മുല്‍ക് (ആധിപത്യം) : ഭാഗം: 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ഫെബ്രുവരി 22 1441 ജുമാദല്‍ ആഖിറ 23

അധ്യായം: 67, ഭാഗം: 5

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قُلْ هُوَ الَّذِي ذَرَأَكُمْ فِي الْأَرْضِ وَإِلَيْهِ تُحْشَرُونَ (٢٤) وَيَقُولُونَ مَتَىٰ هَٰذَا الْوَعْدُ إِنْ كُنْتُمْ صَادِقِينَ (٢٥) قُلْ إِنَّمَا الْعِلْمُ عِنْدَ اللَّهِ وَإِنَّمَا أَنَا نَذِيرٌ مُبِينٌ (٢٦) فَلَمَّا رَأَوْهُ زُلْفَةً سِيئَتْ وُجُوهُ الَّذِينَ كَفَرُوا وَقِيلَ هَٰذَا الَّذِي كُنْتُمْ بِهِ تَدَّعُونَ (٢٧) قُلْ أَرَأَيْتُمْ إِنْ أَهْلَكَنِيَ اللَّهُ وَمَنْ مَعِيَ أَوْ رَحِمَنَا فَمَنْ يُجِيرُ الْكَافِرِينَ مِنْ عَذَابٍ أَلِيمٍ (٢٨‬) قُلْ هُوَ الرَّحْمَٰنُ آمَنَّا بِهِ وَعَلَيْهِ تَوَكَّلْنَا ۖ فَسَتَعْلَمُونَ مَنْ هُوَ فِي ضَلَالٍ مُبِينٍ (٢٩) قُلْ أَرَأَيْتُمْ إِنْ أَصْبَحَ مَاؤُكُمْ غَوْرًا فَمَنْ يَأْتِيكُمْ بِمَاءٍ مَعِينٍ (٣٠)
(24) പറയുക: അവനാണ് നിങ്ങളെ ഭൂമിയില്‍ സൃഷ്ടിച്ച് വളര്‍ത്തിയവന്‍. അവങ്കലേക്കാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത്. (25) അവര്‍ പറയുന്നു: എപ്പോഴാണ് ഈ വാഗ്ദാനം (പുലരുന്നത്?) നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതൊന്ന് പറഞ്ഞുതരൂ) (26) പറയുക: ആ അറിവ് അല്ലാഹുവിന്റെ പക്കല്‍ മാത്രമാകുന്നു. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു. (27) അത് (താക്കീത് നല്‍കപ്പെട്ട കാര്യം) സമീപസ്ഥമായി അവര്‍ കാണുമ്പോള്‍ സത്യനിഷേധികളുടെ മുഖങ്ങള്‍ക്ക് മ്ലാനത ബാധിക്കുന്നതാണ്. നിങ്ങള്‍ ഏതൊന്നിനെപ്പറ്റി വാദിച്ച് കൊണ്ടിരുന്നുവോ അതാകുന്നു ഇത് എന്ന് (അവരോട്) പറയപ്പെടുകയും ചെയ്യും. (28) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എന്നെയും എന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ അല്ലെങ്കില്‍ ഞങ്ങളോടവന്‍ കരുണ കാണിക്കുകയോ ചെയ്താല്‍ വേദനയേറിയ ശിക്ഷയില്‍ നിന്ന് സത്യനിഷേധികളെ രക്ഷിക്കാനാരുണ്ട്? (29) പറയുക: അവനാകുന്നു പരമകാരുണികന്‍. അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ക്കറിയാം; ആരാണ് വ്യക്തമായ വഴികേടിലെന്ന്. (30) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവുവെള്ളം കൊണ്ട് വന്നു തരിക?

24). (പറയുക: അവനാണ് നിങ്ങളെ ഭൂമിയില്‍ സൃഷ്ടിച്ചു വളര്‍ത്തിയവന്‍) അതിന്റെ ഭൂഖണ്ഡങ്ങളില്‍ നിങ്ങള്‍ വിന്യസിപ്പിച്ചവന്‍. അതിന്റെ വിവിധ ഭാഗങ്ങളില്‍ നിങ്ങളെ താമസിപ്പിച്ചവന്‍; നിങ്ങളോട് കല്‍പിച്ചവനും വിരോധിച്ചവനും നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കിയവനും. അവനെക്കൊണ്ട് നിങ്ങള്‍ പ്രയോജനമെടുക്കുകയും ചെയ്യുന്നു. പിന്നീടവന്‍ നിങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ ഒരുമിച്ച് കൂട്ടുകയും ചെയ്യുന്നു.

