തഹ്‌രീം (നിഷിദ്ധമാക്കല്‍): ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 മാര്‍ച്ച് 14 1441 റജബ് 19

അധ്യായം: 66, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَصُوحًا عَسَىٰ رَبُّكُمْ أَنْ يُكَفِّرَ عَنْكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ يَوْمَ لَا يُخْزِي اللَّهُ النَّبِيَّ وَالَّذِينَ آمَنُوا مَعَهُ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ يَقُولُونَ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ (٨‬) يَا أَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنَافِقِينَ وَاغْلُظْ عَلَيْهِمْ ۚ وَمَأْوَاهُمْ جَهَنَّمُ ۖ وَبِئْسَ الْمَصِيرُ (٩) ضَرَبَ اللَّهُ مَثَلًا لِلَّذِينَ كَفَرُوا امْرَأَتَ نُوحٍ وَامْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ اللَّهِ شَيْئًا وَقِيلَ ادْخُلَا النَّارَ مَعَ الدَّاخِلِينَ (١٠) وَضَرَبَ اللَّهُ مَثَلًا لِلَّذِينَ آمَنُوا امْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِنْدَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِنْ فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ (١١) وَمَرْيَمَ ابْنَتَ عِمْرَانَ الَّتِي أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِنْ رُوحِنَا وَصَدَّقَتْ بِكَلِمَاتِ رَبِّهَا وَكُتُبِهِ وَكَانَتْ مِنَ الْقَانِتِينَ (١٢)
(8) സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തില്‍; അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച് തരികയും ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു. (9) ഓ; നബീ, സത്യനിഷേധികളോടും കപടവിശ്വാസികളോടും നീ സമരം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം നരകമാകുന്നു. എത്തിച്ചേരാനുള്ള ആ സ്ഥലം എത്രയോ ചീത്ത! (10) സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്റെ ഭാര്യയെയും ലൂത്വിന്റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട് ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചുകളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക് ഒഴിവാക്കിക്കൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു. (11) സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവര്‍ത്തനത്തില്‍നിന്നും നീ എന്നെ രക്ഷിക്കുകയും ചെയ്യേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ (12) തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു). അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്റെ രക്ഷിതാവിന്റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.

8). ഈ വചനത്തില്‍ നിഷ്‌കളങ്കമായ പശ്ചാത്താപത്തിനാണ് അല്ലാഹു കല്‍പിക്കുന്നത്. തിന്മകളെ മായ്ച്ചുകളയാമെന്ന് ഉറപ്പുതരികയും ചെയ്യുന്നു; അതോടൊപ്പം സ്വര്‍ഗപ്രവേശവും മഹത്തായ വിജയവും. അതുണ്ടാകുന്നത് ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ തങ്ങളുടെ വിശ്വാസത്തിന്റെ പ്രകാശത്താല്‍ അവര്‍ സഞ്ചരിക്കുമ്പോഴാണ്, അതിന്റെ വെളിച്ചംകൊണ്ട് അവര്‍ നടക്കുമ്പോഴും അതിന്റെ സന്തോഷവും ആശ്വാസവും അവര്‍ അനുഭവിക്കുമ്പോഴുമാണ്. കപടവിശ്വാസികള്‍ക്ക് നല്‍കപ്പെടുന്ന പ്രകാശം അണഞ്ഞുപോകുമ്പോള്‍ അവര്‍ പ്രയാസപ്പെടും. സത്യവിശ്വാസികള്‍ അവരുടെ പ്രകാശത്തെ പൂര്‍ത്തിയാക്കിക്കൊടുക്കാന്‍ അല്ലാഹുവോട് ചോദിക്കും. അവന്‍ അവരുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കും. അവരോടൊപ്പമുള്ള വിശ്വാസദാര്‍ഢ്യവും പ്രകാശവും കൊണ്ട് അവരെ അവന്‍ സുഖാനുഗ്രഹങ്ങളുടെ സ്വര്‍ഗത്തിലെത്തിക്കും; പരിശുദ്ധനായ രക്ഷിതാവിങ്കലേക്കും. ഇതെല്ലാം നിഷ്‌കളങ്കമായ പശ്ചാത്താപത്തിന്റെ ഫലങ്ങളാണ്.

