തഹ്‌രീം (നിഷിദ്ധമാക്കല്‍): ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 മാര്‍ച്ച് 07 1441 റജബ് 12

അധ്യായം: 66, ഭാഗം: 2

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

عَسَىٰ رَبُّهُ إِنْ طَلَّقَكُنَّ أَنْ يُبْدِلَهُ أَزْوَاجًا خَيْرًا مِنْكُنَّ مُسْلِمَاتٍ مُؤْمِنَاتٍ قَانِتَاتٍ تَائِبَاتٍ عَابِدَاتٍ سَائِحَاتٍ ثَيِّبَاتٍ وَأَبْكَارًا (٥) يَا أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ (٦) يَا أَيُّهَا الَّذِينَ كَفَرُوا لَا تَعْتَذِرُوا الْيَوْمَ ۖ إِنَّمَا تُجْزَوْنَ مَا كُنْتُمْ تَعْمَلُونَ (٧‬)
(5) (പ്രവാചകപത്‌നിമാരേ,) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ രക്ഷിതാവ് പകരം നല്‍കിയേക്കാം. മുസ്‌ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ. (6) സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. (7) സത്യനിഷേധികളേ, നിങ്ങള്‍ ഇന്ന് ഒഴികഴിവ് പറയേണ്ട. നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനു മാത്രമാണ് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത്.

5). പിന്നീട് അവരെ രണ്ടുപേരെയും ഭയപ്പെടുത്തുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമുള്ള കാര്യത്തെക്കൊണ്ടാണ്. അത് വിവാഹമോചനമാണ്. അതാവട്ടെ, അവര്‍ക്ക് ഏറെ വിഷമമുള്ളതാണ്. (പ്രവാചക പത്‌നിമാരേ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ രക്ഷിതാവ് പകരം നല്‍കിയേക്കാം). നിങ്ങളദ്ദേഹത്തിന്റെ മേല്‍ ഉയരാന്‍ ശ്രമിക്കരുത്. നിങ്ങളെ വിവാഹമോചനം ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിന് ബുദ്ധിമുട്ട് വരാനില്ല. നിങ്ങളിലേക്ക് അത്യാവശ്യക്കാരനുമല്ല. നിങ്ങളെക്കാളും ഭംഗിയും ദീനീനിഷ്ഠയുമുള്ളവരെ അല്ലാഹു പകരം നല്‍കിയേക്കും. ഇത് സംഭവിച്ചതോ സംഭവിക്കാന്‍ സാധ്യതയുള്ളതോ അല്ല. ഒരു അനുബന്ധം പറഞ്ഞെന്നു മാത്രം. കാരണം അദ്ദേഹം അവരെ വിവാഹമോചനം ചെയ്തിട്ടില്ല. ഇനി ചെയ്താലോ, തുടര്‍ന്ന് പറയുന്ന ശ്രേഷ്ഠകളായ ഭാര്യമാരെ അദ്ദേഹത്തിന് ലഭിക്കും. (മുസ്‌ലിംകളും സത്യവിശ്വാസിനികളും). അതായത് പ്രത്യക്ഷമായ ഇസ്‌ലാമിക നിയമങ്ങളെ നിര്‍വഹിക്കുന്നതിലും ആന്തരികമായ വിശ്വാസ കാര്യങ്ങളെയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളും ഒന്നിച്ചുകൊണ്ടുപോകുകയും ചെയ്യുന്നവര്‍ (ഭയഭക്തിയുള്ളവര്‍) ഭയഭക്തികൊണ്ടുദ്ദേശിക്കുന്നത് മതകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിലുള്ള അനുസരണവും തുടര്‍ച്ചയുമാണ്. (പശ്ചാത്താപമുള്ളവരും) അല്ലാഹു വെറുക്കുന്നതില്‍ നിന്നും. അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ നിര്‍വഹിക്കുന്നവര്‍ എന്ന വിശേഷണത്തോടൊപ്പം അവനിഷ്ടമില്ലാത്ത കാര്യങ്ങള്‍ സംഭവിച്ചാല്‍ പശ്ചാത്തപിക്കുന്നവര്‍ എന്നു കൂടി പറഞ്ഞു. (വിധവകളും കന്യകകളുമായിട്ടുള്ളവര്‍) അതില്‍ ചിലര്‍ കന്യകകളും ചിലര്‍ വിധവകളുമായിരിക്കും. നബി ﷺ  ഇഷ്ടപ്പെടുന്ന കാര്യത്തിലുള്ള വൈവിധ്യമാണ് ഇവിടെ ഉദ്ദേശിച്ചത്. ഈ താക്കീതുകളും ഉപദേശങ്ങളും കേട്ടപ്പോള്‍ പ്രവാചകന്റെ തൃപ്തിയിലേക്കവര്‍ ധൃതിപ്പെട്ടു. ഈ വിശേഷണങ്ങളത്രയും അവര്‍ക്കിണങ്ങുന്നതാണ്. അങ്ങനെ അവര്‍ വിശ്വാസിനികളായ സ്ത്രീകളില്‍ ശ്രേഷ്ഠരായി.

