മുല്‍ക് (ആധിപത്യം)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2020 ജനുവരി 25 1441 ജുമാദല്‍ അവ്വല്‍ 30

അധ്യായം: 67, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ (١) الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ (٢) الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَا تَرَىٰ فِي خَلْقِ الرَّحْمَٰنِ مِنْ تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِنْ فُطُورٍ (٣) ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنْقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ (٤) وَلَقَدْ زَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَجَعَلْنَاهَا رُجُومًا لِلشَّيَاطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ السَّعِيرِ (٥) وَلِلَّذِينَ كَفَرُوا بِرَبِّهِمْ عَذَابُ جَهَنَّمَ ۖ وَبِئْسَ الْمَصِيرُ (٦) إِذَا أُلْقُوا فِيهَا سَمِعُوا لَهَا شَهِيقًا وَهِيَ تَفُورُ (٧‬)
(1) ആധിപത്യം ഏതൊരുവന്റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. (2) നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (3) ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ടുവരൂ. വല്ല വിടവും നീ കാണുന്നുണ്ടോ? (4) പിന്നീട് രണ്ടു തവണ നീ കണ്ണിനെ തിരിച്ച് കൊണ്ടുവരൂ. നിന്റെ അടുത്തേക്ക് ആ കണ്ണ് പരാജയപ്പെട്ട നിലയിലും പരവശമായികൊണ്ടും മടങ്ങിവരും. (5) ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുക്കളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു. അവര്‍ക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. (6) തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിച്ചവര്‍ക്കാണ് നരകശിക്ഷയുള്ളത്. തിരിച്ചെത്തുന്ന ആ സ്ഥലം വളരെ ചീത്ത തന്നെ. (7) അവര്‍ അതില്‍ (നരകത്തില്‍) എറിയപ്പെട്ടാല്‍ അതിന്നവര്‍ ഒരു ഗര്‍ജനം കേള്‍ക്കുന്നതാണ്. അത് തിളച്ചുമറിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും.

1). (ആധിപത്യം ഏതൊരുവന്റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണനാകുന്നു). അല്ലാഹു മഹത്ത്വമുള്ളവനാണ്. അവന്റെ നന്മകള്‍ അധികരിച്ചതും അവന്റെ അനുഗ്രഹങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നതുമാണ്. സര്‍വലോകങ്ങളും അവന്റെ അധികാരത്തിലാണെന്നത് അവന്റെ മഹത്ത്വത്തില്‍ പെട്ടതാണ്. ലോകത്തിന്റെ സ്രഷ്ടാവ് അവനാണ്. അവന്റെ യുക്തിയനുസരിച്ചുള്ള മതവിധികള്‍ കൊണ്ടും വിധിയായി അവന്‍ നിശ്ചയിക്കുന്ന കാര്യങ്ങള്‍ കൊണ്ടും അവനുദ്ദേശിക്കുന്ന പോലെ അതിനെ നിയന്ത്രിക്കുന്നവനാണവന്‍. അവന്റെ സമ്പൂര്‍ണമായ കഴിവാണ് മറ്റൊരു മഹത്ത്വം. അതുമൂലം അവന് എന്തും സാധിക്കും. അതിനാല്‍ ആകാശം, ഭൂമി പോലുള്ള മഹത്തായ സൃഷ്ടികളെ അവന്‍ ഉണ്ടാക്കി.

2). (മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍). അവരെ ജീവിപ്പിക്കുകയും പിന്നീട് മരിപ്പിക്കുകയും ചെയ്യുക എന്നത് തന്റെ അടിമകള്‍ക്ക് അല്ലാഹു വിധിയായി നിശ്ചയിച്ചു. (നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി). അതായത് ഏറ്റവും ശരിയായും ആത്മാര്‍ഥമായും. അല്ലാഹു തന്റെ അടിമകളെ സൃഷ്ടിക്കുകയും ഈ ലോകത്ത് അവരെ നിശ്ചയിക്കുകയും ചെയ്തു. ഇവിടെ നിന്നും മാറിപ്പോകേണ്ടി വരും എന്നവരെ ഓര്‍മപ്പെടുത്തുകയും ചെയ്തു. അവരോടവന്‍ കല്‍പിച്ചു, വിരോധിച്ചു. കല്‍പനകള്‍ക്ക് എതിര് പ്രവര്‍ത്തിക്കാന്‍ പ്രേരകമാകുന്ന ഇച്ഛകള്‍ നല്‍കി പരീക്ഷിച്ചു. ആര്‍ അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് കീഴൊതുങ്ങുന്നുവോ അവര്‍ക്ക് അവന്‍ ഇരുലോകത്തും നല്ല പ്രതിഫലം നല്‍കും. അല്ലാഹുവിന്റെ കല്‍പനകള്‍ ഉപേക്ഷിക്കുകയും മനസ്സിന്റെ ഇച്ഛകളോട് താല്‍പര്യം കാണിക്കുകയും ചെയ്യുന്നവന് ഏറ്റവും മോശമായ പ്രതിഫലവും ലഭിക്കുന്നു.

