മുംതഹിന (പരീക്ഷിക്കപ്പെടേണ്ടവള്‍), ഭാഗം: 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 നവംബര്‍ 14 1442 റബിഉല്‍ അവ്വല്‍ 27

അധ്യായം: 60, ഭാഗം: 5

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِنْ فَاتَكُمْ شَيْءٌ مِنْ أَزْوَاجِكُمْ إِلَى الْكُفَّارِ فَعَاقَبْتُمْ فَآتُوا الَّذِينَ ذَهَبَتْ أَزْوَاجُهُمْ مِثْلَ مَا أَنْفَقُوا ۚ وَاتَّقُوا اللَّهَ الَّذِي أَنْتُمْ بِهِ مُؤْمِنُونَ (١١) يَا أَيُّهَا النَّبِيُّ إِذَا جَاءَكَ الْمُؤْمِنَاتُ يُبَايِعْنَكَ عَلَىٰ أَنْ لَا يُشْرِكْنَ بِاللَّهِ شَيْئًا وَلَا يَسْرِقْنَ وَلَا يَزْنِينَ وَلَا يَقْتُلْنَ أَوْلَادَهُنَّ وَلَا يَأْتِينَ بِبُهْتَانٍ يَفْتَرِينَهُ بَيْنَ أَيْدِيهِنَّ وَأَرْجُلِهِنَّ وَلَا يَعْصِينَكَ فِي مَعْرُوفٍ ۙ فَبَايِعْهُنَّ وَاسْتَغْفِرْ لَهُنَّ اللَّهَ ۖ إِنَّ اللَّهَ غَفُورٌ رَحِيمٌ (١٢) يَا أَيُّهَا الَّذِينَ آمَنُوا لَا تَتَوَلَّوْا قَوْمًا غَضِبَ اللَّهُ عَلَيْهِمْ قَدْ يَئِسُوا مِنَ الْآخِرَةِ كَمَا يَئِسَ الْكُفَّارُ مِنْ أَصْحَابِ الْقُبُورِ (١٣)

(11). നിങ്ങളുടെ ഭാര്യമാരില്‍നിന്ന് വല്ലവരും അവിശ്വാസികളുടെ കൂട്ടത്തിലേക്ക് (പോയിട്ട് നിങ്ങള്‍ക്ക്) നഷ്ടപ്പെടുകയും എന്നിട്ട് നിങ്ങള്‍ അനന്തര നടപടിയെടുക്കുകയും ചെയ്യുകയാണെങ്കില്‍ ആരുടെ ഭാര്യമാരാണോ നഷ്ടപ്പെട്ടുപോയത്, അവര്‍ക്ക് അവര്‍ ചെലവഴിച്ച തുക (മഹ്ര്‍) പോലുള്ളത് നിങ്ങള്‍ നല്‍കുക. ഏതൊരു അല്ലാഹുവില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. (12). ഓ; നബീ, അല്ലാഹുവോട് യാതൊന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്നും, മോഷ്ടിക്കുകയില്ലെന്നും, വ്യഭിചരിക്കുകയില്ലെന്നും, തങ്ങളുടെ മക്കളെ കൊന്നുകളയുകയില്ലെന്നും, തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ വ്യാജവാദം കെട്ടിച്ചമച്ചുകൊണ്ടുവരികയില്ലെന്നും, യാതൊരു നല്ല കാര്യത്തിലും നിന്നോട് അനുസരണക്കേട് കാണിക്കുകയില്ലെന്നും നിന്നോട് പ്രതിജ്ഞ ചെയ്തുകൊണ്ട് സത്യവിശ്വാസിനികള്‍ നിന്റെ അടുത്തുവന്നാല്‍ നീ അവരുടെ പ്രതിജ്ഞ സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (13). സത്യവിശ്വാസികളേ, അല്ലാഹു കോപിച്ചിട്ടുള്ള ഒരു ജനതയോട് നിങ്ങള്‍ മൈത്രിയില്‍ ഏര്‍പ്പെടരുത്. ക്വബ്‌റുകളിലുള്ളവരെ സംബന്ധിച്ച് അവിശ്വാസികള്‍ നിരാശപ്പെട്ടതുപോലെ പരലോകത്തെപ്പറ്റി അവര്‍ നിരാശപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

