മുനാഫിഖൂന്‍ (കപടവിശ്വാസികള്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ജൂലൈ 25 1441 ദുല്‍ഹിജ്ജ 04

അധ്യായം: 63, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَنْ ذِكْرِ اللَّهِ ۚ وَمَنْ يَفْعَلْ ذَٰلِكَ فَأُولَٰئِكَ هُمُ الْخَاسِرُونَ (٩) وَأَنْفِقُوا مِنْ مَا رَزَقْنَاكُمْ مِنْ قَبْلِ أَنْ يَأْتِيَ أَحَدَكُمُ الْمَوْتُ فَيَقُولَ رَبِّ لَوْلَا أَخَّرْتَنِي إِلَىٰ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُنْ مِنَ الصَّالِحِينَ (١٠) وَلَنْ يُؤَخِّرَ اللَّهُ نَفْسًا إِذَا جَاءَ أَجَلُهَا ۚ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ (١١)
(9). സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍നിന്ന് നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ അവര്‍ തന്നെയാണ് നഷ്ടക്കാര്‍. (10). നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും: എന്റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്. (11). ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

9). അല്ലാഹുവിനുള്ള ദിക്ര്‍ (സ്മരണ) വര്‍ധിപ്പിക്കാനാണ് തുടര്‍ന്ന് അല്ലാഹു നിര്‍ദേശിക്കുന്നത്. അതില്‍ ലാഭവും വിജയവുമുണ്ട്, ധാരാളം നന്മകളും. അവന്റെ സ്മരണയില്‍ നിന്ന് മക്കളും സന്താനങ്ങളും തടയുന്നതിനെ വിലക്കുകയും ചെയ്യുന്നു. അധിക മനസ്സുകള്‍ക്കും സ്വത്തിനോടും സന്താനങ്ങളോടും അമിതസ്‌നേഹമുള്ള പ്രകൃതമാണ്. അത് അല്ലാഹുവിനോടുള്ള സ്‌നേഹത്തെക്കാള്‍ അവയ്ക്ക് മുന്‍ഗണന നല്‍കും. അത് വമ്പിച്ച് നഷ്ടമാണ്.

(ആര്‍ അങ്ങനെ ചെയ്യുന്നുവോ) സമ്പത്ത് കൊണ്ടും മക്കളെക്കൊണ്ടും അല്ലാഹുവിനെ സ്മരിക്കുന്നതില്‍ നിന്ന് അശ്രദ്ധമാവുക. (അക്കൂട്ടര്‍ തെന്നയാണ് നഷ്ടക്കാര്‍) ശാശ്വത സൗഭാഗ്യവും നിത്യസുഖാനുഗ്രഹങ്ങളും നഷ്ടപ്പെട്ടവര്‍. എന്നെന്നും അവശേഷിക്കുന്നതിന് പകരം നശിക്കുന്നതിനെയാണ് അവര്‍ തെരഞ്ഞെടുത്തത്.

إِنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ ۚ وَاللَّهُ عِنْدَهُ أَجْرٌ عَظِيمٌ

''നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്'' (64:15).

10). നിങ്ങള്‍ക്ക് നാം നല്‍കിയതില്‍നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക) സകാത്ത്, പ്രായച്ഛിത്തം പോലുള്ള നിര്‍ബന്ധ ദാനങ്ങള്‍, ഭാര്യമാര്‍ക്കും അടിമകള്‍ക്കും ചെലവുകൊടുക്കല്‍ മുതലായവയെല്ലാം ഇതിലുള്‍പ്പെടും. എല്ലാ നല്ല കാര്യങ്ങള്‍ക്കും നല്‍കുന്ന ഐച്ഛിക ദാനങ്ങളും ഉള്‍പ്പെടുത്താം.

(നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന്) ഇതില്‍ നിന്ന് മനസ്സിലാകുന്നത് ജനങ്ങള്‍ക്ക് പ്രയാസവും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന വിധം അവരെ നിര്‍ബന്ധക്കില്ലെന്നാണ്. അവരോട് നല്‍കാന്‍ നിര്‍ദേശിക്കുകയും അതിനുള്ള വഴികള്‍ സൗകര്യപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നു. അതിനാല്‍ സമ്പത്ത് ലഭിച്ചവര്‍ നന്ദി കാണിക്കണം; ആവശ്യക്കാര്‍ക്കും സഹോദരങ്ങള്‍ക്കും സഹായങ്ങള്‍ ചെയ്തുകൊണ്ട്.അതിന് മരണം വന്നെത്തുംമുമ്പ് ധൃതികാണിക്കുകയും വേണം. മരണം വന്നാല്‍ ഒരണുമണി തൂക്കം നന്മ പോലും ചെയ്യാനാവില്ല. (നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിന് മുമ്പായി) സാധിക്കുന്ന സമയത്ത് വീഴ്ച വരുത്തിയതിലുള്ള അതീവ ദുഃഖം കാരണം അവനൊരു തിരിച്ചുവരവിന് ആവശ്യപ്പെട്ടു. അതാവട്ടെ, അസാധ്യവുമാണ്. (എന്റെ രക്ഷിതാവേ, അടുത്ത ഒരവധിവരെ നീ എനിക്കെന്താണ് നീട്ടിത്തരാത്തത്) വീഴ്ച വന്നതിലെല്ലാം ഞാന്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാം.

(എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും) എന്റെ ധനത്തില്‍നിന്ന്; നരകത്തില്‍ നിന്ന് എനിക്ക് രക്ഷപ്പെടാനൊരു മുന്‍കരുതല്‍. മഹത്തായ പ്രതിഫലത്തിന് ഞാന്‍ അര്‍ഹനാവുകയും ചെയ്യാം.

(സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്) എല്ലാ കല്‍പനകളും നിര്‍വഹിച്ച്; നിഷിദ്ധങ്ങളെല്ലാം ഉപേക്ഷിച്ച്. ഹജ്ജും മറ്റു കര്‍മങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടും.

11). ഈ ചോദ്യത്തിന്റെയും വ്യാമോഹത്തിന്റെയും സമയം കഴിഞ്ഞു. അതിനി തിരിച്ചുകിട്ടുക സാധ്യമല്ല. (ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടിക്കൊടുക്കുകയേ ഇല്ല). ആ അവധി സുനിശ്ചിതമാണ്. (അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു). നന്മതിന്മകള്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലം നല്‍കും; ഉദ്ദേശ്യവും പ്രവര്‍ത്തനവും പരിഗണിച്ച്. (അവസാനിച്ചു)