(അവന്‍ പ്രതാപിയും) എല്ലാ വസ്തുക്കളെയും കീഴ്‌പെടുത്തുന്ന സര്‍വ പ്രതാപങ്ങളുടെയും ഉടമസ്ഥന്‍. എല്ലാ സൃഷ്ടികളും അവന് കീഴൊതുങ്ങുന്നു. (ഏറെ പൊറുക്കുന്നവനുമാകുന്നു). തെറ്റ് ചെയ്യുന്നവര്‍ക്കും വീഴ്ച വരുത്തുന്നവര്‍ക്കും പാപം ചെയ്യുന്നവര്‍ക്കും; പ്രത്യേകിച്ച് പശ്ചാത്തപിക്കുന്നവര്‍ക്കും ഖേദിച്ച് മടങ്ങുന്നവര്‍ക്കും. ആകാശത്തോളം പാപമെത്തിയാലും അവന്‍ അവര്‍ക്ക് പൊറുത്തുകൊടുക്കും. അവരുടെ പോരായ്മകള്‍ മറച്ചുവെക്കും; ഈ ലോകം നിറയെ വീഴ്ചകളുണ്ടെങ്കിലും.

3). (ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍). അതായത് ഓരോന്നും മറ്റൊന്നിന് മുകളിലായി. എല്ലാം ഒന്നല്ല. വ്യത്യസ്തങ്ങളാണ്. അങ്ങേയറ്റം ഭംഗിയിലും ഉറപ്പിലുമാണതിന്റെ സൃഷ്ടിപ്പ്.

(പരമകാരുണികന്റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല) വിടവോ ന്യൂനതകളോ. എല്ലാ തരം ന്യൂനതകളില്‍ നിന്നും മുക്തമായത്, പൂര്‍ണഭംഗിയുള്ളതും എല്ലാ നിലയ്ക്കും പരസ്പരം പൊരുത്തപ്പെട്ട് നില്‍ക്കുന്നതുമായിരിക്കും; അതിന്റെ നിറത്തിലും രൂപത്തിലും ഉന്നതിയിലുമെല്ലാം. അതിലുള്ള സൂര്യനും പ്രകാശിക്കുന്ന നക്ഷത്രങ്ങളും ചലിക്കുന്നവയും ചലിക്കാത്തവയുമെല്ലാം അപ്രകാരം തന്നെ.

ആകാശത്തിന്റെ പൂര്‍ണത അംഗീകരിക്കപ്പെട്ടതാണ്. ആകാശത്തിലേക്ക് ആവര്‍ത്തിച്ചു നോക്കാനും അതിന്റെ ഭാഗങ്ങളെക്കുറിച്ച് ചിന്തിക്കാനും അല്ലാഹു കല്‍പിക്കുന്നു. അല്ലാഹു പറയുന്നു: (നീ കണ്ണിനെ തിരിച്ചു കൊണ്ടുവരൂ). അതിലേക്ക് വീണ്ടും മടക്കുക. ഗുണപാഠം കണ്ടെത്താന്‍ നോക്കുന്നവനായി. (വല്ല വിടവും നീ കാണുന്നുണ്ടോ). അതായത് വല്ല ന്യൂനതയോ വിള്ളലോ.

4). (പിന്നീട് രണ്ടുതവണ നീ കണ്ണിനെ തിരിച്ചുകൊണ്ടുവരൂ). ധാരാളം പ്രാവശ്യം എന്നതാണുദ്ദേശ്യം. (നിന്റെ അടുത്തേക്ക് ആ കണ്ണ് പരാജയപ്പെട്ട നിലയിലും പരവശമായിക്കൊണ്ടു മടങ്ങിവരും) എത്രതന്നെ താല്‍പര്യം കാണിച്ചാലും അതില്‍ വിടവോ വിള്ളലോ കാണാന്‍ കഴിയാതെ. അതിന്റെ ഭംഗിയെ പരാമര്‍ശിച്ചുകൊണ്ട് തുടര്‍ന്ന് പറയുന്നു: (ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു).

