മുനാഫിഖൂന്‍ (കപടവിശ്വാസികള്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ജൂലൈ 18 1441 ദുല്‍ക്വഅദ് 28

അധ്യായം: 63, ഭാഗം: 2

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِذَا قِيلَ لَهُمْ تَعَالَوْا يَسْتَغْفِرْ لَكُمْ رَسُولُ اللَّهِ لَوَّوْا رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُمْ مُسْتَكْبِرُونَ (٥) سَوَاءٌ عَلَيْهِمْ أَسْتَغْفَرْتَ لَهُمْ أَمْ لَمْ تَسْتَغْفِرْ لَهُمْ لَنْ يَغْفِرَ اللَّهُ لَهُمْ ۚ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الْفَاسِقِينَ (٦) هُمُ الَّذِينَ يَقُولُونَ لَا تُنْفِقُوا عَلَىٰ مَنْ عِنْدَ رَسُولِ اللَّهِ حَتَّىٰ يَنْفَضُّوا ۗ وَلِلَّهِ خَزَائِنُ السَّمَاوَاتِ وَالْأَرْضِ وَلَٰكِنَّ الْمُنَافِقِينَ لَا يَفْقَهُونَ (٧‬) يَقُولُونَ لَئِنْ رَجَعْنَا إِلَى الْمَدِينَةِ لَيُخْرِجَنَّ الْأَعَزُّ مِنْهَا الْأَذَلَّ ۚ وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَٰكِنَّ الْمُنَافِقِينَ لَا يَعْلَمُونَ (٨‬)
(5). നിങ്ങള്‍ വരൂ. അല്ലാഹുവിന്റെ ദൂതന്‍ നിങ്ങള്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ഥിച്ചുകൊള്ളും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അവരുടെ തലതിരിച്ചുകളയും. അവര്‍ അഹങ്കാരം നടിച്ചു കൊണ്ട് തിരിഞ്ഞുപോകുന്നതായി നിനക്ക് കാണുകയും ചെയ്യാം. (6). നീ അവര്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ഥിച്ചാലും പ്രാര്‍ഥിച്ചിട്ടില്ലെങ്കിലും അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അല്ലാഹു ഒരിക്കലും അവര്‍ക്കു പൊറുത്തുകൊടുക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു ദുര്‍മാര്‍ഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല. (7). അല്ലാഹുവിന്റെ ദൂതന്റെ അടുക്കലുള്ളവര്‍ക്ക് വേണ്ടി, അവര്‍ (അവിടെനിന്ന്) പിരിഞ്ഞു പോകുന്നത് വരെ നിങ്ങള്‍ ഒന്നും ചെലവ് ചെയ്യരുത് എന്ന് പറയുന്നവരാകുന്നു അവര്‍. അല്ലാഹുവിന്റെതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകള്‍. പക്ഷേ, കപടന്‍മാര്‍ കാര്യം ഗ്രഹിക്കുന്നില്ല. (8). അവര്‍ പറയുന്നു; ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന്. അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷേ, കപടവിശ്വാസികള്‍ (കാര്യം) മനസ്സിലാക്കുന്നില്ല.

5). (അവരോട് പറയപ്പെട്ടാല്‍) ഈ കപടന്മാരോട്. (നിങ്ങള്‍ വരൂ, അല്ലാഹുവിന്റെ ദൂതന്‍ നിങ്ങള്‍ക്കു വേണ്ടി പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിച്ചുകൊള്ളും) നിങ്ങളില്‍നിന്ന് സംഭവിച്ചുപോയതിനും നിങ്ങളുടെ അവസ്ഥ നന്നാക്കുവാനും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടാനും. അതിനവര്‍ ശക്തമായി വിസമ്മതിച്ചു. (അവര്‍ അവരുടെ തലതിരിച്ച് കളയുകയും) പ്രവാചകനോട് പ്രാര്‍ഥന ആവശ്യപ്പെടാനുള്ള വിസമ്മതത്താല്‍.