6). വിശ്വാസം കൊണ്ട് അല്ലാഹു അനുഗ്രഹിച്ചവരേ, നിങ്ങള്‍ അതിന്റെ നിയമങ്ങളും നിബന്ധനകളും പാലിക്കുക. (സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക). ഏറ്റവും മോശപ്പെട്ടതായി വിശേഷിപ്പിക്കപ്പെട്ട നരകത്തില്‍ നിന്ന്. അല്ലാഹുവിന്റെ കല്‍പനകള്‍ സ്വീകരിച്ചും വിരോധങ്ങള്‍ നിരാകരിച്ചും ദേഹങ്ങളെ നരകത്തില്‍ നിന്ന് രക്ഷിക്കുക. ശിക്ഷ അനിവാര്യമാക്കുന്ന കാര്യങ്ങളില്‍ നിന്നും അല്ലാഹു കോപിക്കുന്നവയില്‍ നിന്നും പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക.

അല്ലാഹുവിന്റെ കല്‍പനകള്‍ സ്വീകരിപ്പിച്ചും ദീനും മര്യാദകളും പഠിപ്പിച്ചും മക്കളെയും കുടുംബത്തെയും നരകത്തില്‍ നിന്നും രക്ഷിക്കൂ. അല്ലാഹുവിന്റെ കല്‍പനകള്‍ നിര്‍വഹിക്കുകയും തന്റെ കീഴിലും രക്ഷാകര്‍തൃത്വത്തിലും കൈകാര്യത്തിലും ഉള്ളവരെ അത് നിര്‍വഹിപ്പിക്കുകയും ചെയ്യാതെ ഒരടിമ രക്ഷപ്പെടുകയില്ല.

ഈ രൂപത്തില്‍ അല്ലാഹു നരകത്തെ വിവരിച്ചത് തന്റെ കല്‍പനകല്‍ അടിമകള്‍ നിസ്സാരമായി കാണാതിരിക്കാന്‍ അവരെ താക്കീത് ചെയ്യാനാണ്. (മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള). അല്ലാഹു മറ്റൊരിടത്ത് പറയുന്നു:

إِنَّكُمْ وَمَا تَعْبُدُونَ مِنْ دُونِ اللَّهِ حَصَبُ جَهَنَّمَ أَنْتُمْ لَهَا وَارِدُونَ

''തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക് വന്നുചേരുക തന്നെ ചെയ്യുന്നതാണ്. (21:98)

(അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല). ആദരണീയരായ മലക്കുകളെക്കുറിച്ചുള്ള പ്രശംസയാണിത്. അവര്‍ അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് കീഴൊതുങ്ങുന്നതിനെക്കുറിച്ചും അവരോട് കല്‍പിച്ച എല്ലാ കാര്യത്തിലും അവര്‍ അവന് ചെയ്യുന്ന അനുസരണത്തെക്കുറിച്ചുമുള്ള പ്രശംസയാണ് ഇതിലുള്ളത്.

7). ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ നരകക്കാരെ അല്ലാഹു വഷളാക്കുന്നത് ഇങ്ങനെയാണ്. (സത്യനിഷേധികളേ, നിങ്ങള്‍ ഇന്ന് ഒഴികഴിവ് പറയേണ്ട). അതായത് ഒഴികഴിവിന്റെ സമയം തീര്‍ന്നു. അതിന്റെ പ്രയോജനം ഇല്ലാതായി. ഇപ്പോള്‍ അവശേഷിക്കുന്നത് പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലം മാത്രമാണ്. നിങ്ങള്‍ ചെയ്തുവെച്ചത് അല്ലാഹുവിനെ നിഷേധിക്കലും അവന്റെ വചനങ്ങളെ കളവാക്കലും അവന്റെ ദൂതനോടും മിത്രങ്ങളോടും ഏറ്റുമുട്ടലും മാത്രമാണ്.