ഹശ്ര്‍ (തുരത്തിയോടിക്കല്‍), ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ഡിസംബര്‍ 12 1442 റബീഉല്‍ ആഖിര്‍ 27

അധ്യായം: 59, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

لِلْفُقَرَاءِ الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِنْ دِيَارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلًا مِنَ اللَّهِ وَرِضْوَانًا وَيَنْصُرُونَ اللَّهَ وَرَسُولَهُ ۚ أُولَٰئِكَ هُمُ الصَّادِقُونَ (٨‬) وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِنْ قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَنْ يُوقَ شُحَّ نَفْسِهِ فَأُولَٰئِكَ هُمُ الْمُفْلِحُونَ (٩) وَالَّذِينَ جَاءُوا مِنْ بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ (١٠)

(8). അതായത് സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്‍മാര്‍ക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം). അവര്‍ അല്ലാഹുവിങ്കല്‍നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍. (9). അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. (10). അവരുടെ ശേഷം വന്നവര്‍ക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു

8,9) ഈ ഫൈഅ് സ്വത്ത് ചില വിഭാഗങ്ങള്‍ക്ക് മാത്രം നിശ്ചയിച്ചതിലുള്ള കാരണവും യുക്തിയും വിശദീകരിക്കുകയാണ് തുടര്‍ന്നുള്ള വചനങ്ങളില്‍ അല്ലാഹു ചെയ്യുന്നത്. കാരണം അവര്‍ സഹായത്തിന് അര്‍ഹതപ്പെട്ടവരാണ്. അവര്‍ക്കത് ലഭിക്കാന്‍ അവകാശമുണ്ട്. മുഹാജിറുകളാണവര്‍. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതും സുപരിചിതവുമായ വീടും നാടും സമ്പത്തും പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയുമെല്ലാം ഉപേക്ഷിച്ചവര്‍. പ്രവാചകസ്‌നേഹത്താലും ദീനിനെ സഹായിക്കാനും അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിച്ചുമാണ് അവരത് ചെയ്തത്. ഇക്കൂട്ടരാണ് സത്യസന്ധര്‍. വിശ്വാസത്തിന്റെ താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിച്ചവര്‍ വിഷമിച്ച് കൊണ്ട് തന്നെ ആരാധനകളും സല്‍പ്രവര്‍ത്തനങ്ങളും വിശ്വാസത്തിന്റെ താല്‍പര്യമനുസരിച്ച് അവര്‍ നിര്‍വഹിച്ചു. വിശ്വാസമുണ്ടെന്ന് വാദിക്കുകയും. എന്നാല്‍ അതിനെ സത്യപ്പെടുത്തുന്ന ജിഹാദോ ഹിജ്‌റയോ മറ്റു ആരാധനകളോ നിര്‍വഹിക്കാതിരിക്കുകയും ചെയ്യുന്നവരില്‍ നിന്ന് ഏറെ വ്യത്യസ്തരാണിവര്‍. ഈ സ്വത്തിന് അര്‍ഹതപ്പെട്ട മറ്റു ചിലര്‍ അന്‍സാരികളില്‍ നിന്നാണ്. അവര്‍ ഔസ്, ഖസ്‌റജ് എന്നീ ഗോത്രങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും ഇഷ്ടത്തോടെയും കീഴ്‌പ്പെട്ടും സ്വയം ഇഷ്ടത്തോടെ തിരഞ്ഞെടുക്കുകയും ചെയ്തവരാണ്. അവര്‍ റസൂലിന് അഭയം നല്‍കി. വാസസ്ഥലവും വിശ്വാസവും അവര്‍ ഒരുക്കിവെച്ചു. അങ്ങനെ അത് സത്യവിശ്വാസികള്‍ക്ക് മടങ്ങാനുള്ള അഭയസ്ഥാനവും മടക്കസ്ഥലവുമായിത്തീര്‍ന്നു. മുഹാജിറുകള്‍ അവിടെ അഭയം തേടി. ആ സംരക്ഷണത്തില്‍ മുസ്‌ലിംകള്‍ താമസിച്ചു. എല്ലാ നാടുകളും യുദ്ധത്തിന്റെയും ബഹുദൈവ വിശ്വാസത്തിന്റെയും തിന്മയുടെയും നാടുകളായപ്പോള്‍ ദീനിന്റെ സഹായികള്‍ അന്‍സ്വാറുകളിലേക്ക് അഭയം തേടി. അങ്ങനെ ഇസ്‌ലാം വ്യാപിച്ച് ശക്തിപ്പെട്ടു. അല്‍പാല്‍പമായി അത് വര്‍ധിക്കാന്‍ തുടങ്ങി. ഖുര്‍ആന്‍ കൊണ്ടും വിശ്വാസം, അറിവ് എന്നിവ കൊണ്ടും അത് ഹൃദയങ്ങളെ കീഴടക്കി പതുക്കെ പതുക്കെ വളരാന്‍ തുടങ്ങി. ഇതെല്ലാം അവരുടെ മനോഹരമായ വിശേഷണങ്ങളാണ്. അവര്‍ (തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞ് വന്നവരെ അവര്‍ സ്‌നേഹിക്കുന്നു). ഇത് അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള സ്‌നേഹത്തിന്റെ ഭാഗമാണ്. നബിയെ സ്‌നേഹിച്ചവരെ അവര്‍ സ്‌നേഹിച്ചു. അദ്ദേഹത്തിന്റെ ദീനിനെ സഹായിച്ചവരെയും അവര്‍ സ്‌നേഹിച്ചു. (അവര്‍ക്ക് -മുഹാജിറുകള്‍ക്ക്- നല്‍കപ്പെട്ട ധനം സംബന്ധിച്ച് തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ -അന്‍സ്വാറുകള്‍- കണ്ടെത്തുന്നുമില്ല.) അതായത് മുഹാജിറുകള്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹത്തിലും അവര്‍ക്ക് മാത്രമായി നല്‍കിയ മഹത്വങ്ങളിലും അവര്‍ അര്‍ഹരായ പദവികളിലും അന്‍സ്വാറുകള്‍ അവരോട് അസൂയ കാണിച്ചില്ല.