(തിരിഞ്ഞ് പോകുന്നവരായി നിനക്ക് കാണാം) സത്യത്തില്‍നിന്ന്; അതിനോടുള്ള പകയാല്‍. (അവര്‍ അഹങ്കാരം നടിച്ചുകൊണ്ട്) ധിക്കാരവും അതിക്രമവും കാരണം അദ്ദേഹത്തെ പിന്‍പറ്റുന്നതില്‍ നിന്ന്. പ്രവാചകന്റെ പ്രാര്‍ഥന ആവശ്യപ്പെടാന്‍ അവരോട് പറഞ്ഞാല്‍ അവരുടെ അവസ്ഥ ഇതാണ്. അവര്‍ വരുകയോ അവര്‍ക്കുവേണ്ടി പാപമോചനത്തിനു തേടുകയോ ചെയ്തില്ലെങ്കിലും ഇത് പ്രവാചകനോടുള്ള അല്ലാഹുവിന്റെ ആദരവും സ്‌നേഹവുമാണ്.

6). (നീ അവര്‍ക്ക് വേണ്ടി പാപമോചനത്തിനു പ്രാര്‍ഥിച്ചാലും പ്രാര്‍ഥിച്ചില്ലെങ്കിലും അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അല്ലാഹു ഒരിക്കലും അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല) കാരണം അവര്‍ അധര്‍മകാരികളായ ജനതയാണ്. അല്ലാഹുവിനെ അനുസരിക്കാത്തവരും വിശ്വാസത്തെക്കാളും അവിശ്വാസത്തിന് പ്രാധാന്യം നല്‍കുന്നവരുമാണ്. അതിനാലവര്‍ക്ക് പ്രവാചകന്റെ പാപമോചനം ഫലപ്പെടില്ല. അദ്ദേഹം അവര്‍ക്ക് പാപമോചനത്തിനു വേണ്ടി തേടിയാലും.

اسْتَغْفِرْ لَهُمْ أَوْ لَا تَسْتَغْفِرْ لَهُمْ إِنْ تَسْتَغْفِرْ لَهُمْ سَبْعِينَ مَرَّةً فَلَنْ يَغْفِرَ اللَّهُ لَهُمْ

''(നബിയേ), നീ അവര്‍ക്കുവേണ്ടി പാപമോചനം തേടിക്കൊള്ളുക. അല്ലെങ്കില്‍ അവര്‍ക്കുവേണ്ടി പാപമോചനം തേടാതിരിക്കുക. നീ അവര്‍ക്കു വേണ്ടി എഴുപത് പ്രാവശ്യം പാപമോചനം തേടിയാലും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല'' (9:80).

7). നബി ﷺ യോടും മുസ്‌ലിംകളോടുമുള്ള അവരുടെ ശത്രുതയുടെ കാഠിന്യമാണിത്. സ്വഹാബത്തിന്റെ കൂടിച്ചേരലും ഇണക്കവും നബി ﷺ യുടെ തൃപ്തിക്കുവേണ്ടിയുള്ള അവരുടെ മത്സരവും കണ്ടപ്പോള്‍ അവരുടെ തെറ്റായ വാദം അവര്‍ പ്രഖ്യാപിച്ചു.

(അല്ലാഹുവിന്റെ ദൂതന്റെ അടുക്കലുള്ളവര്‍ക്ക് വേണ്ടി അവര്‍ (അവിടെ നിന്ന്) പിരിഞ്ഞുപോകുന്നതു വരെ നിങ്ങള്‍-ഒന്നും-ചെലവ് ചെയ്യരുത്). കാരണം അവര്‍ വിചാരിക്കുന്നത് കപടവിശ്വാസികളുടെ പണവും ദാനങ്ങളും ഇല്ലെങ്കില്‍ അല്ലാഹുവിന്റെ ദീനിനെ സഹായിക്കാന്‍ സ്വഹാബത്ത് ഒന്നിച്ചുനില്‍ക്കുകയില്ല എന്നാണ്.

