്ടെ, അതല്ലെങ്കില്‍ അല്ലാഹുവോട് ചെയ്ത ശപഥമാകട്ടെ; ഒരു കാര്യം പ്രവര്‍ത്തിക്കലാകാം, ഉപേക്ഷിക്കലാകാം, അങ്ങനെ ശപഥം ലംഘിക്കുകയോ ലംഘിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്താല്‍ അവന്റെ മേല്‍ ഈ പറയപ്പെട്ട പ്രായച്ഛിത്തങ്ങള്‍ നിര്‍ബന്ധമാകും.

(അല്ലാഹു നിങ്ങളുടെ യജമാനനാകുന്നു) നിങ്ങളുടെ കാര്യങ്ങള്‍ ഏറ്റെടുക്കുന്നവന്‍; ഏറ്റവും നന്നായി നിങ്ങളെ പരിപാലിക്കുന്നവന്‍, ഭൗതികവും മതപരവുമായ കാര്യങ്ങളിലെല്ലാം. അതില്‍ നിങ്ങള്‍ക്ക് ദോഷം വരാതിരിക്കാനുള്ള നിയമങ്ങളുണ്ട്. അതിനാലാണ് നിങ്ങള്‍ക്ക് ശപഥം ലംഘിക്കുന്നതില്‍ പ്രായച്ഛിത്തം നിയമമാക്കിയത്. അതിലൂടെ നിങ്ങളുടെ ബാധ്യതകളില്‍ നിന്ന് നിങ്ങള്‍ക്ക് ഒഴിവാകാനാകും.

(അവനത്രെ സര്‍വജ്ഞനും യുക്തിമാനും) അവന്‍ നിങ്ങളുടെ ഉള്ളും പുറവും അറിയുന്നു. അവന്റെ സൃഷ്ടിപ്പിലും മതനിയമങ്ങളിലുമെല്ലാം വലിയ യുക്തിയുണ്ട്. നിങ്ങളുടെ സാഹചര്യങ്ങളോട് ബന്ധപ്പെട്ട നിങ്ങളുടെ നന്മയ്ക്ക് ഉതകുന്ന കാര്യങ്ങള്‍ അവനറിയാം.

4). (നബി അദ്ദേഹത്തിന്റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം) ഇതിനെക്കുറിച്ച് അധികം വ്യാഖ്യാതാക്കളും പറഞ്ഞത് അത് വിശ്വാസികളുടെ മാതാവ് ഹഫ്‌സ(റ) ആണെന്നാണ്. നബി ﷺ   അവരോട് ഒരു കാര്യം പറഞ്ഞു. അതാരെയും അറിയിക്കരുതെന്ന് കല്‍പിക്കുകയും ചെയ്തു. എന്നാല്‍ അവരത് ആഇശ(റ)യോട് പറഞ്ഞു. അക്കാര്യം നബി ﷺ  യെ അല്ലാഹു അറിയിച്ചു. അവര്‍ പറഞ്ഞതില്‍ ചിലത് നബി ﷺ   അവരെ അറിയിച്ചു. ചിലത് വിട്ടുകളയുകയും ചെയ്തു. അത് നബി ﷺ  യുടെ വിവേകവും മാന്യതയുമാണ്.

(അവള്‍ പറഞ്ഞു) അദ്ദേഹത്തോട്. (താങ്കള്‍ക്കാരാണ് ഈ വിവരം അറിയിച്ചുതന്നത്?) ഞങ്ങള്‍ മറ്റാരോടും പറയാത്ത വിവരം. (നബി) പറഞ്ഞു: സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമയിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്. ഒരു രഹസ്യവും രഹസ്യമായി നില്‍ക്കാത്ത, രഹസ്യവും പരസ്യവുമറിയുന്നവന്‍.

4). (നിങ്ങള്‍ രണ്ടുപേരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ (അങ്ങനെ ചെയ്യുക). കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങള്‍ (തിന്മയിലേക്ക്) ചാഞ്ഞുപോയിരിക്കുന്നു). നബില തനിക്ക് ഇഷ്ടപ്പെട്ടത് നിഷിദ്ധമാക്കാന്‍ കാരണക്കാരായ വിശുദ്ധ പത്‌നിമാര്‍ ആഇശ(റ)യെയും ഹഫ്‌സ(റ)യെയുമാണ് ഇവിടെ അഭിസംബോധന ചെയ്യുന്നത്. അവരോട് പശ്ചാത്തപിക്കാന്‍ നിര്‍ദേശിക്കുകയും അവരെ ആക്ഷേപിക്കുകയുമാണിവിടെ. അവരുടെ ഹൃദയങ്ങള്‍ തെറ്റിപ്പോയിട്ടുണ്ടെന്ന് അവരെ അറിയിക്കുകയും ചെയ്യുന്നു. അതായത്, അവര്‍ കാണിക്കേണ്ടിയിരുന്ന സൂക്ഷ്മതയില്‍ കുറവ് വന്നെന്നും നബി ﷺ  യോട് കാണിക്കേണ്ട ആദരവിലും മര്യാദയിലും അപാകത സംഭവിച്ചിരിക്കുന്നു എന്നും അദ്ദേഹത്തെ പ്രയാസപ്പെടുത്തരുതെന്നും നിര്‍ദേശിക്കുന്നു.