ഇതില്‍ നിന്നും അന്‍സ്വാറുകളുടെ മനസ്സിന്റെ ശുദ്ധതയും അതില്‍ പകയും വിദ്വേഷവും അസൂയയും ഇല്ലെന്നും മനസ്സിലാകുന്നു. അന്‍സ്വാറുകളെക്കാള്‍ ശ്രേഷ്ഠര്‍ മുഹാജിറുകളാണെന്നും ഇതില്‍ നിന്ന് മനസ്സിലാകുന്നു. കാരണം ഇവിടെ ആദ്യം പരാമര്‍ശിച്ചത് മുഹാജിറുകളെയാണ്. അവര്‍ക്ക് നല്‍കിയതില്‍ അന്‍സ്വാറുകള്‍ തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും കണ്ടെത്തുന്നുമില്ല എന്ന് അല്ലാഹു പറയുകയും ചെയ്യുന്നു. അപ്പോള്‍ അതില്‍ നിന്ന് മനസ്സിലാകുന്നത് അന്‍സ്വാറുകള്‍ക്കോ അല്ലാത്തവര്‍ക്കോ നല്‍കിയിട്ടില്ലാത്തത് മുഹാജിറുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് കൂടിയാണ്. കാരണം അവര്‍ പ്രവാചകനെ സഹായിക്കുകയും ഹിജ്‌റ പോവുകയും ചെയ്തു എന്നാണ്.

(തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രധാന്യം നല്‍കുകയും ചെയ്യും). ഇതും അന്‍സ്വാറുകളുടെ വിശേഷണം തന്നെയാണ്. അവര്‍ മറ്റുള്ളവരെക്കാള്‍ മികച്ചവരാണ്. മുറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരുമാണ്. (الإيثار) 'പ്രാധാന്യം നല്‍കല്‍' ഔദാര്യങ്ങളില്‍ ഏറ്റവും പൂര്‍ണതയുള്ളത് അതിനാണ്. സമ്പത്ത് പോലുള്ള മനസ്സിന് ഇഷ്ടപ്പെട്ടവ മറ്റുള്ളവര്‍ക്ക് ചെലവഴിക്കുക പ്രാധാന്യം നല്‍കുക അതിനാണ് 'ഈസാര്‍' എന്ന് പറയുന്നത് തനിക്ക് ആവശ്യമുണ്ടായിട്ടും ആവശ്യം മാത്രമല്ല, വളരെയധികം അത്യാവശ്യവും ദാരിദ്ര്യവും ഉണ്ടായിട്ടും തന്റെ മനസ്സിന്റെ ഇഷ്ടങ്ങളെക്കാള്‍ അല്ലാഹുവിന്റെ സ്‌നേഹത്തിന് മുന്‍ഗണന നല്‍കുന്ന പരിശുദ്ധനായ ഒരു വ്യക്തിയില്‍ നിന്നല്ലാതെ ഇതുണ്ടാവില്ല. ഇതിനുദാഹരണമാണ് ഈ വചനമിറങ്ങാന്‍ കാരണമായ അന്‍സ്വാരിയുടെ സംഭവം. തന്റെ കുടുംബത്തിന്റെ ഭക്ഷണം അതിഥികള്‍ക്ക് നല്‍കുകയും തന്റെ മക്കള്‍ വിശന്ന് ഉറങ്ങുകയും ചെയ്തു.  