25). എന്നാല്‍ ഈ പ്രതിഫല വാഗ്ദാനത്തെ ഈ ധിക്കാരികള്‍ നിഷേധിക്കുന്നു. (അവര്‍ പറയുന്നു) വ്യാജമാക്കിക്കൊണ്ട്.

(എപ്പോഴാണ് ഈ വാഗ്ദാനം (പുലരുന്നത്). നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍. (അതൊന്നു പറഞ്ഞുതരൂ). അത് സംഭവിക്കുന്ന സമയം അവര്‍ക്ക് അറിയിച്ചുകൊടുക്കണമെന്നത് അവര്‍ സത്യമംഗീകരിക്കാനുള്ള അടയാളമാക്കി. ഇത് അക്രമവും ധിക്കാരവുമാണ്.

26). (പറയുക: ആ അറിവ് അല്ലാഹുവിന്റെ പക്കല്‍ മാത്രമാകുന്നു). ഒരു സൃഷ്ടിയുടെ അടുക്കലും അതില്ല. ഇതിന്റെ സമയം പറയുന്നതിന്റെയും ഈ വാര്‍ത്ത സത്യപ്പെടുത്തുന്നതിന്റെയും ഇടയില്‍ ബന്ധമില്ല. സത്യപ്പെടുത്തുന്നത് തെളിവുകള്‍ കൊണ്ട് മാത്രമാണ്.

പരലോകത്തിന്റെ സത്യതയെ അറിയിക്കുന്ന രേഖകളും തെളിവുകളും അല്ലാഹു തന്നെ സ്ഥാപിച്ചിട്ടുണ്ട്. യാതൊരു സംശയവും അതില്‍ ശേഷിക്കുന്നില്ല. ശ്രദ്ധിച്ചു കേള്‍ക്കുന്ന ഒരാള്‍ക്കും തന്നെ.

27). സത്യനിഷേധികള്‍ക്ക് കളവാക്കാന്‍ ഇഹലോകത്തേ കഴിയൂ. പ്രതിഫല ദിനമെത്തുമ്പോള്‍ അവര്‍ ശിക്ഷയെക്കാണും. (സമീപസ്ഥമായി) അടുത്ത്. അതവര്‍ക്ക് ദോഷം വരുത്തും. അവരെ വഷളാക്കും. അസ്വസ്ഥരാക്കും. അപ്പോള്‍ അവരുടെ മുഖം വിവര്‍ണമാകും. അവരുടെ നിഷേധത്തില്‍ അവര്‍ അപമാനിതരാവും. അവരോട് പറയപ്പെടും: (നിങ്ങള്‍ ഏതൊന്നിനെക്കുറിച്ച് വാദിച്ചുകൊണ്ടിരിക്കുന്നുവോ അതാകുന്നു ഇത്) ഇന്നിതാ അതിനെ നിങ്ങള്‍ നേര്‍ക്കുനേര്‍ കണ്ടു. കാര്യം നിങ്ങള്‍ക്കു വ്യക്തമായി. എല്ലാ ബന്ധങ്ങളും നിങ്ങള്‍ക്ക് നഷ്ടമായി. ശിക്ഷയെ അഭിമുഖീകരിക്കുകയല്ലാതെ മറ്റൊന്നും അവേശേഷിക്കുന്നില്ല.

28). പ്രവാചകനെ കളവാക്കുന്നവര്‍, അദ്ദേഹത്തിന്റെ പ്രബോധനത്തെ തള്ളിക്കളയുന്നവര്‍, അദ്ദേഹത്തിന്റെ നാശം പ്രതീക്ഷിക്കുന്നവര്‍, കാലവിപത്ത് വരാന്‍ കാത്തിരിക്കുന്നവര്‍; അവരോട് പറയാന്‍ അല്ലാഹു കല്‍പിക്കുന്നു: 'നിങ്ങളുടെ ആഗ്രഹം സാധ്യമാവുകയില്ല. എന്നെയും എന്റെ കൂടെയുള്ളവരെയും അല്ലാഹു നശിപ്പിക്കുകയും ചെയ്താല്‍ അത് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കുകയില്ല. കാരണം നിങ്ങള്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരാണ്. ശിക്ഷക്ക് അര്‍ഹതപ്പെട്ടവരാണ്. ശിക്ഷ നിങ്ങള്‍ക്ക് അനിവാര്യമായാല്‍ ആ വേദനയേറിയ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കാന്‍ ആരാണുള്ളത്? ആകയാല്‍ എന്റെ നാശത്തിനു വേണ്ടിയുള്ള നിങ്ങളുടെ അഗ്രഹവും കഷ്ടപ്പാടും നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ചെയ്യാത്തതാണ്.' അവരുടെ മറ്റൊരു വാദം അവര്‍ സന്മാര്‍ഗത്തിലും പ്രവാചകന്‍ വഴികേടിലുമാണെന്നതാണ്. അത്അവര്‍ ആവര്‍ത്തിക്കുകയും വ്യക്തമാക്കുകയും ചെയ്തു. അതിലവര്‍ തര്‍ക്കിക്കുകയും ഏറ്റുമുട്ടുകയും ചെയ്തു.

