മുല്‍ക് (ആധിപത്യം) : ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ഫെബ്രുവരി 01 1441 ജുമാദല്‍ ആഖിറ 02

അധ്യായം: 67, ഭാഗം: 2

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

تَكَادُ تَمَيَّزُ مِنَ الْغَيْظِ ۖ كُلَّمَا أُلْقِيَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ نَذِيرٌ (٨‬) قَالُوا بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللَّهُ مِنْ شَيْءٍ إِنْ أَنْتُمْ إِلَّا فِي ضَلَالٍ كَبِيرٍ (٩) وَقَالُوا لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِي أَصْحَابِ السَّعِيرِ (١٠) فَاعْتَرَفُوا بِذَنْبِهِمْ فَسُحْقًا لِأَصْحَابِ السَّعِيرِ (١١) إِنَّ الَّذِينَ يَخْشَوْنَ رَبَّهُمْ بِالْغَيْبِ لَهُمْ مَغْفِرَةٌ وَأَجْرٌ كَبِيرٌ (١٢)
(8) കോപം നിമിത്തം അത് പൊട്ടിപ്പിളര്‍ന്ന് പോകുമാറാകും. അതില്‍ (നരകത്തില്‍) ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും: നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നില്ലേ? (9) അവര്‍ പറയും: അതെ ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. അപ്പോള്‍ ഞങ്ങള്‍ നിഷേധിച്ചു തള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ല, നിങ്ങള്‍ വലിയ വഴികേടില്‍ തന്നെയാകുന്നു എന്ന് ഞങ്ങള്‍ പറയുകയുമാണ് ചെയ്തത്. (10) ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്‌നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവര്‍ പറയും. (11) അങ്ങനെ അവര്‍ തങ്ങളുടെ കുറ്റം ഏറ്റുപറയും. അപ്പോള്‍ നരകാഗ്‌നിയുടെ ആള്‍ക്കാര്‍ക്കു ശാപം. (12) തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്.

8). നരകക്കാരെ അതിന്റെ കാവല്‍ക്കാര്‍ അപമാനിക്കുന്നതിനെ കുറിച്ചാണ് തുടര്‍ന്ന് പറയുന്നത്: (അതില്‍ ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും. നിങ്ങളുടെ അടുക്കല്‍ മുന്നറിയിപ്പുകാരന്‍ വന്നിരുന്നില്ലേ?) ഈ അവസ്ഥയെക്കുറിച്ചും നരകത്തിന്റെ അവകാശികളാരാണെന്നും യാതൊരു വിവരവും അറിയിക്കപ്പെടുകയോ താക്കീത് നല്‍കപ്പെടുകയോ ചെയ്യപ്പെടാത്തതു പോലെയുണ്ട്.

9). (അവര്‍ പറയും: ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. അപ്പോള്‍ ഞങ്ങള്‍ നിഷേധിച്ചു തള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ല. നിങ്ങള്‍ വലിയ വഴികേടില്‍ തന്നെയാകുന്നു എന്ന് ഞങ്ങള്‍ പറയുകയുമാണ് ചെയ്തത്) അല്ലാഹു ഇറക്കിയതെല്ലാം അവര്‍ നിഷേധിച്ചു. അതുകൊണ്ടും അവര്‍ മതിയാക്കിയില്ല. സന്മാര്‍ഗം സ്വീകരിച്ചവര്‍ക്ക് വഴികാണിക്കുന്നവരും താക്കീത് ചെയ്യുന്നവരുമായ പ്രവാചകന്മാര്‍ വഴിപിഴപ്പിച്ചവരാണെന്ന് അവര്‍ പ്രഖ്യാപിച്ചു. അങ്ങനെ അവര്‍ അങ്ങേയറ്റം വഴികേടിലായി. ഇതിനെക്കാള്‍ വലിയ അക്രമവും അഹങ്കാരവും മറ്റെന്താണുള്ളത്?

10). (അവര്‍ പറയും) സത്യത്തിനും സന്മാര്‍ഗത്തിനും അവര്‍ അനര്‍ഹരാണെന്ന് അംഗീകരിച്ചുകൊണ്ട്. (ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവര്‍ പറയും) സന്മാര്‍ഗത്തിന്റെ വഴികളില്‍ നിന്ന് അവര്‍ സ്വയം വിട്ടുനിന്നു. അല്ലാഹു ഇറക്കിയതും പ്രവാചകന്മാര്‍ കൊണ്ടുവന്നതും കേള്‍ക്കണം. അതുപോലെ വ്യക്തിക്ക് പ്രേയാജനം നല്‍കുന്ന ചിന്തയും വിഷയങ്ങളില്‍ സത്യസന്ധമായ നിലപാടും വേണം. നന്മയെ തിരഞ്ഞെടുക്കുകയും ആക്ഷേപകരമായ ഫലങ്ങളുണ്ടാക്കുന്ന കാര്യങ്ങള്‍ കേള്‍ക്കാതെയും ചിന്തിക്കാതെയും വിട്ടുനില്‍ക്കുകയും ചെയ്യുക.

