മുനാഫിഖൂന്‍ (കപടവിശ്വാസികള്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ജൂലൈ 11 1441 ദുല്‍ക്വഅദ് 20

അധ്യായം: 63, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِذَا جَاءَكَ الْمُنَافِقُونَ قَالُوا نَشْهَدُ إِنَّكَ لَرَسُولُ اللَّهِ ۗ وَاللَّهُ يَعْلَمُ إِنَّكَ لَرَسُولُهُ وَاللَّهُ يَشْهَدُ إِنَّ الْمُنَافِقِينَ لَكَاذِبُونَ (١) اتَّخَذُوا أَيْمَانَهُمْ جُنَّةً فَصَدُّوا عَنْ سَبِيلِ اللَّهِ ۚ إِنَّهُمْ سَاءَ مَا كَانُوا يَعْمَلُونَ (٢) ذَٰلِكَ بِأَنَّهُمْ آمَنُوا ثُمَّ كَفَرُوا فَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ (٣) ۞ وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ ۖ وَإِنْ يَقُولُوا تَسْمَعْ لِقَوْلِهِمْ ۖ كَأَنَّهُمْ خُشُبٌ مُسَنَّدَةٌ ۖ يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ ۚ هُمُ الْعَدُوُّ فَاحْذَرْهُمْ ۚ قَاتَلَهُمُ اللَّهُ ۖ أَنَّىٰ يُؤْفَكُونَ (٤)
(1). കപടവിശ്വാസികള്‍ നിന്റെ അടുത്ത് വന്നാല്‍ അവര്‍ പറയും: തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്നറിയാം തീര്‍ച്ചയായും നീ അവന്റെ ദൂതനാണെന്ന്. തീര്‍ച്ചയായും മുനാഫിക്വുകള്‍ (കപടന്‍മാര്‍) കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. (2). അവര്‍ അവരുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കയാണ്. അങ്ങനെ അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിക്കുന്നത് എത്രയോ ചീത്ത തന്നെ. (3). അത്, അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും ചെയ്തതിന്റെ ഫലമത്രെ. അങ്ങനെ അവരുടെ ഹൃദയങ്ങളിന്‍മേല്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ (കാര്യം) ഗ്രഹിക്കുകയില്ല. (4). നീ അവരെ കാണുകയാണെങ്കില്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെടുത്തും. അവര്‍ സംസാരിക്കുന്ന പക്ഷം നീ അവരുടെ വാക്ക് കേട്ടിരുന്നു പോകും. അവര്‍ ചാരിവെച്ച മരത്തടികള്‍ പോലെയാകുന്നു. എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ വിചാരിക്കും. അവരാകുന്നു ശത്രു. അവരെ സൂക്ഷിച്ചുകൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. എങ്ങനെയാണവര്‍ വഴിതെറ്റിക്കപ്പെടുന്നത്?

നബി ﷺ  മദീനയില്‍ എത്തിയപ്പോള്‍ ഇസ്‌ലാം വളരുകയും പ്രതാപം നേടുകയും ചെയ്തു. ഔസ്, ഖസ്‌റജ് ഗോത്രങ്ങളില്‍ പെട്ട ചില ആളുകള്‍ പുറത്ത് വിശ്വാസം പ്രകടിപ്പിക്കുകയും ഉള്ളില്‍ നിഷേധം വെച്ചുപുലര്‍ത്തുകയും ചെയ്തു. അവരുടെ പ്രശസ്തി നിലനിര്‍ത്താനും ജീവന്‍ സംരക്ഷിക്കാനും സമ്പത്ത് സുരക്ഷിതമാക്കാനും വേണ്ടിയായിരുന്നു അത്. അവരെ തിരിച്ചറിയാവുന്ന ചില വിശേഷണങ്ങള്‍ അല്ലാഹു ഇവിടെ പറയുന്നു. ജനങ്ങള്‍ അവരെക്കുറിച്ച് ജാഗ്രത കാണിക്കാനും അവരെക്കുറിച്ച് ഉള്‍ക്കാഴ്ച ഉണ്ടാക്കാനും വേണ്ടി.

(കപടവിശ്വാസികള്‍ നിന്റെ അടുത്തുവന്നാല്‍ അവര്‍ പറയും) കളവായിക്കൊണ്ട്. (തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങള്‍ സക്ഷ്യം വഹിക്കുന്നു). കപടവിശ്വാസികളുടെ ഈ സാക്ഷ്യം കളവും കാപട്യവുമാണ്. അല്ലാഹുവിന്റെ ദൂതന്റെ പ്രവാചകത്വം സ്ഥാപിക്കാന്‍ അവരുടെ സാക്ഷ്യം ആവശ്യവുമില്ല.