29). അപ്പോള്‍ അല്ലാഹു തന്റെ പ്രവാചകനോട് തന്റെയും തന്റെ അനുയായികളുടെയും അവസ്ഥ പറയാന്‍ പറഞ്ഞു. അവരുടെ ധര്‍മനിഷ്ഠയും നേര്‍മാര്‍ഗവും വ്യക്തമാക്കുന്നതിന് വേണ്ടിയാണത്. (അവനാകുന്നു പരമകാരുണികന്‍. അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും ചെയ്തിരിക്കുന്നു) വിശ്വാസം ആന്തരികമായ സത്യപ്പെടുത്തലും ബാഹ്യവും ആന്തരികവുമായ പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളുന്നതുമാണ്.

പ്രവര്‍ത്തനങ്ങളുണ്ടാകുന്നതും പൂര്‍ണമാകുന്നതുമെല്ലാം അല്ലാഹുവില്‍ ഭരമേല്‍പിക്കലുമായി ബന്ധപ്പെട്ടതാണ്. തവക്കുലിനെ മറ്റു പ്രവര്‍ത്തനങ്ങളെക്കാളും അല്ലാഹു പ്രത്യേകമാക്കി. മാത്രമല്ല, അത് വിശ്വാസത്തിന്റെ ഭാഗമാണ്. അതിന്റെ അനിവാര്യതയില്‍ പെട്ടതും കൂടിയാണ്.

وَعَلَى اللَّهِ فَتَوَكَّلُوا إِنْ كُنْتُمْ مُؤْمِنِينَ

''നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവില്‍ നിങ്ങള്‍ ഭരമേല്‍പിക്കുക''(5:23).

പ്രവാചകന്റെയും അദ്ദേഹത്തെ പിന്‍പറ്റിയവരുടെയും അവസ്ഥ ഇതാണെങ്കില്‍ അതു തന്നെയാണ് വിജയത്തിന് നിശ്ചയിക്കപ്പെട്ട അവസ്ഥയും. അതിലാണ് സൗഭാഗ്യം നിലകൊള്ളുന്നത്. ശത്രുക്കളുടെ അവസ്ഥയാകട്ടെ, ഇതിന് നേര്‍വിപരീതവും. അവര്‍ക്ക് വിശ്വാസവും തവക്കലുമില്ല. അവരാണ് വഴികേടിലെന്നും സന്മാര്‍ഗത്തിലെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം.

അനുഗ്രഹദാതാവ് അല്ലാഹു മാത്രമാണെന്ന് തുടര്‍ന്ന് അറിയിക്കുന്നു. പ്രത്യേകിച്ച് ജീവനുള്ളതെല്ലാം. പിന്നീട് അവന് മാത്രം നല്‍കാന്‍ കഴിയുന്ന അനുഗ്രഹങ്ങളെക്കുറിച്ച് പറയുന്നു. പ്രത്യേകിച്ചും വെള്ളത്തെക്കുറിച്ച്. എല്ലാ ജീവനുള്ളതിനെയും അതില്‍ നിന്നാണ് സൃഷ്ടിച്ചത്.

30). (പറയുക: നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ. നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവ വെള്ളം കൊണ്ടുവന്നു തരിക?) നിങ്ങള്‍ കുടിക്കുന്ന, നാല്‍ക്കാലികളെയും മരങ്ങളെയും ചെടികളെയും നനയ്ക്കുന്ന. ഇത് നിഷേധത്തെക്കുറിക്കുന്ന ചോദ്യമാണ്. അതായത് അല്ലാഹുവിനല്ലാത്ത ഒരാള്‍ക്കും അതിന് കഴിയില്ല.