11). (നിങ്ങളുടെ ഭാര്യമാരില്‍നിന്നും വല്ലവരും അവിശ്വാസികളുടെ കൂട്ടത്തിലേക്ക് നഷ്ടപ്പെടുകയും) അതായത് മതമുപേക്ഷിച്ചവരായി പോവുക. (എന്നിട്ട് നിങ്ങള്‍ അനന്തരനടപടി എടുക്കുകയും ചെയ്യുകയാണെങ്കില്‍ ആരുടെ ഭാര്യമാരാണോ നഷ്ടപ്പെട്ടുപോയത്, അവര്‍ക്ക് അവര്‍ ചെലവഴിച്ച തുക നിങ്ങള്‍ നല്‍കുക) നേരത്തെ പറഞ്ഞതുപോലെ സത്യനിഷേധികള്‍ അവരുടെ ഭാര്യമാര്‍ മുസ്‌ലിംകളായി വരുമ്പോള്‍ അവര്‍ക്കുണ്ടായ നഷ്ടത്തിനു പകരം സ്വീകരിക്കുന്നു. അതിനാല്‍ സത്യനിഷേധികളിലേക്ക് മുസ്‌ലിംകളുടെ ഭാര്യമാര്‍ പോവുകയും നഷ്ടപ്പെടുകയും ചെയ്താല്‍ മുസ്‌ലിംകള്‍ക്കും അവര്‍ക്കുള്ള നഷ്ടം ഈടാക്കാന്‍ അവകാശമുണ്ട്.

(ഏതൊരല്ലാഹുവില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക) അപ്പോള്‍ അല്ലാഹുവിലുള്ള നിങ്ങളുടെ വിശ്വാസം അനിവാര്യമായും ധാര്‍മിക ജീവിതം നയിക്കാന്‍ താല്‍പര്യപ്പെടുന്നു. നിത്യമായി തന്നെ.

12). 'സ്ത്രീകളുടെ ബൈഅത്ത്' എന്ന് നാമകരണം ചെയ്യപ്പെട്ട ഈ വചനത്തിലാണ് ഈ നിബന്ധനകള്‍ പറയുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും എല്ലാ സമയത്തും ഒന്നിച്ച്ബാധകമായ നിര്‍ബന്ധ കാര്യങ്ങള്‍ നിര്‍വഹിക്കുമെന്നാണ് ഇവര്‍ കരാര്‍ ചെയ്യുന്നത്. എന്നാല്‍ പുരുഷന്മാര്‍ സാഹചര്യങ്ങള്‍ മൂലവും അവസ്ഥകള്‍ അനുസരിച്ചും അവര്‍ക്ക് ബാധകമാകന്ന കാര്യങ്ങളില്‍ വ്യത്യാസമുണ്ടായിരിക്കും; അവരുടെമേല്‍ നിശ്ചയിക്കുന്നത് അനുസരിച്ചും. നബി ﷺ യാവട്ടെ, തന്നോട് അല്ലാഹു കല്‍പിച്ചതെല്ലാം നിര്‍വഹിച്ചു. ഈ നിബന്ധനകള്‍ പാലിച്ചുകൊണ്ട് സ്ത്രീകള്‍ നബിയെ ബൈഅത്ത് ചെയ്യാന്‍ വന്നാല്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവോട് പാപമോചനം തേടണം. അവര്‍ക്കുണ്ടായ വീഴ്ചകളില്‍ അവരെ വിശ്വാസികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.

(അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്നും) ആരാധനയില്‍ അല്ലാഹുവിനെ അവര്‍ ഏകനാക്കുമെന്ന്. (തങ്ങളുടെ മക്കളെ കൊന്നുകളയുകയില്ലെന്നും) പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുകയും, ജാഹിലിയ്യ കാലത്തെ വിഡ്ഢികളായ സ്ത്രീകള്‍ ചെയ്തിരുന്നതു പോലെ. (വ്യഭിചരിക്കുകയില്ലെന്നും) രഹസ്യ കൂട്ടുകാരെ സ്വീകരിക്കുന്നവരും വേശ്യകളും അന്ന് ധാരാളമായുണ്ടായിരുന്നു.

(തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ വ്യാജവാദം കെട്ടിമച്ചുകൊണ്ട് വരികയില്ലെന്നും) ആരോപണം. മറ്റുള്ളവരുടെമേല്‍ കളവായി ആരോപിക്കുക. ഒരു സാഹചര്യത്തിലും അങ്ങനെ ചെയ്യില്ലെന്ന്. അത് തങ്ങളുടെ ഭര്‍ത്താക്കളെക്കുറിച്ചാണെങ്കിലും; മറ്റുള്ളവരെക്കുറിച്ചാണെങ്കിലും.

(യാതൊരു നല്ല കാര്യത്തിലും നിന്നോട് അനുസരണക്കേട് കാണിക്കുകയില്ലെന്നും) നീ അവരോട് കല്‍പിക്കുന്ന ഏതു കാര്യത്തിലും നിന്നോടവര്‍ അനുസരണക്കേട് കാണിക്കുകയില്ലെന്ന്. കാരണം നീ നല്ലതല്ലാതെ കല്‍പിക്കുകയില്ല. അതില്‍ നിനക്കവര്‍ അനുസരണം കാണിക്കുക. മരിച്ചാലുള്ള ആചാരക്കരച്ചില്‍, മാറ് വലിച്ചുകീറല്‍, മുഖം മാന്തിപ്പൊളിക്കല്‍, ജാഹിലിയ്യകാലത്തെ വിളിച്ചുപറയല്‍ തുടങ്ങിയ ഒരു കാര്യവും നിന്റെ കല്‍പനക്ക് വിരുദ്ധമായി ചെയ്യില്ലെന്ന്. (എന്നാല്‍ അവരുടെ പ്രതിജ്ഞ സ്വീകരിക്കുകയും) അതായത് ഈ പറയപ്പെട്ട എല്ലാ കാര്യങ്ങളും അവര്‍ പാലിക്കുന്നുവെങ്കില്‍.

