സ്വഫ്ഫ് (അണി), ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 സെപ്തംബര്‍ 05 1442 മുഹര്‍റം 17

അധ്യായം: 61, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِذْ قَالَ مُوسَىٰ لِقَوْمِهِ يَا قَوْمِ لِمَ تُؤْذُونَنِي وَقَدْ تَعْلَمُونَ أَنِّي رَسُولُ اللَّهِ إِلَيْكُمْ ۖ فَلَمَّا زَاغُوا أَزَاغَ اللَّهُ قُلُوبَهُمْ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ (٥) وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّهِ إِلَيْكُمْ مُصَدِّقًا لِمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِنْ بَعْدِي اسْمُهُ أَحْمَدُ ۖ فَلَمَّا جَاءَهُمْ بِالْبَيِّنَاتِ قَالُوا هَٰذَا سِحْرٌ مُبِينٌ (٦) وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ الْكَذِبَ وَهُوَ يُدْعَىٰ إِلَى الْإِسْلَامِ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ (٧‬)

(5). മൂസാ തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്? ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അങ്ങനെ അവര്‍ തെറ്റിയപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളഞ്ഞു. അല്ലാഹു ദുര്‍മാര്‍ഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല. (6). മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്‌റാഈല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും എനിക്കുശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളുംകൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു. (7). താന്‍ ഇസ്‌ലാമിലേക്ക് ക്ഷണിക്കപ്പെടുമ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല.

(5). (മൂസാ തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം) അവരുടെ ചെയ്തികളെ ആക്ഷേപിച്ചുകൊണ്ട്, അദ്ദേഹത്തെ ഉപദ്രവിക്കുന്നതിനെ താക്കീത് ചെയ്തുകൊണ്ട്. അവര്‍ക്കാകട്ടെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണെന്ന് അറിയുകയും ചെയ്യും. (നിങ്ങള്‍ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്) വാക്കിലും പ്രവൃത്തിയിലും. (ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ) ഒരു പ്രവാചകന്റെ അവകാശങ്ങളില്‍ പെട്ടതാണ് ആദരവും മഹത്ത്വവും അദ്ദേഹത്തിന്റെ കല്‍പനകള്‍ പാലിക്കാന്‍ താല്‍പര്യം കാണിക്കലും. അല്ലാഹു ചെയ്യുന്ന ഗുണത്തെ മാറ്റിനിര്‍ത്തിയാല്‍ ഏറ്റവുമധികം ഗുണം ചെയ്യുന്നവന്‍ പ്രവാചകനാണ്. അവര്‍ മനസ്സിലാക്കിയ ശേഷം തള്ളിക്കളഞ്ഞ ആ ശരിയായ മാര്‍ഗത്തില്‍നിന്ന് അവരെ വ്യതിചലിക്കാതെ നിര്‍ത്തുക എന്നതാണ് ആ ഗുണം. അതാണ് അല്ലാഹു പറഞ്ഞത്. അവരുടെ യഥാര്‍ഥ ലക്ഷ്യത്തില്‍നിന്ന് അവര്‍ തെറ്റിപ്പോയപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളഞ്ഞു; വഴിതെറ്റുന്നതിനെ അവര്‍ തങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുക്കുകയും തൃപ്തിപ്പെടുകയും ചെയ്തപ്പോള്‍ അവര്‍ക്കതിനുള്ള ശിക്ഷയായിട്ട്. സന്മാര്‍ഗത്തിലെത്താന്‍ അവസരവും നല്‍കിയില്ല. അവര്‍ തിന്മക്ക് പറ്റിയവരാണ്. നന്മക്ക് അനുയോജ്യരല്ല. (അല്ലാഹു ദുര്‍മാര്‍ഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല) അധാര്‍മികത അവരുടെ സവിശേഷതയായിരിക്കുന്നേടത്തോളം കാലവും സന്മാര്‍ഗം ലക്ഷ്യമാകാത്തപ്പോഴും. അല്ലാഹു ഒരടിമയെ വഴിതെറ്റിക്കുന്നത് അക്രമപരമായിട്ടല്ലെന്നും അതിലവര്‍ക്ക് അല്ലാഹുവിനെതിരെ പറയാന്‍ ന്യായമില്ലെന്നും ഈ പരിശുദ്ധ വചനത്തിലുണ്ട്. അവര്‍ തന്നെയാണ് അതിന്റെ കാരണക്കാര്‍. അറിഞ്ഞിട്ടും സന്മാര്‍ഗത്തിന്റെ വാതില്‍ തങ്ങള്‍ക്കവര്‍ അടച്ചിട്ടതാണ് കാരണം. അതിനുള്ള പ്രതിഫലമായിട്ടാണ് വഴികേടും ഹൃദയമാറ്റവും അല്ലാഹു അവരോടുള്ള നീതിയെന്ന നിലയ്ക്കു നല്‍കിയത്.

''ഇതില്‍ ആദ്യതവണ അവര്‍ വിശ്വസിക്കാതിരുന്നതു പോലെത്തന്നെ (ഇപ്പോഴും) നാം അവരുടെ മനസ്സുകളെയും കണ്ണുകളെയും മറച്ചുകൊണ്ടിരിക്കും. അവരുടെ ധിക്കാരവുമായി വിഹരിച്ചുകൊള്ളാന്‍ നാം അവരെ വിട്ടേക്കുകയും ചെയ്തു'' (6:110).

