സ്വഫ്ഫ് (അണി), ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 സെപ്തംബര്‍ 12 1442 മുഹര്‍റം 24

അധ്യായം: 61, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ (٨‬) هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ (٩) يَا أَيُّهَا الَّذِينَ آمَنُوا هَلْ أَدُلُّكُمْ عَلَىٰ تِجَارَةٍ تُنْجِيكُمْ مِنْ عَذَابٍ أَلِيمٍ (١٠)

(8). അവര്‍ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു. (9). സന്‍മാര്‍ഗവും സത്യമതവും കൊണ്ട്-എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചുകാണിക്കുവാന്‍ വേണ്ടി-തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് (അത്) അനിഷ്ടകരമായാലും ശരി. (10). സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ?

8). അതിനാല്‍ അവരെപ്പറ്റി അല്ലാഹു പറയുന്നു: (അവര്‍ അല്ലാഹുവിന്റെ പ്രകാശം ഊതിക്കെടുത്താനാണ് ഉദ്ദേശിക്കുന്നത്) അവരുടെ സത്യത്തിനെതിരായ മോശമായ പരാമര്‍ശം കൊണ്ട്. സത്യത്തെ നിരാകരിക്കുന്ന മോശമായ സംസാരംകൊണ്ട്. അതില്‍ യാഥാര്‍ഥ്യമില്ല. മറിച്ച് അവര്‍ നിലകൊള്ളുന്ന നിരര്‍ഥകത മനസ്സിലാകുമ്പോള്‍ ഉള്‍ക്കാഴ്ച വര്‍ധിക്കുന്നു. (സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു) ഏതൊരു സത്യവുമായിട്ടാണോ അല്ലാഹു ദൂതന്മാരെ അയച്ചത്, ആ സത്യത്തെ പൂര്‍ത്തിയാക്കലും തന്റെ ദീനിനെ സഹായിക്കലും അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. മറ്റു പ്രദേശങ്ങളില്‍ അവന്റെ പ്രകാശത്തെ പ്രകടമാക്കാനും. സത്യനിഷേധികള്‍ വെറുത്താലും ശരി. അല്ലാഹുവിന്റെ പ്രകാശത്തെ കെടുത്താനുതകുന്ന, അവര്‍ക്ക് സാധിക്കുന്ന എല്ലാ വഴികളും സത്യത്തോടുള്ള അനിഷ്ടംമൂലം അവര്‍ ഉപയോഗിക്കുന്നു. അവര്‍ പരാജയപ്പെടുക തന്നെ ചെയ്യും. അവരുടെ ഉദാഹരണം സൂര്യനെ കെടുത്താന്‍ ഊതിക്കൊണ്ടിരിക്കുന്നവന്റെതാണ്. അവരുടെ ഉദ്ദേശ്യം നടക്കുകയില്ല. അവരുടെ ചിന്തകള്‍ വൈകൃതത്തില്‍നിന്നും മാലിന്യത്തില്‍നിന്നും മുക്തമല്ല.

9). ആശയപരമായും അല്ലാതെയും ഇസ്‌ലാം മതം വിജയിക്കുകയും തെളിഞ്ഞുനില്‍ക്കുകയും ചെയ്യുന്നതിന്റെ കാരണമാണ് തുടര്‍ന്ന് പറയുന്നത്. (സന്മാര്‍ഗവും സത്യവും കൊണ്ട് തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍) അതായത് സല്‍ക്കര്‍മവും പ്രയോജനകരമായ അറിവുംകൊണ്ട്. അല്ലാഹുവിലേക്കും അവന്റെ ആദരണീയ ഭവനത്തിലേക്കുമെത്തിക്കുന്ന അറിവ്. അത് സല്‍ക്കര്‍മങ്ങളിലേക്കും സല്‍സ്വഭാവത്തിലേക്കും നയിക്കുന്നു. ഇഹപര നന്മയിലേക്ക് വഴികാണിക്കുന്നു. (സത്യമതവും കൊണ്ട്) അനുസരിക്കപ്പെടുന്ന മതം. അത് സത്യവും യഥാര്‍ഥവുമാണ്. അതില്‍ ന്യൂനതയില്ല. ഒരു തരത്തിലുള്ള തകരാറുകള്‍ക്കുംഅത് വിധേയമല്ല. മറിച്ച് അതിന്റെ കല്‍പനകള്‍ ഹൃദയങ്ങള്‍ക്കും ആത്മാവുകള്‍ക്കും ഭക്ഷണമാണ്; ശരീരങ്ങള്‍ക്ക് ആശ്വാസവും. അതിന്റെ വിരോധങ്ങള്‍ ഉപേക്ഷിക്കുന്നതാകട്ടെ, എല്ലാ കുഴപ്പങ്ങളില്‍നിന്നും ദോഷങ്ങളില്‍നിന്നും സുരക്ഷ നല്‍കുന്നു. നബി ﷺ  നിയോഗിക്കപ്പെട്ട സന്മാര്‍ഗവും സത്യമതവും അദ്ദേഹത്തിന്റെ സത്യതയ്ക്കുള്ള ഏറ്റവുംവലിയ പ്രമാണവും തെളിവുമാണ്. ആ പ്രമാണം കാലംശേഷിക്കുന്നത്രയും ശേഷിക്കും. ബുദ്ധിമാന്‍ അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതുമൂലം സന്തോഷവും ഉള്‍ക്കാഴ്ചയും വര്‍ധിക്കും. (എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിച്ചുകാണിക്കാന്‍) പ്രമാണങ്ങളും തെളിവുകളുംകൊണ്ട് അത് മറ്റു മതങ്ങളെക്കാള്‍ ഉന്നതമാകാന്‍. അതിനെ നിലനിര്‍ത്തുന്നവര്‍ക്ക് വിജയമുണ്ടാകാനും.