നിഷ്‌കളങ്കമായ പശ്ചാത്താപം കൊണ്ടുദ്ദേശിക്കുന്നത് അടിമയില്‍ സംഭവിച്ചുപോയ മുഴുവന്‍ പാപങ്ങള്‍ക്കുമുള്ള സമ്പൂര്‍ണ പശ്ചാത്താപമാണ്. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവുമല്ലാതെ മറ്റൊന്നും അവനുദ്ദേശിക്കുന്നില്ല. തന്റെ ജീവിതത്തിലുടനീളം അതു തുടരാനും അവനുദ്ദേശിക്കുന്നു.

9). സത്യനിഷേധികളോടും കപടവിശ്വാസികളോടും ധര്‍മസമരത്തിനാണ് ഇവിടെ അല്ലാഹു കല്‍പിക്കുന്നത്; അവരോട് പരുഷത കാണിക്കാനും. ഇതെല്ലാം അവര്‍ക്കെതിരെ തെളിവ് നിലനിര്‍ത്തലും അവരോടുള്ള ജിഹാദില്‍ ഉള്‍ക്കൊള്ളുന്നതുമാണ്. സദുപദേശം നല്‍കി അവരെ പ്രബോധനം ചെയ്യലും വ്യത്യസ്തമായ അവരുടെ വഴികേടുകളെ ഇല്ലാതാക്കലും അല്ലാഹുവിലേക്കുള്ള ക്ഷണത്തെ വിസമ്മതിക്കുന്നവരോടും അവന്റെ വിധിക്ക് കീഴ്‌പ്പെടാത്തവരോടുള്ള പ്രതികൂലമായ വാക്കും പ്രവര്‍ത്തനവും സമീപനവുമെല്ലാം ഈ പരുഷത കാണിക്കലും ധര്‍മസമരവുമാണ്.

എന്നാല്‍ ആദ്യഘട്ടം ഏറ്റവും നല്ല രൂപത്തിലായിരിക്കണം. അവിശ്വാസികള്‍ക്കും കപടവിശ്വാസികള്‍ക്കും ഇഹലോകത്തുള്ള ശിക്ഷ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും പാര്‍ട്ടിയുടെ ആധിപത്യവും ധര്‍മസമരവുമാണ്. പരലോകത്താകട്ടെ നരകശിക്ഷയും. എത്തിച്ചേരാനുള്ള ആ സ്ഥലം എത്രയോ ചീത്ത. എല്ലാ നഷ്ടകാരിയും ദൗര്‍ഭാഗ്യയും അവിടെ ചെന്നുചേരും.

10). സത്യവിശ്വാസികളുടെയും സത്യനിഷേധികളുടെയും രണ്ട് ഉപമകളാണ് അല്ലാഹു ഇവിടെ പറയുന്നത്. ഒരു സത്യനിഷേധിക്ക് സത്യവിശ്വാസിയുമായുണ്ടാകുന്ന ബന്ധവും സാമീപ്യവും അവനു പരലോകത്ത് യാതൊരു പ്രയോജനം ചെയ്യില്ല. വിശ്വാസിക്ക് അവിശ്വാസിയുമായുള്ള ബന്ധം അവനൊരു ഉപദ്രവവും ചെയ്യില്ല; അവന്റെ ബാധ്യതകളില്‍ അവന്‍ വീഴ്ച വരുത്തുന്നില്ലെങ്കില്‍. അനുസരണക്കേടിനെ സൂക്ഷിക്കാനുള്ള ഒരു താക്കീത് പ്രവാചക പത്‌നിമാര്‍ക്ക് ഇതിലുണ്ട്. നല്ല നിലയ്ക്കല്ലെങ്കില്‍ നബി ﷺ യുമായുള്ള ബന്ധം അവര്‍ക്ക് ഗുണകരമാവില്ലെന്ന ഓര്‍മപ്പെടുത്തലും.

(സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്റെ ഭാര്യയെയും ലൂത്വിന്റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു) രണ്ടു സ്ത്രീകളെ. (അവര്‍ നമ്മുടെ ദാസന്മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ടു ദാസന്മാരുടെ കീഴിലായിരുന്നു). നൂഹ്(അ), ലൂത്വ്(അ) എന്നീ രണ്ടുപേരായിരുന്നു അവര്‍.

(എന്നിട്ട് അവര്‍ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചുകളഞ്ഞു) മതകാര്യത്തില്‍ അവര്‍ രണ്ടുപേരും തങ്ങളുടെ ഭര്‍ത്താക്കളുടെ മതത്തിലായിരുന്നില്ല. ഇതാണ് വഞ്ചന കൊണ്ട് ഉദ്ദേശ്യം. അതല്ലാതെ കുടുംബ പരമ്പരയിലോ ദാമ്പത്യബന്ധത്തിലോ വഞ്ചന കാണിച്ചെന്നല്ല. ഒരു പ്രവാചകന്റെ ഭാര്യയും അവിഹിതബന്ധം നടത്തിയിട്ടില്ല. പ്രവാചകപത്‌നിമാരെ അല്ലാഹു അങ്ങനെയാക്കുകയും ഇല്ല.

(യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക് ഒഴിവാക്കിക്കൊടുത്തില്ല) നൂഹും ലൂത്വും. (ഇവര്‍ക്ക് രണ്ടുപേര്‍ക്ക്) അതായത് അവരുടെ രണ്ടു ഭാര്യമാര്‍ക്ക്. (അല്ലാഹുവില്‍ നിന്ന് യാതൊന്നും) അവര്‍ക്ക്. (നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക).

11). (സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔനിന്റെ ഭാര്യയെ എടുത്തു കാണിച്ചിരിക്കുന്നു) അത് ആസിയ ബിന്‍ത് മുസാഹിം(റ) ആണ്. (അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവര്‍ത്തനത്തില്‍ നിന്നും നീ എന്നെ രക്ഷിക്കുകയും ചെയ്യേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ).

തന്റെ രക്ഷിതാവിന് വിനയവും വിശ്വാസവും കാണിച്ചെന്നാണ് അല്ലാഹു അവരെക്കുറിച്ച് പറഞ്ഞത്. അവരുടെ ആവശ്യമാകട്ടെ മഹത്ത്വമേറിയതും. അത് സ്വര്‍ഗപ്രവേശമാണ്; അത്യുദാരനായ രക്ഷിതാവിന്റെ സാമീപ്യവും. ഫിര്‍ഔനിന്റെ കുഴപ്പങ്ങളില്‍ നിന്നും മോശമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും രക്ഷപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു; എല്ലാ അക്രമികളുടെയും പീഡനങ്ങളില്‍ നിന്നും.

അല്ലാഹു അവരുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കി. പൂര്‍ണവിശ്വാസത്തോടെ അവര്‍ ജീവിച്ചു; പൂര്‍ണ സ്ഥൈര്യത്തോടെ, എല്ലാ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട്. അതാണ് നബി ﷺ  പറഞ്ഞത്: പുരുഷന്മാരില്‍ ധാരാളം പേര്‍ പരിപൂര്‍ണരായി. സ്ത്രീകളില്‍ ഇംറാനിന്റെ മകള്‍ മറിയമും മുസാഹിമിന്റെ മകള്‍ ആസിയയും ഖുവൈലിദിന്റെ മകള്‍ ഖദീജയും മാത്രമാണ് പരിപൂര്‍ണരായത്. മറ്റു സ്ത്രീകളില്‍ ആഇശ(റ)യുടെ ശ്രേഷ്ഠത മറ്റു ഭക്ഷണങ്ങളില്‍ (മാംസവും മറ്റും ചേര്‍ത്തുണ്ടാകുന്ന ഭക്ഷണം)നുള്ള ശ്രേഷ്ഠത പോലെയാണ്.

12). (തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാനിന്റെ മകള്‍ മര്‍യമിനെയും) അവരെ അല്ലാഹു ദുഷ്‌ചെയ്തികളില്‍ നിന്ന് സംരക്ഷിക്കുകയും സുരക്ഷിതയാക്കുകയും ചെയ്തു. അവരുടെ ദീനീനിഷ്ഠയുടെയും പരിശുദ്ധിയുടെയും പവിത്രതയുടെയും കാരണത്താല്‍.

(അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നും നാം അതില്‍ ഊതുകയുണ്ടായി) അവരുടെ മേല്‍ വസ്ത്രത്തിന്റെ ഇടയില്‍ ജിബ്‌രീല്‍(അ) ഊതി. ആ ഊത്ത് മര്‍യമിലെത്തി. അതില്‍ നിന്നും മഹാനായ പ്രവാചകന്‍ ഈസാ(അ) ഉണ്ടായി. (തന്റെ രക്ഷിതാവിന്റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവര്‍ വിശ്വസിക്കുകയും ചെയ്തു). മറിയം(റ) സിദ്ദീഖത്ത് ആയിരുന്നു. സിദ്ദീഖത്ത് എന്നത് അവരുടെ അറിവിനെയും വിജ്ഞാനത്തെയും കുറിച്ചാണ് പ്രയോഗിച്ചിരിക്കുന്നത്.