ഇത് വലിയൊരു അത്ഭുതമാണ്; ഇസ്‌ലാമിനെ നശിപ്പിക്കാന്‍ മുസ്‌ലിംകളെ ഉപദ്രവിക്കുകയും അതിയായി താല്‍പര്യം കാണിക്കുകയും ചെയ്യുന്ന കപടവിശ്വാസികള്‍ ഇങ്ങനെ വാദിക്കുന്നത്. വസ്തുതകള്‍ അറിയാത്തവരില്‍ മാത്രമെ ഇത്തരം വാദങ്ങള്‍ ചെലവാകുകയുള്ളൂ. അവര്‍ക്ക് മറുപടിയായി അല്ലാഹു പറയുന്നു: (അല്ലാഹുവിന്റെതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകള്‍) അതിനാല്‍ അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്കവന്‍ ഉപജീവനം നല്‍കും. അവനുദ്ദേശിച്ചവര്‍ക്ക് തടയുകയും ചെയ്യുന്നു. ഉദ്ദേശിക്കുന്നവര്‍ക്കവന്‍ കാരണങ്ങള്‍ സൗകര്യപ്പെടുത്തുകയും അവനുദ്ദേശിക്കുന്നവര്‍ക്ക് പ്രയാസകരമാക്കുകയും ചയ്യും.

(പക്ഷേ, കപടന്മാര്‍ കാര്യം ഗ്രഹിക്കുന്നില്ല) അതുകൊണ്ടാണ് അങ്ങനെയൊക്കെ അവര്‍ പറയുന്നത്. അവരുടെ വാക്കിലുള്ളത് ഉപജീവനത്തിന്റെ ഖജനാവുകള്‍. അവരുടെ കൈകളിലും അവരുദ്ദേശിക്കുന്നതിനനുസരിച്ചുമാണെന്നാണ്.

8). (അവര്‍ പറയുന്നു, ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന്) മുറൈസീഅ് യുദ്ധത്തിലാണത്. മുഹാജിറുകള്‍ക്കും അന്‍സ്വാരികള്‍ക്കുമിടയില്‍ ചില സംസാരങ്ങളും ആശയക്കുഴപ്പങ്ങളുമുണ്ടായി. അേന്നരം കപടന്മാരുടെ കാപട്യം പുറത്തുവന്നു. മനസ്സിലുള്ളത് വ്യക്തമാകുകയും ചെയ്തു.

അവരുടെ നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നുസുലല്‍ പറഞ്ഞു: 'നമ്മുടെയും ഇവരുടെയും (മുഹാജിറുകളുടെയും) ഉപമ ആരോ പറഞ്ഞത് പോലെയാണ്: (നിന്റെ നായക്ക് നീ നന്നായി തീറ്റകൊടുക്കുക; അത് നിന്നെ തിന്നുകൊള്ളും). അവന്‍ പറഞ്ഞു: മദീനയിലേക്ക് നമ്മള്‍ മടങ്ങിയാല്‍ (കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യും) അവന്റെ വാദപ്രകാരം അവനും അവന്റെ കൂട്ടുകാരായ കപടന്മാരുമാണ് പ്രതാപികള്‍. റസൂലും അനുയായികളും നിന്ദ്യരും. എന്നാല്‍ കാര്യം ഈ കപടന്‍ പറഞ്ഞതിനു നേര്‍വിപരീതമാണ്.

അതാണ് അല്ലാഹു പറഞ്ഞത്: (അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം) അവരാണ് പ്രതാപികള്‍. കപടന്മാരും സത്യനിഷേധികളായ അവരുടെ കൂട്ടുകാരും നിന്ദ്യന്മാര്‍ തെന്നയാണ്.

(കപടവിശ്വാസികള്‍ കാര്യം മനസ്സിലാക്കുന്നില്ല) അതുകൊണ്ടാണവര്‍ പ്രതാപികളാണെന്ന് വാദിക്കുന്നത്. അവരുടെ തെറ്റായ നിലപാടില്‍ അവര്‍ വഞ്ചിതരായതാണ്.