എന്നാല്‍ ദീനിന്റെ കാര്യത്തില്‍ എല്ലായ്‌പ്പോഴും ഇക്കാര്യം അനിവാര്യമാണ്. ജയിക്കുന്നൊരാള്‍ക്കും ഈ മതത്തെ അതിജയിക്കാനാവില്ല. അതിേനാട് തര്‍ക്കിക്കുന്ന ഒരു താര്‍ക്കികനും പരാജയപ്പെടാതിരിക്കില്ല. അതിന് ആധിപത്യവും വിജയവുമുണ്ടായിരിക്കും. എന്നാല്‍ ദീനിനോടൊപ്പം നില്‍ക്കുന്നവര്‍ അതിനെ പുലര്‍ത്തുകയും അതിന്റെ വെളിച്ചം സ്വീകരിക്കുകയും ചെയ്താല്‍ മതകാര്യത്തിലും ഭൗതികകാര്യത്തിലും നന്മ വരുത്തുന്ന വഴി സ്വീകരിച്ചു. ഒരാളും അവര്‍ക്കുവേണ്ടി നിലകൊണ്ടില്ലെങ്കിലും അവര്‍ സര്‍വമതങ്ങളെയും അതിജയിക്കും. എന്നാല്‍ കേവലം മതത്തോടൊപ്പം നില്‍ക്കുകയും അതിനെ പാഴാക്കുകയും ചെയ്യുകയാണെങ്കില്‍ അതവര്‍ക്ക് ഒരു ഉപകാരവും ചെയ്യില്ല. അതിനോടുള്ള അവഗണന അവരുടെമേല്‍ ശത്രുവിന് അധികാരമുണ്ടാകാന്‍ കാരണമാകും. ചുറ്റുപാടുകള്‍ പഠിക്കുന്നവര്‍ക്കും, ആദ്യകാലക്കാരെയും പില്‍ക്കാലക്കാരെയും കുറിച്ച് ചിന്തിക്കുന്നവര്‍ക്കും ഇത് മനസ്സിലാകും.

10). ഇത് ഒരു ഉപദേശവും അറിയിപ്പും മാര്‍ഗനിര്‍ദേശവുമാണ്; പരമകാരുണികനില്‍നിന്ന് തന്റെ അടിമകള്‍ക്ക് മഹത്തായ ഒരു കച്ചവടത്തെക്കുറിച്ചും ശ്രേഷ്ഠമായ ഒരാവശ്യത്തെക്കുറിച്ചും ഉന്നതമായ ഒരാഗ്രഹത്തെക്കുറിച്ചും. അതുമൂലം വേദനയേറിയ ശിക്ഷയില്‍നിന്ന് രക്ഷ കരസ്ഥമാക്കാനും നിത്യസുഖാനുഗ്രഹംകൊണ്ട് വിജയിക്കാനുമാകും. എല്ലാ ബുദ്ധിമാന്മാരും ചെന്നെത്തുന്ന, ഉള്‍ക്കാഴ്ചയുള്ളവര്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഇവിടെ കൊണ്ടുവന്നത്.