ത്വലാഖ് (വിവാഹമോചനം): ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 മാര്‍ച്ച് 21 1441 റജബ് 26

അധ്യായം: 65, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ ۖ وَاتَّقُوا اللَّهَ رَبَّكُمْ ۖ لَا تُخْرِجُوهُنَّ مِنْ بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّا أَنْ يَأْتِينَ بِفَاحِشَةٍ مُبَيِّنَةٍ ۚ وَتِلْكَ حُدُودُ اللَّهِ ۚ وَمَنْ يَتَعَدَّ حُدُودَ اللَّهِ فَقَدْ ظَلَمَ نَفْسَهُ ۚ لَا تَدْرِي لَعَلَّ اللَّهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا (١) فَإِذَا بَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ فَارِقُوهُنَّ بِمَعْرُوفٍ وَأَشْهِدُوا ذَوَيْ عَدْلٍ مِنْكُمْ وَأَقِيمُوا الشَّهَادَةَ لِلَّهِ ۚ ذَٰلِكُمْ يُوعَظُ بِهِ مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ ۚ وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا (٢) وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ إِنَّ اللَّهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا (٣)
(1). നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദഃകാലം നിങ്ങള്‍ എണ്ണിക്കണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തു പോകുകയും ചെയ്യരുത്; പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്റെ നിയമപരിധികളാകാകുന്നു. അല്ലാഹുവിന്റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിന് ശേഷം അല്ലാഹു പുതുതായി വല്ലകാര്യവും കൊണ്ടുവന്നേക്കുമോ എന്ന് നിനക്ക് അറിയില്ല. (2). അങ്ങനെ അവര്‍ (വിവാഹമുക്തകള്‍) അവരുടെ അവധിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ പിടിച്ച് നിര്‍ത്തുകയോ, ന്യായമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യുക. നിങ്ങളില്‍നിന്നുള്ള രണ്ടു നീതിമാന്‍മാരെ നിങ്ങള്‍ സാക്ഷിനിര്‍ത്തുകയും അല്ലാഹുവിന് വേണ്ടി സാക്ഷ്യം നേരാംവണ്ണം നിലനിര്‍ത്തുകയും ചെയ്യുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ഉപദേശം നല്‍കപ്പെടുന്നതത്രെ അത്. അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കുകയും (3). അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്.

1). സത്യവിശ്വാസികളെയും നബി ﷺ യെയും അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു: (നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍) അതായത് നിങ്ങള്‍ വിവാഹമോചനം നടത്താന്‍ ഉദ്ദേശിച്ചാല്‍ അതിലുള്ള മതപരമായ കല്‍പനകള്‍ എന്താണെന്ന് നിങ്ങള്‍ അന്വേഷിക്കണം. കാരണങ്ങള്‍ കാണുമ്പോഴേക്കും അല്ലാഹുവിന്റെ കല്‍പന പരിഗണിക്കാതെയും ശ്രദ്ധിക്കാതെയും വിവാഹമോചനം ചെയ്യാന്‍ ധൃതി കാണിക്കരുത്.

മറിച്ച് അവരെ ത്വലാക്വ് ചെയ്യുമ്പോള്‍ (ഇദ്ദ കാലത്തിന്) അതായത് ശാരീരിക ബന്ധം പുലര്‍ത്താത്ത ശുദ്ധിയുടെ സമയത്ത് ഭാര്യയെ ത്വലാക്വ് ചെയ്യുക എന്നതിലൂടെ ഇദ്ദയുടെ കാലാവധി പരിഗണിക്കുക. ആര്‍ത്തവ സമയത്ത് വിവാഹമോചനം നടത്തുന്നതിനെക്കാള്‍ ഇദ്ദ വ്യക്തമാകുന്നത് ഇത്തരം വിവാഹമോചനത്തിലാണ്. കാരണം വിവാഹമോചനം നടന്ന ആര്‍ത്തവഘട്ടത്തെ അവള്‍ കണക്കുകൂട്ടാതിരിക്കുന്നതിനാല്‍ ഇദ്ദ കാലഘട്ടം നീണ്ടുപോവുകയും ചെയ്യും. അപ്രകാരം തന്നെ ശാരീരിക ബന്ധം നടന്ന ശുദ്ധികാലത്തുള്ള വിവാഹമോചനമാണെങ്കിലും പ്രശ്‌നമുണ്ട്.