സ്വാര്‍ഥതയുടെ വിപരീതമാണ് മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കല്‍. ഇത് പ്രശംസനീയമാണ്; സ്വാര്‍ഥത കുറ്റകരവും. കാരണം അത് പിശുക്കും ലുബ്ധതയുമാണ്. മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു മനസ്സ് ആര്‍ക്കെങ്കിലും നല്‍കപ്പെട്ടാല്‍ മനസ്സിന്റെ പിശുക്കില്‍ നിന്നും കാത്തുരക്ഷിക്കപ്പെടും. (ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെട്ടുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം വരിച്ചവര്‍). മനസ്സിന്റെ പിശുക്കില്‍ നിന്ന് രക്ഷപ്പെട്ടത് എല്ലാ മതകല്‍പനകളിലും സംഭവിക്കാവുന്ന പിശുക്കില്‍ നിന്നുള്ള രക്ഷ കൂടി ഉള്‍ക്കൊള്ളുന്നു. കാരണം മനസ്സിന്റെ പിശുക്കില്‍ നിന്ന് ഒരടിമ രക്ഷപ്പെട്ടാല്‍ അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനകള്‍ നിറവേറ്റാന്‍ അവന്റെ മനസ്സ് വിശാലമാകും. ഹൃദയവിശാലതയോടെ കീഴ്‌പ്പെട്ടവനായി അനുസരണയുള്ളവാരായി അവനത് പ്രവര്‍ത്തിക്കും. വിരോധിക്കപ്പെട്ടത് ഉപേക്ഷിക്കുന്നതിലും അവന്റെ മനസ്സ് വിശാലമാകും. മനസ്സ് ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതും അന്വേഷിക്കുന്നതുമാണെങ്കിലും. അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് അവന്റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കാന്‍ അവന്റെ മനസ്സ് വിശാലമാകും. അതിനാല്‍ അവന്‍ പിശുക്കുള്ള മനസ്സില്‍ നിന്ന് വ്യത്യസ്തമായി വിജയം നേടും. മാത്രവുമല്ല, തിന്മകളുടെ അടിസ്ഥാനമായ പിശുക്കിനാല്‍ നന്മയുടെ കാര്യത്തില്‍ പരീക്ഷിക്കപ്പെട്ടവനാകുന്നു മനസ്സിന്റെ പിശുക്കില്‍ നിന്ന് രക്ഷപ്പെടാത്തവന്‍.

10). അവര്‍ക്ക് ശേഷം വന്നവരുടെ ശ്രേഷ്ഠതയായി അവരുടെ പിറകെ വന്നു എന്നത് തന്നെ മതി. അവരുടെ മാര്‍ഗദര്‍ശനത്തെ പിന്‍തുടര്‍ന്നു എന്നും. അവരെ പിന്തുടര്‍ന്ന് ശേഷം വന്നവരെക്കുറിച്ചും മറ്റുമുള്ള പിന്‍ഗാമികളെക്കുറിച്ചും അല്ലാഹു പറയുന്നു (അവരുടെ ശേഷം വന്നവര്‍ക്കും). അതായത് മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും ശേഷം (അവര്‍ പറയും) അവരോട് മറ്റു സത്യവിശ്വാസികളോടുമുള്ള ഗുണകാംക്ഷ രൂപത്തില്‍ (ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തു തരേണമേ). എല്ലാ സത്യവിശ്വാസികള്‍ക്കുമുള്ള ഒരു പ്രാര്‍ഥനയാണിത്.