(അദ്ദേഹത്തിനെതിരില്‍ നിങ്ങള്‍ സഹകരിക്കുന്ന പക്ഷം) അദ്ദേഹത്തിന് പ്രയാസമുണ്ടാക്കുന്നതില്‍ നിങ്ങള്‍ പരസ്പരം സഹായിക്കുകയും ഈ നിലപാട് തുടരുകയും ചെയ്യുകയാണെങ്കില്‍. (തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്റെ യജമാനന്‍. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്). എല്ലാവരും പ്രവാചകനെ സഹായിക്കുന്നവരും പിന്തുണക്കുന്നവരുമാണ്. ഇവരെല്ലാം ആരുടെ സഹായി ആയിരിക്കുന്നുവോ അവര്‍ വിജയിച്ചവരാണ്. ശത്രുത കാണിച്ചവരാകട്ടെ, ഒഴിവാക്കപ്പെട്ടവരും. ഇവിടെ സ്രഷ്ടാവ് തന്നെയും തന്റെ സവിശേഷ സൃഷ്ടികളെയും ഈ പ്രവാചകന് സഹായികളായിരിക്കുകയാണ്. ഇതില്‍ പരിശുദ്ധമായ രണ്ട് പ്രവാചക പത്‌നിമാര്‍ക്ക് വ്യക്തമായ താക്കീതുണ്ട്.

5). പിന്നീട് അവരെ രണ്ടുപേരെയും ഭയപ്പെടുത്തുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമുള്ള കാര്യത്തെക്കൊണ്ടാണ്. അത് വിവാഹമോചനമാണ്. അതാവട്ടെ, അവര്‍ക്ക് ഏറെ വിഷമമുള്ളതാണ്. (പ്രവാചക പത്‌നിമാരേ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ രക്ഷിതാവ് പകരം നല്‍കിയേക്കാം). നിങ്ങളദ്ദേഹത്തിന്റെ മേല്‍ ഉയരാന്‍ ശ്രമിക്കരുത്. നിങ്ങളെ വിവാഹമോചനം ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിന് ബുദ്ധിമുട്ട് വരാനില്ല. നിങ്ങളിലേക്ക് അത്യാവശ്യക്കാരനുമല്ല. നിങ്ങളെക്കാളും ഭംഗിയും ദീനീനിഷ്ഠയുമുള്ളവരെ അല്ലാഹു പകരം നല്‍കിയേക്കും. ഇത് സംഭവിച്ചതോ സംഭവിക്കാന്‍ സാധ്യതയുള്ളതോ അല്ല. ഒരു അനുബന്ധം പറഞ്ഞെന്നു മാത്രം. കാരണം അദ്ദേഹം അവരെ വിവാഹമോചനം ചെയ്തിട്ടില്ല. ഇനി ചെയ്താലോ, തുടര്‍ന്ന് പറയുന്ന ശ്രേഷ്ഠകളായ ഭാര്യമാരെ അദ്ദേഹത്തിന് ലഭിക്കും. (മുസ്‌ലിംകളും സത്യവിശ്വാസിനികളും) അതായത് പ്രത്യക്ഷമായ ഇസ്‌ലാമിക നിയമങ്ങളെ നിര്‍വഹിക്കുന്നതിലും ആന്തരികമായ വിശ്വാസ കാര്യങ്ങളെയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളും ഒന്നിച്ചുകൊണ്ടുപോകുകയും ചെയ്യുന്നവര്‍. (ഭയഭക്തിയുള്ളവര്‍) ഭയഭക്തികൊണ്ടുദ്ദേശിക്കുന്നത് മതകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിലുള്ള അനുസരണയും തുടര്‍ച്ചയുമാണ്. (പശ്ചാത്താപമുള്ളവരും) അല്ലാഹു വെറുക്കുന്നതില്‍ നിന്നും. അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ നിര്‍വഹിക്കുന്നവര്‍ എന്ന വിശേഷണത്തോടൊപ്പം അവന് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ സംഭവിച്ചാല്‍ പശ്ചാത്തപിക്കുന്നവര്‍ എന്നു കൂടി പറഞ്ഞു. (വിധവകളും കന്യകകളുമായിട്ടുള്ളവര്‍) അതില്‍ ചിലര്‍ കന്യകകളും ചിലര്‍ വിധവകളുമായിരിക്കും. നബി ﷺ   ഇഷ്ടപ്പെടുന്ന കാര്യത്തിലുള്ള വൈവിധ്യമാണ് ഇവിടെ ഉദ്ദേശിച്ചത്. ഈ താക്കീതുകളും ഉപദേശങ്ങളും കേട്ടപ്പോള്‍ പ്രവാചകന്റെ തൃപ്തിയിലേക്കവര്‍ ധൃതിപ്പെട്ടു. ഈ വിശേഷണങ്ങളത്രയും അവര്‍ക്കിണങ്ങുന്നതാണ്. അങ്ങനെ അവര്‍ വിശ്വാസിനികളായ സ്ത്രീകളില്‍ ശ്രേഷ്ഠരായി.