സ്വഫ്ഫ് (അണി)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ആഗസ്ത് 29 1442 മുഹര്‍റം 10

അധ്യായം: 61, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ (١) يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ (٢) كَبُرَ مَقْتًا عِنْدَ اللَّهِ أَنْ تَقُولُوا مَا لَا تَفْعَلُونَ (٣) إِنَّ اللَّهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُمْ بُنْيَانٌ مَرْصُوصٌ (٤)

(1). ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിച്ചിരിക്കുന്നു. അവനാകുന്നു പ്രതാപിയും യുക്തിമാനും. (2). സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? (3). നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു. (4). (കല്ലുകള്‍) സുദൃഢമായി സംയോജിപ്പിച്ച ഒരു മതില്‍പോലെ അണിചേര്‍ന്നുകൊണ്ട് തന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.

1). അല്ലാഹുവിന്റെ മഹത്ത്വത്തെയും പരമാധികാരത്തെയും വ്യക്തമാക്കുകയാണിവിടെ. എല്ലാ വസ്തുക്കളും അവന് കീഴ്‌പ്പെട്ടിരിക്കുന്നു. അവന്‍ ഉന്നതനും അനുഗ്രഹപൂര്‍ണനുമാണ്. ആകാശഭൂമികൡലുള്ളവയെല്ലാം അവനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. അവനെ ആരാധിക്കുകയും അവനോട് തങ്ങളുടെ ആവശ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

(അവനാകുന്നു പ്രതാപി) അധികാരംകൊണ്ടും പ്രതാപം കൊണ്ടും സര്‍വവസ്തുക്കളെയും കീഴ്‌പ്പെടുത്തിയവന്‍. (യുക്തിമാനും) തന്റെ സൃഷ്ടിപ്പിലും ശാസനയിലും.

2). (സത്യവിശ്വാസികളെ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു) നിങ്ങള്‍ നന്മ പറയുകയും അതിന് പ്രേരിപ്പിക്കുകയും ചിലപ്പോള്‍ അതിനെ പ്രശംസിക്കുകയും ചെയ്യുന്നതെന്തിനാണ്; നിങ്ങള്‍ അത് പ്രവര്‍ത്തിക്കുന്നില്ലെന്നിരിക്കെ. തിന്മയെ നിങ്ങള്‍ വിലക്കുന്നു. ചിലപ്പോഴെല്ലാം നിങ്ങള്‍ അതില്‍നിന്ന് നിങ്ങളെ വിശുദ്ധപ്പെടുത്തുന്നു. നിങ്ങളാകട്ടെ, അതിന്റെ അഴുക്ക് പുരണ്ടവരും ആ തിന്മയെ സ്വീകരിച്ചവരുമാണെന്നിരിക്കെ!

3). ഈ ആക്ഷേപാര്‍ഹമായ നിലപാട് വിശ്വാസികള്‍ക്ക് ചേര്‍ന്നതാണോ? പ്രവര്‍ത്തിക്കാത്തത് അടിമ പറയുക എന്നത് അല്ലാഹുവിന്റെ അടുക്കല്‍ വലിയ കോപത്തിന് ഇടയാക്കുന്നതല്ലേ?

അതിനാല്‍ നന്മ കല്‍പിക്കുന്നവന്‍ അതിനോട് താല്‍പര്യംകാണിക്കുന്നവരില്‍ ആദ്യത്തവനാകണം. തിന്മയെ വിലക്കുന്നവന്‍ ജനങ്ങളില്‍ അതില്‍നിന്ന് ഏറ്റവും അകന്നുനില്‍ക്കുന്നവനുമാകണം.

أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنْسَوْنَ أَنْفُسَكُمْ وَأَنْتُمْ تَتْلُونَ الْكِتَابَ ۚ أَفَلَا تَعْقِلُونَ

''നിങ്ങള്‍ ജനങ്ങളോട് നന്മകല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്) മറന്നുകളയുകയുമാണോ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്?''(2:44).

പ്രവാചകന്‍ ശുഐബ്(അ) പറഞ്ഞു:

وَمَا أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَا أَنْهَاكُمْ عَنْهُ

''നിങ്ങളെ നാം ഒരു കാര്യത്തില്‍ വിലക്കുകയും എന്നിട്ട് നിങ്ങളില്‍നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല''(11:88).

4) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം ചെയ്യാന്‍ അല്ലാഹു പ്രോത്സാഹിപ്പിക്കുകയാണിവിടെ. അതെങ്ങനെ ചെയ്യണമെന്ന് അവരെ പഠിപ്പിക്കുകയും ചെയ്യുന്നു. സ്വഫ്ഫുകളില്‍ വിടവുണ്ടാകാത്തവിധം ഒരേപോലെ ചേര്‍ന്ന് അണിയായിനില്‍ക്കല്‍ ധര്‍മസമരത്തില്‍ നിര്‍ബന്ധമാണ്. അവരുടെ സ്വഫ്ഫുകള്‍ക്ക് ചിട്ടയും ക്രമവും ഉണ്ടായിരിക്കണം. അത് യോദ്ധാക്കള്‍ക്കിടയില്‍ സമത്വവും പരസ്പരശക്തിയും ഉണ്ടാക്കാനും ശത്രുവിനെ ഭയപ്പെടുത്താനും അവര്‍ക്ക് പരസ്പരം ആവേശം നല്‍കാനും ഉപകരിക്കും. അതിനാല്‍തന്നെ യുദ്ധസന്ദര്‍ഭത്തില്‍ നബി ﷺ തന്റെ അനുചരന്മാരെ, മറ്റൊരാള്‍ ചെയ്‌തേക്കും എന്ന് ചിന്തിച്ചു മാറിനില്‍ക്കാത്തവിധം ഓരോ സംഘത്തിനും സുപ്രധാന കേന്ദ്രങ്ങള്‍ നിശ്ചയിക്കുകയും തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കത്തക്കവിധം സ്ഥാനങ്ങള്‍ നിശ്ചയിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാവുകയും പൂര്‍ണത ലഭിക്കുകയും ചെയ്യും.