മുമ്പ് കഴിഞ്ഞുപോയ സ്വഹാബത്തും അവര്‍ക്ക് മുമ്പും പിമ്പുമുള്ളവരും ഇതില്‍ ഉള്‍പ്പെടും. വിശ്വാസത്തിന്റെ ഗുണങ്ങളിലൊന്നാണിത്. വിശ്വാസികള്‍ പരസ്പരം പ്രയോജനപ്പെടുത്തുന്നു. ചിലര്‍ ചിലര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നു. വിശ്വാസത്തില്‍ പങ്കുചേരുന്നത് കൊണ്ടാണിത്. സത്യവിശ്വാസികള്‍ തമ്മിലുള്ള സാഹോദര്യബന്ധത്തിന്റെ താല്‍പര്യമാണ് അവര്‍ പരസ്പരം പ്രാര്‍ഥിക്കുക എന്നതും അവര്‍ പരസ്പരം ഇഷ്ടപ്പെടുക എന്നതും. ഹൃദയത്തില്‍ വിദ്വേഷം കുറച്ചാണെങ്കിലും ഇല്ലാതാക്കാന്‍ ഈ പ്രാര്‍ഥന അല്ലാഹു ഇവിടെ പറഞ്ഞത്. ഒന്നിനെ നിരാകരിക്കുമ്പോള്‍ അതിന്റെ വിപരീതം സ്ഥാപിക്കപ്പെട്ടു. അതാവട്ടെ, അത് സത്യവിശ്വാസികള്‍ക്കിടയിലുള്ള സ്‌നേഹവും ആത്മബന്ധവും ഗുണകാംക്ഷയുമാണ്. ഇവയെല്ലാം സത്യവിശ്വാസികളുടെ കടമകളില്‍ പെട്ടതാണ്. സ്വഹാബത്തിന് ശേഷമുള്ളവരെ ഈമാന്‍ (വിശ്വാസം) കൊണ്ട് വിശേഷിപ്പിക്കുന്നു. (വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവര്‍) വിശ്വാസത്തില്‍ അവരോടൊപ്പം പങ്കുചേരുന്നു. അവര്‍ വിശ്വാസ കാര്യങ്ങളിലും അതിന്റെ അടിസ്ഥാനങ്ങളിലും സ്വഹാബത്തിനെ പിന്‍പറ്റുന്നവരാണ്. അവരാണ് അഹ്‌ലുസ്സുന്നതി വല്‍ ജമാഅ. അവര്‍ക്കല്ലാതെ ഈ വിശേഷണങ്ങള്‍ പൂര്‍ണമായി ശരിയാവുകയുമില്ല.

തെറ്റുകള്‍ അംഗീകരിക്കുന്നവരും അതില്‍ നിന്ന് പാപമോചനം തേടുന്നവരും പരസ്പരം പാപമോചനത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നവരും സത്യവിശ്വാസികളായ സഹോദരങ്ങളോട് വിദ്വേഷവും പകയും ഇല്ലാതാക്കാന്‍ അതീവ ശ്രമം നടത്തുന്നവരുമാണെന്നും അവരെക്കുറിച്ച് വിശദീകരിക്കുന്നു. നാം ഇവിടെ പറഞ്ഞ കാര്യങ്ങളെ സ്ഥിരീകരിക്കുന്നതും അവര്‍ക്ക് പരസ്പരമുള്ള സ്‌നേഹത്തെ ഉള്‍ക്കൊള്ളുന്നതുമാണ് അവരുടെ ഈ പ്രാര്‍ഥന. അവര്‍ തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനു വേണ്ടി ഇഷ്ടപ്പെടുന്നുണ്ടെന്നും സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ജീവിതത്തിലും മരണത്തിലുമെല്ലാം അവരോട് ഗുണകാംക്ഷയുള്ളവരാണെന്നതും ഉള്‍ക്കൊള്ളുന്നു.

ഇതെല്ലാം വിശ്വാസികള്‍ പരസ്പരമുള്ള കടമകളില്‍ പെട്ടതാണെന്നും ഈ പരിശുദ്ധ വചനം അറിയിക്കുന്നു. അവരുടെ പ്രാര്‍ഥന അവസാനിക്കുന്നത് അല്ലാഹുവിന്റെ സമ്പൂര്‍ണ കരുണയെയും വാല്‍സല്യത്തെയും അവരോടുള്ള നന്മയെയും അറിയിക്കുന്ന അല്ലാഹുവിന്റെ രണ്ട് പരിശുദ്ധനാമങ്ങള്‍ കൊണ്ടാണ്. അതില്‍ പെട്ടതു തന്നെയാണ് അടുത്തതും. മഹത്തായതാണ് അത്. അല്ലാഹുവോടും അവന്റെ സൃഷ്ടികളോടുമുള്ള കടമകള്‍ നിര്‍വഹിക്കാന്‍ അവര്‍ക്ക് തൗഫീഖ് (സഹായം) നല്‍കിയെന്നതാണ്.

ഈ മൂന്ന് വിഭാഗവും ഈ സമുദായത്തില്‍ പെട്ടവര്‍ തന്നെയാണ്. അവര്‍ ഇസ്‌ലാമിന്റെ നന്മക്ക് വേണ്ടി നീക്കിവെച്ച (ഫൈഅ്) യുദ്ധസ്വത്തിന് അര്‍ഹതപ്പെട്ടവരാണ്. അതില്‍ അര്‍ഹതപ്പെട്ടവരുടെ കൂട്ടത്തില്‍ പെട്ടവര്‍ തന്നെ. അല്ലാഹു അവന്റെ അനുഗ്രഹത്താലും കാരുണ്യത്താലും അവരുടെ കൂട്ടത്തില്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ.