മുല്‍ക് (ആധിപത്യം) : ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ഫെബ്രുവരി 08 1441 ജുമാദല്‍ ആഖിറ 09

അധ്യായം: 67, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَأَسِرُّوا قَوْلَكُمْ أَوِ اجْهَرُوا بِهِ ۖ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ (١٣) أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ (١٤) هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِنْ رِزْقِهِ ۖ وَإِلَيْهِ النُّشُورُ (١٥) أَأَمِنْتُمْ مَنْ فِي السَّمَاءِ أَنْ يَخْسِفَ بِكُمُ الْأَرْضَ فَإِذَا هِيَ تَمُورُ (١٦) أَمْ أَمِنْتُمْ مَنْ فِي السَّمَاءِ أَنْ يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ (١٧) وَلَقَدْ كَذَّبَ الَّذِينَ مِنْ قَبْلِهِمْ فَكَيْفَ كَانَ نَكِيرِ (١٨)
(13) നിങ്ങളുടെ വാക്ക് നിങ്ങള്‍ രഹസ്യമാക്കുക. അല്ലെങ്കില്‍ പരസ്യമാക്കിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ (അല്ലാഹു) ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു. (14) സൃഷ്ടിച്ചുണ്ടാക്കിയവന്‍ (എല്ലാം) അറിയുകയില്ലേ? അവന്‍ നിഗൂഢരഹസ്യങ്ങള്‍ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (15) അവനാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍. അതിനാല്‍ അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്റെ ഉപജീവനത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്. (16) ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ അത് (ഭൂമി) ഇളകിമറിഞ്ഞു കൊണ്ടിരിക്കും. (17) അതല്ല, ആകാശത്തുള്ളവന്‍ നിങ്ങളുടെ നേരെ ഒരു ചരല്‍വര്‍ഷം അയക്കുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? എന്റെ താക്കീത് എങ്ങനെയുണ്ടെന്ന് നിങ്ങള്‍ വഴിയെ അറിഞ്ഞുകൊള്ളും. (18) തീര്‍ച്ചയായും അവര്‍ക്ക് മുമ്പുള്ളവരും നിഷേധിച്ചു തള്ളിയിട്ടുണ്ട്. അപ്പോള്‍ എന്റെ പ്രതിഷേധം എങ്ങനെയായിരുന്നു?

13). തുടര്‍ന്ന് അറിയിക്കുന്നത് അല്ലാഹുവിന്റെ അറിവിന്റെ വിശാലതയും സ്‌നേഹത്തിന്റെ സമ്പൂര്‍ണതയുമാണ്. (നിങ്ങളുടെ വാക്ക് നിങ്ങള്‍ രഹസ്യമാക്കുക. അല്ലെങ്കില്‍ പരസ്യമാക്കിക്കൊള്ളുക) ഇത് രണ്ടും അവന് ഒരു പോലെയാണ്. ഒരു സ്വകാര്യവും അവന്റെ അടുക്കല്‍ മറഞ്ഞുകിടക്കില്ല.

(തീര്‍ച്ചയായും അവര്‍ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു) അതായത്, മനസ്സിന്റെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. അപ്പോള്‍ വാക്കുകളുടെയും പ്രവൃത്തികളുടെയും കാര്യം എങ്ങനെയായിരിക്കും? പിന്നീട് പറഞ്ഞത് അവന്റെ അറിവിന് ബുദ്ധിപരമായ ഒരു തെളിവാണ്: (സൃഷ്ടിച്ചുണ്ടാക്കിയവന്‍ എല്ലാം അറിയുകയില്ലേ?) അതായത്, സൃഷ്ടികളെ ഉണ്ടാക്കുകയും ഭദ്രമാക്കുകയും മനോഹരമാക്കുകയും ചെയ്തവന്‍ എങ്ങനെ അറിയാതിരിക്കും!

(അവന്‍ നിഗൂഢ രഹസ്യങ്ങള്‍ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു) അവന്റെ അറിവും വിവരവും സൂക്ഷ്മമായിരിക്കുന്നു. മറഞ്ഞതും അവ്യക്തമായതും ഹൃദയരഹസ്യങ്ങള്‍ പോലും അറിയും വിധം രഹസ്യമായതും അത്യന്തം നിഗൂഢമായതും അറിയുന്നവന്‍.

(اللطيف) എന്നതിന് തന്റെ അടിമയോടും മിത്രങ്ങളോടും വാല്‍സല്യം കാണിക്കുന്നവന്‍ എന്ന അര്‍ഥം കൂടിയുണ്ട്. അവരറിയാത്ത നിലയില്‍ അവര്‍ക്ക് ഗുണങ്ങളെത്തിക്കുകയും അവരറിയാത്ത വിധത്തില്‍ ദോഷങ്ങളെ തടുക്കുകയും ചെയ്യുന്നു. അവരെ ഉന്നതമായ സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തുന്നു. അതിന് പ്രത്യേക കാരണങ്ങള്‍ അടിമയില്‍ നിന്ന് ഉണ്ടാകണമെന്നില്ല. ചിലപ്പോള്‍ ഏറെ ഇഷ്ടകരമായതിലേക്കെത്താന്‍ അവനെ അനിഷ്ടകരമായത് അനുഭവിപ്പിെച്ചന്നും വരാം.