ഗര്‍ഭധാരണം നടന്നിട്ടുണ്ടോ എന്ന സംശയവും ഗര്‍ഭിണിയുടെ ഇദ്ദയാണോ അല്ലാത്തതാണോ പരിഗണിക്കേണ്ടത് എന്ന അവ്യക്തതയും അവിടെ ഉണ്ടാകും. (ഇദ്ദകാലം നിങ്ങള്‍ എണ്ണിക്കണക്കാക്കുകയും ചെയ്യുക) ഈ കണക്കാക്കല്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ആര്‍ത്തവമുണ്ടാകുന്നുണ്ടെങ്കില്‍ അത് പരിഗണിച്ച് കണക്കാക്കണം എന്നാണ്. ഗര്‍ഭിണിയോ ആര്‍ത്തവം ഉണ്ടാവാത്തവളോ ആണെങ്കില്‍ മാസം കണക്കാക്കുകയാണ് വേണ്ടത്.

ഇദ്ദ കണക്കാക്കുന്നതില്‍ അല്ലാഹുവോടുള്ള കടമ നിര്‍വഹിക്കലും വിവാഹമോചനം നടത്തിയ ഭര്‍ത്താവിനോടും പിന്നീട് വിവാഹം കഴിക്കുന്ന ഭര്‍ത്താവിനോടുമുള്ള കടമ നിര്‍വഹണമുണ്ട്. അവള്‍ക്ക് ചെലവിന് കിട്ടുന്നതിലുള്ള അവകാശവും ഇതില്‍ പെടും. ഒരു സ്ത്രീ ഇദ്ദ കണക്കാക്കുമ്പോള്‍ അവളുടെ അവസ്ഥ അവള്‍ നന്നായി മനസ്സിലാക്കണം; തുടര്‍ന്ന് കിട്ടേണ്ട അവകാശങ്ങളെക്കുറിച്ചും. ഇദ്ദ കണക്കാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കല്‍പന ഭാര്യാഭര്‍ത്താക്കളോടാണ്; അവര്‍ മതകല്‍പനകള്‍ ബാധകമാക്കുന്നവരാണെങ്കില്‍. അല്ലാത്ത പക്ഷം രക്ഷാധികാരികളാണ് അത് ശ്രദ്ധിക്കേണ്ടത്.

(നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെനിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക) നിങ്ങളുടെ എല്ലാ കാര്യങ്ങളിലും. വിവാഹമോചിതകളായ ഭാര്യമാരുടെ അവകാശങ്ങള്‍ ശരിയായ രൂപത്തില്‍ നല്‍കുന്നതില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം. (അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്) ഇദ്ദയുടെ സമയത്ത് അതായത് വിവാഹമോചനം ചെയ്ത ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന്.

(അവര്‍ പുറത്തുപോകുകയും ചെയ്യരുത്) അവര്‍ സ്വയം പുറത്തുപോകാനും പാടില്ല. പുറത്ത് പോകുന്നത് വിരോധിക്കാന്‍ കാരണം ഭാര്യക്ക് താമസം നല്‍കേണ്ട ബാധ്യത ഭര്‍ത്താവിനാണ്. ഇദ്ദ പൂര്‍ത്തിയാക്കുന്നതിലൂടെ അവനോടുള്ള കടമയാണ് അവള്‍ നിര്‍വഹിക്കുന്നത്. പുറത്തുപോകുമ്പോള്‍ ഭര്‍ത്താവിനുള്ള കടമയാണ് പാഴാക്കപ്പെടുന്നത്; അവന്റെ സുരക്ഷയും. വീട്ടില്‍നിന്ന് പുറത്തുപോകാതിരിക്കലും പുറത്താക്കാതാരിക്കലും വിരോധിക്കപ്പെട്ടതാണ്.

(പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ). പുറത്താക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന വ്യക്തമായ മോശപ്പെട്ട വല്ല കാര്യവും അവര്‍ ചെയ്താലൊഴികെ. അതായത് അവളെ പുറത്താക്കിയില്ലെങ്കില്‍ ആ വീട്ടുകാര്‍ക്ക് വല്ല ബുദ്ധിമുട്ടുകളും വരുന്ന അവസ്ഥയുണ്ടെങ്കില്‍. മോശമായ പ്രവര്‍ത്തനങ്ങളോ വാക്കുകളോ കൊണ്ട് ദ്രോഹമുണ്ടാക്കല്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുറത്താക്കല്‍ അനുവദനീയമാണ്. കാരണം അവള്‍ തന്നെയാണല്ലോ പുറത്താക്കാന്‍ കരണങ്ങളുണ്ടാക്കിയത്. തുടര്‍ന്ന് താമസിപ്പിക്കല്‍ അവളോടുള്ള ഒരു കടയമാണ്. അവള്‍ തന്നെയാണ് അവള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്. ഇതെല്ലാം മടക്കിയെടുക്കാവുന്ന ത്വലാക്വിന് വിധേയയായ സ്ത്രീക്ക് ബാധകമായവയാണ്. എന്നാല്‍ മടക്കിയെടുക്കാവുന്ന ത്വലാക്വ് അല്ലെങ്കില്‍ അവള്‍ക്ക് താമസ സൗകര്യം നല്‍കല്‍ ചെലവിന് നല്‍കുന്നതിന്റെ അനുബന്ധമാണ്. ഇവള്‍ക്കത് നിര്‍ബന്ധമില്ല.

(അവ അല്ലാഹുവിന്റെ നിയമപരിധികളാകുന്നു) അതായത് തന്റെ ദാസന്മാര്‍ക്ക് അല്ലാഹു പരിധി നിശ്ചയിച്ച് നിയമമാക്കിയ അനിവാര്യ കല്‍പനകളും നിലനിര്‍ത്തേണ്ട കാര്യങ്ങളുമാകുന്നു.

(വല്ലവനും അതിലംഘിക്കുന്ന പക്ഷം) അതു പാലിക്കാതെ അതിരുവിടുകയോ വീഴ്ച വരുത്തുകയോ ചെയ്യുന്ന പക്ഷം. (അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു) അവ അവനോടുള്ള കടമയില്‍ വീഴ്ചവരുത്തി. ഇഹപര നന്മക്ക് ഉപകരിക്കുന്ന അല്ലാഹുവിന്റെ നിയമപരിധികള്‍ പിന്‍പറ്റുന്നതില്‍ വീഴ്ച സംഭവിക്കുകയും ചെയ്തു. (അതിന് ശേഷം അല്ലാഹു പുതുതായി വല്ല കാര്യവും കൊണ്ട് വന്നേക്കുമോ എന്ന നിനക്കറിയില്ല) അല്ലാഹു ഇദ്ദ നിശ്ചയിച്ചു, വിവാഹമോചനത്തില്‍ അതൊരു പരിധിയാക്കുകയും ചെയ്തു. അതില്‍ മഹത്തായ യുക്തിയുണ്ട്.

അതിലൊന്ന്: വിവാഹമോചിതന്റെ മനസ്സില്‍ ഒരുപക്ഷേ, കാരുണ്യവും സ്‌നേഹവും ഉണ്ടായേക്കാം. അങ്ങനെ അവന്‍ അവളെ മടക്കിയെടുക്കുകയും സഹവാസം നല്ല നിലയില്‍ പുനരാരംഭിക്കുകയും ചെയ്‌തേക്കാം. അതിന് സൗകര്യപ്പെടുന്ന ഒരു കാലാവധിയാണ് ഈ സമയം. വിവാഹമോചനത്തിന് ചില കാരണങ്ങളുണ്ടായേക്കാം. ഈ സമയത്ത് ആ കാരണങ്ങള്‍ ഇല്ലാതെയാവുകയും അവളെ മടക്കിയെടുക്കുകയും ചെയ്‌തേക്കാം.

മറ്റൊന്ന് ഈ കാത്തിരിപ്പിന്റെ സമയത്ത് തന്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ അവളുടെ കുഞ്ഞില്ല എന്ന് ഉറപ്പുവരുത്താനും കഴിയും.