ഇവരുടെ നിലപാട് അറിവും ബോധ്യവുമുള്ള വിശ്വാസവും സത്യസന്ധതയുമുള്ളവരുടെ  നിലപാടിനെതിരാണ്. കേട്ട തെളിവുകള്‍ കൊണ്ട് അവരുടെ വിശ്വാസങ്ങളെ അര്‍ ശക്തിപ്പെടുത്തി. അല്ലാഹുവിന്റെ അടുക്കല്‍ നിന്നും വന്നതും റസൂല്‍ ﷺ  കൊണ്ടുവന്നതും അറിഞ്ഞും പ്രവര്‍ത്തിച്ചും അവര്‍ സ്വീകരിച്ചു. ബുദ്ധിപരമായ തെളിവ് എന്നത് വഴികേടില്‍ നിന്ന് സന്മാര്‍ഗത്തെയും ചീത്തയില്‍ നിന്ന് നല്ലതിനെയും തിന്മയില്‍ നിന്ന് നന്മയെയും തിരിച്ചറിയലാണ്.

ബുദ്ധിയും പ്രമാണവും സ്വീകരിക്കാന്‍ അല്ലാഹു അവര്‍ക്ക് നല്‍കിയ അനുഗ്രഹത്തിനനസരിച്ച് അവര്‍ വിശ്വാസത്തിലെത്തി. അവനുദ്ദേശിക്കുന്ന തന്റെ അടിമകള്‍ക്ക് അവന്‍ അനുഗ്രഹം നല്‍കുന്നു. നന്മക്ക് പറ്റാത്തവരെ അവന്‍ കയ്യൊഴിക്കുന്നു. തങ്ങളുടെ ധിക്കാരവും അക്രമവും അംഗീകരിക്കുകയും നരകത്തില്‍ പ്രവേശിക്കുകയുംചെയ്യുന്നവരെക്കുറിച്ച് അല്ലാഹു പറയുന്നു:

11). (അങ്ങനെ അവര്‍ തങ്ങളുടെ കുറ്റം ഏറ്റുപറയും. അപ്പോള്‍ നരകാഗ്നിയുടെ ആള്‍ക്കാര്‍ക്കു ശാപം) അവര്‍ക്ക് നാശവും നഷ്ടവും ദൗര്‍ഭാഗ്യവും. എന്തുമാത്രം ഭാഗ്യംകെട്ടവരും നിന്ദ്യരുമാണവര്‍! അല്ലാഹുവിന്റെ പ്രതിഫലം നഷ്ടപ്പെട്ടുപോവുക. കത്തിജ്വലികുന്ന നരകത്തില്‍ കഴിയേണ്ടിവരിക. അത് ശരീരങ്ങളെ കത്തിക്കും. ഹൃദയങ്ങളിലേക്ക് ആളിപ്പടരും.

12). അധര്‍മകാരികളുടെയും ഭാഗ്യംകെട്ടവരുടെയും അവസ്ഥ പഞ്ഞപ്പോള്‍ തന്നെ സൗഭാഗ്യവാന്മാരായ പുണ്യവാന്മാരുടെ ഗുണങ്ങളും പറയുന്നു: (തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍) ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും അല്ലാഹു അല്ലാതെ മറ്റാരും കാണാത്ത സന്ദര്‍ഭങ്ങളിലും തെറ്റായി പ്രവര്‍ത്തിക്കുകയോ കല്‍പനകളില്‍ വീഴ്ച വരുത്തുകയോ ഇല്ല.

(അവര്‍ക്ക് പാപമോചനവും) അവരുടെ തെറ്റുകള്‍ക്ക്, അതവര്‍ക്ക് പൊറുത്ത് കൊടുത്താല്‍ തിന്മകളില്‍ നിന്ന് അവരെ രക്ഷിക്കുകയും നരകശിക്ഷയില്‍ നിന്ന് സംരക്ഷിതരാക്കുകയും ചെയ്യും. (വലിയ പ്രതിഫലവും). നിത്യമായ സുഖാനുഗ്രഹങ്ങളില്‍ അല്ലാഹു അവര്‍ക്ക് വേണ്ടി തയ്യാറാക്കിയതാണത്. വലിയ അധികാരവും തുടര്‍ച്ചയായ ആസ്വാദനങ്ങളും ഉന്നതമായ ഭവനങ്ങളും കൊട്ടാരങ്ങളും സുന്ദരികളായ സ്വര്‍ഗസ്ത്രീകളും സേവകരും കുട്ടികളുമെല്ലാം സ്വര്‍ഗത്തില്‍ താമസിക്കുന്നവര്‍ക്ക് ലഭിക്കുന്നു. പരമകാരുണികന്റെ തൃപ്തിയാണ് സ്വര്‍ഗത്തില്‍ ഏറ്റവും മഹത്തായത്.