(അവര്‍ക്കു വേണ്ടി അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക) അവരുടെ ചിന്തകളെ നന്നാക്കാനും അവരുടെ വീഴ്ചകള്‍ പരിഹരിക്കാനും. (തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനാണ്) അതായത് തെറ്റ് ചെയ്യുന്നവര്‍ക്ക് പാപമോചനം അധികമായി നല്‍കുന്നവന്‍. ഖേദിച്ചുമടങ്ങുന്ന കുറ്റവാളികള്‍ക്ക് നന്മ ചെയ്യുന്നവന്‍. (കരുണാനിധിയുമാകുന്നു) അവന്റെ അനുഗ്രഹം എല്ലാറ്റിലു വിശാലമായിരിക്കുന്നു. സൃഷ്ടികളില്‍ അവന്റെ നന്മ വ്യാപിച്ചിരിക്കുന്നു.

13). ഏ, സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുന്നവരും അവന്റെ തൃപ്തിയെ പിന്‍പറ്റുകയും അവന്റെ കോപത്തില്‍നിന്ന് അകന്നുനില്‍ക്കുന്നവരുമാണെങ്കില്‍ (അല്ലാഹു കോപിച്ചിട്ടുളള ഒരു ജനതയോട് നിങ്ങള്‍ മൈത്രിയിലേര്‍പ്പെടരുത്). അവരുടെ അവിശ്വാസംമൂലം മാത്രമാണ് അവരോടവന്‍ കോപിച്ചത്. ഇത് എല്ലാവിധ അവിശ്വാസികളെയും ഉള്‍ക്കൊള്ളുന്നതാണ്.

(പരലോകത്തെ പറ്റി അവര്‍ നിരാശപ്പെട്ട് കഴിഞ്ഞിരിക്കുന്നു) പരലോക നന്മകള്‍ അവര്‍ക്ക് തടയപ്പെട്ടിരിക്കുന്നു. അതില്‍നിന്ന് ഒരു വിഹിതവും അവര്‍ക്കില്ല. അവരോട് മൈത്രിബന്ധം സ്ഥാപിക്കുന്നതിനെയും അവരുടെ തിന്മകളിലും ബഹുദൈവവിശ്വാസത്തിലും അവരോട് യോജിക്കുന്നതിലും നിങ്ങള്‍ സൂക്ഷിക്കണം. അങ്ങനെ വന്നാല്‍ അവര്‍ക്ക് പരലോക നന്മകള്‍ വിലക്കപ്പെട്ട പോലെ നിങ്ങള്‍ക്കും വിലക്കപ്പെടും.

(ക്വബ്‌റുകളില്‍നിന്നുള്ള അവിശ്വാസികള്‍ നിരാശപ്പെട്ടതു പോലെ). അതായത് അവര്‍ പരലോകത്ത് എത്തിയപ്പോള്‍, അവിടുത്തെ യാഥാര്‍ഥ്യങ്ങള്‍ നേരില്‍ കാണുകയും ചെയ്തപ്പോള്‍ ഉറപ്പായ അറിവ് അവര്‍ക്ക് കിട്ടി. അവര്‍ക്കൊരു വിഹിതവും അവിടെയില്ലെന്ന് അവക്ക് ഉറപ്പായി.

മറ്റൊരര്‍ഥത്തിനും ഇവിടെ സാധ്യതയുണ്ട്. പരലോകത്തില്‍ അവര്‍ നിരാശപ്പെട്ടു എന്നുവെച്ചാല്‍ അവര്‍ അതിനെ നിഷേധിക്കുകയും അതില്‍ അവിശ്വസിക്കുകയും ചെയ്തു.

അല്ലാഹു കോപിക്കുന്ന കാര്യങ്ങളിലേക്കും അവന്റെ ശിക്ഷ നിര്‍ബന്ധമാകുന്നതിലേക്കും അവര്‍ മുന്നോട്ട് വരുന്നതിലോ പരലോകത്തില്‍ നിരാശപ്പെടുന്നതിലോ ആശ്ചര്യമില്ല. ക്വബ്‌റാളികള്‍ അല്ലാഹുവിലേക്ക് തിരിച്ചുവരുന്ന കാര്യത്തിലും ഇഹലോകത്ത് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നതിലും അവിശ്വാസികള്‍ നിരാശരായിരിക്കുന്നത് പോലെ.

(മുംതഹിന വ്യാഖ്യാനം പൂര്‍ത്തിയായി)