5). (തീര്‍ച്ചയായും നാം അലങ്കരിച്ചു) അതായത് നാം ഭംഗിയുള്ളതാക്കി. (ഏറ്റവും അടുത്ത ആകാശത്തെ) നിങ്ങളുടെ അടുത്തുള്ളതും നിങ്ങള്‍ കാണുന്നതുമായ ആകാശം. (ചില വിളക്കുകള്‍ കൊണ്ട്) അത് നക്ഷത്രങ്ങളാണ്. വെളിച്ചത്തിലും പ്രകാശത്തിലും അവക്ക് ഏറെ വ്യത്യാസങ്ങളുണ്ട്. ആകാശത്ത് നക്ഷത്രങ്ങളില്ലെങ്കില്‍ അത് ഇരുട്ടിയ മേല്‍ക്കൂരയാകും. ഭംഗിയോ മോഡിയോ ഇല്ലാത്ത.

എന്നാല്‍ അല്ലാഹു ഈ നക്ഷത്രങ്ങളെ ആകാശത്തിന് അലങ്കാരമാക്കി. ഭംഗിയും വെളിച്ചവുമാക്കി. കടലിന്റെയും കരയുടെയും ഇരുട്ടുകളില്‍ വഴി കണ്ടെത്താനുള്ള വഴികാട്ടികളും.

ധാരാളം നക്ഷത്രങ്ങള്‍ ഏഴാകാശത്തിന് അപ്പുറത്താണെന്നുള്ളത്. എന്നാല്‍ ഒരിക്കലും അടുത്ത ആകാശത്തെ നക്ഷത്രങ്ങളെ കൊണ്ട് അലങ്കരിച്ചു എന്നു പറയുന്നതിന് എതിരാകുന്നില്ല. കാരണം ആകാശം സുതാര്യമാണ്. അതിനാല്‍ നക്ഷത്രങ്ങള്‍ ഒന്നാനാകാശത്തല്ലെങ്കിലും അതിന്റെ ഭംഗി അതില്‍ ദര്‍ശിക്കാന്‍ സാധിക്കും. (അതിനെ നാം ആക്കിയിരിക്കുന്നു) അതായത് വിളക്കുകളെ (പിശാചുക്കളെ എറിഞ്ഞോടിക്കാനുള്ളവ) ആകാശ വര്‍ത്തമാനങ്ങള്‍ കട്ടുകേള്‍ക്കാന്‍ ഉദ്ദേശിക്കുന്നവരായ ആകാശത്തിലെ വര്‍ത്തമാനങ്ങള്‍ സ്വീകരിച്ച് ഭൂമിയലെത്തിക്കുന്ന പിശാചുക്കളില്‍ നിന്നുള്ള സംരക്ഷണത്തിനാണ് അല്ലാഹു നക്ഷത്രങ്ങളെ നിശ്ചയിച്ചത്. അതായത്, നക്ഷത്രത്തില്‍ നിന്ന് പതിക്കുന്ന ഈ ഉല്‍ക്കകള്‍. ഈ ലോകത്ത് പിശാചുക്കള്‍ക്ക് വേണ്ടി അല്ലാഹു തയ്യാറാക്കിയതാണത്.

(നാം അവര്‍ക്കു വേണ്ടി ഒരുക്കിവെക്കുകയും ചെയ്തു) പരലോകത്ത് (ജ്വലിക്കുന്ന നരകശിക്ഷ). കാരണം അവര്‍ അല്ലാഹുവിനോട് അതിരുവിട്ട് പ്രവര്‍ത്തിച്ചു. അവന്റെ അടിമകളെ വഴിതെറ്റിച്ചു. ഇക്കാരണത്താല്‍ പിശാചുക്കളെ പിന്‍പറ്റിയ അനുയായികളും അവനെപ്പോലെ തന്നെയാണ്. അവര്‍ക്ക് അല്ലാഹു ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. അതാണ് തുടര്‍ന്ന് പറയുന്നത്.

6). (തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിച്ചവര്‍ക്കാണ് നരകശിക്ഷയുള്ളത്. തിരിച്ചെത്തുന്ന ആ സ്ഥലം വളരെ ചീത്ത തന്നെ) അതിന്റെ അവകാശികള്‍ അത്യധികം നിന്ദ്യരാക്കപ്പെടും.

7). (കോപം നിമിത്തം അത് പൊട്ടിപ്പിളര്‍ന്ന് പോകുമാറാകും) ഒരുമിച്ച് നില്‍ക്കുന്ന അതിന്റെ ഭാഗങ്ങള്‍ ചിലത് ചിലതില്‍ നിന്ന് വേറിട്ട് പോകുമാറാകും. സത്യനിഷേധികളോടുള്ള കോപത്താല്‍ അത് പൊട്ടിപ്പിളരും. അതിലെത്തിപ്പെടുന്നവരെ അവ എന്തുചെയ്യുമെന്നാണ് വിചാരിക്കുന്നത്?