(അല്ലാഹുവിനറിയാം, തീര്‍ച്ചയായും നീ അവന്റെ ദൂതനാണെന്ന്. തീര്‍ച്ചയായും മുനാഫിക്വുകള്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു) അവര്‍ സംസാരങ്ങളിലും വാദങ്ങളിലുമൊന്നും യഥാര്‍ഥത്തില്‍ അവനെ അംഗീകരിക്കുന്നില്ല.

2). (അവര്‍ അവരുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കുകയാണ്) കപടതയിലേക്ക് അവരെ ചേര്‍ക്കാതിരിക്കാന്‍, അതിനെ തടുക്കാനുള്ള ഒരു പരിച.

(അങ്ങനെ അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് -ജനങ്ങളെ- തടഞ്ഞിരിക്കുന്നു) അവരെയും അവരെക്കുറിച്ച് അറിയാത്ത മറ്റുള്ളവരെയും. (തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിക്കുന്നത് എത്രയോ ചീത്ത) വിശ്വാസം പ്രകടമാക്കുകയും ഉള്ളില്‍ അവിശ്വാസം മറച്ചുവെക്കുകയും ചെയ്യുക എന്നത്. അത് സത്യം ചെയ്തു പറയുകയും അവരുടെ സത്യസന്ധരാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

3). (അത്) കപടത അവര്‍ക്ക് നല്ലതായി തോന്നാന്‍ (കാരണം), (അവര്‍) വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാത്തതിനാലാണ്. മാത്രമല്ല (അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും ചെയ്തതിന്റെ ഫലമത്രെ. അങ്ങനെ അവരുടെ ഹൃദയങ്ങളുടെമേല്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു).

നന്മ ഒരിക്കലും ആ ഹൃദയങ്ങളിലേക്ക് പ്രവേശിക്കാത്ത വിധം. (അതിനാല്‍ അവര്‍ കാര്യം ഗ്രഹിക്കുന്നില്ല). അവര്‍ക്ക് പ്രയോജനപ്പെടാവുന്നതും നന്മ വരുത്താന്‍ ഉപകരിക്കുന്നതും.

4). (നീ അവരെ കാണുകയാണെങ്കില്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെടുത്തും) അതിന്റെ കാഴ്ചഭംഗിയും മനോഹാരിതയും കാരണം. (അവര്‍ സംസാരിക്കുന്ന പക്ഷം നീ അവരുടെ വാക്കുകള്‍ കേട്ടിരുന്നുപോകും) സംസാരത്തിന്റെ ഭംഗിയും ആസ്വാദ്യകരമായ കേള്‍വിയും കാരണം. അവരുടെ ശരീരങ്ങളും വാക്കുകളും മനോഹരമാണ്. പക്ഷേ, അതിനപ്പുറം ശ്രേഷ്ഠമായ സ്വഭാവഗുണങ്ങളോ ശരിയായ മാര്‍ഗങ്ങളോ നല്ല ധാര്‍മികതയോ ഒന്നും തന്നെ അവര്‍ക്കില്ല. (അവര്‍ ചാരിവെക്കപ്പെട്ട മരത്തടികള്‍ പോലെയാകുന്നു) വ്യക്തമായ ഉപദ്രവങ്ങളല്ലാതെ മറ്റൊരു പ്രയോജനവും അതിലില്ല.

(എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ വിചാരിക്കും) അവരുടെ ഭീരുത്വവും ഭയവും ഹൃദയത്തിന്റെ ദുര്‍ബലതയും സംശയവും കാരണം ഹൃദയത്തിലുള്ളത് അറിയുമോ എന്നവന്‍ ഭയപ്പെടുകയും ചെയ്യുന്നു. ഇക്കൂട്ടര്‍ (അവരാകുന്നു ശത്രു) യഥാര്‍ഥത്തില്‍, തിരിച്ചറിയാവുന്ന പ്രത്യക്ഷശത്രു മനസ്സിലാവാത്ത ശത്രുവിനെക്കാള്‍ അപകടം കുറഞ്ഞവനാണ്. അവന്‍ തന്ത്രശാലിയും ചതിയനുമാണ്. അവന്‍ രക്ഷകനാണെന്ന് വാദിക്കുന്നു. എന്നാല്‍ അവനാകട്ടെ, പ്രത്യക്ഷ ശത്രുവും. (അവരെ സൂക്ഷിച്ചുകൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. എങ്ങനെയാണവര്‍ വഴിതെറ്റിക്കപ്പെടുന്നത്) തെളിവുകള്‍ വ്യക്തമായതിനുശേഷം ഇസ്‌ലാം മതത്തില്‍ നിന്ന് അവരെങ്ങനെയാണ് തെറ്റിപ്പോകുന്നത്? അതിന്റെ അടയാളങ്ങള്‍ തെളിഞ്ഞുകണ്ടതിനു ശേഷം! നഷ്ടവും പരാജയവുമല്ലാതെ മറ്റൊന്നും നേടിക്കൊടുക്കാത്ത അവിശ്വാസത്തിലേക്ക്.