6) ഈസബ്‌നു മര്‍യം പ്രബോധനം ചെയ്ത പൂര്‍വ ഇസ്‌റാഈല്‍ സന്തതികളുടെ ധിക്കാരത്തെക്കുറിച്ച് അല്ലാഹു പറയുന്നു; ഈസാ(അ) അവരോടു പറഞ്ഞു: (ഇസ്‌റാഈല്‍ സന്തതികളേ, ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാണ്) നിങ്ങളില്‍ തിന്മ വിരോധിക്കാനും നന്മയിലേക്ക് നിങ്ങളെ ക്ഷണിക്കാനും അല്ലാഹു എന്നെ നിയോഗിച്ചു. വ്യക്തമായ പ്രമാണങ്ങള്‍കൊണ്ട് അവനെന്നെ ശക്തിപ്പെടുത്തി. എന്റെ സത്യതയെ തെളിയിക്കുന്ന തെളിവുകളില്‍ പെട്ടതാണത്. (എന്റെ മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായും) എന്നെക്കുറിച്ച് വിവരം നല്‍കുകയും സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു അത്. അങ്ങനെ ഞാന്‍ വരികയും അതിനെ സത്യപ്പെടുത്തുന്നവനായി നിയോഗിക്കപ്പെടുകയും ചെയ്തു. (എനിക്കുശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും) അദ്ദേഹം ഹാശിം ഗോത്രക്കാരനും പ്രവാചകനും അബ്ദുല്‍മുത്ത്വലിബിന്റെ മകന്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദുമാണ്. ഈസാനബി(അ) മറ്റു പ്രവാചകന്മാരെ പോലെത്തന്നെ തനിക്കു മുമ്പുള്ള പ്രവാചകനെയും ശേഷം വരുന്ന പ്രവാചകനെയും സത്യപ്പെടുത്തുന്നു; സത്യനിഷേധികളില്‍നിന്ന് വ്യത്യസ്തമായി. അവര്‍ പ്രവാചകന്മാരെ ശക്തമായി ഖണ്ഡിക്കുന്നവരാണ്. അവരുടെ പ്രത്യേകതകളെയും സ്വഭാവഗുണങ്ങളെയും കല്‍പനാവിരോധങ്ങളെയും അവര്‍ എതിര്‍ക്കുകയും ചെയ്യുന്നു. (അങ്ങനെ അദ്ദേഹം ചെന്നപ്പോള്‍) ഈസാനബി(അ) സന്തോഷവാര്‍ത്ത അറിയിച്ച മുഹമ്മദ് നബി ﷺ . (വ്യക്തമായ തെളിവുകളും കൊണ്ട്) അദ്ദേഹമാണതെന്ന് വ്യക്തമായി അറിയിക്കുന്ന തെളിവുകള്‍. അദ്ദേഹം സത്യദൂതനാണെന്ന തെളിവ്. (അവര്‍ പറഞ്ഞു) സത്യത്തോട് എതിരിടുന്നവരും അദ്ദേഹത്തെ കളവാക്കുന്നവരും. (ഇത് വ്യക്തമായ ജാലവിദ്യയാകുന്നു) ഇത് ഏറ്റവും വലിയ അത്ഭുതമാണ്. പകല്‍സൂര്യനെക്കാള്‍ വ്യക്തമായതും തെളിമായാര്‍ന്ന സന്ദേശങ്ങളുമുള്ള പ്രവാചകനെ വ്യക്തമായ ജാലവിദ്യക്കാരനാക്കുന്നു. ഇതിലും വലിയ ചതിയെന്താണുള്ളത്? വ്യക്തമായ പ്രവാചകസന്ദേശങ്ങള്‍ക്ക് ഒരിക്കലും നിരക്കാത്ത ഈ ആരോപണത്തെക്കാള്‍ വലിയ മറ്റൊരാരോപണമുണ്ടോ?

7). (അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ വലിയ അക്രമി ആരുണ്ട്?). ഇതുപോലുള്ളതോ അല്ലാത്തതോ അവന് ന്യായമില്ല, അവന്റെ തെളിവുകള്‍ മുറിഞ്ഞുപോയിരിക്കുന്നു. (താന്‍ ഇസ്‌ലാമിലേക്ക് ക്ഷണിക്കപ്പെടുമ്പോള്‍) വ്യക്തമായ തെളിവുകളുടെയും പ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ അതവന് വിശദീകരിച്ചു കൊടുത്തുകൊണ്ട്. (അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല) അവര്‍ തങ്ങളുടെ അക്രമങ്ങളില്‍ നിലകൊള്ളുന്നിടത്തോളം കാലം. ഒരുപദേശവും അവരെ മാറ്റുകയില്ല. പ്രമാണമാകട്ടെ, വിശദീകരണങ്ങളാകട്ടെ അവരെ ഭയപ്പെടുത്തുകയുമില്ല. പ്രത്യേകിച്ചും അസത്യത്തെ സഹായിക്കുകയും സത്യത്തെ ഖണ്ഡിക്കാന്‍ അതിനെതിരെ നിലകൊള്ളുകയും ചെയ്യുന്ന ഈ അക്രമികളെ. (അവസാനിച്ചില്ല)