2). (അങ്ങനെ അവര്‍ (വിവാഹമുക്തകള്‍) അവരുടെ അവധിയില്‍ എത്തുമ്പോള്‍) അതായത് ഇദ്ദയുടെ കാലാവധി അവസാനിക്കാറായാല്‍. കാരണം അവധി പൂര്‍ത്തിയായാല്‍ പിന്നീട് ഭര്‍ത്താവിന് നിലനിര്‍ത്താനോ പിരിച്ചുവിടാനോ സാധ്യമല്ല. (ന്യായമായ നിലയില്‍ അവരെ പിടിച്ചുനിര്‍ത്തുകയോ) നല്ല സഹവാസത്തോടെയും മനോഹരമായ പെരുമാറ്റത്തോടെയും. പ്രയാസപ്പെടുത്താതെയും തടഞ്ഞുവെക്കാതെയും തടഞ്ഞുവെക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുമല്ലാതെ. അത്തരത്തില്‍ പിടിച്ചുനിര്‍ത്തുന്നത് അനുവദനീയമല്ല.

(ന്യായമായ നിലയില്‍ അവരുമായി പിരിയുകയോ ചെയ്യുക). കുറ്റകരമല്ലാത്ത വേര്‍പിരിയലാണിത്. പരസ്പരം കലഹിക്കാതെയും ചീത്ത പറയാതെയും അവളുടെ ധനം അന്യായമായി അധികാരം ചെലുത്തി പിടിച്ചെടുക്കാതെയും.

(നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക) അവളുടെ വിവാഹമോചനത്തിനും മടക്കിയെടുക്കലിനും. (നിങ്ങളില്‍നിന്നുള്ള രണ്ടു നീതിമാന്മാരെ) മുസ്‌ലിമായ രണ്ടു നീതിമാന്മാരെ ഇവിടെ പരാമര്‍ശിച്ച സാക്ഷിത്വം തര്‍ക്കത്തിന്റെ കവാടം അടക്കുന്നതിന് വേണ്ടിയാണ്. അവര്‍ രണ്ടുപേരും മറച്ചുവെക്കുന്ന കാര്യങ്ങളില്‍ ആവശ്യമായത് വ്യക്തമാകാനും വ്യക്തമാകേണ്ട കാര്യങ്ങളെ അവര്‍ രണ്ടുപേരും മറച്ചുവെക്കുന്നതിനെ തടയാനും സാധിക്കും.

(സാക്ഷ്യം നേരാംവണ്ണം നിലനിര്‍ത്തുകയും ചെയ്യുക) സാക്ഷികളെ (അല്ലാഹുവിന് വേണ്ടി സാക്ഷ്യം) അതിന്റെ ശരിയായ രൂപത്തില്‍ നിങ്ങള്‍ അതിനെ കൊണ്ടുവരണം. കൂട്ടുകയോ കുറക്കുകയോ ചെയ്യാതെ. അത് നിര്‍വഹിക്കുന്നതില്‍ അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിക്കണം. ബന്ധു തന്റെ ബന്ധം മൂലം ബന്ധുക്കള്‍ക്ക് വേണ്ടിയോ കൂട്ടുകാരന്‍ കൂട്ടുകാര്‍ക്ക് വേണ്ടിയോ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം.

(അത്) മതനിയമങ്ങളില്‍ നിന്നും വിധികളില്‍ നിന്നും നാം പരാമര്‍ശിച്ച കാര്യങ്ങല്‍ (അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ച് കൊണ്ടിരിക്കുന്നുവര്‍ക്ക് ഉപദേശം നല്‍കപ്പെടുന്നതത്രെ). തീര്‍ച്ചയായും അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസം അല്ലാഹുവിന്റെ ഉപദേശങ്ങളെ സ്വീകരിക്കാന്‍ വിശ്വാസിയെ നിര്‍ബന്ധതിനാക്കും. കഴിയുന്നത്ര സല്‍പ്രവര്‍ത്തനങ്ങള്‍ തന്റെ പരലോക ജീവത്തിന് വേണ്ടി ചെയ്തുവെക്കുവാനും.