അവന്‍ ഭൂമിയെ നിങ്ങള്‍ക്ക് കീഴ്‌പെടുത്തിതരികയും സൗകര്യപ്പെടുത്തുകയും ചെയ്തു. നിങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കത്തക്ക വിധം; കൃഷി, കെട്ടിട നിര്‍മാണം എന്നിവയ്‌ക്കെല്ലാം. വിദൂര രാജ്യങ്ങളിലേക്കും അകന്ന പ്രദേശങ്ങളിലേക്കും എത്തിപ്പെടാനുള്ള വഴികള്‍ സൗകര്യപ്പെടുന്ന വിധത്തിലും.

(അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും ചെയ്യുക) സമ്പാദ്യവും ഭക്ഷണവും അന്വേഷിച്ച്. (അവന്റെ ഉപജീവനത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്യുക. അവങ്കലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്) അതായത് പരലോകത്തേക്ക് ആവശ്യമായത് നേടാനും പരീക്ഷണത്തിനുമായി അല്ലാഹു നിശ്ചയിച്ച ഈ ലോകത്ത് നിന്നും നിങ്ങള്‍ പോയതിനു ശേഷം. മരണശേഷം നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെടുകയും അല്ലാഹുവിങ്കലേക്ക് ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യും. നിങ്ങളുടെ നല്ലതും ചീത്തയുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടാന്‍.

16). അതിക്രമങ്ങളിലും അതിരുവിട്ട ജീവിതത്തിലും അനുസരണക്കേടിലും തുടര്‍ന്ന് പോകുന്നവര്‍ക്ക് ശിക്ഷ ലഭിക്കുമെന്നും നടപടികള്‍ നിര്‍ബന്ധമാണെന്നും താക്കീത് ചെയ്യുകയും ഭയപ്പെടുത്തുകയുമാണ് ഇവിടെ. (ആകാശത്തുള്ളവനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ?) സൃഷ്ടികള്‍ക്ക് മേലെയുള്ളവനായവന്‍. (നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി. അപ്പോള്‍ അത് (ഭൂമി) ഇളകിമറിഞ്ഞുകൊണ്ടിരിക്കും). നിങ്ങള്‍ നാശമടയുന്നതു വരെ ഭൂമി നിങ്ങളെയും കൊണ്ട് ഇളകി മറിഞ്ഞുകൊണ്ടിരിക്കും.

17,18). (അതല്ല, ആകാശത്തുള്ളവന്‍ നിങ്ങള്‍ക്കു നേരെ ഒരു ചരല്‍ വര്‍ഷം അയക്കുന്നതിനെ പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ?) നിങ്ങളുടെ മേല്‍ ആകാശത്തുനിന്നും കല്ലുകള്‍ പതിക്കുകയും അല്ലാഹു നിങ്ങളില്‍ നിന്ന് ശിക്ഷാനടപടി സ്വീകരിക്കുകയും ചെയ്യുന്നതിനെ പറ്റി. (എന്റെ താക്കീത് എങ്ങനെയുണ്ടെന്ന് വഴിയെ നിങ്ങള്‍ അറിഞ്ഞുകൊള്ളും) വേദഗ്രന്ഥങ്ങളും പ്രവാചകന്മാരും താക്കീത് ചെയ്ത ശിക്ഷ എങ്ങനെയായിരിക്കുമെന്ന്. ആകാശത്തുനിന്നോ ഭൂമിയില്‍നിന്നോ അല്ലാഹു വല്ല ശിക്ഷയും നിങ്ങളെ ശിക്ഷിച്ചാല്‍ അതില്‍ നിങ്ങള്‍ നിര്‍ഭയരാകുമെന്ന് വിചാരിക്കരുത്. അപ്പോള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ദുഷ്പരിണതി നിങ്ങളനുഭവിക്കും. കാലം ദീര്‍ഘിച്ചാലും കുറഞ്ഞാലും ശരി. നിങ്ങള്‍ക്ക് മുമ്പുള്ളവരും ഇതുപോലെ കളവാക്കിയിട്ടുണ്ട്. അപ്പോള്‍ അല്ലാഹു അവരെ നശിപ്പിച്ചു. അവരോടുള്ള അല്ലാഹുവിന്റെ പ്രതിഷേധം എങ്ങനെയുണ്ടെന്ന് നോക്കൂ. പരലോക ശിക്ഷക്കു മുമ്പ് ഇഹലോകത്ത് അവര്‍ക്ക് അല്ലാഹു ശിക്ഷ നല്‍കി. അവര്‍ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ ഭയപ്പെടുക.