എന്നാല്‍ ഹൃദയത്തില്‍ വിശ്വാസമില്ലാത്തവന്‍ നേരെ മറിച്ചാണ്. അവര്‍ തിന്മ പ്രവര്‍ത്തിക്കുന്നത് പ്രശ്‌നമാക്കില്ല. അല്ലാഹുവിന്റെ ഉപദേശങ്ങള്‍ക്ക് വില കല്‍പിക്കില്ല. കാരണം അവനത് നിര്‍ബന്ധമല്ലല്ലോ. ചിലപ്പോള്‍ വിവാഹമോചനം മൂലം പ്രയാസങ്ങളും ദുഃഖങ്ങളും മനോവേദനകളും ഉണ്ടായേക്കും. അല്ലാഹു അവനെ സൂക്ഷിച്ചുജീവിക്കാന്‍ കല്‍പിക്കുകയും വിവാഹമോചനത്തിലും മറ്റ് അവസ്ഥകളിലും അല്ലാഹുവിനെ സൂക്ഷിക്കുന്നവര്‍ക്ക് ആശ്വാസവും തുറവിയും നല്‍കുമെന്ന് വാക്ക് നല്‍കുകയും ചെയ്യുന്നു. ഒരാള്‍ വിവാഹമോചനം ഉദ്ദേശിക്കുന്നുവെങ്കില്‍ അത് മതനിയമമനുസരിച്ചാണ് ചെയ്യേണ്ടത്. അതാവട്ടെ, ആര്‍ത്തവമില്ലാത്ത സമയത്ത് ഒരു ത്വലാക്വ് നടത്തുക എന്നതാണ്. അവന്‍ അവളുമായി ശാരീരികബന്ധം പുലര്‍ത്തിയ ശുദ്ധസമയത്തും ആവരുത്. അങ്ങനെ ചെയ്താല്‍ ആ വിവാഹമോചനം അവന് പ്രയാസകരമാവില്ല. അതില്‍ അവനല്ലാഹു ആശ്വാസം നല്‍കും. ത്വലാക്വില്‍ ഖേദം തോന്നുകയാണെങ്കില്‍ വീണ്ടും നിക്കാഹിലൂടെ തിരിച്ചെടുക്കാന്‍ സൗകര്യപ്പെടുകയും ചെയ്‌തേക്കും.

ഈ വചനം വിവാഹമോചനത്തെ കുറിച്ച് പറയുന്ന സന്ദര്‍ഭത്തിലാണെങ്കിലും അത് ഉള്‍ക്കൊള്ളുന്ന പാഠം അല്ലാഹുവിനെ സൂക്ഷിക്കുന്ന സര്‍വര്‍ക്കും ജീവിതസാഹചര്യങ്ങളിലെല്ലാം അവന്റെ തൃപ്തിയില്‍ നിലകൊള്ളുന്നവര്‍ക്കും ബാധകമാണ്. അല്ലാഹു അവന് ഇഹത്തിലും പരത്തിലും പ്രതിഫലം നല്‍കും. എല്ലാ വിഷമങ്ങളില്‍ നിന്നും ബുദ്ധിമുട്ടുകളില്‍ നിന്നും ആശ്വാസവും തുറവിയും നല്‍കുക എന്നതും അവന്റെ പ്രതിഫലത്തില്‍ പെട്ടത് തന്നെയാണ്.

എന്നാല്‍ അല്ലാഹുവിനെ സൂക്ഷിക്കാത്തവന്റെ അവസ്ഥയോ? പ്രയാസങ്ങളിലും രക്ഷപ്പെടാന്‍ പറ്റാത്ത, ദുരന്തങ്ങളവസാനിക്കാത്ത, ചങ്ങലകളിലും പ്രയാസങ്ങളിലും അകപ്പെടും; വിവാഹമോചനത്തിലും. അതിനെ നീ പരിഗണിക്കുക. ഒരാള്‍ അല്ലാഹുവിനെ സൂക്ഷിക്കാതെ മുത്ത്വലാക്വ് പോലുള്ളവ നടത്തിയാല്‍ തീര്‍ച്ചയായും വീണ്ടുവിചാരം സാധിക്കാത്ത വിധം, രക്ഷപ്പെടാന്‍ കഴിയാത്തവണ്ണം അവന്‍ ഖേദിക്കേണ്ടിവരും.